'ഫ്രാൻസിസ് ഇട്ടി കോര'യുടെ ഇംഗ്ലിഷ് വിവർത്തനം പുറത്തിറങ്ങുന്നു
Mail This Article
കോട്ടയം: ടി. ഡി. രാമകൃഷ്ണന്റെ സെൻസേഷണൽ നോവലായ 'ഫ്രാൻസിസ് ഇട്ടി കോര'യുടെ ഇംഗ്ലിഷ് വിവർത്തനം ഉടൻ പുറത്തിറങ്ങുന്നു. ഹാർപ്പർകോളിൻസ് ഇന്ത്യയിൽ പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് 'ഫ്രാൻസിസ് ഇട്ടി കോര'യുടെ ഇംഗ്ലിഷ് വിവർത്തനം വായനക്കാർക്കായി സമ്മാനിക്കുന്നത്.
2024 ഒക്ടോബർ 4ന് പുസ്തകശാലകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകുന്ന പുസ്തകത്തിന്റെ വില 399 രൂപയാണ്. 312 പേജുള്ള നോവൽ ഇംഗ്ലിഷ് വായനക്കാർക്ക് സവിശേഷവും ആഴത്തിലുള്ളതുമായ സാഹിത്യാനുഭവം വാഗ്ദാനം ചെയ്യുന്നു. ചരിത്രം, മിത്ത്, മാജിക്, റിയലിസം എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് കടന്നുപോകുന്ന നോവൽ മലയാളത്തിൽ വായനക്കാരുടെയും നിരൂപകരുടെയും പ്രശംസകൾ നേടിയിരുന്നു.
എറണാകുളം സെന്റ് തെരേസാസ് കോളജിലെ ലക്ചററായ പ്രിയ കെ. നായരാണ് നോവൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 'ആൽഫ'യും 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യും ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തതും പ്രിയ തന്നെയായിരുന്നു.