‘ഹോർത്തൂസ് വായനയിൽ’ ഗുരു ശിഷ്യ സംവാദം; ഓർമകളിലൂടെ ജോയ് മാത്യുവും കാരശ്ശേരിയും
Mail This Article
കോഴിക്കോട്∙ ഹോർത്തൂസ് വായനയുടെ വേദി ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദവേദി കൂടിയായി മാറി. തന്റെ പ്രിയപ്പെട്ട ശിഷ്യനാണ് ജോയ്മാത്യുവെന്നും ശിഷ്യൻമാരെ കാണുന്നതാണ് ഓരോ അധ്യാപകനും ഏറെ പ്രിയപ്പെട്ടതെന്നും എം.എൻ.കാരശ്ശേരി പറഞ്ഞപ്പോൾ സദസ്സിലുണ്ടായിരുന്ന അധ്യാപകർ തലകുലുക്കി സമ്മതിച്ചു.
തന്റെ പ്രിയപ്പെട്ട അധ്യാപകൻ എന്നതിലുപരി അടുത്തൊരു സുഹൃത്തും മാർഗദർശിയുമാണ് കാരശ്ശേരിയെന്നാണ് ജോയ് മാത്യു പറഞ്ഞത്. തന്നെ കോളജിൽ ചേർക്കാനുള്ള ഫീസ് കാരശ്ശേരി കടം നൽകിയ കഥയും ജോയ് മാത്യു പറഞ്ഞു.
നാടകാചാര്യൻ മധുമാസ്റ്ററുടെ കൂടെ നാടകപ്രവർത്തനവുമായി നടക്കുന്ന കാലമാണ്. ആർട്സ് കോളജിലും ഗുരുവായൂരപ്പൻ കോളജിലുമാണ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ നൽകിയത്. ഗുരുവായൂരപ്പൻ കോളജിലാണ് പ്രവേശനത്തിനു കത്തുവന്നത്. പ്രവേശനത്തിനുള്ള അഭിമുഖത്തിന് ഹാജരാവേണ്ടതിന്റെ തലേദിവസം ആലപ്പുഴയിൽ നാടകം കളിക്കുകയായിരുന്നു. രാത്രി തിരികെ പുറപ്പെട്ടു. രാവിലെ നാടകവണ്ടി ഗുരുവായൂരപ്പൻ കോളജിനു മുന്നിലെത്തി. അഭിമുഖത്തിന്റെ സമയം വൈകിയിരുന്നു. മധുമാസ്റ്റർ സുഹൃത്തായ കാരശ്ശേരിയുടെ അടുത്തേക്കാണ് തന്നെയും കൊണ്ടു പോയത്. കാരശ്ശേരി ഇടപെട്ട് അഭിമുഖത്തിനു കയറ്റി. പ്രവേശനം കിട്ടി. എന്നാൽ 160 രൂപ അന്നുതന്നെ അടയ്ക്കണം. മധുമാസ്റ്ററുടെയും തന്റെയും കയ്യിൽ അത്രയും പണമില്ല. ഒടുവിൽ കാരശ്ശേരി കടംനൽകിയ 100 രൂപ കൂടി ചേർത്താണ് ഫീസടച്ചതെന്നും ജോയ് മാത്യു പറഞ്ഞു.
മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.