ലഹരിയായി മാറിയ 2024ലെ പുതുവായന
Mail This Article
വായനയോളം ലഹരി നൽകുന്ന മറ്റെന്താണു ലോകത്തുള്ളത്. ഒരിടത്തിരുന്നുകൊണ്ട് എത്രയെത്ര സ്ഥലങ്ങളിലൂടെയാണ് വായനക്കാർ യാത്ര ചെയ്യുന്നത്. എത്രയെത്ര ജീവിതങ്ങളാണ് അവർ ജീവിക്കുന്നത്. ആരുടെയൊക്കെ സങ്കടവും സന്തോഷവും ഉന്മാദവും പ്രണയവുമെല്ലാമാണ് സ്വന്തമെന്നപോലെ അനുഭവിക്കുന്നത്. എന്റെ കാര്യത്തിലെങ്കിലും പറയാനാകും വായനയോളം ആത്മസംതൃപ്തിയേകുന്ന മറ്റൊരു പ്രവൃത്തിയില്ല. 2024 കഴിയുമ്പോൾ ഹൃദയത്തിൽ സ്ഥാനംപിടിച്ച ഒരുപിടി പുസ്തകങ്ങൾ വായിക്കാനായതിന്റെ അതിയായ സന്തോഷമുണ്ട്. ഡിസംബറിൽ പുറത്തിറങ്ങിയ കുറേയേറെ പുസ്തകങ്ങൾ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നു.
ആ കൂട്ടത്തിൽ മുതിർന്ന എഴുത്തുകാരുണ്ട്, ഏതാനും വർഷങ്ങളായി എഴുത്തിലൂടെ മലയാളി ഭാവന കീഴടക്കിയവരുണ്ട്, ആദ്യ പുസ്തകമോ രണ്ടാം പുസ്തകമോ പുറത്തിറക്കിയ പുതുതലമുറ എഴുത്തുകാരുണ്ട്. 2024ൽ പുതിയ എഴുത്തുകാരുടേതായി വായിച്ചവയിൽ, അവരിൽ ഭൂരിഭാഗം പേരുടെയും പ്രഥമ പുസ്തകമാണത്, അത്രയേറെ ഇഷ്ടപ്പെട്ട കുറച്ചു പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പാണിത്. ഇതൊരിക്കലും ആധികാരികമോ സമ്പൂർണമോ അല്ല. തികച്ചും വ്യക്തിനിഷ്ഠവും ചെറിയ വായനയിൽ നിന്നുള്ളതും മാത്രമായ ഒരു കുറിപ്പാണ്.
ക്രാ – ഡിന്നു ജോർജ്
‘സർഗാത്മകതയോളം എന്നെ ആനന്ദിപ്പിക്കുന്ന മറ്റൊന്നുമില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ‘ക്രാ’ എന്ന തന്റെ ആദ്യ കഥാസമാഹാരത്തിന്റെ തുടക്കത്തിൽ ഡിന്നു ജോർജ് എഴുതിയിരിക്കുന്നു. ഡിന്നുവിനെ വായിക്കുന്നതിലൂടെ ലഭിക്കുന്നതും സർഗാത്മകതയുടെ ആനന്ദം തന്നെയാണെന്ന് വായനക്കാരും തിരിച്ചറിയുന്നുണ്ടാകണം, ക്രാ സമാഹാരത്തിലുള്ള കഥകളുടെ വായനയുടെ അവസാനം. ക്രാ അടക്കം ആറു കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മരണം ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയുടെയും ഉള്ളിൽ സവിശേഷമായി അനുഭവപ്പെടുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്ന കഥകളാണ് ഡിന്നുവിന്റേത്. മരണശേഷമുള്ള ചിന്തകളുടെ ഒരു അപരലോകം ഉള്ളിൽ കൊണ്ടുനടക്കുന്ന ഡിന്നുവിന്റെ കഥാപാത്രങ്ങൾ നൽകുന്നത് വേറിട്ട വായനാനുഭൂതിയാണ്.
ഉറക്കപ്പിശാച് – എസ്. പി. ശരത്
ഒരുപാട് കുടുംബങ്ങളും അവരുടെ വിവിധ തലമുറകളും കായലുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പലതരക്കാരായ കൃഷിക്കാരും വീശുകാരും മുതലാളിമാരും കച്ചവടക്കാരും തൊഴിലാളികളുമെല്ലാമടങ്ങുന്ന വലിയൊരു ക്യാൻവാസിൽ എഴുതിയ ഉദ്വേഗം നിറഞ്ഞ ഒന്നാണ് എസ്.പി. ശരത്തിന്റെ ആദ്യ നോവലായ ഉറക്കപ്പിശാച്. ഒട്ടേറെ കൈത്തോടുകളും പുഴകളും നാടിന്റെ നാനാദിശയിൽ നിന്നും ഒഴുകി വേമ്പനാട് കായലിൽ പതിക്കുന്നതു പോലെ നോവലിന്റെ കേന്ദ്രസ്വത്വത്തിലേക്ക് സാവധാനം ഒഴുകിയെത്തുന്ന ചെറുതോടുകളാണ് ഈ കഥാപാത്രങ്ങളോരോരുത്തരും. അവർക്കെല്ലാം തമ്മിലൊരു കാര്യകാരണബന്ധം ഉണ്ടായിരിക്കുമ്പോൾ തന്നെ വേറിട്ട അസ്തിത്വവുമുണ്ട്. അവസാനപുറം വരെ വായനക്കാരിൽ പടിപടിയായി ആകാംക്ഷ നിറച്ചു കൊണ്ടുവന്ന് പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സിൽ നോവൽ അവസാനിപ്പിക്കാൻ സാധിച്ച ആ കഥപറച്ചിൽരീതിയിലാണ് നോവലിസ്റ്റിന്റെ യഥാർഥ ക്രാഫ്റ്റ് ഞാൻ കാണുന്നത്.
ശയ്യാതല സഞ്ചാരി നീ – പി. അനൂപ്
ഭാഷയിലെയും പ്രമേയത്തിലെയും സൂക്ഷ്മതയും മൂർച്ചയുമാണ് പി. അനൂപ് എഴുതിയ പ്രഥമ നോവൽ ‘ശയ്യാതല സഞ്ചാരി നീ’ മനസ്സിൽ പിടിച്ചതിനുള്ള പ്രധാനകാരണം. ഈ വർഷത്തെ നോവൽ വായനയിൽ അത്തരമൊരു പൂർണതൃപ്തി തന്ന നോവലാണത്. വ്യത്യസ്തമായ ക്രാഫ്റ്റ്. മനോഹരമായ ആഖ്യാനം. അസ്വസ്ഥപ്പെടുത്തുന്ന കഥാതന്തു. ശയ്യാവലംബിയായ ഋദ്ധിയുടെ മനസ്സിനൊപ്പം കാലദേശങ്ങൾ മറികടക്കുന്ന സഞ്ചാരത്തിൽ വായനക്കാരും പങ്കാളികളാകുന്നു. അതീവ കാലികപ്രാധാന്യമേറിയ ഒരു വിഷയം നല്ല സാഹിത്യം ആവശ്യപ്പെടുന്ന സൂക്ഷ്മസൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താതെ തികവാർന്ന ഒരു നോവലായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു അനൂപ്. 'ഈ നോവൽ ഉന്നതമായി, സൂക്ഷ്മമായി മാത്രം വായിച്ചെടുക്കാവുന്ന ഒന്നായി ഞാൻ കരുതുന്നു' എന്ന് അവതാരികയിൽ ജി. ആർ. ഇന്ദുഗോപൻ എഴുതിയത് അനൂപിന്റെ എഴുത്തിന്റെ ആത്മാവ് അറിഞ്ഞു തന്നെ.
നാവ് – അഖില കെ. എസ്.
അഖിലയുടെ ആദ്യ നോവൽ 'നാവ്' ഇഷ്ടമാകാനുള്ള പ്രധാന കാരണം ആ എഴുത്തിലെ മുറുക്കമാണ്. ദുർമേദസ്സ് ഒട്ടുമേ ഇല്ലാത്ത സാഹിത്യശരീരമാണ് നാവിന്റേത്. ജീവിതവും ബന്ധങ്ങളും മരണവും മരണശേഷം എന്ത് എന്നുള്ള ചോദ്യവും തുടങ്ങിയവയൊക്കെ ഉൾപ്പെടുന്ന അതീവ ഗഹനമായ ഒരു കഥാപരിസരത്തെ ആഖ്യാന മികവിന്റെ കൈത്താങ്ങിനാൽ വായനാക്ഷമമാക്കിയിരിക്കുകയാണ് അഖില. ഫാന്റസിയുടെ ആകാശമേലാപ്പിലേക്ക് കയറിപോകുന്ന ചില കഥാസന്ദർഭങ്ങളെ എഴുത്തിന്റെ ചാരുതയൊട്ടും തന്നെ നഷ്ടപ്പെടുത്താതെ അഖില താഴെ ഭൂമിയിലെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത് അയത്നലളിതമായിട്ടാണ്.
‘ഓരോ മനുഷ്യനും വിചാരിക്കും; താനാണ് സംവിധായകനെന്ന്. തന്റെ തിരക്കഥയനുസരിച്ചാണ് മറ്റു കഥാപാത്രങ്ങൾ മിണ്ടുകയോ ചലിക്കുകയോ പോലും ചെയ്യുന്നതെന്ന്. എന്നാൽ സ്വയം ഒരു കഥാപാത്രമാണെന്ന് തിരിച്ചറിയുന്ന ഒരു രംഗം വരും. കഥാപാത്രങ്ങൾ ഓരോരുത്തരും സ്വന്തം തിരക്കഥയനുസരിച്ചാണ് നടിച്ചിരുന്നതെന്ന് മനസ്സിലാകുന്ന നിമിഷം’. ഇരുപത്തിമൂന്നാം അധ്യായത്തിന്റെ തുടക്കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നതിലേറെ നോവലിസ്റ്റിന്റെ ജീവിതദർശനം ചുരുക്കിപ്പറയാനാകില്ലെന്ന് തോന്നുന്നു. അവിനാശും ദീപുവും ഗാത്രിയും സിത്താരയും ചിന്നുവും ഒരു ചുരുളിയിൽ കുരുക്കിയിട്ടുവെന്നു പറയാം.
ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് ഹാഫ് – സഹറു നുസൈബ കണ്ണനാരി
മലപ്പുറം അരീക്കോടിനടുത്തെ വൈഗ എന്ന സാങ്കൽപിക ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഈ ഇംഗ്ലിഷ് നോവലിൽ സഹറു അവതരിപ്പിച്ചിരിക്കുന്നത് അത്രമേൽ ഭ്രമിപ്പിക്കുന്ന രീതിയിലാണ്. നബീസുമ്മയും റെയ്ഹാനയും ബുർഹാനും ഫണ്ണിയുമെല്ലാം നമ്മൾ അറിയുന്നവർ തന്നെ, അല്ലെങ്കിൽ നമ്മൾ തന്നെയാണവർ. അവരുടെ ജീവിതവും മനോവിചാരങ്ങളുമെല്ലാം നമ്മുടേത് തന്നെയല്ലേ എന്ന് വിശ്വസിപ്പിക്കുന്നത്ര സത്യസന്ധമായ എഴുത്ത്. സഹറു നുസൈബ കണ്ണനാരി എന്ന മലപ്പുറം അരീക്കോട്ടുകാരന്റെ ആദ്യ നോവൽ ആണ് 'ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്'. പുതുതലമുറ മലയാളി എഴുത്തുകാർ സഞ്ചരിക്കുന്ന വഴികൾ വിസ്മയകരവും വൈവിധ്യം നിറഞ്ഞതുമാണ്. അതുകൊണ്ടാണല്ലോ ഇംഗ്ലിഷിൽ എഴുതുന്ന സഹറു എന്ന ചെറുപ്പക്കാരൻ തന്റെ ആദ്യ നോവൽ കൊണ്ടു തന്നെ ജെസിബി പോലൊരു വലിയ സാഹിത്യ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുന്നതും ക്രോസ് വേഡ് പുരസ്കാരവും ബെംഗളൂരു ആട്ട ഗലാട്ട പുരസ്കാരവും നേടുന്നതും.
ഒട – ജിൻഷ ഗംഗ
ഉത്തരമലബാറിൽ നിന്ന് കഥയുടെ ചൂട്ടും തെളിച്ച് മുന്നോട്ടുവന്നിട്ടുള്ള എഴുത്തിലെ പുതുസംഘത്തിലെ അംഗമാണ് ജിൻഷ ഗംഗ. 'ഒട' എന്ന പ്രഥമകഥാസമാഹാരം ജിൻഷ എന്ന എഴുത്തുകാരിയുടെ ആഗമനം ലോകത്തോട് വിളിച്ചുപറയുന്ന ഒന്നാണ്. അതിലെ 'ഉപ്പ്' എന്ന കഥ എനിക്ക് ഏറെ ഇഷ്ടവും. അത് ജിൻഷയുടെ കഥയെഴുത്തിനെപ്പറ്റിയും ക്രാഫ്റ്റിനെപ്പറ്റിയും ചില കാര്യങ്ങൾ വ്യക്തമാക്കുന്ന സൃഷ്ടിയാണ്. ഗോപ്യമായി വയ്ക്കേണ്ടവയെ ഒളിച്ചുവച്ചും ഉച്ചത്തിൽ പറയേണ്ട സന്ദർഭത്തിൽ ഉറക്കെ പറഞ്ഞും ക്രാഫ്റ്റിൽ തനിക്കുള്ള കയ്യടക്കം മുഴുവൻ കഥാകാരി പുറത്തെടുക്കുന്നുണ്ട് ഉപ്പിൽ. കാവുങ്കാട്ടിലെ രാഘവന്റെയും രമണിയുടെയും ജീവിതം പറയുന്ന ‘ചാപ്പ’ അതിരിടങ്ങളിൽ അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന മുഴുവൻ മനുഷ്യരുടെയും കഥയാണ്. ഓരോ കഥയും തികച്ചും വ്യത്യസ്തമായ ഭൂമികയിൽ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നതു തന്നെയാണ് ഈ കഥാസമാഹാരത്തിന്റെയും ജിൻഷ ഗംഗ എന്ന എഴുത്തുകാരിയുടെയും ഏറ്റവും വലിയ പ്രത്യേകതയായി അനുഭവപ്പെടുന്നത്.
മരണക്കൂട്ട് – വിനു പി. / നിയാസ് കരീം
വർത്തമാനകാലത്തെ ഏറ്റവും സത്യസന്ധമായ കെട്ടുകഥകളിലൊന്നാണ് വിനുവിന്റെ ജീവിതം എന്നാണ് ആ ജീവിതം ‘മരണക്കൂട്ട്’ എന്ന പുസ്തകമാക്കി മാറ്റിയ നിയാസ് കരീം ആമുഖത്തിൽ എഴുതിയത്. ‘ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരിൽ സമൂഹം ഇരുട്ടിൽത്തള്ളിയ ഒരു മനുഷ്യനാണ് എന്റെ മുന്നിൽ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിന് ഇരയായവരുടെ മൃതദേഹങ്ങൾ എടുക്കുന്നതാണ് തൊഴിൽ. അതിന്റെ പേരിൽ നാട്ടുകാർ അയാൾക്കൊരു വിളിപ്പേരിട്ടു, ശവംവാരി!’ ഈ തൊഴിലിൽ നിന്നൊന്നു മാറി ജീവിക്കാൻ വേണ്ടി അച്ഛൻ വാങ്ങി നൽകിയ പല പല ഓട്ടോറിക്ഷകളുമായി വിവിധ സ്റ്റാൻഡുകളിൽ ചെല്ലാൻ ശ്രമിച്ചതിനെപ്പറ്റി വിനു പറയുന്നുണ്ട്: ‘നീ ഇവിടെ നിക്കാൻ പറ്റൂല. ഒന്നാമത് നിന്റെ കൂട്ട് കണ്ണീക്കണ്ട വൃത്തികെട്ടോമ്മാരുമായിട്ടാണ്. രണ്ടാമത് നിനക്ക് ശവംവാരലാണ് പണി. നിന്റട്ത്ത്ന്ന് അസുഖം വരുത്താൻ ഞങ്ങക്ക് താൽപര്യമില്ല. ഞങ്ങക്ക് ചാവണ്ട. നീ വിട്ട്പൊക്കോ’. ഇതിലുണ്ട് വിനുവിന്റെ ജീവിതം മുഴുവൻ. അത് ആർദ്രമായ ഭാഷയിൽ നിയാസ് എഴുതിയത് മനസ്സ് കലങ്ങാതെ വായിച്ചുതീർക്കുക വയ്യ.
വാക്കുകളുടെ കര കടൽ ആകാശം – എം. ലുഖ്മാൻ
ആശയങ്ങളും അറിവുകളും തേടി സദാ അലഞ്ഞുകൊണ്ടിരിക്കുന്ന ഒരു സഞ്ചാരിയാണ് ലുഖ്മാൻ. ആന്തരികമായതും ബാഹ്യമായതുമായ അലച്ചിൽ ആ ജീവിതത്തിലുണ്ട്. നിരന്തരമായ വായനയിലൂടെയും അറിവു തേടിയുള്ള യാത്രകളിലൂടെയും അദ്ദേഹം സമ്പാദിച്ച വിജ്ഞാനത്തിന്റെ ചെറിയൊരു അംശം മാത്രമാണ് വാക്കുകളുടെ കര കടൽ ആകാശം – ഒരു പുസ്തക സ്നേഹിയുടെ ആത്മരഹസ്യങ്ങൾ എന്ന പുസ്തകത്തിൽ പകർത്തിവച്ചിരിക്കുന്നത്. അദ്ദേഹം വായിച്ച പുസ്തകങ്ങളുടെയും അറിഞ്ഞ എഴുത്തുകാരുടെയും കാതൽ മനോഹരമായ ഭാഷയിൽ ഈ പുസ്തകത്തിലുണ്ട്. പുസ്തകങ്ങളിലൂടെ, വായനയിലൂടെ സന്തോഷകരമായ ഒരു യാത്ര നടത്തിയ അനുഭവം പകരും ലുഖ്മാന്റെ പുസ്തകം.
ജ്യെ – റാസി
‘എനിക്ക് സാധ്യമായ എന്റെ ജീവിതത്തെയും ചുമന്ന് ആഹ്ലാദചിത്തനായി തെരുവുകളിലൂടെ നടക്കുന്നു. തെരുവിലെ മനുഷ്യരെ വായിക്കുന്നു. തെരുവിലെ സംഘർഷങ്ങളിൽ ഇടപെടുന്നു. തെരുവിലിരുന്ന് പാടുന്നു. തെരുവിലിരുന്ന് എഴുതുന്നു. തെരുവിലിരുന്ന് ചിന്തിക്കുന്നു. തെരുവിലിരുന്ന് വായിക്കുന്നു’. ജ്യെ എന്ന കവിതാസമാഹാരത്തിൽ റാസി തന്നെ വരച്ചിട്ടിരിക്കുന്ന തന്റെ തെരുവുജീവിതമാണ് റാസിയുടെ കവിതകളെയും വ്യത്യസ്തമാക്കുന്നത്. സാമ്പ്രദായിക രചനാവഴികളിലൂടെ നടക്കാൻ റാസി തയാറല്ല. റാസിക്ക് റാസിയുടേതായ ഭാഷയും സ്വപ്നങ്ങളും അതു പകർത്താനുള്ള വാക്കുകളുമുണ്ട്. സാധാരണ മനുഷ്യരുടെയും എഴുത്തുകാരുടെയും വ്യാകരണ ജീവിതങ്ങൾക്ക് പുറത്താണ് റാസിയുടെ ജീവിതവും എഴുത്തും. അതിനാൽ തന്നെ അവ വായനക്കാരെ പൊള്ളിച്ചേക്കാം, അസ്വസ്ഥപ്പെടുത്തിയേക്കാം. 56 കവിതകളുണ്ട് ജ്യെ സമാഹാരത്തിൽ.
ഞാറ്റില – ഷെല്ലി മാത്യു
ഷെല്ലി മാത്യുവിന്റെ ആദ്യ നോവലാണ് ഞാറ്റില. ഇടുക്കിയിലെ കുടിയേറ്റ മനുഷ്യരുടെ അധികമാരും പറയാത്ത കഥയ്ക്കു പുറകേയാണ് ഷെല്ലി വായനക്കാരെ കൊണ്ടുപോകുന്നത്. അധികാരം അശ്ലീലമായി മാറുമ്പോൾ അതിനടിയിൽ ഞെരിഞ്ഞുതകരുന്ന സാധാരണക്കാരുടെ ജീവിതങ്ങൾ. പകയുടെയും ചതിയുടെയും നെറികേടിന്റെയും ഇരകളായിത്തീർന്ന് ജീവിതം വഴിമാറിയൊഴുകുന്നവർ. മാണിയും ജോസും പാപ്പനും ഈശോയും അലക്സിയും ജോപ്പനും ജോണി ഇടിക്കുളയും റാണിയും സന്ധ്യയുമെല്ലാം ഹൈറേഞ്ചിന്റെ അസ്ഥിയുറയുന്ന കൊടും തണുപ്പിലും നിന്നു കത്തുന്ന കഥാപാത്രങ്ങളായി മാറുന്നത് അവരുടെയുള്ളിൽ എരിയുന്ന ആത്മവീര്യത്താലാണ്. കേരള സമൂഹം മറക്കാനാഗ്രഹിക്കുന്ന പഴയൊരു സംഭവത്തിന്റെ ചുവടുപിടിച്ച് ഷെല്ലിയൊരുക്കിയ ഞാറ്റില അക്കാലത്തെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനം കൂടിയായി മാറുന്നുമുണ്ട്.