ADVERTISEMENT

'നിഷ്കളങ്കതയുടെ ചിത്രശാല' എല്ലാവർക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണെങ്കിലും തുർക്കിയിലെത്തി ഹൃദയം സമർപ്പിക്കാനുള്ള ഭാഗ്യം എല്ലാവർക്കുമുള്ളതല്ല. എന്നാൽ, വായനയെ സ്നേഹിക്കുന്നവർക്കെല്ലാം സ്വന്തമാണ് ഓർഹൻ പാമുക് പ്രണയത്തിന്റെ കണ്ണുനീര് കൊണ്ടെഴുതിയ പുസ്തകം. 'ദ് മ്യൂസിയം ഓഫ് ഇന്നസെൻസ്'. എഴുത്തുകാരൻ മാത്രമല്ല പാമുക്. ചിത്രകാരൻ കൂടിയാണ്. ചിത്രങ്ങളേക്കാൾ നന്നായി നോവലുകളിൽ ജീവിതം വരയ്ക്കാമെന്ന ബോധ്യത്തിലാണ് അദ്ദേഹം എഴുതിയത്. ലോകം അംഗീകരിച്ചത്. നൊബേൽ സമ്മാനം സമർപ്പിച്ചത്. ചിത്രങ്ങൾ, നിറങ്ങൾ ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. പൂർണമായും മാഞ്ഞുപോകാതെ. അതിന്റെ കൂടി തെളിവാണ് 'മെമ്മറീസ് ഓഫ് ഡിസ്റ്റന്റ് മൗണ്ടൻസ്' എന്ന പുതിയ പുസ്തകം. വാക്കുകളും വർണങ്ങളും നിറയുന്ന അപൂർവ പുസ്തകം. 

pamukbook

സുരക്ഷാ ഭടന് ഒപ്പമായിരുന്നു വർഷങ്ങളോളം പാമുക്കിന്റെ യാത്രകൾ. അർമീനീയക്കാരെ വംശഹത്യ ചെയ്തതിൽ പ്രതിഷേധിച്ചതോടെയാണ് അദ്ദേഹം ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്. ദശലക്ഷത്തോളം അർമീനിയക്കാരും 30,000 കുർദ് വംശജരും ഈ രാജ്യത്ത് കൊല്ലപ്പെട്ടു. എന്നിട്ടും അതിനെക്കുറിച്ച് സംസാരിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരാൾ ഞാൻ മാത്രം എന്ന് പാമുക് പറ‍‌ഞ്ഞതാണ് വിവാദമായത്. തുർക്കിയെ പരസ്യമായി അപമാനിച്ചു എന്ന കുറ്റം ചുമത്തപ്പെട്ടു. ശിക്ഷയും ലഭിക്കേണ്ടതായിരുന്നു. പൊതുസമൂഹം ഒറ്റക്കെട്ടായി പ്രിയപ്പെട്ട എഴുത്തുകാരനു വേണ്ടി രംഗത്തിറങ്ങിയതോടെയാണ് തുർക്കി പിൻമാറിയത്. എന്നാൽ, സുരക്ഷാ ഭടൻ നിഴൽ പോലെ അദ്ദേഹത്തെ അനുഗമിച്ചു; ആക്രമണങ്ങളിൽ നിന്നു രക്ഷിക്കാൻ.

പുതിയ പുസ്തകത്തിലെ ഒരു വരയ്ക്കൊപ്പം പാമുക് എഴുതുന്നു: അർമീനിയൻ വംശഹത്യയെ എതിർത്തതിന്റെ പേരിൽ 2005ൽ ഈ കോടതിയിലാണ് ഞാൻ വിചാരണയ്ക്ക് ഹാജരായത്. പുറത്തേക്കിറങ്ങിയപ്പോൾ പാഞ്ഞുവന്നത് ജനങ്ങൾ എറിഞ്ഞ കല്ലുകളായിരുന്നു.

orhan-new-books

നിഷ്കളങ്കതയുടെ മ്യൂസിയം എന്തിനു നിർമിച്ചു എന്ന ചോദ്യത്തിനും പുസ്തകത്തിൽ പാമുക് ഉത്തരം പറയുന്നു. എനിക്ക് തുർക്കിയിൽ സ്ഥിരമായ ഒരിടം വേണ്ടിയിരുന്നു. എന്റെ വീട് നശിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു. ഞാൻ തുർക്കിയുടേതാണെന്ന് എനിക്ക് സ്ഥാപിക്കേണ്ടിയിരുന്നു.

പ്രണയിനിയുടെ വസ്ത്രത്തിന്റെ ഭാഗങ്ങൾ, മുടിപ്പിന്ന്, ഹുക്ക്, വലിച്ചുകൂട്ടിയ സിഗരറ്റിന്റെ കുറ്റികൾ, ബട്ടണുകൾ... ഓർമയുടെ അറകൾ തുറക്കുന്ന നൂറുകണക്കിനു സ്മാരകങ്ങൾ കൊണ്ടാണ് മ്യൂസിയം അലങ്കരിച്ചത്. തുർക്കിയിലെത്തുന്ന വിദേശികൾ ആ മ്യൂസിയം ഒഴിവാക്കാറില്ല. പ്രണയിച്ച എല്ലാവരും ഹൃദയത്തിൽ കൊണ്ടുനടക്കുന്നുണ്ട് മ്യൂസിയങ്ങൾ. ഓർമയുടെ ചോര പൊടിയുന്ന വസ്തുക്കൾ. പ്രണയത്തിൽ മാത്രം വിടരുന്ന കണ്ണുകളോടെ കണ്ട എണ്ണമറ്റ വസ്തുക്കൾ. ഉറക്കം പോയ രാത്രികൾ. ഉണർന്നിരുന്നു കണ്ട സ്വപ്നങ്ങൾ. അക്ഷരാർഥത്തിൽ അതൊരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു പാമുക്. പ്രണയിച്ചു പരാജയപ്പെടാൻ മടിക്കരുതെന്ന താക്കീതോടെ. നിത്യവിരഹത്തിന് അനന്തരാവകാശിയാകുമെന്ന മുന്നറിയിപ്പോടെ. അകാലത്തിൽ മരിച്ച പ്രണയത്തിന്റെ മൃതദേഹവും പേറി ജീവിച്ചിരിക്കെത്തന്നെ മരിക്കേണ്ടിവരുമെന്ന് പ്രവചിച്ച്.

വിദൂര മലകളുടെ ഓർമകൾ എഴുത്തുകാരന്റെ ഹൃദയത്തിന്റെ പരിഛേദമാണ്. പല കാലങ്ങളിൽ‌ അദ്ദേഹത്തിന്റെ ചിന്തകൾ. സ്വപ്നങ്ങൾ. 2009 മുതൽ 2022 വരെ സൂക്ഷിച്ച ഡയറിയിൽ നിന്നുള്ള കുറിപ്പുകളും ചിത്രങ്ങളും. 22–ാം വയസ്സിൽ ആർക്കിടെക്ചർ സ്കൂളിന്റെ പടിയിറങ്ങിയതാണ് പാമുക്; എഴുത്തുകാരനാവാൻ വേണ്ടി. എന്നാൽ വര അദ്ദേഹം പൂർണമായി ഉപേക്ഷിച്ചിട്ടില്ല എന്നതിന് ഈ പുസ്തകം തന്നെ തെളിവ്.

pamukmainbooks

നീലനീലയായ സമുദ്രം. അങ്ങിങ്ങ് കറുത്ത നിറത്തിൽ ദ്വീപുകൾ. കപ്പലുകൾ.

നഗരത്തിന്റെ ഇരുണ്ട വശം പകർത്താനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്; ആളുകളുടേതും. ചിത്രത്തിനു മുകളിൽ പാമുക് എഴുതുന്നു. ആ ഇരുണ്ട വശത്തുതന്നെയാണ് പ്രണയവുമുള്ളത്. അതെത്രയോ വ്യക്തമായാണ് അദ്ദേഹം എഴുതിയത്. പ്രണയിക്കുന്നതുപോലെ തന്നെ. വേർപിരിയുന്ന പോലെ. നിത്യവിഷാദത്തിന്റെ കടലിൽ അലയുന്ന ഓർമയുടെ ദ്വീപുകൾ...

English Summary:

Nobel Laureate Orhan Pamuk's New Book 'Memories of Distant Mountains' Explores the Dark Side of Life and Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com