ADVERTISEMENT

മാതൃഭൂമിയിൽ എംടി ട്രെയിനിയായി വരുമ്പോൾ വി.എം.നായർ മാനേജിങ് ഡയറക്ടറാണ്. പുന്നയൂർക്കുളത്തു വേരുകളുള്ള പയ്യന് മാധവിക്കുട്ടിയുടെ അച്ഛൻ  പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ല. പത്തിരുപതു കൊല്ലത്തിനിടെ നാലഞ്ചു തവണ വി.എം.നായർ അതികഠിനമായി ശാസിച്ചിട്ടുണ്ട്. എങ്കിലും ആദരം കലർന്ന വാത്സല്യം ഉള്ളിലുണ്ടായിരുന്നു. സിഗരറ്റ് തീരുമ്പോൾ പയ്യന്റെ കയ്യിൽ നിന്നു വാങ്ങി വലിക്കാൻ മടിച്ചില്ല. വീടുപണിക്കും മറ്റും വി.എം.നായരിൽ നിന്നു പണം കടം വാങ്ങിയിട്ടുണ്ട് എംടി. 

MT-BOOK-5-

പാർലമെന്റ് തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ സ്ഥാനാർഥിയായിരുന്ന എസ്.കെ.പൊറ്റക്കാടിനു വേണ്ടി പ്രസംഗിക്കാൻ പോയതിനു വി.എം.നായരിൽ നിന്നു നല്ല ശകാരം കിട്ടി. (ആ തിരഞ്ഞെടുപ്പിൽ മാതൃഭൂമിയുടെ ജിനചന്ദ്രനായിരുന്നു എസ്‌കെയുടെ എതിർസ്ഥാനാർഥി). 

വി.എം.നായരുടെയും ബാലാമണിയമ്മയുടെയും അൻപതാം വിവാഹവാർഷികാഘോഷം കോഴിക്കോട് ബീച്ച് ഹോട്ടലിലായിരുന്നു. രണ്ടു പേർക്കും ഏറ്റവും അടുപ്പുള്ള വളരെക്കുറച്ചു പേർക്കേ ക്ഷണമുണ്ടായിരുന്നുള്ളൂ.

രാത്രിസൽക്കാരത്തിന് എംടിയും പോയി. മാധവിക്കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. 'വി.എം.നായരുടെ മരണം എന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിന്റെ അവസാനം കൂടിയായിരുന്നു' എന്ന് എംടി എഴുതിയിട്ടുണ്ട്.

MT-BOOK-2-

ഹൃദയത്തോടു ചേർത്ത സുഹൃത്തുക്കളിലൊരാളായിരുന്നു കോഴിക്കോട്ടെ മുല്ലവീട്ടിൽ അബ്ദുറഹ്മാൻ. കോഴിക്കോട് കേന്ദ്ര കലാസമിതി ഭാരവാഹികളായിരുന്നു മുല്ലവീട്ടിൽ അബ്ദുറഹ്മാനും വി.അബ്ദുല്ലയും. രണ്ടാം ഗേറ്റിൽ അന്നത്തെ പ്രദീപം പ്രസ്സിന്റെ ഓഫിസിന്റെ എതിർവശത്തെ കെട്ടിടത്തിനു മുകളിൽ പകുതി അബ്ദുറഹ്മാന്റെ ഇൻഷുറൻസ് ഓഫിസ്. പകുതി കലാസമിതി ഓഫിസ്. കലാസമിതിയുടെ കലോത്സവത്തിന്റെ കൺവീനറായിരുന്ന എൻ.വി.കൃഷ്ണവാരിയർക്കു വിദേശത്തു പോകേണ്ടി വന്നപ്പോൾ കത്തിടപാടുകളുടെ ചുമതല എംടിയെ ഏൽപിച്ചു.

അങ്ങനെയാണ് അബ്ദുറഹ്മാനുമായുള്ള സൗഹൃദത്തിന്റെ തുടക്കം. ബിസിനസുകാരായിരുന്നുവെങ്കിലും നല്ല വായനയും ധാരണയുമുള്ളവരായിരുന്നു അബ്ദുറഹ്മാനും അബ്ദുല്ലയും. എല്ലാ എഴുത്തുകാരുടെയും സുഹൃത്തായിരുന്നു അബ്ദുറഹ്മാൻ. 

വൈക്കം മുഹമ്മദ് ബഷീറിനെ കോഴിക്കോട്ടുകാരനാക്കിയതും, ബേപ്പൂരിൽ വീടു വാങ്ങിയതുമെല്ലാം അബ്ദുറഹ്മാന്റെ മുൻകയ്യിലാണ്. രണ്ടാം ഗേറ്റിനടുത്തു നിന്ന് അബ്ദുറഹ്മാൻ താവളം വീറ്റ് ഹൗസിനോടു ചേർന്ന മുറിയിലേക്കു മാറ്റിയ ശേഷം അവിടെയായി എഴുത്തുകാരുടെ താവളം. അതിഥികൾക്കു ഭക്ഷണം അബ്ദുറഹ്മാന്റെ ചെറുവണ്ണൂരിലെ വീട്ടിൽ നിന്നു കൊണ്ടുവരും. റൂമിനു പുറത്തു ചീട്ടുകളിയുണ്ടാവും. ഇടയ്ക്ക് എംടിയും ചേരും.

ഒരു സന്ധ്യയ്ക്കു റമ്മി കഴിഞ്ഞ് എംടി ഇറങ്ങി, ഏറെക്കഴിഞ്ഞ് രാത്രിയാണ് അറിഞ്ഞത്, മുറിക്കു പുറത്ത് എന്തോ തർക്കം, കത്തിക്കുത്ത്. അബ്ദുറഹ്മാനും ബപ്പൻ കോയയും കൊല്ലപ്പെട്ടു. 'ഉണങ്ങാത്ത മുറിപ്പാടായി അബ്ദുറഹ്മാന്റെ മരണം' എന്ന് എംടി എഴുതി.

English Summary:

M.T. Vasudevan Nair: A Life Shaped by Friendship and Professional Bonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com