തൊട്ടതെല്ലാം പൊന്നാക്കിയ വാസു; പഴയ ഓർമകൾ പങ്കുവെച്ച് ടി. പത്മനാഭൻ
Mail This Article
ഇണങ്ങിയും പിണങ്ങിയും ദീർഘകാലമായുള്ള ബന്ധമുണ്ട് എനിക്ക് വാസുവുമായി. 1950ലായിരിക്കണം വാസുവിനെ ആദ്യമായി കാണുന്നത്. ഞാൻ മംഗലാപുരത്താണ് ഉപരിപഠനം ചെയ്തത്. അന്ന് അവിടെ എന്റെ സീനിയറായി വാസുവിന്റെ ജ്യേഷ്ഠൻ എം.ടി.എൻ. നായർ പഠിക്കുന്നുണ്ട്. വാസുവിനു മുൻപേ എഴുത്തുകാരനായി അറിയപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹം. ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമായിരുന്നു. ആ സമയത്ത് ഒരിക്കൽ ഇന്റർ കൊളീജിയറ്റ് ഡിബേറ്റിനു പങ്കെടുക്കാൻ എനിക്ക് അവസരമുണ്ടായി. പാലക്കാട് വിക്ടോറിയ കോളജിലാണു മത്സരം. അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമാണ് മലബാർ. പാലക്കാട്ടേക്കു പോകുന്ന വിവരമറിഞ്ഞപ്പോൾ എം.ടി.എൻ. നായർ ചോദിച്ചു– ‘പത്മനാഭൻ അവിടെ എവിടെയാണു താമസിക്കുക?’
അവിടെ എത്തിയിട്ട് എന്തെങ്കിലും ചെയ്യാമെന്നു ഞാൻ പറഞ്ഞു.
വേണ്ട, അവിടെ തന്റെ അനുജനുണ്ടെന്നും അവൻ സാഹിത്യത്തിലൊക്കെ താൽപര്യമുള്ള ആളാണെന്നും എം.ടി.എൻ.നായർ വിശദീകരിച്ചു. അവനൊരു കാർഡ് എഴുതിയിടാമെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ പാലക്കാട് എത്തിക്കഴിഞ്ഞപ്പോൾ എന്റെ കാര്യം നോക്കിയത് വാസുവായിരുന്നു. അന്ന് ഡിബേറ്റെല്ലാം കഴിഞ്ഞ ശേഷം രാത്രി സെക്കൻഡ് ഷോയ്ക്കു പോയി. വാസുവിന്റെ മുറിയിൽ ഒരു കട്ടിലിലാണ് ഞങ്ങൾ കെട്ടിപ്പിടിച്ചു കിടന്നത്. അതാണ് ആദ്യത്തെ കൂടിക്കാഴ്ച. ആ രാത്രി ഇന്നും മനസ്സിൽ പച്ചപിടിച്ചു കിടപ്പുണ്ട്.
ഞങ്ങൾ രണ്ടു പേരും ഏതാണ്ട് ഒരേ കാലത്താണ് കഥയെഴുതാൻ തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ ഞാനാണ് ആദ്യം എഴുതിയത്. അതിൽ അദ്ഭുതമില്ല. കാരണം, അദ്ദേഹത്തിനെക്കാൾ നാലു വയസ്സിന്റെ മൂപ്പ് എനിക്കുണ്ട്. പക്ഷേ, ഞാൻ എഴുതാൻ തുടങ്ങിയ കാലത്തെ പോലെത്തന്നെയാണ് ഇന്നും നിലകൊള്ളുന്നത്. എന്റെ ആകാശം വിസ്തൃതമായിട്ടില്ല. എന്നാൽ, വാസുവിന്റെ സ്ഥിതി അതായിരുന്നില്ല. വളരെ വേഗത്തിൽ, കാണെക്കാണെ വികസിച്ചു.
കഥകളിൽനിന്നു തുടങ്ങിയ വാസു നോവലിലേക്കും തിരക്കഥയിലേക്കുമെത്തി. പിന്നീട് സിനിമാ സംവിധാനത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും കടന്നു. നാടകവുമെഴുതി. അങ്ങനെ ഓരോ നിമിഷവും അവന്റെ ആകാശം വിസ്തൃതമായിക്കൊണ്ടേയിരുന്നു. ഞാൻ അന്നും ഇന്നും തുടങ്ങിയ ദിക്കിൽ തന്നെയാണ്. ഞാൻ ചെറിയ മേഖലയിൽ, കഥയിൽ ഒതുങ്ങിക്കൂടിയവനാണ്. നോവലില്ല, സിനിമയില്ല, ആത്മകഥയില്ല നാടകമില്ല. വേണമെങ്കിൽ അതെന്റെ കഴിവുകേടാണെന്നു പറയാം. അതിൽ ഒരു വിരോധവുമില്ല, സങ്കടവുമില്ല. ഓരോ കാലത്തും ഓരോരുത്തർക്കും ഓരോന്നാണു പറഞ്ഞിട്ടുള്ളത്. എനിക്ക് അത്രയേ കഴിയുകയുള്ളൂ. ഞാൻ കഥയെഴുത്തുകൊണ്ട് തൃപ്തനാണ്.
ഞാൻ ഒടുവിൽ വാസുവിനെ കണ്ടത് കഷ്ടിച്ച് രണ്ടു കൊല്ലം മുൻപാണ്. മാതൃഭൂമിയുടെ അക്ഷരോത്സവത്തിന് തിരുവനന്തപുരത്തായിരുന്നു അത്. അന്ന് വാസു വളരെ പരിക്ഷീണനായിരുന്നു. അതുകൊണ്ട് സംസാരിക്കാനൊന്നും കഴിഞ്ഞിട്ടില്ല. അന്ന് അദ്ദേഹം മറ്റാരോടും അങ്ങനെ സംസാരിച്ചിട്ടുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ വാസു നമ്മെ എല്ലാവരെയും വിട്ടുപോയിരിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കിയെന്നു പറയുന്നത് ക്ലീഷേയായിരിക്കാം. എന്നെ സംബന്ധിച്ച് വാസുവിനെക്കുറിച്ച് അതുപറയുന്നത് ക്ലീഷേയല്ല; സത്യമാണ്.
അദ്ദേഹം കഴിഞ്ഞ ഒന്നുരണ്ടാഴ്ചയായി പ്രായാധിക്യത്തിന്റെ പല വിഷമതകളാലും ബുദ്ധിമുട്ടുകയായിരുന്നു. എനിക്കു പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. ഒരു വീഴ്ച കാരണം ഏതാണ്ട് മൂന്നാഴ്ചയായി ഞാൻ ചികിത്സയിലാണ്. ശുചിമുറിയിലേക്കു പോകണമെങ്കിൽകൂടി ആളു വേണം. ഇനി ഒരു മൂന്നാഴ്ചകൂടി വിശ്രമം വേണ്ടിവരുമെന്നാണു ഡോക്ടർമാർ പറയുന്നത്. അല്ലെങ്കിൽ ഞാൻ തീർച്ചയായും പോകുമായിരുന്നു; അടുത്തൊന്നും കണ്ടിട്ടില്ല. ഞാൻ സമ്മിശ്ര വികാരങ്ങളുമായി കണ്ണൂരിൽ തനിച്ചു കഴിയുകയാണ്. വാർധക്യത്തിന്റെ വിഷമങ്ങൾ എനിക്കുമുണ്ട്. ജി.ശങ്കരക്കുറുപ്പിന്റെ ഈരടികൾ ഉരുവിട്ടുകൊണ്ട് ഞാനിവിടെ ഏകനായി കഴിയുന്നു.
‘മൂടുക ഹൃദന്തമേ
മുഗ്ധ ഭാവനകൊണ്ടീ
മൂകവേദനകളെ മുഴുവൻ,
മുത്താകട്ടെ’