ചുണ്ടിലും കരളിലും ലഹരിയുമായി പറന്ന പക്ഷി; എ അയ്യപ്പന് എന്ന ഉന്മാദിയുടെ മടക്കം
Mail This Article
എങ്ങും അധികം തങ്ങാത്ത ആരെയും അധികം ബുദ്ധിമുട്ടിക്കാത്ത ഉന്മാദിയുടെ മടക്കം സാഹിത്യ ലോകത്തിന്‍റെ നഷ്‍ടം തന്നെയായിരുന്നു. ആ നനുത്ത കാവ്യബോധത്തിലേക്ക് ഒരു ചെറിയ എത്തിനോട്ടം, ഒരു ചെറിയ ഓര്‍മ്മക്കുറിപ്പ്...
മലയാള കവിതയില്‍ ഒരിക്കലും അണയാത്ത ഒരു നെരിപ്പോടുണ്ടായിരുന്നു. അതായിരുന്നു അയ്യപ്പന്‍, ചുണ്ടിലും കരളിലും ലഹരിയുമായി പറന്ന ഒരു പക്ഷി. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് അയ്യപ്പനും കവിതയും ഒഴുകി നടന്നു, എവിടെയും അധികം തങ്ങാതെ ആരെയും അധികം ബുദ്ധിമുട്ടിക്കാതെ. ആള്‍ക്കൂട്ടത്തില്‍ നിരന്തരം നിറഞ്ഞു നിന്നെങ്കിലും ഏകാകിയായി തന്നെ അയ്യപ്പനിലെ കവി നിലനിന്നു. രാകി മിനുക്കിയ വാക്കുകള്‍ കറുത്ത അക്ഷരങ്ങളായി ചിതറി വീണപ്പോള്‍ മലയാളിയുടെ നനുത്ത കാവ്യബോധത്തിന് പോലും അത് ഒരു പ്രഹരമായിരുന്നു. ആ കവിതകളിലെ അർഥ തലങ്ങള്‍ മലയാളിയെ അസ്വസ്ഥതയുടെ നരകകാണ്ഡങ്ങളിലേക്ക് വലിച്ചെറിഞ്ഞു.
"നാഴികക്കല്ലുകളും ശിലാലിഖിതങ്ങളും പുസ്‌തകങ്ങളുമല്ല ചരിത്രം. യാത്രയാണ്"
സ്വന്തം ജീവിതത്തേയും യാത്രയേയും കുറിച്ച് നിരവധി തവണ അയ്യപ്പന്‍ തന്നെ പറഞ്ഞിരുന്നു. അച്ഛന്റെ കൊലപാതകവും പിന്നെ അനാഥത്വത്തിന്റെ ബാല്യവും, അലച്ചിലുകളും യാത്രയും യാതനകളും ഒരു പക്ഷേ ആത്‌മകഥയിലൂടെയല്ലാതെ മലയാളി ഇത്രയറിഞ്ഞ ഒരു കവി ജീവിതം വേറെയുണ്ടാകില്ല. ജീവിത തിരസ്കാരങ്ങളുടെ വേദനകളുമായി ആ കവിതകള്‍ പക്ഷികളെപ്പോലെ പറന്നിറങ്ങിയപ്പോള്‍ "നമുക്ക് അത് എത്രമേല്‍ സുഖം എത്രമേല്‍ ഹര്‍ഷം എത്രമേല്‍ ദു:ഖമുക്തി പ്രദാനം" എന്ന് തോന്നിപ്പോയി. കവിതയിലും ജീവിതത്തിലും കളങ്ങള്‍ക്ക് പുറത്ത് കൂടി നടന്നവനായിരുന്നു അയ്യപ്പന്‍. അതിനാല്‍ ബുദ്ധിജീവി നാട്യങ്ങള്‍ക്ക് അയ്യപ്പന്‍ ഒരധികപ്പറ്റായിരുന്നു.
"നീ കടിച്ചു ചവയ്ക്കുന്ന കാലുകള്‍ എന്റെ കലമാനിന്റെ വേഗമാണ്. നീ കുടിക്കുന്ന നീലരക്തം ഞാന്‍ സ്‌നേഹിച്ച നീലിമയാണ്" യാത്രയായിരുന്നു ഒടുങ്ങാത്ത യാത്ര. കവിതയുടെ ഉറവ് തേടി ലഹരിയുടെ മഞ്ഞപ്പൂക്കള്‍ പൊട്ടിവിരിയുന്നതും കണ്ടുള്ള യാത്ര. ദല്‍ഹിയും തമ്പാനൂരും അയ്യപ്പന് ഒരു കാതമകലെ മാത്രം. യാത്രകളിലെ ആള്‍ക്കൂട്ടങ്ങളില്‍ വിലാസമില്ലാത്തവനെപ്പോലെ ഈ മനുഷ്യന്‍ അലഞ്ഞു. വിലാസങ്ങള്‍ തിരഞ്ഞെത്തിയവര്‍ നിരാശരായി തന്നെ മടങ്ങി. ഒരു വിലാസത്തിനും ഒരു വീടകത്തിനും അയ്യപ്പനെ ഉള്‍ക്കൊള്ളാനായില്ല. പരിഭവങ്ങള്‍ ഇല്ലാതെ പരാതിക്കെട്ടുകള്‍ ഇല്ലാതെ അയ്യപ്പന്‍ അവിടെ നിന്നെല്ലാം മടങ്ങി വന്നു.
മുക്തമാം ഛന്ദസ്സും
മുറിയുന്ന താളവും
രക്തവും മഷിയുമായ് അയ്യപ്പന്‍ മടങ്ങി വന്നു.
സാമ്പ്രദായിക കവി ജീവിതങ്ങളില്‍ നടന്നകന്നത് കൊണ്ടാകാം അയ്യപ്പന്‍ കവിതകളെക്കുറിച്ച് ഗഹനമായ അധികം പഠനങ്ങളൊന്നും മലയാളത്തില്‍ പുറത്ത് വന്നിട്ടില്ല. അയ്യപ്പന്റെ കവിതയിലെ പ്രണയവും കാൽപനികതയും മാത്രമായിരുന്നു പലരും പലപ്പോഴും ചര്‍ച്ചചെയ്‌തത്. പക്ഷേ അതിനപ്പുറമുള്ള ഒരു ഗഹനമായ ചര്‍ച്ചയും അയ്യപ്പനെക്കുറിച്ച് ഉണ്ടായിട്ടില്ല. വാക്കുകളും അത് സൃഷ്‌ടിക്കുന്ന വൈരുദ്ധ്യങ്ങളിലൂടെയും കവിത ഇത്രമേല്‍ മനോഹരമാക്കിയ മറ്റൊരു മലയാള കവി ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാക്കുകളിലൂടെയും ആശയങ്ങളിലൂടെയും അയ്യപ്പന്‍ സൃഷ്ടിക്കുന്ന വൈരുദ്ധ്യത്തിന്റെ സൗന്ദര്യാത്‌മകത മറ്റൊരാള്‍ക്കും സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ കവിതയുടെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്ത് കാണിക്കാന്‍ കഴിയും. ബിംബ സമ്പന്നതയായിരുന്നു ആ കവിതകളുടെ മറ്റൊരു സവിശേഷത. ബുദ്ധനും ആട്ടിന്‍ കുട്ടിയും, അന്ധനും, കുട്ടികളും മാളമില്ലാത്ത പാമ്പും പല കവിതകളിലും ആവര്‍ത്തിച്ച് വരുന്നതായി കാണാം. മാളമില്ലാത്ത പാമ്പ് അയ്യപ്പന്റെ തന്നെ ജീവിത ബിംബമായി.
അനുഭവങ്ങളുടെ വല്ലാത്ത ഒരു തീഷ്‌ണത അയ്യപ്പന്‍ എപ്പോഴും കവിതയില്‍ കരുതിവെച്ചിരുന്നു. നമ്മെ ആകുലതകളിലേക്കും അസ്വസ്ഥതകളിലേക്കും പൊടുന്നനെ വലിച്ചെറിയുന്ന ഒരു തീഷ്‌ണത.
കവിയുടെ ഛന്ദസ്സിന് മുറിവേറ്റിരിക്കുന്നു.
മുറിവേറ്റ ഛന്ദസ്സിന്റെ മന്ത്രമുരുക്കഴിച്ച്,
എള്ളും പൂവും നനക്കുന്നത്
എന്റെ ചോരകൊണ്ട് തന്നെയാണ് എന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞത് കവിതകളില്‍ നമുക്ക് തൊട്ടെടുക്കാന്‍ കഴിയുന്ന കട്ട പിടിച്ച ചോര ഒന്നുകൂടി കാട്ടിത്തരാനാണ്.
‘കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍; വിശപ്പ് എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം’
എന്ന് തുടങ്ങി
"ജീവിച്ചിരിക്കുന്നവര്‍ക്ക് വായ്‌ക്കരി തന്നിട്ട് മരിച്ചവന്‍" എന്ന് അവസാനിക്കുമ്പോള്‍ ആകുലതകളുടെ ലോകങ്ങളിലേക്ക് നാം വലിച്ചെറിയപ്പെടുന്നു. എത്ര കൈത്തഴക്കത്തോടെയാണ് അയ്യപ്പന്‍ വാക്കുകള്‍ കോറിയിട്ടിരിക്കുന്നത്. അയ്യപ്പന്‍ കവിതകളില്‍ കറുത്ത ഹാസ്യം നിറച്ചിരുന്നു. ജീവിതത്തിന്റെ കയ്‌പുകള്‍ ഒരു പരിഹാസ പുഞ്ചിരിയോടെ പുച്ഛിച്ച് തള്ളാന്‍ ഒരു പക്ഷേ അയ്യപ്പന് ആ ഹാസ്യം വേണ്ടിയിരുന്നിരിക്കും. 1947 എന്ന കവിത അയ്യപ്പന്റെ കറുത്ത ഹാസ്യത്തിന്റെ എന്നത്തെയും വലിയ ഉദാഹരണമായിരുന്നു. അയ്യപ്പനെ കൊണ്ടാടുന്നവരും ആ കവിത കണ്ടതായി ഭാവിച്ചില്ല. എങ്കിലും ജീവിതത്തിന്റെ ഓരങ്ങളിലൂടെ തന്നെ കവി നടന്ന് നീങ്ങി.
മാനിഫെസ്റ്റോകള്‍ മരിക്കാതിരിക്കട്ടെ
പ്രത്യയശാസ്ത്രങ്ങളോട് കവി ഒരിക്കലും കലഹിച്ചില്ല. തന്റെ ഗുരുസ്ഥാനീയനായ സഖാവ് ആര്‍. സുഗതന്റെ മരണ ശേഷം രാഷ്ട്രീയത്തിന്റെ സജീവതകളില്‍ നിന്ന് കവി അൽപം വഴി മാറി നടന്നുവെങ്കിലും പ്രത്യയശാസ്‌ത്രങ്ങളെ തള്ളിപ്പറയാന്‍ അയ്യപ്പനിലെ ഹ്യൂമനിസ്റ്റിന് കഴിഞ്ഞിരുന്നില്ല. എങ്കിലും മാനിഫെസ്റ്റോകള്‍ ജീര്‍ണ്ണിക്കുന്നതില്‍ അയ്യപ്പനും ആകുലനായിരുന്നു. കമ്മ്യൂണിസം അത് പങ്ക് വെയ്ക്കുന്ന മാനവികതയിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ അയ്യപ്പന്‍ എന്നും വെച്ച് പുലര്‍ത്തിയിരുന്നു. പ്രത്യയശാസ്‌ത്രങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്നവര്‍ക്കിടയില്‍ അയ്യപ്പന്‍ ഒറ്റയ്‌ക്ക് തന്നെ നിന്നു കാരണം അക്കാഡമി അംഗത്വം എന്ന ഡംഭ് അയ്യപ്പന് വേണ്ടായിരുന്നു.
അക്ഷരം അഗ്‌നി
മലയാളിയുടെ വായന ബോധങ്ങള്‍ക്ക് പുതിയ ഒരു ഭാവുകത്വം നല്‍കിയ പ്രസിദ്ധീകരണങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പന്‍ മുഖ്യ പത്രാധിപ സ്ഥാനം വഹിച്ച അക്ഷരം എന്ന മാസിക. ഒരു പക്ഷേ സമാന്തര മാസിക ചരിത്രത്തില്‍ അക്ഷരം അവശേഷിപ്പിച്ച വിടവ് നികത്താന്‍ ഇതുവരെയും മറ്റൊരു മാസികയ്‌ക്കുമായിട്ടില്ല. അക്ഷരത്തെ വ്യതിരിക്തമാക്കുന്നതും അത് തന്നെയാണ്. സാഹിത്യത്തിലും ചിത്രകലയിലും എന്ന് വേണ്ട മാറ്റത്തിന്റെ കാറ്റടിച്ച എല്ലായിടത്തേയും വിശേഷങ്ങള്‍ അയ്യപ്പനും അക്ഷരവും പകര്‍ത്തി.
ഇത്രയും യാതഭംഗം
അയ്യപ്പന്റെ ആത്‌മകഥയുടെ പേരാണിത്. ലഭിച്ച സ്‌നേഹം തിരസ്‌കരിച്ചതിന് അച്ഛനെന്ന വിളിയോ ഒരുമ്മയോ കിട്ടാതെ എനിക്ക് പോകേണ്ടിവരും എന്ന അയ്യപ്പന്‍ പറഞ്ഞുവെങ്കിലും തനിക്ക് ഒരു മകള്‍ ഉണ്ട് എന്ന് ഒരിക്കല്‍ പ്രസ്‌താവിച്ചത് വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വാദവും പ്രതിവാദവുമായി മാസികത്താളുകളില്‍ കുറച്ച് നാള്‍ അത് തങ്ങി, പിന്നെ അയ്യപ്പനെ പോലെ തന്നെ ഇറങ്ങി നടന്നു. ഒറ്റയായിരുന്നു എങ്കിലും ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയോടെ, സ്‌നേഹവും കാലവും ദൂരവും പ്രേമഭാജനത്തിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നു ഒരു പിന്‍വാക്ക് കൂടി അയ്യപ്പന്‍ കുറിച്ച് വെച്ചിരുന്നു.
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒരു പൂവ് കൊഴിയുന്ന ലാഘവത്തോടെ അജ്ഞാതനായി അയ്യപ്പന്‍ ഇറങ്ങിപ്പോയി. പണ്ട് ഇത് പോലെ ഒന്നും പറയാതെ ജോണ്‍ എബ്രഹാം എന്നൊരാള്‍ ഇറങ്ങിപ്പോയിരുന്നു. പറഞ്ഞും എഴുതിയും നമ്മള്‍ അയാളെ ഒരു മിത്താക്കി. ഉത്തരവാദിത്വമില്ലാത്ത കുടിയനാക്കി. ജോണ്‍ ഒരു മിത്തായി. നമുക്ക് അയ്യപ്പനെ മിത്താക്കേണ്ട ആ കടലിരമ്പം അങ്ങനെ തന്നെ നില്‍ക്കട്ടെ. ഉന്മാദങ്ങളിലേക്കും വിഷാദപര്‍വ്വങ്ങളിലേക്കും നമ്മെ വലിച്ചറിഞ്ഞ ഒരു ചെറുമനുഷ്യനെ, തലച്ചോറുകളില്‍ ഗന്ധകം നിറച്ച് നമുക്ക് കാത്തുവെയ്‌ക്കാം, കാരണം ചിലപ്പോള്‍ തെരുവിന്റെ ഏതെങ്കിലും ഒരു കോണില്‍ നിന്ന് പൊടുന്നനെ അയ്യപ്പന്‍ ഇവിടേക്ക് കയറിവന്നുവെന്ന് വരാം. കുഴഞ്ഞ ചിരിയും ചോരയുണങ്ങാത്ത കവിതയുമായി.
“എന്റെ ശവപ്പെട്ടിചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടും മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത്
മൃതിയിലൂടെ ഒളിച്ചു പോകും
ഇല്ലെങ്കില്‍
ഈ ശവപ്പെട്ടി മൂടാതെ പോകുക
ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണല്ലോ
(എന്റെ ശവപ്പെട്ടിചുമക്കുന്നവരോട്- എ അയ്യപ്പന്‍ )”
അയ്യപ്പനെ ഇനിയും പരിചിതമല്ലാത്തവര്‍ക്ക് : കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറുപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, കറുപ്പ്, ചിത്തരോഗ ആസ്പത്രിയിലെ ദിനങ്ങള്‍, തെറ്റിയോടുന്ന സെക്കന്റ് സൂചി.