ADVERTISEMENT

ഹംഗേറിയൻ നോവലിസ്റ്റും ഫൊട്ടോഗ്രഫറുമായ ആറ്റില ബാർട്ടിസിന്റെ ‘ദ്‌ എൻഡ്‌’ ഇംഗ്ലിഷ് വിവർത്തനം കയ്യിൽ വന്നപ്പോൾ നേരത്തേ വായിച്ച ‘ട്രാൻക്വിലിറ്റി’ എന്ന നോവൽ ഞാൻ ഓർമിച്ചു. 

ഇരുപതാം നൂറ്റാണ്ടിലെ ഹംഗേറിയൻ സാഹിത്യത്തെപ്പറ്റി പറയുമ്പോൾ സാന്തോർ മറായിയിൽനിന്ന്തുടങ്ങാം. മറായിയുടെ എംബേഴ്സ് എന്ന ചെറുനോവലിന്റെ വിവർത്തനം മലയാളത്തിലും ലഭ്യമാണെന്നാണ്  ഓർമ. രണ്ടാം ലോകയുദ്ധകാലത്തു ഹംഗറിയിലെ നാത്‌സി അധിനിവേശവും തുടർന്നുള്ള പലായനവും വിവരിക്കുന്ന മറായിയുടെ മെമ്മോർ ഓഫ് ഹംഗറി ഞാൻ വായിച്ച മികച്ച ആത്മകഥാപരമായ പുസ്തകങ്ങളിലൊന്നാണ്. നാത്സികളുടെ കൊലയറകളിലെ ജൂതപീഡനങ്ങളാണു ഹംഗേറിയനായ ഇംമ്രെ കർത്തസിന്റെ നോവലുകളിൽ നാം വായിക്കുന്നത്. കർത്തസിനു 2002ൽ നൊബേൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ഇംഗ്ലിഷ്‌ വിവർത്തനങ്ങൾ ഒന്നും ഇവിടെ ലഭ്യമായിരുന്നില്ല. പബ്ലിഷറുടെ വെബ്സൈറ്റിൽ ചോദിച്ചപ്പോൾ ഫെയ്റ്റ്ലെസ്‌ ഒരു കോപ്പിയും കാഡിഷ്‌ ഫോർ ആൻ അൺനോൺ ചൈ ൽഡിന്റ്‌ ഒരു ഫോട്ടോ കോപ്പിയും അവർ വേഗം അയച്ചുതന്നു. പിന്നീട്‌ കാഡിഷിന്‌ ഒരു മലയാള വിവർത്തനവും ഉണ്ടായി.

Bartis-Attila

മറായിയുടെ കൃതികളിലുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെയും ഇംമ്രെ കർത്തസ് ആഖ്യാനം ചെയ്ത നാത്സിക്യാമ്പിലെ ജൂതജീവിതത്തിനും ശേഷം യുദ്ധാന്തനന്തര ഹംഗറിയുടെ ജീവിതമാണു പീറ്റർ നടാഷും ആറ്റില ബാർട്ടിസും ആഖ്യാനം ചെയ്യുന്നത്‌. 

നാത്‌സി അധിനിവേശത്തിന്റെ രണ്ടാം ലോകയുദ്ധത്തിനുശേഷം കിഴക്കൻ യൂറോപ്പ് സോവിയറ്റ് ചേരിയുടെ ഭാഗമായതോടെ ഹംഗറിയിലും കമ്യൂണിസ്റ്റ് സ്വേച്ഛാധികാരവാഴ്ചയായി. അയൽരാജ്യമായ റുമേനിയയിലെ ട്രാൻസിൽവാനിയയിൽ ഹംഗേറിയൻ കുടുംബത്തിൽ ജനിച്ച ആറ്റില ബാർട്ടിസ് 1980കളിലാണ് ഹംഗറിയിലേക്ക് കുടിയേറുന്നത്. ചെഷസ്ക്യൂവിന്റെ സ്വേച്ഛാധികാരവാഴ്ചയിൽ നിൽക്കക്കള്ളിയില്ലാതെ വന്നതോടെയായിരുന്നു ബാർട്ടിസിന്റെ പിതാവ് ഹംഗറിയിലേക്ക് പലായനം ചെയ്തത്. കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് അധികാരം കല്ലിൻമേൽ കല്ലു ശേഷിക്കാതെ ഇല്ലാതാകുന്നതിനുതൊട്ടുമുൻപായിരുന്നു ഇത്‌. ബുഡാപെസ്റ്റിനൊപ്പം 2014 മുതൽ ഇന്തൊനീഷ്യയിലെ ജാവ്‌ ദ്വീപിലും ബാർട്ടിസ്‌ താമസിക്കുന്നു. നാടകകൃത്തുകൂടിയാണ്‌. 

പീറ്റർ നടാഷിന്റെ ബുക് ഓഫ് മെമ്മറീസിൽ കമ്യൂണിസ്റ്റ് ഹംഗറിയിൽ ബുഡാപെസ്റ്റിലെ കുട്ടിക്കാലമാണു നാം കാണുന്നത്‌. നടാഷിന്റെ അച്ഛൻ സർക്കാരിലെ രഹസ്യപൊലീസിന്റെ ഭാഗമാണ്. അയാളാണ് സർക്കാർവിരുദ്ധരെപ്പറ്റി റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. ചാരസംഘടനയിലെ മറ്റൊരു ഉന്നതന്റെ ഓഫിസ് മുറിയിൽ ഒളിച്ചുകടക്കുന്ന ആഖ്യാതാവായ പയ്യനും ആ ഉന്നതന്റെ മകളും അവിടെത്തെ മേശ തുറന്ന് രഹസ്യഫയലുകൾ തുറന്നുവായിക്കുമ്പോൾ പയ്യന്റെ അച്ഛന്റെ രഹസ്യബന്ധങ്ങളെപ്പറ്റി ചാരസംഘടന കണ്ടെത്തിയ വിവരങ്ങൾ അതിൽ വായിക്കുന്നുണ്ട്. ഇപ്രകാരം അധികാരഭ്രമത്തിൽ വശീകരിക്കപ്പെട്ട് പരസ്പരം ഒറ്റിക്കൊടുക്കുന്നവരായീത്തീർന്ന ഒരു ജനതയെ നാം ഭയത്തോടെ കാണുന്നു.ഒരുഘട്ടത്തിൽ ഭരണകൂടത്തി്നറെ അപ്രീതിക്കു പാത്രമായിത്തീരുന്ന പയ്യന്റെ പിതാവ് ജീവനൊടുക്കുകയും ചെയ്യുന്നു. ആത്മകഥാപരമായിരുന്നു നടാഷിന്റെ ഉജ്വലമായ ഈ നോവൽ. 

സോവിയറ്റ്‌ സാമന്ത രാജ്യമെന്ന നിലയിൽനിന്ന് സ്വതന്ത്ര ജനാധിപത്യത്തിലേക്ക്‌ ഹംഗറി പരിവർത്തനം ചെയ്യുന്ന ഘട്ടത്തിലാണ്‌ ആറ്റില ബാർട്ടിസിന്റെ  ‘ട്രാൻക്വിലിറ്റി’ സംഭവിക്കുന്നത്‌. കൺസേറ്റ്‌ വയലിനിസ്റ്റ്‌ മകൾ ഹംഗറി വിട്ട്‌ യുഎസിലേക്ക്‌ കുടിയേറുന്നതോടെ അധികാരികളുടെ അപ്രീതിക്കു ഇരയായി ബുഡാപെസ്റ്റിലെ പേരുകേട്ട റെബേക്ക എന്ന നടിക്ക്‌ തന്റെ പദവി നഷ്ടമാകുന്നു. അവരെ ബുഡാപെസ്റ്റ്‌ തിയറ്ററിന്റെ പാർട്ടി സെക്രട്ടറി തരംതാഴ്ത്തുന്നു. അന്നാ കരിനീനയുടെയും ലേഡി മാക്ബത്തിന്റെയും വേഷം ചെയ്തു പ്രശസ്തയായ ആ നടിക്ക്‌ പിന്നെ എക്സ്ട്രാ നടിയുടെ വേഷമാണു ലഭിക്കുന്നത്‌. ക്ലിയോപാട്രയുടെ വേഷത്തിൽ റിഹേഴ്സൽ ചെയ്തുകൊണ്ടിരിക്കെയാണു പാർട്ടി സെക്രട്ടറി അവരോട്‌ വേഷമഴിച്ച്‌ ഇനി  ദാസിയായി അഭിനയിച്ചാൽ മതി എന്നു പറയുന്നത്‌. തകർന്നുപോയ നടി അർദ്ധനഗ്നയായി ഈജിപ്ഷ്യൻ രാജ്ഞിയുടെ വസ്ത്രവും കിരീടവും ചെരുപ്പുമണിഞ്ഞ്‌ മേക്കപ്‌ അഴിക്കാതെ ബുഡാപെസ്റ്റ്‌ തെരുവിലൂടെ കണ്ണീരൊഴുക്കി സ്വന്തം വീട്ടിലേക്കുഓടിപ്പോകുന്നു. 

sandor-marai

വിദേശത്തുള്ള മകളെ എത്രയും വേഗം തിരിച്ചുവിളിക്കാനായിരുന്നു പാർട്ടിനിർദ്ദേശം. അവരാകട്ടെ മകൾ മരിച്ചതായി പ്രഖ്യാപിച്ച്‌ ഒരു ശവപ്പെട്ടിയിൽ അവളുടെ ഫോട്ടോകളും കത്തുകളും മ്യൂസിക്‌ ഷീറ്റുകളും കോഫി കപ്പും എല്ലാ ഇട്ടടച്ചു പള്ളിസെമിത്തേരിയിൽ ഒരു വൈദികനെ വിളിച്ച്‌ അന്ത്യശുശ്രൂഷകളോടെ അടക്കംനടത്തി. എന്നിട്ട്‌ 15 വർഷം വീടിനു പുറങ്ങാതെ ആ സ്ത്രീ ജീവിച്ചു. ലേഡിമാക്ബത്തിന്റെ കസേര, അന്ന കരിനീനയുടെ അലമാര എന്നിങ്ങനെ നാടകരംഗത്തെ പലതരംവസ്തുക്കൾ നിറഞ്ഞ ഒരു മുറിയിൽ പഴയ വസ്ത്രങ്ങളുടെയും മേക്കപ്‌ സാധനങ്ങളുടെയും ഇടയിൽ സദാനേരവും തുറന്നുവച്ച ടിവിക്കു മുന്നിലിരുന്ന്  മിന്റ്ടീ കുടിച്ച്‌ അവർ കാലം കഴിച്ചു. അവർക്കു കൂട്ടായി അമ്മയോട്‌ അമിതമായ ആരാധനയാൽ ഭ്രമചിത്തനായിപ്പോയ മകനും. ഒരു കഥാകൃത്തായ ഇയാൾ അമ്മയെ പരിചരിച്ചു കഴിയുമ്പോഴും അമ്മയെ ഉപേക്ഷിച്ചുപോകാൻ ആഗ്രഹിക്കുന്നു. ഇയാൾ ഒരു നോവലെഴുതുന്നുണ്ട്‌. അമ്മ മകനെ എവിടേക്കും പോകാൻ അനുവദിക്കുന്നില്ല. മകന്റെ സാഹിത്യത്തെ അമ്മ നിരന്തരം പരിഹസിക്കുകയും ചെയ്യുന്നു. മകൾ എല്ലാ മാസവും അമ്മയ്ക്ക്‌ വിശേശത്തുനിന്ന് ഒരു തുക അയയ്ക്കുന്നുണ്ട്‌. അതാണ്‌ ഏക വരുമാനം. സഹോദരി റോമിൽനിന്നും പാരിസിൽനിന്നും ഒക്കെ അമ്മയ്ക്ക്‌ അയച്ചതാണെന്ന മട്ടിൽ വ്യാജ കത്തുകൾ മകൻ എഴുതുന്നുണ്ട്‌. പടിഞ്ഞാറൻ യൂറോപ്പിലേക്ക്‌ പോകുന്ന സുഹൃത്തുക്കളുടെ കയ്യിൽ കൊടുത്തുവിട്ട്‌ അവിടെനിന്നാണ്‌ ഈ കത്തുകൾ പോസ്റ്റ്‌ ചെയ്യിക്കുന്നത്‌. 

കഥാകൃത്തിനു അമ്മയോടു മാത്രമല്ല കാമുകിയോടും ഒരു മുതിർന്ന സ്ത്രീയോടുമുള്ള ബന്ധം ഭ്രാന്തിനോട് അടുത്ത ഒബ്സഷനാണ്‌. കാമുകിയായ  എസ്തർ റുമേനിയയിൽനിന്ന് വന്നവളാണ്‌. അയാളുടെ നോവൽ കയ്യെഴുത്തുപ്രതി പ്രസിദ്ധീകരിക്കാനായി  ടൈപ്‌ ചെയ്യുന്നതും പ്രസാധകരെ കണ്ടെത്തുന്നതും  അവളാണ്‌. അയാളുടെ അമ്മയ്ക്ക്‌ പക്ഷേ അവളെ കണ്ണിനു കണ്ടുകൂടാ. ഒരു രാത്രിപോലും അമ്മയെ വിട്ടുനിൽക്കാൻ അയാൾക്കുമാവില്ല. ഈ പ്രശ്നങ്ങൾ മൂലം അവളും ക്രമേണ രോഗിയായി മാറുകയാണ്‌. 

കൗമാരത്തിൽ അതീവ ലജ്ജാലുവായിരുന്ന അവന്റെ നാണം മാറ്റാൻ അമ്മ അവനെ ഒരു സ്ത്രീയുടെ അടുത്ത്‌ പറഞ്ഞുവിടുന്നുണ്ട്‌. ഒരു നാടകശാലയുടെ അണിയറയിലെ ഒരു മുറിയിൽ വച്ച്‌ പയ്യന്‌ ആത്മവിശ്വാസം കൂട്ടാനായി നടിയായി ആ സ്ത്രീ തനിക്ക്‌ വലിയ രതിമൂർച്ഛ വന്നതായി അഭിനയിക്കുകയും ചെയ്യുന്നു. 

imre-kertesz

വിദേശത്തുനിന്ന് മകൾ അയച്ച കത്തുകൾക്കുള്ള മറുപടി എഴുതിയത്‌ കവറിനുള്ളിലാക്കി ഒട്ടിച്ച്‌ വിവിധ രാജ്യങ്ങളിലെ അജ്ഞാത വിലാസങ്ങളിലേക്ക്‌  അയയ്ക്കാൻ അമ്മ ഭദ്രമായി വച്ചിരുന്നു. അമ്മ മരിച്ചശേഷം ആ കത്തുകൾ മകൻ തുറന്നുനോക്കുമ്പോൾ അതെല്ലാം ഒന്നുമെഴുതാത്ത ശൂന്യമായ കടലാസുകളായിരുന്നു. മകളുടെ പേരിലുള്ള കത്തുകളെല്ലാം ഇടതുകൈ കൊണ്ട്‌ താനാണ്‌ എഴുതിയതെന്ന് അമ്മയ്ക്ക്‌ അറിയാമായിരുന്നു എന്ന് മകനു സംശയം തോന്നുന്നത്‌ അപ്പോഴാണ്‌.

അമ്മയുടെ മരണത്തിന്‌ ഏതാനും ദിവസം മുൻപ് അയാൾ ഹംഗേറിയൻ ഗ്രാമീണ ലൈബ്രറിയിൽ കഥ വായിക്കാൻ പോകുന്ന വിവരണം നോവലിലുണ്ട്‌. ഒരു ഗ്രാമത്തിലെ പള്ളിവികാരി ആൽബർട്ട്‌ മോഹോസ്‌ വർഷങ്ങൾ നീണ്ട വിശ്വസ്ത ആത്മീയ സേവനത്തിനൊടുവിൽ ഒരുനാൾ വിശ്വാസം നഷ്ടമായി ഒരു ദു:ഖ വെള്ളിയിൽ കുർബാനയപ്പത്തിൽ എലിവിഷം ചേർത്ത്‌ ഇടവകയംഗങ്ങളെല്ലാം കൊന്നൊടുക്കുന്നതാണു കഥ. ഈ  കഥാവായനയ്ക്കുശേഷം ആ ഗ്രാമത്തിലെ വികാരിയുടെ വീട്ടിൽ രാത്രി ചെലവഴിക്കുന്നതും പിറ്റേന്നുള്ള മടക്കവും ഈ നോവലിലെ ഏറ്റവും മനോഹരമായ ഭാഗമാണ്‌. അതുമാത്രമെടുത്താൽ ഒരു കഥയായും കരുതാം. 

ശാന്തതയുടെ കടൽ എന്നർത്ഥം വരുന്ന ‘മാറേ ട്രാൻക്വലിടെയ്റ്റസ്‌ ‘ എന്ന ലാറ്റിൽ പദം ഈ നോവലിൽ പരാമർശിക്കുന്നുണ്ട്‌. ചന്ദ്രനിൽ ലാവ ഉറഞ്ഞുണ്ടായ ഇരുണ്ട പർവ്വത തടങ്ങളെയാണ്‌ മാറേ ട്രാൻക്വലിടെയ്റ്റസ്‌ എന്നു വിളിക്കുന്നത്‌. ആദ്യകാല ബഹിരാകാശ ഗവേഷകർ ഇത്‌ ചന്ദ്രനിലെ കടൽ ആണെന്നു തെറ്റിദ്ധരിച്ചിരുന്നു. ചന്ദ്രനിൽ മനുഷ്യനുമായി അപ്പോളോ ആദ്യമായി ഇറങ്ങിയ ഇടം ഇതിനടുത്താണ്‌. അതിനെ ട്രാൻക്വിലിറ്റി ബേസ്‌ എന്നാണു നാമകരണം ചെയ്തത്‌. നോവലിന്റെ പേര്‌ ഈ തലക്കെട്ടിൽനിന്നാണു വന്നതെങ്കിലും ചാന്ദ്രോപരിതലത്തിലെ ഗുരുത്വ രഹിതമായ ആ വിജനതയുടെ പൊരുൾ നോവലിസ്റ്റ്‌ കൃത്യമായി വിശദീകരിക്കുന്നില്ല. ദൈവരാഹിത്യത്തിന്റെ ശൂന്യത നോവലിൽ ഒരിടത്ത്‌ ചർച്ച ചെയ്യുന്നു. 

കഥാകൃത്തിന്റെ കാമുകി എസ്തർ, ഒരു ചന്ദ്രഗോളത്തെ തന്റെ നഗ്നമായ തുടയിടുക്കിൽ ഉരുട്ടിക്കളിക്കുന്നു. ചന്ദ്രതടത്തിലെ ഭാരരാഹിത്യം അവരുടെ പ്രേമത്തിൻ ഒരിക്കലും ലഭിച്ചിക്കുന്നില്ല. അവളുടെ കാമത്തിന്റെ കടൽമണം വിവരിക്കുമ്പോഴും ഇതേ ട്രാൻക്വിലിറ്റി ബേസ്‌ പരാമർശിക്കുന്നു. ഒടുവിൽ അവൾ ആ ചന്ദ്രനെ ഉടച്ചുകളയുകയാണ്‌. ബാർട്ടിസിന്റെ ദ്‌ എൻഡ്‌ ഈ നോവലിനെക്കാൾ ഗംഭീരമാണെന്നു ചിലർ വിലയിരുത്തിയിട്ടുണ്ട്‌. ഒരുപക്ഷേ അതെപ്പറ്റിയും ഇവിടെ പിന്നീട്‌ എഴുതാൻ കഴിഞ്ഞേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com