തനിച്ചാണോ? വായിക്കൂ വെജിറ്റേറിയൻ കവിത; ആരുമില്ലാത്തവരുടെ അവസാന തുരുത്തിൽ
Mail This Article
വിരൂപൻ. ഭിന്നശേഷി. വിദ്യാഭ്യാസമോ വിദഗ്ധ കഴിവുകളോ ഇല്ലാത്തയാൾ. ആരാണയാൾ എന്നു ചോദിച്ചാൽ ഒരാൾ എന്നു പോലും പറയാനാവുമോ. ആൾക്കൂട്ടത്തിൽ ഒരുവൻ പോലുമാകാൻ ഒരു യോഗ്യതയില്ലാത്ത ഏറ്റവും സാധാരണക്കാരൻ. സാധാരണക്കാരിലും താഴെ. അയാളും ജീവിച്ചിരിക്കുക തന്നെ വേണം. ഒരു അടയാളവും അവശേഷിപ്പിക്കാനല്ല. ഇങ്ങനെയൊരാൾ ജീവിച്ചിരുന്നു എന്ന് ഓർമിപ്പിക്കാനോ ഇതിലേ കടന്നുപോയി എന്നു രേഖപ്പെടുത്താനോ അല്ല. ജീവിക്കാൻ വേണ്ടി മാത്രം. അയാളുടെ ജീവിതവും കാലവും പ്രത്യാശയോടെ അടയാളപ്പെടുത്തിയാണ് (Life and Times of Michael K) ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ജെ.എം.കൂറ്റ്സി 2003ൽ നൊബേൽ സമ്മാനം നേടിയത്.
മൈക്കലിന്റെ പ്രതീക്ഷയ്ക്കും അപ്പുറമായിട്ടും ശരീരസുഖവും ദാഹം തീർക്കാൻ ജലവും കൂടി നൽകി കൂറ്റ്സി. ആരും ഒറ്റയ്ക്കല്ലെന്നും ദാഹം മാത്രമല്ല ബാക്കിയെന്നും ഓർമിപ്പിച്ച്. പാഠവും പഠനവും കൂടി പ്രതിഭാശാലികളായ എഴുത്തുകാർക്ക് നോവലിൽ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നു തെളിയിച്ചും. രണ്ടു പതിറ്റാണ്ടിനു ശേഷം ആദ്യമായൊരു ദക്ഷിണകൊറിയൻ എഴുത്തുകാരി നൊബേൽ നേടിയപ്പോൾ തെളിഞ്ഞ ചിത്രം എന്നാൽ ഒരു യുവതിയുടേതാണ്. (ദ് വെജിറ്റേറിയൻ). ഒറ്റയ്ക്കു തന്നെ. ഒറ്റയാൾപ്പോരാട്ടത്തിന് ഓർമകളുടെ പാമ്പുകളെ തുറന്നുവിട്ട്. വിരലുകളിൽ അവ കടിച്ചു തൂങ്ങുന്നു. രക്തം കുടിച്ചു വലുതാകുന്നു. പകരം വിഷം പകരുന്നു. അപ്പോഴും ഹാൻ കാങ് ചോദിക്കുന്നു:
ഇത്രയ്ക്കു മനോഹരമായ സ്വപ്നം കണ്ടിട്ടുണ്ടോ?
ഇത്രമാത്രം വെളിച്ചം പകരാൻ ഓർമകൾക്കു കഴിയുമോ?
പിച്ച് ബ്ലാക്ക് ഹൗസ് ഓഫ് ലൈറ്റ് എന്ന കവിത. വെളിച്ചത്തിന്റെ കൂരിരുട്ട് വീട്. ഇരുട്ടും വെളിച്ചവും പേരിൽ മാത്രമല്ല മാറിമാറി തെളിയുന്നത്. ഓരോ വരിയിലുമുണ്ട് വൈരുധ്യങ്ങളുടെ സമ്മേളനം.
ആകാശം ഇരുണ്ടിരുന്നു.
ശരീരത്തിന്റെ മുഴവൻ ഭാരവും കുടഞ്ഞുകളഞ്ഞ് പക്ഷികൾ പറക്കുന്നുണ്ടായിരുന്നു ഇരുട്ടിലും.
അതുപോലെ പറക്കാൻ ഞാൻ ഇനി എത്രവട്ടം മരിക്കണം?
എന്റെ കൈ പിടിക്കാൻ ആരുമില്ലല്ലോ.
അമ്മയുടെ വിരൽത്തുമ്പ് പോലെ ആലിപ്പഴങ്ങൾ.
ഉലഞ്ഞ പുരികത്തിലും മരവിച്ച കവിളിലും തഴുകി.
വേഗമാകട്ടെ, വേഗം വഴി കണ്ടെത്തൂ...
എത്ര ചെറുതാണെങ്കിലും ഒരൊറ്റ പുസ്തകത്തിന് നൊബേൽ സമ്മാനം നൽകിയിരുന്നു വർഷങ്ങൾക്കു മുൻപ്. പേജുകൾ കുറവാണെങ്കിലും വായിച്ചുതീരാത്ത ഗീതാഞ്ജലി, ഓൾഡ് മാൻ ആൻഡ് ദ് സീ, ലോർഡ് ഓഫ് ദ് ഫ്ലൈസ് എന്നിങ്ങനെ ഒറ്റ ഞൊടിയിൽ ഓർമ വരുന്ന എത്രയോ ചെറിയ വലിയ കൃതികൾ. പിന്നീട് എഴുത്തുകാരുടെ സമഗ്ര സംഭാവനയ്ക്കായി പുരസ്കാരം. ഒറ്റക്കൃതി മാനദണ്ഡമാണെങ്കിലും ഹൻ കാങ് പിന്നിൽ പോകില്ല; വെജിറ്റേറിയൻ ഉണ്ടല്ലോ. സമഗ്ര സംഭാവനയ്ക്കാണെങ്കിൽ കഥയും കവിതയും നാലു നോവലുകളുമുണ്ട്. ഇനി വരാനിരിക്കുന്ന വാക്കുകളും.
കണ്ണാടിയിലൂടെ ശിശിരകാലത്തെ കാണുന്ന കവിത എഴുതിയിട്ടുണ്ട് ഹാൻ കാങ്.
കണ്ണാടിക്കുള്ളിൽ ശിശിരകാലം കാത്തിരിക്കുന്നു.
ഞാൻ കൈ നീട്ടുന്നില്ല. നീയും കൈ നീട്ടുന്നില്ല.
എന്നിട്ടും നിന്റെ നോട്ടം അവഗണിക്കാൻ എനിക്കാവുന്നില്ലല്ലോ.
നാളെ നീ വിദൂര നഗരത്തിലേക്കു പോകും.
ഇവിടെ ഞാൻ തനിയെ എരിയും.
ശൂന്യതയുടെ ശവകുടീരത്തിലേക്ക് നീ കൈ നീട്ടുന്നു.
കാത്തിരിക്കുന്നു.
പാമ്പിനെപ്പോലെ ഓർമ നിന്റെ കയ്യിൽ കടിച്ചിട്ടും
വേദനയുടെ ഒരു ചുളിവു പോലുമില്ല; എവിടെയും.
നിന്റെ മുഖം കത്തുന്നില്ല. വിറയ്ക്കുന്നില്ല.
ഓർമ വരുന്നത് വെജിറ്റേറിയനിലെ യോങ് ഹൈ തന്നെ. കാട്ടിൽ, മഴയിൽ, തണുപ്പിൽ, കാറ്റിൽ ഒറ്റയ്ക്ക് ഉലഞ്ഞിട്ടും വീണുപോകാതെ നിന്ന സസ്യാഹാരി. ഏറ്റവും അടുത്തവരോടും അകന്നവരോടും മാത്രമായിരുന്നില്ല പോരാട്ടം. ഒരു നേരം പോലും മാംസാഹാരം മാറ്റിനിർത്താത്ത ഒരു നാടിനോടു തന്നെ. അല്ല, ലോകത്തോടു തന്നെ. ലോകം മുഴുവൻ എതിരായിട്ടും വേദനയുടെ ഒരു ചുളിവു പോലുമില്ലാതെ, തീ പിടിച്ചിട്ടും കത്താതെ നിന്ന മരം പകർന്ന പ്രതീക്ഷയ്ക്ക് ബുക്കർ സമ്മാനം പോരാ. നൊബേൽ തന്നെ വേണം. അടുത്തകാലത്തൊന്നും ഇത്രയേറെ കലഹിച്ച് പ്രതീക്ഷ പകർന്ന മറ്റൊരു കൃതിയില്ല. എല്ലാവരും ഉള്ളവരല്ലല്ലോ നമ്മൾ. ഒറ്റയ്ക്കല്ലേ. നിരന്തരം തോൽപിക്കപ്പെടുന്നവരല്ലേ. എല്ലാ പ്രതീക്ഷയും അറ്റുപോയപ്പോഴാണ് യോങ് ഹൈ മറ്റൊരു ജീവിതം വാഗ്ദാനം ചെയ്തത്. ഹരിത മോഹനമായൊരു സ്വപ്നം. എന്തു പച്ചപ്പാണ് ആ സ്വപ്നത്തിന്. ആ പ്രതീക്ഷയ്ക്ക്. അതിനുവേണ്ടി ഒന്നല്ല, ഒരായിരം വട്ടം മരിക്കാം. ജീവിക്കാം. മരിച്ചു ജീവിക്കാം.
അറിയപ്പെടാത്ത ജീവിതമുണ്ട് മരങ്ങൾക്കും. ഇലകൾ കൊണ്ടു തൊടുമെന്ന് പേടിച്ച് അകറ്റിനട്ടിട്ടും വേരുകൾ കൊണ്ട് കെട്ടിപ്പിടിച്ച അതേ മരങ്ങൾ.
ഹാൻ കാങ്ങിന്റെ പൊയറ്റിക് പ്രോസിനെ നൊബേൽ കമ്മിറ്റി പ്രത്യേകം പ്രശംസിച്ചിരുന്നു. കവിതയിൽ അവർ ഉപയോഗിച്ചത് പ്രോസാണ്. ഗദ്യം തന്നെയാണ്. എന്നാൽ, ഓരോ വാക്കിലുമുണ്ട് കവിത. പൊയട്രി. പാമ്പ് വിഷമിറക്കിയിട്ടും പിടിച്ചുനിന്നത് ആ കവിതയുടെ കരുത്തിലാണ്. മരമാകാനും പക്ഷിയാകാനും സ്വപ്നം കാണാനും കഴിയുന്നതും അതേ കവിത കൊണ്ടുതന്നെ. അങ്ങനെയെങ്കിൽ കവി ഹാൻ കാങ് എന്നു തന്നെയല്ലേ പറയേണ്ടത്. അല്ലെങ്കിൽ തന്നെ, കവികളല്ലേ എല്ലാ നല്ല എഴുത്തുകാരും. എല്ലാ നല്ല വായനക്കാരും.