കലിഗ്രഫി സമ്പ്രദായത്തിൽ പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം പ്രകാശിതമാകുന്നു
Mail This Article
ആദ്യപതിപ്പ് കലിഗ്രഫി സമ്പ്രദായത്തിൽ പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം 2024 ഒക്ടോബർ 2 ന് പ്രകാശിതമാകുന്നു. ഭാഗികമായോ പൂർണ്ണമായോ കൈയെഴുത്തു മാതൃകയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ മലയാളത്തിൽ കണ്ടേക്കാമെങ്കിലും ആധുനിക കലിഗ്രഫിയുടെ സാധ്യതകൾ പൂർണ്ണമായും ഉപയോഗിച്ച പുസ്തകം മലയാളത്തിൽ നിലവിലില്ല. കവിയും സഞ്ചാരസാഹിത്യകാരനുമായ സുഭാഷ് വലവൂരിന്റെ 'കാശ്മീർ പൊട്ടുകൾ' എന്ന ഹൈക്കു കവിതകളുടെ സമാഹാരമാണ് ഈ വർഷത്തെ അന്താരാഷ്ട്ര കലിഗ്രഫി ഉത്സവത്തിൽ (ICFK 2024) വെച്ച് പ്രകാശനം ചെയ്യപ്പെടുന്നത്. പ്രഗത്ഭ കലിഗ്രഫി കലാകാരനായ നാരായണ ഭട്ടതിരിയാണ് 'കാശ്മീർ പൊട്ടുകളു'ടെ കലിഗ്രഫി പതിപ്പ് തയാറാക്കിയിട്ടുള്ളത്. കാശ്മീർ താഴ്‌വരയിൽ നടത്തിയ സഞ്ചാരത്തിന്റെ സമയത്തെ അനുഭവങ്ങളും ചിന്തകളും രേഖപ്പെടുത്താനായി സുഭാഷ് വലവൂർ രചിച്ച ഹൈക്കു കവിതകളിൽ നിന്ന് തെരഞ്ഞെടുത്ത 39 കവിതകളാണ് പുസ്തകത്തിലുള്ളത്. സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബഹുവർണ്ണ അച്ചടിയിലാണ് പുസ്‌തകം തയാറാക്കിയിട്ടുള്ളത്.
എറണാകുളം ഡർബാർ ഹാളിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി ഉത്സവത്തിന്റെ (ICFK 2024) ഉത്‌ഘാടന ദിവസമായ 2024 ഒക്ടോബർ 2 ന് വൈകുന്നേരം നടക്കുന്ന ഉത്‌ഘാടന സമ്മേളനത്തോടനുബന്ധിച്ചാണ് 'കാശ്മീർപൊട്ടുകൾ' പ്രകാശിതമാവുന്നത്.