ADVERTISEMENT

എന്റെ പരമ ഗുരുവും പ്രശസ്ത ഹിന്ദി സാഹിത്യകാരനുമായ പ്രൊഫസർ അരവിന്ദാക്ഷൻ സർ എഴുപത്തിയഞ്ചിൽ എത്തിയിരിക്കുന്നു. അദ്ദേഹത്തെ സമുചിതമായി ആദരിക്കുന്നതിനായി ശിഷ്യർ കാക്കനാടുള്ള 'റെക്ക ക്ലബി'ൽ ഒത്തുചേരുകയാണ്. ഈ വിശേഷസന്ദർഭത്തിന് ഉത്സവപരിവേഷം നൽകുവാനായി സമകാലിക ഹിന്ദി സാഹിത്യത്തിലെ താരപരിവേഷമുള്ള എഴുത്തുകാരി അനാമികയും ആധുനിക ഹിന്ദി സാഹിത്യകാരനായ മദൻ കശ്യപും നിരൂപക പ്രമുഖനായ ജിതേന്ദ്ര ശ്രീവാസ്തവും എത്തിച്ചേർന്നു.

പ്രൊഫസർ അരവിന്ദാക്ഷൻ സർ കൊച്ചി സർവകലാശാലയിലെ അധ്യാപകനായിരുന്നു. എൻ. ഇ. വിശ്വനാഥ അയ്യർ, പി.വി. വിജയൻ, രാമചന്ദ്രദേവ് തുടങ്ങിയ ജ്ഞാനഗുരുക്കളുടെ  ശിക്ഷണത്തിൽ സാഹിത്യപരിശീലനം നേടിയ അരിവിന്ദാക്ഷൻ സർ  സർവകലാശാലയിൽ അവരുടെ സഹപ്രവർത്തകനുമായി. അദ്ദേഹം വിഭാഗാധ്യക്ഷനായപ്പോൾ അത് ഹിന്ദി വിദ്യാർഥികളുടെ സുവർണ കാലമായിരുന്നു. ഇതര ഹിന്ദി അധ്യാപകരിൽ നിന്ന് അരവിന്ദാക്ഷൻ സറിനെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ സമഗ്രമായ സമീപനമായിരുന്നു. സാഹിത്യത്തെ ഏതെങ്കിലും ഇസത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിനു പകരം സൗന്ദര്യാനുഭവങ്ങളെ മാനദണ്ഡമാക്കിക്കൊണ്ട് അരവിന്ദാക്ഷൻ സർ  സാഹിത്യത്തെ സമീപിച്ചു. ഹിന്ദി സാഹിത്യത്തിലെ ആധുനികതയെ ആഴത്തിൽ പഠിക്കാനും അതിന്റെ സമകാലീന സാധ്യതകളെ അനാവൃതമാക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചു. കേവലം വ്യാവസായിക  വിപ്ലവത്തിന്റെ ഉത്പന്നമല്ലെന്നും അതിൽ നിരവധി സാമൂഹിക ചിന്തകളുടെ അടരുകൾ ഉണ്ടെന്നും സർ വിശദീകരിച്ചു. അതിന്റെ തുടർച്ചയെന്നോളം സാഹിത്യത്തിലെ ആധുനിക വിതാനങ്ങളെ ആധാരമാക്കി ഇരുനുറിലേറെ പ്രബന്ധങ്ങൾ എഴുതുകയും അൻപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. സാഹിത്യം എന്നത് ഒരേസമയം സാഹിത്യത്തിനു വേണ്ടിയും മനുഷ്യനുവേണ്ടിയും നിർമിക്കപ്പെട്ടതാണെന്ന സമത്വചിന്ത അദ്ദേഹം എന്നും  പുലർത്തി. യു.ജി.സി, യു പി.എസ്.സി തുടങ്ങിയ ദേശീയ  സമിതികളിലും വിഖ്യാതമായ സർവകലാശാലകളിലെ വിദ്യാഭ്യാസ സമിതികളിലും അദ്ദേഹം അംഗമായിരുന്നു.

സാഹിത്യ നിരൂപകൻ എന്ന നിലയിലാണ് അരവിന്ദാക്ഷൻ സർ ഏറെ അറിയപ്പെടുന്നത്.  എന്നാൽ ഒരു മികച്ച സാഹിത്യ നിരൂപകൻ ആയിരിക്കുമ്പോൾ തന്നെ  അദ്ദേഹം ഒരു മികച്ച കവിയുമാണ്. ഒട്ടേറെ കാവ്യസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ പലതും പ്രധാനപ്പെട്ട സാഹിത്യ പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. ബാംസ് കാ ടുക്ടാ, ഘോടാ, രാഗ് ലീലാവതി, അസംഖ്യ ധ്വനിയോം കെ ബീച് എന്നിവ അരവിന്ദാക്ഷൻ സർ എഴുതിയ കാവ്യ രചനകളാണ്.

ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിൽ അരവിന്ദാക്ഷൻ സറിനോളം മികവു പുലർത്തിയവരെ അതിനുമുമ്പുള്ള തലമുറയിലും ഞാൻ കാണുന്നില്ല. ഉച്ചാരണത്തിലെ സ്വാഭാവികതയും ഭാഷയുടെ തനിമയും ആശയങ്ങളിൽ പ്രതിഫലിക്കുന്ന സർഗാത്മകതയും സറിനെ ഏത് ഹിന്ദി സാഹിത്യകാരനോടും മത്സരിക്കാൻ പോന്ന ഉയരത്തിൽ എത്തിച്ചിട്ടുണ്ട്. ഹിന്ദി സാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാർ സറിനെ വളരെയധികം ബഹുമാനിച്ചിരുന്നു. ജ്ഞാനപീഠ ജേതാക്കളായ കേദാർനാഥ് , കുംവർ നാരായൺ, അഞ്ജേയ്, ഗംഗ പ്രസാദ് വിമൽ, നാംവർ സിങ്, അശോക് വാജ്പേയി,  ജ്ഞാൻരഞ്ജൻ, ഗിരിരാജ് കിശോർ, കൃഷ്ണാ സോബ്തി, മൃദുല ഗർഗ്, സ്വയം പ്രകാശ് , വിശ്വനാഥ് പ്രസാദ് തിവാരി, ശംഭുനാഥ്, ആശിശ് ത്രിപാഠി, കാത്യായനി തുടങ്ങി ഏറ്റവും പുതിയ തലമുറയിലെ  എഴുത്തുകാരിൽവരെ എത്തുന്നതാണ് അരവിന്ദാക്ഷൻ സറിന്റെ ഗാഢസൗഹൃദങ്ങൾ.

സാഹിത്യത്തിന്റെ സമകാലീനത കണ്ടെത്താനും ഹിന്ദി സാഹിത്യത്തെ പാരമ്പര്യത്തിൽനിന്ന് വിമോചിപ്പിക്കാനും അരവിന്ദാക്ഷൻ സർ നിർവഹിച്ച സാഹിതീയ പോരാട്ടങ്ങൾ എന്നും ഓർക്കപ്പെടുന്നതാണ്. മലയാള സാഹിത്യത്തിലും അരവിന്ദാക്ഷൻ സർ ഗാഢമായ അറിവ് പുലർത്തിയിരുന്നു. ഹിന്ദിയെയും മലയാളത്തെയും ഒരുമിച്ചു നിർത്തിക്കൊണ്ട് സാഹിത്യത്തിന്റെ ഒരു സേതു നിർമിക്കാൻ അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഹിന്ദി സാഹിത്യത്തിന്റെ കേരളത്തിലെ അംബാസിഡർ എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന അരവിന്ദാക്ഷൻ സറിന് സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതോടൊപ്പംതന്നെ ബിഹാർ സർക്കാർ ഔദ്യോഗിക ഭാഷാ വകുപ്പ് അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള മില്ലേനിയം അവാർഡ്, ഭാഷാ സേതു പുരസ്കാരം, വേൾഡ് ഹിന്ദി കോൺഫറൻസ് അവാർഡ്, ആചാര്യ ആനന്ദദൃഷി സാഹിത്യ തുടങ്ങി ഇരുപത്തിമൂന്നോളം അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

1989- ലാണ് ഞാൻ അരവിന്ദാക്ഷൻ സറിനെ പരിചയപ്പെട്ടത്. രണ്ടുവർഷം അദ്ദേഹം എന്നെ പഠിപ്പിച്ചു. സൈദ്ധാന്തിക ഭദ്രതയുള്ളതും ഭാഷയുടെ സൗന്ദര്യ മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്നതുമായ അധ്യാപന ശൈലി അദ്ദേഹത്തെ സമാനതകളില്ലാത്ത പ്രതിഭയായി  വാർത്തെടുത്തു. ഏകദേശം നാലു വർഷത്തോളം ഞാൻ അദ്ദേഹത്തിന്റെ കീഴിൽ, സാഹിത്യ പത്രപ്രവർത്തനത്തിൽ ഗവേഷണം നടത്തി. സറിന്റെ  പാകത വന്ന മേൽനോട്ടം എന്റെ ഗവേഷണ പ്രവർത്തനങ്ങളെ ലക്ഷ്യത്തിൽ എത്തിച്ചു.

അധ്യാപനത്തിലും വ്യക്തിജീവിതത്തിലും സാഹിത്യ ജീവിതത്തിലും അരവിന്ദാക്ഷൻ സർ പുലർത്തിപ്പോരുന്ന ആദർശശുദ്ധിയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും അദ്ദേഹത്തെ ഹിന്ദി മേഖലയിലെ ഒരു ആചാര്യനാക്കി മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷ സർഗാത്മകതയുടെ എല്ലാ സാധ്യതകളെയും പരീക്ഷിക്കുന്നതാണ്. അരവിന്ദാക്ഷൻ സറിന്റെ കവിതകളിലെ സാംസ്കാരിക ധ്വനികളും അസാമാന്യമായ കാലബോധവും അപൂർവമാണ്. സത്യത്തിൽ അരവിന്ദാക്ഷൻ സറിനെ ദക്ഷിണേന്ത്യയിലെ സാഹിത്യകാരൻ എന്ന നിലയിൽ വിലയിരുത്താൻ പാടില്ലാത്തതാണ്. അദ്ദേഹം എല്ലാ അർഥത്തിലും സമകാലിക ഹിന്ദി സാഹിത്യത്തിലെ തലപ്പൊക്കമുള്ള നാമമാണ്. ശിഷ്യരോടുള്ള അദ്ദേഹത്തിൻ്റെ കരുതലും വാത്സല്യവും ഞാനും ഏറെ അനുഭവിച്ചിട്ടുണ്ട്. എന്റെ എല്ലാ പ്രതിസന്ധികളിലും അദ്ദേഹം ഒപ്പം നിന്നു. ഹിന്ദിയിലെ എന്റെ എഴുത്തു ജീവിതത്തിൽ അരവിന്ദാക്ഷൻ സർ സ്വാധീനിച്ചതുപോലെ മറ്റൊരു ഗുരുനാഥനും  സ്വാധീനിച്ചിട്ടില്ല.

'ഭഗവദ്ഗീത'യിൽ പറയുന്നതുപോലെ അരവിന്ദാക്ഷൻ സർ എന്നും കർമമാർഗത്തിലൂടെ അക്ഷീണം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഒരു വിഷയത്തെ പരമാവധി  സമഗ്രതയോടുകൂടി അവതരിപ്പിക്കാൻ ഈ പ്രായത്തിലും സർ ജാഗ്രത പുലർത്തുന്നു. ചിത്രകലയിലും സംഗീതത്തിലുമുള്ള സഹജമായ വാസന അദ്ദേഹത്തിന്റെ രചനകൾക്ക് അപൂർവമായ ലാവണ്യം പ്രദാനം ചെയ്യുന്നു. ഒന്നിനും മുട്ടുവരാത്ത തരത്തിൽ സുരക്ഷിതത്വമുള്ള ഒരു ജോലി നേടിയെടുക്കാൻ അരവിന്ദാക്ഷൻ സറിന്റെ അനുഗ്രഹം എന്നെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അദ്ദേഹം കൃപാപൂർവം വിളമ്പിത്തന്ന അന്നമാണ് ഇന്ന് ഞാൻ കഴിക്കുന്നത്. ഇതേ സാന്ദ്രതയിൽ എല്ലാ ശിഷ്യരോടും അദ്ദേഹം അതുല്യമായ വാത്സല്യം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിപുലമായ സാഹിത്യരചനകൾ ഉയർന്ന മൂല്യങ്ങൾപേറുന്ന ജീവിതപാഠങ്ങൾകൂടിയാണ്. എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ഗുരുനാഥന് മംഗളങ്ങൾ നേരുമ്പോൾ ശങ്കരാചാര്യർ 'ഗുരുപാദക സ്തോത്ര'ത്തിൽ  ഇരുണ്ട ദുശ്ശീലങ്ങളെ അകറ്റുന്ന സൂര്യന്മാരുടെയും കഷ്ടതകളുടെ നാഗങ്ങളെ ഓടിച്ചുകളയുന്ന കഴുകന്മാരുടെയും മഹത്വത്തെയും വർണിക്കുന്ന ഭാഗം ഓർമയിൽ കടന്നുവരുന്നു. ആ വരികൾ അരവിന്ദാക്ഷൻ സർ എന്ന മഹാമേരുവിനെ സമഗ്രതയോടെ പ്രതിനിധീകരിക്കുന്നതാണ്. അതുകൊണ്ട് അരവിന്ദാക്ഷൻ സറിനോടുള്ള ജന്മദീർഘമായ കടപ്പാട് രേഖപ്പെടുത്താൻ പ്രസ്തുത വരികൾ ഞാൻ ഉദ്ധരിക്കട്ടെ

"പാപാന്ധകാർക പരമ്പരാഭ്യാം താപത്രയാഹീന്ദ്ര ഖഗേശ്വരാഭ്യാം

ജാഹിയാബ്ധി സംശോഷണ വാഡവാഭ്യം നമോ നമഃ ശ്രീ ഗുരു പാദുകാഭ്യം."

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com