ADVERTISEMENT

ദേശത്ത് എന്റെ  ചെറുപ്പത്തിൽ ഒരുപാടു മരങ്ങളുണ്ടായിരുന്നു. ഏറ്റവും വിദൂരമായ ഓർമതന്നെ ഒരു മരവുമായി ബന്ധപ്പെട്ടതാണ്. താഴെ മിഴിച്ചുനിൽക്കുന്ന ഗ്രഹണിദീനക്കാരനു മരുന്നുണ്ടാക്കാനായി ചോണനുറുമ്പുകളുടെ കൂടെടുക്കാൻ ശരീരമാകെ വെണ്ണീറു തേച്ച് നാടൻ പണിക്കാരാരോ വീടിന്റെ കിഴക്കുവശത്തായുള്ള കൂറ്റൻ ഒളോർമാവിലേക്കു കയറിപ്പോകുന്നു. 

 

പടർന്നു പന്തലിച്ച പലതരം മാവുകൾ, പേരാലുകൾ, അരയാലുകൾ, ഇലഞ്ഞികൾ, പുളി, ഒണ്ടമ്പുളി, പറങ്കിമാവുകൾ എന്നിങ്ങനെ അക്കാലത്തുണ്ടായിരുന്ന മരങ്ങളിൽ അവശേഷിക്കുന്നത് ഒന്നോ രണ്ടോ മാത്രം. ഈഴച്ചെമ്പകങ്ങളും അനവധിയുണ്ടായിരുന്നു. ഗുളികന്റെ ആവാസ കേന്ദ്രങ്ങളാണവ. നട്ടുച്ച നേരത്ത് ചെമ്പകത്തിൽ കയറിയാൽ ഗുളികൻ തള്ളിയിട്ടതു തന്നെ. ഞങ്ങൾ കുട്ടികൾക്കു പേടി ഗുളികനെ മാത്രമായിരുന്നു. അതിനാൽ ഉച്ചസമയങ്ങളിൽ ഞങ്ങൾ ചെമ്പകമരങ്ങളെ പാടേ ഒഴിവാക്കി. 

cv-balakrishnan-3

 

നാട്ടുവഴിയുടെ ഓരങ്ങളിലങ്ങിങ്ങ് മരങ്ങൾ നട്ടുപിടിപ്പിക്കാൻ യത്നിച്ചിരുന്ന ഒരു വൃദ്ധൻ എന്റെ ഓർമയിലുണ്ട്. അയാൾ എവിടത്തുകാരനാണെന്നറിയില്ല. മെലിഞ്ഞ ശരീരമായിരുന്നു. നരച്ച മുടിയും നീണ്ട താടിയും. ഇടയ്ക്ക് എപ്പോഴൊക്കെയോ വരും. ആരോടുമൊന്നും സംസാരിക്കില്ല. താൻ നട്ട മരങ്ങൾക്കു വെള്ളം നനച്ചു കൃതാർഥനായി നടന്നുപോകും. ഒരു തൈ ഉണങ്ങിക്കണ്ടാൽ അടുത്ത വരവിൽ മറ്റൊന്നു നടും– പിന്നെ എപ്പോഴോ അയാൾ വരാതായി. 

 

നാട്ടുവഴി ടാറിട്ട റോഡായി മാറിയതു വളരെക്കാലം കഴിഞ്ഞാണ്. ഉന്തുവണ്ടികളുടെയും കാളവണ്ടികളുടെയും പാതയായിരുന്നു അന്നത്. ചാക്കുകൾ അട്ടിവച്ച ഉന്തുവണ്ടികൾ വലിച്ചുനീങ്ങാൻ ക്ലേശിക്കുന്ന വണ്ടിക്കാർ ഞങ്ങൾ കുട്ടികളോടു പറയും: 

 

‘ഒന്ന് സഹായിക്കിൻ മക്കളേ, മടക്കത്തിന് കയറ്റാം ഇതില്.’ 

desasmaranakal

ഉന്തുവണ്ടികൾ മടങ്ങിവരുന്നതും കാത്ത് ഞങ്ങൾ നിൽക്കും. വണ്ടിക്കാർ വാക്കു തെറ്റിക്കില്ല. ദേശത്തിന്റെ തെക്കേ അതിർത്തിവരെ സൗജന്യ സവാരി. ഉരുൾകല്ലുകൾക്കു മുകളിലൂടെയാണെങ്കിലും അതു ഞങ്ങൾ ഏറെ ആസ്വദിച്ചിരുന്നു. 

 

ദേശത്തെ കുട്ടികളുടെയും വഴിപോക്കരുടെയും ദാഹമകറ്റാനായി തലയന്നേരിക്കാവിന്റെ നേരെ മുന്നിൽ നിരത്തുവക്കിലായുള്ള അരയാലിനു ചോട്ടിലെ തണ്ണീർപന്തലിൽ വലിയ മൺകലത്തിൽ മോരുവെള്ളവുമായി കാത്തിരിക്കാറുണ്ടായിരുന്ന ഒരമ്മയെ മറക്കാനാവില്ല. ഉപ്പിലിട്ട മാങ്ങ പിഴിഞ്ഞ്, പച്ചമുളകും നാരകത്തിന്റെ ഇലകളും നുറുക്കിയിട്ട മോരുവെള്ളം എത്ര വേണമെങ്കിലും അവർ ചിരട്ടത്തവികൊണ്ട് കൈക്കുമ്പിളിലേക്ക് ഒഴിച്ചുതരും. അതിന്റെയൊരു സ്വാദ്! 

 

മറ്റൊരു തണ്ണീർപന്തൽ കൂടി അന്നൂരിലുണ്ടായിരുന്നു. ഓലപ്പന്തലല്ല, വഴിയമ്പലംപോലെ കെട്ടിയുണ്ടാക്കിയതാണ്. വെള്ള തേക്കാത്ത ചെങ്കൽച്ചുവരുകൾ. ഉയരം കുറവാണ്. പുറത്ത് ഇരിക്കാനായി തിണ്ണയുണ്ട്. സൗന്ദര്യവും വിശുദ്ധിയുമാർന്ന ആ ചെറിയ കെട്ടിടം നാടിന് എന്നോ നഷ്ടമായി. പഴയ ഈടുവയ്പുകളിൽ അവശേഷിക്കുന്നതു ചില കുളങ്ങളാണ്. മഴക്കാലങ്ങളിൽ അവ നിറഞ്ഞുകവിയും. ഒരു വീടിനോടും ചേർന്നു കുളിമുറിയില്ല അന്ന്. കുളി ഒന്നുകിൽ കിണറ്റിൻകരയിൽ; അല്ലെങ്കിൽ കുളത്തിൽ. കുളങ്ങൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു. പെണ്ണുങ്ങൾ മിക്കവാറും വരിക സന്ധ്യകളിലാണ്. അവർ കുളിക്കാനിറങ്ങുക ബ്ലൗസ് ധരിച്ചോ, മുലക്കച്ചകൾകെട്ടിയോ അല്ല. ആകെക്കൂടി ചുറ്റിയിരുന്നത് ഒരു ഈരിഴത്തോർത്താണ്. പുടവയോ മേൽമുണ്ടോ കുളപ്പടവിൽ മാറ്റിവയ്ക്കും. അങ്ങനെ സ്നാനം ശരീരലാവണ്യത്തിന്റെ ഒരു തുറന്ന ആഘോഷമായിരുന്നു. ആൺകുട്ടികളെ സംബന്ധിച്ച് അതു ചുവന്ന കോണകങ്ങളുടെകാലമാണ്. പക്ഷേ, കുളക്കരയിലെത്തിയാലുടനെ കോണകങ്ങൾപോലും പരിത്യജിച്ച് അവർ തങ്ങളുടെ തികഞ്ഞ നിഷ്കളങ്കത പ്രഖ്യാപിച്ചുപോന്നു. അവരെ വരവേൽക്കാൻ കുളത്തിൽ മുശുവെന്ന കറുത്ത മൽസ്യങ്ങൾ. ചില്ലറ കുസൃതികളൊക്കെ അവ കാട്ടുമായിരുന്നു. പെണ്ണുങ്ങൾ ഇടയ്ക്കു പറയുന്നതു കേൾക്കാം ‘ഇതെന്ത്ന്ന്‌പ്പാ ഈ മുശു കളിക്ക്‌ന്ന്!’ 

cv-balakrishnan-1

 

കുട്ടികളെ ഉൾക്കൊണ്ടിരുന്ന മറ്റൊരിടം തലയന്നേരിക്കാവാണ്. കാവിൽ പൂമാല ഭഗവതി കുടിയിരിക്കുന്നു. പകൽനേരങ്ങളിൽ കാവ് വവ്വാലുകൾക്കുകൂടി അവകാശപ്പെട്ടതാണ്. കാവിലെ മരങ്ങളിലത്രയും വവ്വാലുകൾ തലകീഴായി തൂങ്ങിക്കിടക്കുന്നു. കുട്ടികൾ മൺകട്ടകളെറിഞ്ഞ് അവയുടെ പകലുറക്കം പലപ്പോഴും അലോസരപ്പെടുത്താറുണ്ടായിരുന്നു. ഉറക്കം കഴിഞ്ഞ് സന്ധ്യയോടെ അവ കൂട്ടംകൂട്ടമായി ഇരതേടിപ്പോകുന്നത് ഇന്നും ദേശത്തെ ഒരു പതിവുകാഴ്ച തന്നെ. തലയന്നേരിക്കാവിൽ മീനമാസത്തിലെ പൂരോത്സവം പ്രധാനമാണ്. പെൺകുട്ടികൾ കാവിൽ തന്നെ വ്രതനിഷ്ഠയോടെ താമസിച്ചാണു പൂവിടുക. 

 

ഉത്സവത്തിന്റെ അവസാന ദിവസത്തെ ചടങ്ങായ പൂരംകുളി കാണാൻ ദേശത്തുള്ളവരാകെ കാവിൽ ഒന്നിച്ചുകൂടും. കാവിലെ അനുഷ്ഠാനകലയായ പൂരക്കളി ആവേശകരമായ അനുഭവമായിരുന്നു. കാവിൽനിന്നുള്ള വെളിച്ചപ്പാടന്മാർ വലിയ വാൾ വിറപ്പിച്ചും അരമണികളും ചിലമ്പുകളും മുഴക്കിയും അനുഗ്രഹം വർഷിച്ചുകൊണ്ടും വീടുവീടാന്തരം കയറിയിറങ്ങും. വലിയ വെളിച്ചപ്പാടിന്റെ കനംമുറ്റിയ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു : ‘ഗുണം വരണം! ഗുണം വരണം!’ 

 

പോയ കാലത്തിലേക്കു ചെവിയോർക്കെ വേറെ ചില പ്രസാദാത്മക ശബ്ദങ്ങൾ ഉയർന്നുകേൾക്കുന്നത് അന്നൂർ യു പി സ്കൂൾ എന്നു പേരായി അന്നു ദേശത്തുണ്ടായിരുന്ന ഒരു വിദ്യാലയത്തിൽനിന്നാണ്. ഏറെക്കാലം ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിരുന്ന പ്രഗല്ഭനായ അധ്യാപകൻ കൂടിയായ കാനായി കുഞ്ഞിരാമൻ മാസ്റ്റർ കഴുത്തിലൂടെ ശുഭ്രമായ വേഷ്ടി ചുറ്റിനിന്ന്, പല്ലുകൾ പോയതുമൂലം തെല്ല് അസ്പഷ്ടമായ രീതിയിൽ ഇംഗ്ലിഷ് പഠിപ്പിക്കുന്നു. 

 

ഗ്രേസി ടീച്ചറും സരോജിനി ടീച്ചറും കുട്ടികളോടായി പാടുന്നു. അവരുടെ പാട്ടുകൾ കുട്ടികൾ ഏകസ്വരത്തിൽ ഏറ്റുപാടുന്നു. ക്രാഫ്റ്റ് അധ്യാപകനായ കുഞ്ഞിരാമൻ മാസ്റ്റർ അത്യന്തം നാടകീയത കലർത്തി ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ കുട്ടികളെ പറഞ്ഞുകേൾപ്പിക്കുന്നു. മലയാളം പണ്ഡിറ്റ് ഒരു വള്ളത്തോൾ കവിത നീട്ടി ആലപിക്കുന്നു. ഏറ്റവും വെടിപ്പുള്ള വസ്ത്രം ധരിച്ചെത്തുമായിരുന്ന കോമൻ ഇടയ്ക്കിടെ മണി മുഴക്കുന്നു... 

 

വിദ്യാലയത്തിനും തപാലാപ്പീസിനും പുറമെ ദേശത്തുണ്ടായിരുന്ന സ്ഥാപനം സഞ്ജയൻ സ്മാരക ഗ്രന്ഥാലയമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘടകം ഈ ഗ്രന്ഥാലയമാണെന്നതിൽ ഒരു സംശയവുമില്ല. ഞാനവിടെ ഒരു കൂട്ടുകാരന്റെയൊപ്പം വളരെ സങ്കോചത്തോടെ കയറിച്ചെന്ന് ഒരംഗമായത് ആറാം ക്ലാസിലായിരുന്നപ്പോഴാണ്. അമ്പരപ്പിക്കുന്ന അറിവുകളുടെ ഒരു ബൃഹത് പ്രപഞ്ചമാണ് ഗ്രന്ഥശേഖരമുള്ള ചെറിയ മുറിയിൽ ഞാൻ കണ്ടെത്തിയത്. ‘ജീവിതം, ജീവിതം’ എന്ന ആരവം ഓരോ പുസ്തകത്തിന്റെയും താളുകളിൽ നിന്ന് അനുസ്യൂതമായി ഉയർന്നുകൊണ്ടിരുന്നു. മലയാളത്തിൽ അന്നോളമെഴുതപ്പെട്ട മികച്ച കൃതികളത്രയും അവിടെയുണ്ടായിരുന്നു. ചില ദിവസങ്ങളിൽ വായനശാലയിൽ തന്നെയിരുന്ന് രണ്ടും മൂന്നും പുസ്തകങ്ങൾ ഞാൻ വായിച്ചു തീർത്തിട്ടുണ്ട്. 

വാർഷിക ഗ്രാന്റ് കിട്ടി പുതിയ പുസ്തകങ്ങൾ കണ്ണൂരിൽനിന്നു വാങ്ങിക്കൊണ്ടുവരുന്ന ദിവസം ഒരു ഉത്സവംപോലെയായിരുന്നു എനിക്ക്. ഓരോ പുസ്തകവും എന്നെ എന്തുമാത്രം കൊതിപ്പിച്ചുവെന്നു വിവരിക്കാനാവില്ല. 

 

അനേകം ഊടുവഴികളിലൂടെയും വനരഥ്യകളിലൂടെയും ജലപ്രവാഹങ്ങളിലൂടെയും ഗിരിനിരകളിലൂടെയും മേഘമാർഗങ്ങളിലൂടെയും അവ എന്നെ കൊണ്ടുപോയി. നീണ്ട, പച്ച നിറത്തിലുള്ള ഒരു വാഹനംകൂടിയുണ്ട് ഓർമയിൽ. അത് ചലിക്കുന്ന ഗ്രന്ഥശാലയാണ്. ഒന്നോ, രണ്ടോ മാസം കൂടുമ്പോഴാണ് ദേശത്തെത്തുക. അതിൽ നിന്നു സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിലേക്ക് ഓരോ തവണയും പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ഞാനും കൂടാറുണ്ടായിരുന്നു. സ്വയം മതിപ്പു തോന്നിയിരുന്ന സവിശേഷ സന്ദർഭങ്ങളായിരുന്നു അവ. 

ദേശത്തിന്റെ പൂർവചരിത്രത്തിൽ ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവുമൊക്കെയുണ്ട്. പക്ഷേ, അതിനൊന്നും ഞാൻ സാക്ഷിയല്ല. കേട്ടറിവേയുള്ളൂ. എന്റെ വിസ്മയകരങ്ങളായ അനുഭവങ്ങൾ ദേശത്ത് അവതരിപ്പിക്കപ്പെട്ട നാടകങ്ങളായിരുന്നു. ദേശവാസികൾ നാടകമെന്ന കലാരൂപത്തോടു കാണിച്ചിട്ടുള്ള ആഭിമുഖ്യം അന്യദേശക്കാരെ അമ്പരപ്പിക്കാൻപോന്ന വിധത്തിൽ അതിതീവ്രമായിരുന്നു. 

 

കുട്ടിക്കാലത്ത് ഞാൻ ചുറ്റിലും കാണുന്നവരൊക്കെയും നടന്മാരാണ്. ദേശത്തിന്റെ തയ്യൽക്കാരനും തപാൽ ശിപായിയും രാഷ്ട്രീയപ്രവർത്തകരും വക്കീൽ ഗുമസ്തന്മാരും കർഷകരും ഹോട്ടൽ തൊഴിലാളികളും പാചകവിദഗ്ധരും അധ്യാപകരും എന്നുവേണ്ട, നാടകങ്ങളിൽ അഭി

നയിക്കുകയോ നാടക സംരംഭങ്ങളിൽ സജീവമായി ഭാഗഭാക്കാവുകയോ ചെയ്യാത്ത ആരും ദേശത്തുണ്ടായിരുന്നില്ലെന്നു തന്നെ പറയാം. രവിവർമ കലാനിലയത്തിന്റെ ഒരു വാർഷികാഘോഷത്തന്റെ ഭാഗമായി സി.എൻ. ശ്രീകണ്ഠൻ നായരുടെ ‘കാഞ്ചനസീത’ അവതരിപ്പിക്കപ്പെട്ടപ്പോൾ ദേശമാകെ ഒരു ഉത്സവ ലഹരിയിലായിരുന്നു. ആളുകൾ ശരിക്കും അതു കൊണ്ടാടി. അതേക്കുറിച്ചുള്ള ചർച്ചകളാവട്ടെ, അനേക ദിവസങ്ങൾ നീണ്ടുനിന്നു. ദേശത്ത് ക്രിസ്ത്യൻ കുടുംബങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ക്രൈസ്തവ ജീവിത പശ്ചാത്തലത്തിലുള്ള ചില നാടകങ്ങൾ ഞങ്ങളുടെ മൈതാനിയിൽ അരങ്ങേറുകയുണ്ടായി. അവ അന്നൊരു ചെറിയ കുട്ടിയായ എന്നിൽ ചെലുത്തിയ സ്വാധീനം എത്രമേൽ അഗാധമാണെന്നു ഞാൻ തിരിച്ചറിഞ്ഞത് ഏറെക്കാലം കഴിഞ്ഞാണ്. 

 

മനസ്സിൽ പതിഞ്ഞുകിടക്കുന്ന കാഴ്ചകൾ ഇനിയുമുണ്ട്. വിഷ്ണുമൂർത്തി, പണയക്കാട്ട് ഭഗവതി, ഗുളികൻ, ഊർപ്പഴച്ചി, വേട്ടയ്ക്കൊരു

മകൻ, ചാമുണ്ഡി, കുട്ടിച്ചാത്തൻ, പൊട്ടൻ, കതിവന്നൂർ വീരൻ, മുത്തപ്പൻ, കുറത്തി, കാലിച്ചാൻ എന്നിങ്ങനെ പലപല തെയ്യങ്ങൾ. 

കർക്കടകത്തിൽ വീടുതോറും പാടിയാടുന്ന കർക്കടോത്തിയും ആടിവേടനും, ചിങ്ങത്തിൽ ഉത്രാടം, തിരുവോണം നാളുകളിലായി ഓണവില്ലേന്തിയും മണി കിലുക്കിയും വരുന്ന ഓണത്താർ. അരയിൽ ഗോമുഖം കെട്ടി പനിയന്മാരുടെ അകമ്പടിയോടെ വരാറുള്ള കോതാമ്മൂരി – ഈ ആരാധനാമൂർത്തികളെല്ലാം ദേശത്തുള്ളവരോടു പറയാറുണ്ടായിരുന്നത് ഇതാണ്: ‘വാഴ്ക, വാഴ്ക... വാഴ്ക, വാഴ്ക...’ 

 

ഇവിടെനിന്ന് ചുറ്റും കണ്ണോടിക്കുമ്പോൾ എനിക്കു തോന്നും ഒരു വലിയ അരങ്ങിലാണെന്ന്. തെയ്യങ്ങളും മനുഷ്യരും പറവകളുമൊക്കെച്ചേർന്ന മഹാനാടകം തുടർന്നുകൊണ്ടേയിരിക്കുന്നു... 

(മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ദേശസ്മരണകൾ എന്ന പുസ്തകത്തിൽ നിന്ന്)

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

English Summary: Desasmaranakal book edited By Anil Kurudath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com