എഴുപതിലേറെ വർഷങ്ങളായി തുടരുന്ന ആത്മബന്ധം, അനിയനെപ്പോലെ ഞാൻ സ്നേഹിക്കുന്ന എഴുത്തുകാരൻ: ഡോ. എം. ലീലാവതി
Mail This Article
പിന്നാലെ വന്ന മൂന്നു കൂടപ്പിറപ്പുകൾ, മുന്നാലെ പോയപ്പോൾ തകർന്നുപോയ മനംപേറിക്കൊണ്ട് കഴിയുന്ന ഒരുവളാണ് ഞാൻ. അതുപോലൊരു അനുഭവമാണ് ഇപ്പോഴത്തേത് അനിയന്മാരെപ്പോലെ ഞാൻ സ്നേഹിക്കുന്ന എഴുത്തുകാരിലൊരാളാണ് എംടി. എഴുപതിലേറെ വർഷങ്ങളായി തുടർന്നു പോരുന്ന ആത്മബന്ധം. ‘സ്ഥിതി ഗുരുതരം’ എന്ന വാർത്ത കണ്ടപ്പോൾ മുമ്പൊരിക്കലെന്നപോലെ തിരിച്ചു വരും എന്നു തന്നെ വിശ്വസിച്ച് ആശ്വസിച്ചു. വിശ്വാസം എന്നെ രക്ഷിച്ചില്ല. കണ്ണീരിൽ കുതിർന്ന സ്മരണത്തിനു വിധിക്കപ്പെട്ടു. നിയതി തരുന്ന ശിക്ഷ അനുഭവിക്കാതെ തരമില്ല. വിക്ടോറിയാ കോളജിൽ ഞാൻ അധ്യാപികയായിരുന്ന കാലത്ത് അവിടെ ശാസ്ത്രവിഭാഗത്തിൽ വിദ്യാർഥിയായിരുന്ന എംടി. അന്നത്തെ വിദ്യാർഥികളുടെ തെരഞ്ഞെടുപ്പു മത്സരത്തിൽ മലയാളം ബി.എ യിലെ സി.കെ. കരീം ആയിരുന്നു എംടി. യുടെ എതിർ സ്ഥാനാർഥി. ജയിച്ചത് എംടി.
വിദ്യാർഥിയായിരുന്ന കാലത്തു തന്നെ ചെറുകഥാമത്സരത്തിൽ വിജയിയായി നേടിയ ഖ്യാതി മൂലം ആ ശാസ്ത്രവിദ്യാർഥി എഴുത്തുകാരുടെ ശ്രദ്ധാകേന്ദ്രമായി. പിന്നീട് ശാസ്ത്രജ്ഞനായല്ല കഥാകൃത്തായാണ് വിഖ്യാതനായത്. പരമാണുവിന്റെ ഉള്ളറകളിലേക്കല്ല, മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്കാണ് അദ്ദേഹത്തിന്റെ ഉൾക്കണ്ണുകൾ ഇറങ്ങിച്ചെന്നത് –നിന്ദിതരുടെയും പീഡിതരുെടയും രുഗ്ണരുടെയും ഉള്ളറകളിലേക്കാണ്. സ്ത്രീഗണത്തിന്റെ മനസ്സുകൾക്കുള്ള വേദനകൾ ഒപ്പിയെടുക്കുന്ന ഒരു ലോല ചേതന നിയതി അദ്ദേഹത്തിനു നൽകി. കഥകളിലും നോവലുകളിലും സിനിമകളിലുമെല്ലാം ഏറ്റവും മുൻനിന്ന സിദ്ധി ഇതാണെന്നു ഞാൻ കരുതുന്നു. അതിനനുഗുണമായ ശഹനതാ–ലാളിത്യ സംയോഗം അദ്ദേഹത്തിന്റെ കൃതികളുടെയും വ്യക്തിസ്വത്വത്തിന്റെയും മുഖമുദ്ര.
എനിക്ക് ഒരു ജ്യേഷ്ഠത്തിയെന്നപോലുള്ള സ്നേഹാദരങ്ങൾ എന്നും അദ്ദേഹം നൽകിപ്പോന്നു. അദ്ദേഹം പത്രാധിപരായിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാനൊരുപാടെഴുതിയിട്ടുണ്ട്. എല്ലാം തിരുത്തോ വെട്ടിമാറ്റലോ കൂടാതെ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. വചനങ്ങളേക്കാൾ വാചാലമായ അംഗീകാരം വലത്തെ കൈകൊണ്ടു കൊടുക്കുന്നത് ഇടത്തേക്കൈ അറിയരുതെന്ന നിഷ്കർഷ അദ്ദേഹം പുലർത്തി. ഞാൻ ഭർതൃവിയോഗത്തിന്റെ വേദനയിൽ പിടയുന്ന കാലത്ത് കൊൽക്കത്തയിൽ നിന്നുള്ള ഒരു അവാർഡ് പ്രഖ്യാപനം വന്നു. അദ്ദേഹമായിരിക്കണം എന്റെ പേരു നിർദേശിച്ചതെന്നു ഞാൻ വിശ്വസിച്ചു. അന്നെന്നല്ല ആ വിശ്വാസത്തെപ്പറ്റി പിന്നീടൊരിക്കൽ ഞാൻ എഴുതിയപ്പോഴും അദ്ദേഹം മൗനം വെടിഞ്ഞില്ല. ആ മൗനം വിശ്വാസത്തെ ഉറപ്പിച്ചു. തനിക്കതിൽ പങ്കില്ലെങ്കിൽ അക്കാര്യം വെളിപ്പെടുത്തുമായിരുന്നു.
അസുരവിത്തിന് മലയാളം നോവലുകളിലുള്ള ശ്രേഷ്ഠസ്ഥാനം അടയാളപ്പെടുത്തിയേ തീരൂ എന്ന ഉൾവിളിയുണ്ടായപ്പോൾ ഞാനെഴുതിയ പഠനഗ്രന്ഥം ചെറുതാണെങ്കിലും, അദ്ദേഹത്തിന്റെ സർഗശക്തിയുടെ ശിരസ്സിലണിയിക്കാൻ, എന്റെ എളിയ വാക്കുകൾക്കു കഴിയുംവിധം ഞാൻ കൊരുത്ത കൽപകപ്പൂമാലയാണത്. ആ അർചനയെ അദ്ദേഹം എപ്രകാരം വീക്ഷിച്ചുവെന്ന് ഞാൻ ചോദിക്കുകയോ അദ്ദേഹം പറയുകയോ ഉണ്ടായിട്ടില്ല. വാനപ്രസ്ഥത്തിലെ കഥകളുടെ പഠനവും അപ്രകാരം തന്നെ. അദ്ദേഹത്തിന്റെ എല്ലാ രചനകളിലും ഒരുപോലെ നിർലീനമായ കാവ്യബിംബകൽപനകൾ സഞ്ചയിച്ച് വിശകലനം ചെയ്യണമെന്നു ഇച്ഛ, ദരിദ്രരുടെ മനോരഥങ്ങൾ പോലെ, എന്നിൽത്തന്നെ ലയിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായിരുന്ന കാലത്ത് ഫെല്ലോഷിപ്പ് നൽകി ആദരിച്ചത് നിറഞ്ഞ കൃതജ്ഞതയോടെ ഓർക്കുന്നു. ഒരു അനുസ്മരണം നടത്താനിടയാവും മുമ്പ് എന്നെ വിടചൊല്ലാനനുവദിക്കാത്ത നിയതിയുടെ ക്രൂരത അർഹിക്കത്തക്കവണ്ണം എന്തുപാതകമാണ് ഞാൻ ചെയ്തുപോയതെന്നറിയാതെ വിതുമ്പുന്നു.