ഒഎൻവി മരിച്ച വൈകുന്നേരം, വാസുവേട്ടാ ക്ഷമിക്കണമെന്ന് ശോഭന; എംടിയില്ലാത്ത തുഞ്ചൻ പറമ്പ്
Mail This Article
വർഷം 2016, തുഞ്ചൻ പറമ്പിലെ നിലാവുള്ള രാത്രി. തുഞ്ചൻ ഉത്സവമാണ്, തടിച്ചുകൂടിയ പൊതുജനങ്ങൾക്ക് മുന്നിൽ നടി ശോഭനയുടെ നൃത്തം. നൃത്തം ആസ്വദിച്ച് ഏറ്റവും മുന്നിൽ ബീഡി വലിച്ച് എം.ടി. വാസുദേവൻ നായർ. പരിപാടി ആരും മൊബൈലിൽ പകർത്തരുതെന്ന കർശന നിർദേശത്തോടെയാണ് ശോഭന തുടങ്ങിയത്. ശോഭനയുടെ മനംമയക്കുന്ന നൃത്തച്ചുവടുകൾക്ക് പിന്നാലെ പലരും മൊബൈലെടുത്തു. ചിത്രങ്ങൾ പകർത്താൻ ആരംഭിച്ചപ്പോഴേക്കും ശോഭന നൃത്തം നിർത്തി. നിശബ്ദമായ സദസിനെ തുറിച്ചുനോക്കി ദേഷ്യത്തോടെ അവർ പറഞ്ഞു ‘‘ഫോട്ടോയെടുക്കരുത്, എന്നാൽ ഞാൻ ഡാൻസ് കളിക്കില്ല. വാസുവേട്ടനോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ഇവിടെ വന്നത്. എനിക്ക് അദ്ദേഹത്തോട് അത്രയും ബഹുമാനമാണ്. എനിക്ക് ഈ പരിപാടി മുഴുവിപ്പിക്കണം.’’ പിന്നാലെ പലരും മൊബൈൽ പോക്കറ്റിലാക്കി. വാസുവേട്ടാ ക്ഷമിക്കണമെന്ന് പറഞ്ഞ് വീണ്ടും ശോഭനയുടെ നൃത്തം. ഭാവഭേദമൊന്നുമില്ലാതെ എംടി.
വർഷം 2023, സൂചികുത്താൻ ഇടമില്ലാതെ തുഞ്ചൻ പറമ്പിലെ പകൽ. എംടി ഉത്സവമാണ്, വേദിയിൽ മമ്മൂട്ടിയുടെ പ്രസംഗം ‘‘എംടിക്കു കിട്ടാത്ത പുരസ്‌കാരങ്ങളില്ല, പ്രശംസകളില്ല. പക്ഷേ, ഒരു സാഹിത്യകാരനെന്നതിനപ്പുറം വളരെ വലുതാണ് അദ്ദേഹത്തെക്കുറിച്ച് നമ്മുടെ മനസിലുള്ള സ്ഥാനം. എംടിയെ നമ്മള്‍ ആദരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുഭാഷക്കാര്‍ ആദരിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച ആളാണ് ഞാന്‍ എന്നുപറയുമ്പോള്‍ എനിക്കുകിട്ടുന്ന ആദരം ഞാന്‍ ആസ്വദിക്കുന്നു. നാലഞ്ചുമാസം മുമ്പ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെ അഭിനയിച്ചു തീര്‍ത്തിട്ടേ ഉള്ളൂ. ഇനിയും ഒരുപാട് കഥാപാത്രങ്ങളെ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ എല്ലാ പുരസ്‌കാരങ്ങളും ഞാന്‍ എം.ടിയുടെ കാല്‍ച്ചുവട്ടില്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നു. എംടിയില്ലാത്ത മലയാളമില്ല’’ – മമ്മൂട്ടി പറഞ്ഞു.
തിരൂരിൽ പോയാൽ എംടിയെ കാണാമല്ലോ സംസാരിക്കാൻ പിശുക്കനാണെങ്കിലും രണ്ട് വാക്കെങ്കിലും പറയാമല്ലോ എന്നൊക്കെ ആഗ്രഹിച്ചാണ് ഞാൻ ഉൾപ്പെടെ പലരും മലയാള സർവകലാശാലയിൽ ആദ്യക്കാലത്ത് അഡ്മിഷൻ എടുത്തത്. തുഞ്ചൻ പറമ്പ് വഴി തിരൂരിനെ സാംസ്കാരിക കേന്ദ്രമാക്കി വളർത്തിയതിൽ എംടിയുടെ പങ്ക് വിവരണാതീതമാണ്. ഭാഷയുടെ അതിർവരമ്പുകൾ കടന്ന് തുഞ്ചന്റെ മണ്ണായ തിരൂരെന്ന ചെറുപട്ടണത്തിലേക്ക് എത്തിയ മഹാന്മാർ നിരവധി. നമ്മൾ അവരെ കാണാൻ അവിടേക്ക് പോകുമ്പോൾ അവർ എത്തിയതാകട്ടെ എം.ടിയെ കാണാനും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ ലഭിക്കാനും.
കെ.ജയകുമാർ മലയാള സർവകലാശാലയുടെ പോറ്റച്ഛൻ ആയിരുന്നുവെങ്കിൽ ആ അച്ഛനു സർവകലാശാല സ്ഥാപിക്കാനും വളർത്താനും ഊർജം നൽകിയത് എംടി ആണെന്നതിൽ സംശയമില്ല. സർവകലാശാലയുടെ ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നതിനു മുൻപ് താൽക്കാലിക ക്യാംപസ് തുഞ്ചൻ പറമ്പിലായിരുന്നു. സർവകലാശാല ആരംഭിക്കാൻ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന വെട്ടത്തുനാട്ടിൽ ജയകുമാറിന് എല്ലാവിധ പ്രോത്സാഹനവും നൽകി അണിയറയിൽ എംടി ഉണ്ടായിരുന്നു. വിവാദങ്ങൾ പലതും വന്നപ്പോഴും പാറപോലെ ജയകുമാർ ഉറച്ചുനിന്നതിന്റെ പിന്നിലെ കാരണവും എംടിയുടെ സാന്നിധ്യമാണ്. മലയാള സർവകലാശാലയുടെ പ്രതാപകാലത്ത് നടന്ന സാഹിതി ഉൾപ്പെടെയുള്ള സാഹിത്യ കലോത്സവങ്ങൾക്ക് തിരിതെളിയിക്കാനും അദ്ദേഹം എത്തി. വിദ്യാരംഭത്തിന് എംടിയുടെ കൈപിടിച്ച് ആദ്യാക്ഷരം കുറിക്കാൻ കുഞ്ഞുങ്ങളുമായി തുഞ്ചൻപറമ്പിലേക്ക് വന്നവരും നിരവധി. ഭാഷ പിതാവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട സർവകലാശാല ജയകുമാറിനു ശേഷം തകർച്ചയിലേക്കു നീങ്ങിയപ്പോഴും, പണമില്ലാത്തതിനാൽ വൈദ്യുതി ഫ്യൂസ് ഊരിക്കൊണ്ടുപോയപ്പോഴും എംടിയുടെ ഹൃദയം പിടഞ്ഞിരിക്കാം.
1992 ൽ ആണ് എംടി വാസുദേവൻ നായർ തുഞ്ചൻ പറമ്പിന്റെ ചെയർമാനാകുന്നത്. ഈ സമിതി തുഞ്ചൻ സ്മാരക ട്രസ്റ്റായപ്പോഴും എംടിക്കു തന്നെയായിരുന്നു സാരഥ്യം. വലിയ ലൈബ്രറി, ഗവേഷണ കേന്ദ്രം, സാഹിത്യ മ്യൂസിയം, വിപുലീകരിച്ച ഓഡിറ്റോറിയം, പാചകപ്പുര, സരസ്വതീ മണ്ഡപം, ശിൽപ മന്ദിരം, എഴുത്തു കളരി, വിശ്രമ മന്ദിരം, താമസ സൗകര്യങ്ങൾ എന്നിങ്ങനെ ഇന്ന് തുഞ്ചൻ പറമ്പിൽ കാണുന്ന വികസനങ്ങളെല്ലാം എംടിയുടെ നേതൃത്വത്തിലുള്ള സമിതി കൊണ്ടുവന്നതാണ്. തുഞ്ചൻപറമ്പിലെ ഓരോ ഇടങ്ങളും എംടിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. എന്നാൽ എംടിയുടെ സാന്നിധ്യം ഏറ്റവുമധികം അറിഞ്ഞിരിക്കുക ലൈബ്രറിയോടു ചേർന്ന കോട്ടേജ് ആയിരിക്കും. തുഞ്ചന്റെ നാട്ടിലെത്തിയാൽ അദ്ദേഹത്തിന്റെ താമസം ഈ കോട്ടേജിലാണ്. ഈ കോട്ടേജിന്റെ വരാന്തയിലിരുന്നാൽ തുഞ്ചൻപറമ്പ് മുഴുവനായി കാണാം. എംടി വന്നെന്നറിഞ്ഞാൽ സന്ദർശകരും ഈ കോട്ടേജിനെ ലക്ഷ്യമാക്കി എത്തും. ജനപ്രതിനിധികളും സാഹിത്യകാരന്മാരും പൊതുപ്രവർത്തകരുമെല്ലാം കോട്ടേജിലേക്കെത്തും. അദ്ദേഹം ആ കോട്ടേജിനു പുറത്തേക്കൊന്ന് വരാൻ, ആ മുഖമൊന്ന് കാണാൻ, ഒരു ഓട്ടോഗ്രാഫ് വാങ്ങാൻ എത്രയെത്ര പേർ കണ്ണിമചിമ്മാതെ അവിടെ നിന്നിട്ടുണ്ട്.
തുഞ്ചൻ പറമ്പിൽ എംടിയെ ഏറ്റവും വിഷമിച്ച് കണ്ടത് ഒഎൻവി മരിച്ച വൈകുന്നേരമാണ്. തുഞ്ചൻ ഉത്സവത്തിനിടെ ആയിരുന്നു ആ മരണവാർത്തയെത്തുന്നത്. നിശബ്ദനായിരുന്നു അദ്ദേഹം, ഉള്ളിലൊരു കടൽ ആർത്തിരമ്പിയിട്ടുണ്ടാകാം. പ്രതികരണം തേടി കോട്ടേജിനു മുന്നിൽ മാധ്യമങ്ങൾ. ഒരു മണിക്കൂറിനു ശേഷം അദ്ദേഹം പുറത്തേക്കിറങ്ങി. അദ്ദേഹത്തിന്റെ പ്രതികരണം സ്റ്റേജിലുണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. തുടർന്ന് എംടി നടത്തിയ പ്രസംഗം വികാരനിർഭരമായിരുന്നു. വൈകാരിതക്കിടയിൽ പലപ്പോഴും വാക്കുകൾ മുറിഞ്ഞു. മലയാളത്തിന്റെ ഏറ്റവും വലിയ കഥാകാരൻ വലിയ കവിയെ ഓർക്കുന്ന നിമിഷം. കൗമാരകാലത്ത് ഒഎൻവിയെ കണ്ടത് അടക്കമുള്ള കാര്യങ്ങൾ ഓർമയുടെ ഒരറ്റത്തു നിന്നും ഓടിയെത്താൻ തുടങ്ങി. ഒടുവിൽ പ്രസംഗം മുഴുവിപ്പിക്കാതെ കസേരയിലേക്ക്.
എംടി വിടവാങ്ങുമ്പോൾ അദ്ദേഹം മലയാള സാഹിത്യലോകത്തും തിരൂരിലും ഒഴിച്ചിട്ടുപോകുന്നതും ആ കസേരയാണ്. എംടി അവിടെ എത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ വലത്തും ഇടത്തുമായി അവിടെ കാണാറുള്ള ആലങ്കോട് ലീലാകൃഷ്ണനെയും കെ.പി. രാമനുണ്ണിയേയും ഓർക്കുകയാണ്. എംടിയില്ലാത്ത തുഞ്ചൻപറമ്പും തിരൂരും അവർക്ക് സങ്കൽപിക്കാൻ പോലുമാകില്ല...