മറയും കേരള സുന്ദര ജീവിത ചിത്രത്തൂണിനു മിഴിവേറ്റാൻ ഓണവെയിലേ വന്നാലും...
Mail This Article
ഓണത്തെക്കുറിച്ചു പാടിയിട്ടും പറഞ്ഞിട്ടും മതിവരാത്ത കവി തന്നെയാണ് പാഴ് നിഴലുകളെക്കുറിച്ചും എഴുതിയത്. ഓണനാളിൽ ആരാലും തിരിച്ചറിയപ്പെടാതെ, അജ്ഞാതനും വിസ്മൃതനും തിരസ്കൃതനുമായി ജീവിച്ച ദിവസത്തെക്കുറിച്ചും എഴുതിയത്. അവിടെയും യാത്രയുണ്ട്. മടക്കയാത്രയും. എന്നാൽ, അതു തിരച്ചുവരാൻ വേണ്ടിയായിരുന്നില്ല. ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമെന്ന പ്രതീക്ഷയേ ഇല്ലാത്ത യാത്ര. ഹോട്ടലൂണും വാടകമുറിയും എന്ന കവിത നിഴലിന്റെ നിരാലംബ ഗീതമാണ്. ഓണമില്ലാത്തവരുടെ കവിത. 72 വർഷം ജീവിച്ചിരുന്ന് അടിമുടി ഓണം പൂത്തുതളിർത്ത 45 ഓണക്കവിതയെഴുതിയ മലനാടിന്റെ മഹാകവി. വാക്കുകളുടെ മഹാബലി. പി. കുഞ്ഞിരാമൻ നായർ. 45 വർഷം തുടർച്ചയായി ഓണക്കവിതയെഴുതിയ ഒരേയൊരു കവി. എന്നിട്ടും അവയോരോന്നും വ്യത്യസ്തം. പുതിയത്. ഈണത്തിലും താളത്തിലും അനുഭൂതിയിലും.
ഒരിടത്തും ഒരിക്കലും അധികനാൾ തങ്ങിയിട്ടില്ല പി. ഏതാനും നാളുകളാകുമ്പോഴേക്കും അസ്വസ്ഥത നുരയുന്നു. പിന്നെയൊരു പോക്കാണ്. ആരോടും ഒന്നും പറയാൻ ഓർക്കണമെന്നില്ല. എങ്ങോട്ടാണെന്ന നിശ്ചയം പോലും കാണില്ല. എന്നാലും പോകാതിരിക്കാൻ വയ്യ. 45 കവിതകൾ 45 ഇടത്തിരുന്നാണ് എഴുതിയത്. സ്ഥലം വ്യക്തമാക്കുന്നവയുണ്ട്; ഇല്ലാത്തവയും. എന്നാൽ, പൂക്കളം പോലെ ആ കവിതകൾ കേരളത്തിന്റെ തിരുമുറ്റത്ത് ഐശ്വര്യക്കണിയൊരുക്കി. വാടാത്ത, കൊഴിയാത്ത പൂക്കണി. അർഥം നശിക്കാത്ത വാക്കുകളുടെ പുലരൊളി.
പഴക്കമേറും തോറും പുതുക്കം കൂടിക്കൂടിവരുന്ന വെളിച്ചത്തിന്റെ, ഉടുപ്പുകൾ മാറിയാലും അന്നുമിന്നും എന്നും കോലം പകരാതെ നിലകൊള്ളുന്ന വെളിച്ചത്തിന്റെ, പ്രപഞ്ചവൃക്ഷത്തിന്റെ, നാരായവേരായ തൂവെളിച്ചത്തിന്റെ, നിഗൂഡ നിയമ രഹസ്യ കഥകളെടുത്ത് പാടുന്ന പ്രേമകാവ്യകാരൻ–പൂത്തിരുവോണം– തിരുവോണത്തേരിൽ നിന്നിറങ്ങിവരുന്ന തൃക്കാക്കരപ്പൻ–ഹാ! ആ ഭാവനാ സാമ്രാജ്യ സമ്രാട്ടിനെ ഞാൻ മലനാടിന്റെ മഹാകവി എന്നു വിളിക്കുന്നു.. എഴുതുമ്പോൾ പിയുടെ പേനയിൽ മഷി വറ്റുന്നില്ല. എത്ര പുകഴ്ത്തിയിട്ടും മതിയാകുന്നില്ല. എന്നാൽ, ഉത്രാടത്തിനു വീട്ടിൽ പോയി വിജനതയും വിരസതയും കണ്ടു മനംമടുത്ത് തിരിച്ചുവന്ന് തീവണ്ടിയാപ്പിസിൽ ഇരിക്കുമ്പോൾ ജീവൻ പോലും അവശേഷിച്ചിരുന്നില്ല ആ മലയാളിയിൽ.
ചിതറിക്കിടക്കുന്ന നരച്ച മുടി. ബീഡിപ്പൊരി വീണ് അങ്ങിങ്ങ് കീറിയ ജുബ്ബ. വാർധക്യപ്രഹരമേറ്റ് കുഴിഞ്ഞ കവിൾ. ചീർത്ത ചിന്തയിൽ വീർത്ത കണ്ണുകൾ. കീറ സഞ്ചിയും. ഒരു പാവ പോലെ ഓണനാളിൽ വീട്ടിൽപ്പോയി റെയിൽവേ സ്റ്റേഷനിൽ എന്തിനോ കാത്തിരിക്കുന്നു.
ഇളനീർ കുടിപ്പിച്ച
തെങ്ങുകൾ;മീനക്കാറ്റിൽ
മധുസൗരഭം പൊതി–
ഞ്ഞെത്തിച്ച പിലാവുകൾ;
മുറ്റത്തെത്തുളസി തൻ
പാവനഗന്ധം,മുല്ല
മന്ദാരപ്പൈംപിച്ചക –
ക്കൂട്ടർ താൻ ഗാഢാശ്ലേഷം;
ശർക്കരമാവിൽ പണ്ടേ
കൂട് കൂട്ടിയ കിളി
മുക്കോടിൽ കണിവയ്ക്കു–
മമ്പലപ്പിറാവുകൾ...
ശ്രീ വിളയുന്ന നാട്ടിൽ നിന്ന് ദൂരേക്കായിരുന്നു യാത്ര. അകലെയെങ്ങോ. ഓണത്തിന്റെ പൂവിളിയെത്താത്തയിടത്ത്. വീടുകളിൽ കേവലാനന്ദത്തിന്റെ പൂവിളിയുയരുമ്പോൾ, ഈടുറ്റ ഓണം കണി കാണാതെ, ഇരുട്ടിൽ വാടകവീടും ഹോട്ടലൂണും മാത്രമാണ് ആശ്രയം. ഓണനാളിലെ ഉച്ചയും കഴിഞ്ഞു. മധ്യാഹ്നമായി. ഹോട്ടലിലെ തീൻമേശയിൽ ലഭിച്ചത് നടുവേ കീറിയ ഇല. വിളമ്പിയത് കല്ലരിച്ചോറ്. അതു വാരാൻ കൈ ഉയർത്തിയപ്പോഴാണ്, എള്ളു നീര് പോലെ, ഒരു തുള്ളി ഇറ്റുവീണത്. ചുടു കണ്ണീർത്തുള്ളി. അതിൽ നിറഞ്ഞു കണ്ടു പൊയ്പ്പോയ പൂക്കാലങ്ങൾ.
തച്ചുടച്ച് തൂക്കിവിൽക്കാതെ, ലേലത്തിൽപ്പോവാതെ, തറവാട്ടിൽ അവശേഷിച്ച ഒരേയൊരു പൊൻനിലവിളക്ക്. കവിതയുടെ ആ വിളക്ക് കത്തിച്ചുവച്ചാണു പി കടന്നുപോയത്. അല്ല ഈ ഓണക്കാറ്റിൽ ലയിച്ചത്. ഇഴുകിച്ചേർന്നത്. ഓരോ ഓണത്തിനും മുടങ്ങാതെ വിരുന്നു വരുന്ന അതിഥി അല്ല, മലയാളമെന്ന വീടിന്റെ മച്ചിലെ കാവൽദൈവം. പി ഒരുക്കിയ കവിതയിലെ ഓണത്തിന് ഇന്നും പത്തരമാറ്റ് ! അതാണു സൗന്ദര്യം. പുത്തനിൽപ്പുത്തൻ. അതാണ് ഓണക്കവിത. ആയിരമായിരം ചിത്രമെടുത്താലും തികവിന് കുറവില്ലാത്ത സൗന്ദര്യം. ആയിരമായിരം കവികൾ. ആയിരമായിരം കവിതകളിൽ പകർത്തി. എങ്കിലും സൗന്ദര്യം പൂർണം. ചിത്രം അപൂർണം.