ADVERTISEMENT

നഷ്ടസ്മൃതികളുടെ വർണ്ണങ്ങൾ (കഥ)

വളരെ ക്ഷീണിതനായിരുന്നു രാജേഷ്. ഒഫീസിലെ തിരക്ക് അയാളെ വലച്ചു കളഞ്ഞു. കുറച്ചൊന്ന് മയങ്ങാമെന്നു കരുതി കണ്ണുകളടയ്ക്കേണ്ട താമസം മൊബൈലിൽ മെസ്സേജിന്റെ കിളി ചിലച്ചു. ഫോൺ എടുക്കുന്നതിനു മുൻപേ അയാളോർത്തു അത് രാധികയാവും.... ദിവസവും അവളോടും മക്കളോടും വീഡിയോ കോൾ ചെയ്ത് സംസാരിച്ചാലും അവൾക്ക് വാട്സാപ്പിൽ എന്തെങ്കിലുമൊക്കെ മെസ്സേജുകൾ അയച്ചാലേ തൃപ്തിയാവൂ. ഈയിടെയായി അത് കൂടുന്നുണ്ട്. കുറച്ചൊരു അനിഷ്ടത്തോടെ അയാൾ മൊബൈൽ എടുത്തു... രാധികയുടെ വാട്സാപ്പ് മെസ്സേജ് അല്ല. പരിചയമില്ലാത്ത നമ്പറിൽ നിന്നും വേറെ ആരുടെയോ മെസ്സേജ്. ‘‘എന്നെ അറിയുമോ....’’ രാജേഷിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അയാൾ വിശ്വാസം വരാതെ വീണ്ടും ആ പ്രൊഫൈൽ ഫോട്ടോയിലേക്ക് നോക്കി. 

സരിത... അവളുടെ മെസ്സേജ് ആണ്.... മനസ്സ് അതിവേഗം ഇരുപത് വർഷങ്ങൾക്കു പിറകിലേക്ക് യാഗാശ്വം പോലെ പറന്നു. പത്താംക്ലാസ്സ് കഴിഞ്ഞ് അടുത്തുള്ള കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. അവിടെ വച്ചാണ് സരിതയെ അവൻ ആദ്യമായി കാണുന്നത്. അധികമാരോടും സംസാരിക്കാത്ത ഒരു പെൺകുട്ടി ഒരു ഗ്രാമത്തിന്റെ വിശുദ്ധി അവളുടെ മുഖത്ത് രാജേഷ് കണ്ടു. ഓരോ തവണ കാണുമ്പോഴും അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു... അങ്ങനെയിരിക്കെ ഒരു ദിവസം കോളജ് വിട്ട് വരുന്ന വഴി മൈതാനത്തിനടുത്തു പൂത്തു നിൽക്കുന്ന ഗുൽമോഹർ മരത്തിന് ചുവട്ടിൽ വച്ച് അവളോട് മനസ്സിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു. മറുപടിയേതും പറയാതെ അവൾ നടന്നകന്നു. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ആ കണ്ണുകളിൽ അവൻ അനുരാഗത്തിന്റെ കടലാഴങ്ങൾ കണ്ടു. പ്രണയത്തിന്റെ പൂക്കാലമായിരുന്നു പിന്നെ. കോളജ് വിടുമ്പോൾ ബസ്സ് സ്റ്റോപ്പിലേക്ക് അനുഗതനായി അവനും കൂടെയുണ്ടാകും...

ഒടുവിൽ കോളജിലെ അവസാനദിവസം യാത്ര പറയുമ്പോൾ അവൾ കരയുകയായിരുന്നു. ഒരിക്കലും മറക്കില്ല എന്നു പറയുമ്പോൾ അവനും കരഞ്ഞു. വീണ്ടും കാണുമെന്നും തങ്ങളുടെ പ്രണയം എന്നും നിലനില്‍ക്കുമെന്നുമൊക്കെ പ്രതീക്ഷിച്ചെങ്കിലും അതിനു ശേഷം അവളെ കണ്ടിട്ടില്ല. ഒരുപാടു തവണ ശ്രമിച്ചെങ്കിലും.. ഒരു പകൽക്കിനാവ് പോലെ അവൾ മറഞ്ഞു. പഠനമെല്ലാം പൂർത്തിയാക്കി താൻ ഗൾഫിലേക്ക് പറന്നു. പക്ഷേ എന്നും ആ മുഖം മനസ്സിൽ സൂക്ഷിച്ചു വച്ചു. എപ്പോഴെങ്കിലുമൊക്കെ വിടർന്ന വലിയ കണ്ണുകൾ മനസ്സിലേക്ക് കടന്നു വരും. അവളായിരുന്നു കണ്ണുകളിൽ ആദ്യാനുരാഗത്തിന്റെ മിഴിവേകിയത്, മനസ്സിൽ സ്വപ്നങ്ങളിൽ ഉന്മാദമായ് നിറഞ്ഞത്... അവളുടെ ഇഷ്ടം അന്ന് ഒരു പതിനേഴ് വയസ്സുകാരന്റെ പക്വതയിൽ പൂർണ്ണമായി ഉൾക്കൊള്ളാനായില്ല. 

രാജേഷ് ചിന്തയിൽ നിന്നുണർന്നു. ഇപ്പോൾ അവളുടെ മുഖം തനിക്ക് വ്യക്തമാകുന്നില്ല. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ വീണ്ടും നോക്കി. ഇപ്പോൾ കാണുന്നുണ്ട്. അവൾക്ക് വലിയ മാറ്റമൊന്നുമില്ല. ഒരിക്കലും മറക്കില്ല എന്ന് അവൾക്ക് മറുപടി അയക്കുമ്പോൾ മനസ്സ് തുടികൊട്ടുന്നത് അയാളറിഞ്ഞു. പിന്നെയും അവളുടെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു. അവളോട് സംസാരിക്കണമെന്ന് തോന്നിയപ്പോൾ അയാൾ ഫോണെടുത്തു. അവളുടെ നമ്പർ ഡയൽ ചെയ്തു. അങ്ങേത്തലയ്ക്കൽ നിന്നും മധുരമായ നേർത്ത ശബ്ദത്തിൽ ഒരു ഹലോ ഒഴുകി വന്ന് അയാളുടെ കാതുകളിൽ വീണു. നഗരത്തിൽ തന്നെ ബിസിനസ് െചയ്യുന്ന ഭർത്താവും രണ്ട് കുട്ടികളുമായി സന്തുഷ്ടമായ ഒരു കുടുംബചിത്രം അവളുടെ വാക്കുകളിൽ നിന്ന് അയാൾക്ക് കിട്ടി. 

പെട്ടെന്നൊരു ആവേശത്തിൽ വെറുതെ അവളോട് ചോദിച്ചു ‘‘അന്നെന്നെ ശരിക്കും ഇഷ്ടമായിരുന്നോ തനിക്ക് ’’? ഇഷ്ടമല്ല ജീവനായിരുന്നു എന്നുള്ള അവളുടെ മറുപടി മനസ്സിൽ കുളിർമഴയായ് പെയ്തിറങ്ങുന്നത് അയാളറിഞ്ഞു. അവൾ പറഞ്ഞു‘‘ ഒരു പെണ്ണിനും അവളുടെ ആദ്യാനുരാഗം മറക്കാൻ കഴിയില്ല. എന്റെ ജീവതത്തിൽ ആദ്യവും അവസാനവും നീയായിരുന്നു എന്നെങ്കിലുമൊരിക്കൽ നീയെന്നെ തേടി വരുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു. പക്ഷേ എല്ലാം വെറുതെയായി. പെൺമക്കൾ വളർന്നു വരുന്ന ഒരച്ഛന്റെ നിസ്സഹായതയ്ക്ക് മുന്നിൽ എനിക്ക് തല കുനിക്കേണ്ടി വന്നു...’’ അവളുടെ ശബ്ദമിടറുന്നത് അയാളറിഞ്ഞു... അവൾ തുടർന്നു ‘‘എന്നിട്ടും ഉള്ളിൽ ഞാനെന്നും ആ മുഖം സൂക്ഷിച്ചു. ഇടയ്ക്കൊക്കെ ഓർത്തു താലോലിക്കാൻ’’ രാജേഷിന് അവളെ ചേർത്തൊന്ന് പുൽകാൻ തോന്നി... അവളെ ആശ്വസി പ്പിക്കാൻ.

പിന്നീടുള്ള ദിവസങ്ങളിൽ അയാൾക്ക് മനസ്സിലായി. വീണ്ടും പ്രണയം തന്റെ ഉള്ളിൽ നിറയുന്നത്. മനസ്സ് കടിഞ്ഞാൺ പൊട്ടിയ കുതിരയാവുന്നത് അയാളറിഞ്ഞു. ഓരോ നിമിഷവും അവളുടെ മെസ്സേജുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പായി മാറി. ഇടയ്ക്ക് വരുന്ന രാധികയുടെ മെസ്സേജുകള്‍ക്ക് വേഗം മറുപടി കൊടുത്തവസാനിപ്പിക്കും. അങ്ങനെയിരിക്കെ രണ്ടു മൂന്ന് ദിവസത്തേക്ക് സരിതയുടെ മെസ്സേജുകൾ ഒന്നും വന്നില്ല. വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല. രാജേഷിന് ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി. മനസ്സ് ആകെ അസ്വസ്ഥമായി. പെട്ടെന്ന് ഫോൺ ശബ്ദിച്ചതും അയാൾ പ്രതീക്ഷയോടെ നോക്കി. അതെ അവൾ തന്നെയാണ്. അയാൾ വേഗം ഫോൺ എടുത്തു പരിഭവത്തോടെ പറഞ്ഞു ‘‘നീ എവിടെയായിരുന്നു? മൂന്ന് ദിവസമായി എനിക്ക് മെസ്സേജോ ഫോൺകോളോ വന്നിട്ട്. ഇങ്ങനെ വിഷമിപ്പിക്കരുത്.’’

മറുവശത്തു നിശ്ശബ്ദതയാണ്. അയാൾ വീണ്ടും ഹലോ പറഞ്ഞപ്പോൾ അവൾ പതുക്കെ പറഞ്ഞു ‘‘ഇരുപത് വർഷങ്ങൾ...ഇ രുപത് വർഷങ്ങൾക്കു ശേഷം നമ്മൾ വീണ്ടും കണ്ടുമുട്ടി. എനിക്ക് നിന്നെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞാൻ മറ്റെല്ലാം മറന്നു.. ഇപ്പോള്‍ എനിക്ക് വീണ്ടും പ്രണയമാണ്. നിന്നിൽ നിന്ന് ഒരു നിമിഷം പോലും അകന്നിരിക്കാൻ വയ്യാത്ത അവസ്ഥ. പക്ഷേ ഇതിങ്ങനെ തുടർന്ന് കൊണ്ടു പോയാൽ നമുക്ക് നമ്മുടെ കുടുംബം നഷ്ടമാകും... എല്ലാം തകരും.. അതുകൊണ്ട് നമുക്ക് എല്ലാം മറക്കാം.. ജന്മാന്തരങ്ങൾക്കപ്പുറത്തു നമുക്ക് വീണ്ടും കണ്ടുമുട്ടാം. ഇനിയൊരു ജന്മമുണ്ടെങ്കിൽ നീയെന്റെ ആയിരിക്കും. ഞാൻ കാത്തിരിക്കും. ‘‘ഒരു തേങ്ങൽ അയാൾ കേട്ടു. അവള്‍ കരയുകയാണ്. ഓർമ്മകളുടെ വിദൂരതയിൽ നിറഞ്ഞ കണ്ണുകളോടെ ഒരു പെൺകുട്ടി തനിക്കു നേരെ ഓട്ടോഗ്രാഫ് നീട്ടിയത് അയാളോർത്തു. കണ്ണുകൾ നിറഞ്ഞു. ഇടറിയ ശബ്ദത്തോടെ അയാൾ പറഞ്ഞു ‘‘കരയരുത്... ശരിയാണ് നീ പറഞ്ഞത്. നമ്മളെല്ലാം മറന്നു... പഴയ കാലം ഇനിയൊരിക്കലും തിരിച്ചു വരില്ല.. എവിടെയായാലും നീ സന്തോഷത്തോടെ സുഖമായിരിക്കൂ...’’. കൂടുതൽ പറയാൻ കഴിയാതെ അയാൾ ഫോൺ കട്ട് ചെയ്തു. 

ഹൃദയത്തിനുമേൽ വലിയ ഭാരം അയാൾക്കനുഭവപ്പെട്ടു. മനസ്സിലെവിടെയോ വിങ്ങൽ... പെട്ടെന്ന് ഫോൺ വീണ്ടും ശബ്ദിച്ചു. രാധികയാണ്. ‘‘അയാൾ നിർവികാരതയോടെ ഫോണെടുത്തു ചെവിയോട് ചേർത്തു’’. എവിടെയാ ഏട്ടാ... എത്ര നേരമായി ഞാൻ മെസ്സേജ് അയയ്ക്കുന്നു, വിളിക്കുന്നു...ഏട്ടനെന്താ പറ്റിയത്? അയാൾക്ക് അവളെ കെട്ടിപ്പിടിച്ചൊന്ന് കരയണമെന്ന് തോന്നി. ഒന്നുമില്ല കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ അയാളോർത്തു. ഈ പരിഭവങ്ങളും, പരാതികളുമാണ് തനിക്ക് ഈ ജന്മം സ്വന്തമായത്. നഷ്ടസ്മൃതികളുടെ വർണ്ണങ്ങൾ തേടി ഇനി അലയരുത്. അയാൾ പതുക്കെ കണ്ണുകളടച്ചു. മനസ്സിലെവിടെയോ മേഘമൽഹാർ പെയ്യുന്നുണ്ട്. അവിടെ അയാൾ രാധികയെ കണ്ടു... രാധികയെ മാത്രം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com