ADVERTISEMENT

ഇന്നത്തെ ഇന്ത്യയും കേരളവും രൂപപ്പെടുന്നതിനു മുമ്പ്, ആയ് രാജാക്കൻമാരുടെ ഭരണത്തിനു കീഴിൽ നാടുവാഴികൾ വഞ്ചിനാട്ടിലെ ദേശങ്ങൾ വാണിരുന്ന കാലം. അന്ന് തെക്ക് വഞ്ചിനാടും മധ്യഭാഗത്ത് ചേര രാജാക്കന്മാരും വടക്ക് ഏഴിമല സാമ്രാജ്യവുമായിരുന്നു. വഞ്ചിനാട്ടിൽ കരമനയാറിന്റെയും കിള്ളിയാറിന്റെയും കരയിലുള്ള കാവുവിള എന്ന കൊച്ചു ഗ്രാമത്തിന്റെ ഇന്നത്തെ പേരാണ് ആറ്റുകാൽ. വനമാലിയെന്നും ദക്ഷിണ പമ്പയെന്നും അറിയപ്പെട്ടിരുന്ന നദികളുടെ സംഗമ സ്ഥാനത്ത്, പവിത്രമായൊരു കാവിന്റെ സാന്നിധ്യത്താൽ അനുഗൃഹീതമായിരുന്നു കാവുവിള. അവിടുത്തെ ഏറ്റവും പുരാതനവും ധനികവുമായ പ്രമുഖ നായർ കുടുംബങ്ങളിലൊന്നായിരുന്നു ചെറുകര വലിയവീട്. അതിന്റെ താവഴികളിലൊന്നായിരുന്നു ഐശ്വര്യത്തിന്റെ പര്യായം തന്നെയായി നിലകൊണ്ട മുല്ലുവീട്. പടിപ്പുര മാളികയും തുളസിത്തറയുമെല്ലാമുള്ള ലക്ഷണമൊത്ത നാലുകെട്ട്.

പ്രദേശത്തെ പവിത്രമായ രണ്ടു കാവുകളാണ് ചെറുകര കുടുംബത്തിൽ അനിതര സാധാരണമായ ആത്മീയ സ്വാധീനം ചെലുത്തിപ്പോന്നത്. വലിയ ആൽമരങ്ങളും പൂവരശുമെല്ലാം നിറഞ്ഞ കാവുകളിലൊന്ന് താരതമ്യേന വലുതായിരുന്നു. അവിടെ എപ്പോഴും മുല്ലപ്പൂക്കളുടെ മണം തങ്ങിനിന്നു. ആ വലിയ കാവിനെ നാട്ടുകാർ തള്ളക്കാവെന്നു വിളിച്ചു. സസ്യലതാദിതകൾ നിറഞ്ഞതെങ്കിലും താരതമ്യേന ചെറുതായിരുന്ന രണ്ടാമത്തെ കാവിനെ പിള്ളക്കാവെന്നും വിളിച്ചു.
ആത്മീയകാര്യങ്ങളിൽ മാത്രമല്ല, ചെറുകരവലിയവീട്ടുകാർ വീരകൃത്യങ്ങളിലും പ്രസിദ്ധരായിരുന്നു. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ വേണാട്ടരചൻ ആകുന്നതിനു മുൻപുള്ള കാലത്ത് കൊള്ളക്കാരുടെ ആക്രമണം നേരിട്ടപ്പോൾ രക്ഷയ്ക്കെത്തിയത് ചെറുകര വലിയവീട്ടുകാരായിരുന്നുവത്രെ. വേണാട്ടിലെ ആദ്യ വനിതാ ഭരണാധികാരിയായിരുന്ന ഉമയമ്മ റാണിയെ എട്ടുവീട്ടിൽപിള്ളമാരിൽ നിന്നു രക്ഷിച്ചതും അവരായിരുന്നു. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവായ ശേഷം, അവരോടുള്ള പ്രത്യേക താത്പര്യത്താൽ തറവാടിനു പലവിധ ആനുകൂല്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്.

ഈ സംഭവങ്ങളൊക്കെ നടക്കും മുൻപാണ് അവിടെ ആ അത്ഭുതം സംഭവിക്കുന്നത്. അന്ന് പരമേശ്വരൻ പിള്ളയാണ് മുല്ലുവീട്ടിലെ കാരണവർ. എന്നും കിള്ളിയാറ്റിലിറങ്ങി സ്നാനം ചെയ്യാറുണ്ടായിരുന്നു അദ്ദേഹം. ഒരു ദിവസം പതിവു ധ്യാനത്തിൽ മുഴുകി പുഴയിലെ കുളിർവെള്ളത്തിൽ കഴുത്തറ്റം മുങ്ങി നിൽക്കുകയായിരുന്നു പിള്ള. ദേവീ സ്മരണയിൽനിന്നുണർന്ന് കണ്ണുകൾ തുറക്കവേ, അടിയൊഴുക്കിന് അസാധാരണമായൊരു ശക്തി കൈവന്നതു പോലെ അദ്ദേഹത്തിനൊരു തോന്നൽ. ആ തോന്നൽ മെല്ലെ കൂടുതൽ പ്രകടമായി. അതുവരെ അലസഗമനം നടത്തിയിരുന്ന ആറ്റിലെ കുഞ്ഞോളങ്ങൾ ക്രമേണ കരുത്താർജിച്ച് കരയിൽ വന്നലയ്ക്കാൻ തുടങ്ങി. പതിറ്റാണ്ടുകളായി തുടരുന്ന സന്ധ്യാജപ പതിവുകളിൽ ഒരിക്കലും ഉണ്ടാകാത്ത അനുഭവം. അതൊരു നിമിത്തമായി അദ്ദേഹത്തിനു തോന്നി. എങ്കിലും കാര്യങ്ങൾ വ്യക്തമാകാത്തതിനാൽ വേഗം കര പറ്റാൻ തന്നെയായി തീരുമാനം. പാതി കൊത്തിയ നെൽക്കതിരുകൾ നിലത്തിട്ട് കിളികൾ കൂടണയാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു.

attukal-temple-pongala-02
ആറ്റുകാൽ പൊങ്കാല

കിള്ളിയാറിന്റെ ഗതിവേഗങ്ങൾ സ്വന്തം ഹൃദയമിടിപ്പ് പോലെ ജീവിതത്തിന്റെ ഭാഗമായിരുന്നു പരമേശ്വരൻപിള്ളയ്ക്ക്. പക്ഷേ, ആറ്റിൽ ഇതുവരെ അറിയാത്ത അഗാധതയിൽനിന്നൊരു ചുഴി അദ്ദേഹത്തെ ചുറ്റിവരിയാൻ തുടങ്ങി. നിശബ്ദമായ പ്രാർത്ഥനയിൽ കണ്ണുകളടഞ്ഞു. വീണ്ടും തുറക്കുമ്പോൾ പുഴയ്ക്കക്കരെ അദ്ദേഹത്തിന് ആ അത്ഭുതത്തിന്റെ ആദ്യ ദർശനം കിട്ടി; അവിടെ ഒറ്റയ്ക്കൊരു കുഞ്ഞുപെൺകുട്ടി നിൽക്കുന്നു.

ആരാണവൾ? പെട്ടെന്ന് എവിടെനിന്നു പ്രത്യക്ഷപ്പെട്ടു? പുഴയിൽ ഒഴുകി വന്നതായിരിക്കുമോ? അതോ, സന്ധ്യാസ്നാനത്തിനു പോന്ന ആരെയെങ്കിലും തേടിയിറങ്ങിയതായിരിക്കുമോ? ചോദ്യങ്ങൾ മനസ്സിൽ നങ്കൂരമിടാൻ വിസമ്മതിച്ചപ്പോൾ പരമേശ്വരൻ പിള്ളയ്ക്ക് സ്വയരക്ഷ നോക്കി കരകയറാനല്ല തോന്നിയത്. ജീവനെക്കുറിച്ചോർക്കാതെ മറുകരയ്ക്കു നീന്തിത്തുടങ്ങി അദ്ദേഹം. അതുകണ്ട് മറുകരയിൽ നിന്ന പെൺകുഞ്ഞ് അത്യുത്സാഹത്തോടെ കൈകൾ വീശി. അടുത്തടുത്തെത്തുന്തോറും അവളുടെ ആഹ്ലാദം ഏറിവന്നു, മനോഹരമായ ചിരി കൂടുതൽ കൂടുതൽ വിടർന്നു വന്നു.

മറുകര കയറിയ പരമേശ്വരൻ പിള്ള കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവളെയുമെടുത്ത് തിരിച്ചു നീന്താൻ തുടങ്ങി. നഷ്ടപ്പെട്ട എന്തോ അമൂല്യ വസ്തു തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. കിള്ളിയാറിന്റെ കോപത്തിൽനിന്ന് അവളെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നു മാത്രമായിരുന്നു അപ്പോൾ. പക്ഷേ, തിരിച്ചു നീന്തിത്തുടങ്ങിയതോടെ കിള്ളിയാർ പഴയപടി ശാന്തമായി. ആറ്റുവക്കിലെ പുൽക്കൊടികളെ മൃദുവായി താലോലിച്ചു കടന്നു പോകുന്ന പതിവ് ഭാവം തിരിച്ചുകിട്ടി. അദ്ദേഹം അനായാസം കുട്ടിയുമായി മറുകരയെത്തുകയും ചെയ്തു.

പത്തോ പന്ത്രണ്ടോ വയസ് വരുന്ന കൊച്ചു പെൺകുട്ടി. അദ്ദേഹം അവളുടെ കുഞ്ഞിക്കൈ പിടിച്ച് വീട്ടിലേക്കു നടന്നു തുടങ്ങി. ധൃതിയിലുള്ള പിള്ളയുടെ നടത്തം കണ്ട് അവൾക്ക് ചിരിപൊട്ടി. കൈവിടാതെ അവൾ വീടിന്റെ പടിപ്പുര വരെയെത്തിയപ്പോഴാണ് അദ്ദേഹം ചോദിക്കുന്നത്:

‘‘നീ ഏതാ കുഞ്ഞേ?’’

അവൾ മറുപടി പറയാതെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കി. ആദ്യ ദർശനത്തിൽ മനോഹരവും ശിശുസഹജമായ നിഷ്കളങ്കത ചാലിച്ചെഴുതിയതുമായ കണ്ണുകളെങ്കിലും, അധിക നേരം നേരേ നോക്കാനായില്ല പരമേശ്വരൻ പിള്ളയ്ക്ക്. മാണിക്യം പോലുള്ള മുഖം. അഭൗമവും അലൗകികവുമായൊരു തേജസ് ആ കണ്ണുകളിൽ വിളങ്ങുന്നതായി അദ്ദേഹത്തിനു തോന്നി. കണ്ണുകൾ പിൻവലിച്ചു, നിറഞ്ഞ വാത്സ്യല്യത്തോടെ അവളുടെ തലയിൽ തലോടി.

Attukal Temple - 11 02 2019 - Thiruvananthapuram - Photo @ Rinkuraj Mattancheriyil
ആറ്റുകാൽ ദേവി ക്ഷേത്രം

കുട്ടിയെ പൂമുഖത്തിരുത്തി പരമേശ്വരൻ പിള്ള അകത്തേയ്ക്കു പോയി. അവൾക്ക് വിശക്കുന്നുണ്ടാവും. പാലും പഴവും അവലുമായി തിരികെ വന്നു. പക്ഷേ, അവളിരുന്നിടം ശൂന്യം. ചുറ്റുപാടും നോക്കി, ചുറ്റുവട്ടത്തൊക്കെ പരതി, കുട്ടിയെ കാണാനില്ല. പരിഭ്രാന്തിയായി. അപ്പോൾ ആദ്യമായി അദ്ദേഹത്തിന്റെ മനസ്സിൽ ആ ചിന്ത ഉയർന്നു. സാക്ഷാൽ ദേവി തന്നെ കുട്ടിയുടെ രൂപത്തിൽ തന്നെ പരീക്ഷിക്കാൻ വന്നതായിരിക്കുമോ!

നടന്നതെല്ലാം അദ്ദേഹം വീട്ടുകാരോടു പറഞ്ഞു, കൂട്ടുകാരോടു പറഞ്ഞു. ആർക്കും അതത്ര വിശ്വാസ്യമായി തോന്നിയില്ല. കാരണവരുടെ തോന്നലാണെന്ന് അവർ ആശ്വസിപ്പിച്ചു, ഭ്രാന്തായെന്നു രഹസ്യമായി പരിഹസിച്ചു. പക്ഷേ, നേരനുഭവത്തെ തോന്നലായി തള്ളിക്കളയാൻ അദ്ദേഹത്തിനാവുമായിരുന്നില്ല. രാത്രി ഉറക്കം കിട്ടിയില്ല. മനസ്സ് മുഴുവൻ ആധി. പുലർച്ചെ എപ്പോഴോ ചെറുമയക്കത്തിലേക്കു വഴുതി. നിദ്രയുടെ അനുഗ്രഹം പൂർണ്ണമാകും മുമ്പേ പരമേശ്വരൻ പിള്ളയ്ക്കു സ്വപ്നദർശനമുണ്ടായി. നേരത്തെ കണ്ട ആ കൊച്ചുകുട്ടി, അവളിപ്പോൾ സർവ്വാഭരണ വിഭൂഷിതയായ ദേവിയെപ്പോലെ നിൽക്കുന്നു. കൈയാട്ടി വിളിക്കുകയാണവൾ. ഭയഭക്തിയാൽ പിള്ള കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു. സ്വപ്നമോ സത്യമോ എന്നുറപ്പില്ലാത്തൊരു മുഹൂർത്തത്തിൽ അദ്ദേഹം ആ വിളി കേട്ടു:

‘‘മകനേ....’’

അഭൗമമായ ശബ്ദം. മനസ്സും ശരീരവും ആനന്ദാതിരേകത്താൽ കുളിരണിഞ്ഞു. ആത്മനിർവൃതി കണ്ണുനീരായി പ്രവഹിച്ചു.

ദേവി തുടർന്നു:

‘‘നിസ്വാർത്ഥമായ ഭക്തിയിൽ നീ സ്വയം എന്നിൽ പൂർണ്ണമായി അർപ്പിച്ചിരിക്കുന്നു. ഞാൻ ഇനി ഇവിടെയുണ്ടാകും, ഈ നാടിന്റെ ദേവതയായി. ഏറ്റവും അനുയോജ്യമായൊരു സ്ഥലം എന്റെ തട്ടകമായി കണ്ടെത്തുക. പുലർച്ചെ എന്നെ വന്നു കാണുക. നിനക്കും നിന്റെ നാടിനും എന്നും എന്റെ അനുഗ്രഹമുണ്ടായിരിക്കും.’’

ദേവി അപ്രത്യക്ഷയായി.

 

സ്വപ്നത്തിലെ ആനന്ദം തരി പോലും നഷ്ടപ്പെടുത്താതെ പിള്ള ഉറക്കംവിട്ടുണർന്നു. എഴുന്നേറ്റ് പുറത്തേക്കു നോക്കിയ അദ്ദേഹത്തിനു കണ്ണുകളെ വിശ്വസിക്കാനായില്ല. മുറ്റം നിറയെ നിത്യകല്യാണിയും മുല്ലയും വസന്തം തീർത്തിരിക്കുന്നു. പിന്നെ ഒട്ടും വൈകിയില്ല. കുളി കഴിഞ്ഞ് കാവിലേക്കു നടന്നു, വേഗത്തിൽ തന്നെ. കണ്ണുകൾ ഭക്തി പാരവശ്യത്താൽ പാതി അടഞ്ഞിരുന്നു. കാവിനുള്ളിൽച്ചെന്ന് കണ്ണുകൾ തുറന്നു നോക്കുമ്പോൾ അതാ നിലത്തു വീണ കരിയിലകൾക്കിടയിൽ മൂന്ന് വെള്ളി വരകൾ!

 

ദേവിക്കു തട്ടകമാക്കാൻ അനുയോജ്യമായ സ്ഥലം ദേവി തന്നെ നിശ്ചയിച്ചിരിക്കുന്നു! ഭക്തിയുടെ പാരമ്യത്തിൽ അദ്ദേഹം ദേവിയെ സ്തുതിച്ചു. വെള്ളിവരകൾ വീണു കിടന്നിടത്ത് കല്ലുകൊണ്ട് അടയാളം വരച്ച് പിള്ള വീണ്ടും ദേവിയെ സ്തുതിച്ചുകൊണ്ടിരുന്നു. അസമയത്ത് ഉച്ചത്തിലുള്ള ദേവീസ്തുതി കേട്ട് നാട്ടുകാർ കാവിലേക്ക് ഒന്നും രണ്ടുമായി വന്നു തുടങ്ങി. വന്നവരോടൊക്കെ അദ്ദേഹം കഥകൾ മുഴുവൻ വിവരിച്ചു. പിന്നെ അവർക്കും വിശ്വസിക്കാതിരിക്കാൻ വയ്യെന്നായി. അത്ഭുതം അതിവേഗം നാടാകെ പടർന്നു.

 

പരമേശ്വരൻ പിള്ള അടയാളം വരച്ചിരുന്നിടത്ത് ചെറിയ ഒരു തെക്കത് പണിതു. കിള്ളിയാറിന്റെ കരയിൽ നിന്ന് വീട്ടിലേക്കു കൊണ്ടു വന്ന ദേവിയെ അവിടെ കുടിയിരുത്തി. അവിടം പിന്നീട് ആറ്റുകാലെന്നും, ദേവി ആറ്റുകാലമ്മയെന്നും അറിയപ്പെട്ടു. ആറ്റുകാൽ ക്ഷേത്രം സ്ഥാപിക്കപ്പെട്ടതിനെക്കുറിച്ച് ഇന്ന് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഐതിഹ്യമാണിത്; ക്ഷേത്രവുമായി ബന്ധപ്പെട്ട അനവധി ഐതിഹ്യങ്ങളിലൊന്ന്. എന്നാൽ, ആറ്റുകാലമ്മയുടെ നിഗൂഢമായ ചരിത്രത്തിലേക്കുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കുമൊക്കെ മുകളിൽ നിൽക്കുന്ന സത്യത്തിലേക്കാണ്. അത് യാഥാർഥ്യങ്ങളുമായി കുറേക്കൂടി അടുത്തു നിൽക്കുന്നതായിരുന്നു.

ഈ കഥയ്ക്ക് അമ്പതു വർഷത്തിൽ താഴെ പഴക്കമേയുള്ളൂ.

ആറ്റുകാലമ്മ അനാദികാലം മുതൽക്കേ അവിടെയുണ്ടെന്നുള്ള സത്യം അനാവരണം ചെയ്യുകയാണ് വരുന്ന അധ്യായങ്ങളിൽ.

(മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ആറ്റുകാൽ അമ്മ എന്ന പുസ്തകത്തിൽ നിന്ന്)

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Attukal Amma, Book by Lekshmi Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com