മാറിയുടുക്കാൻ ഒരു ജോഡി ഡ്രസ്സു പോലും ഉണ്ടായിരുന്നില്ല; നിറം മങ്ങിയ ബാല്യങ്ങൾ
Mail This Article
നിറമുള്ള ഉടുപ്പുകൾ (കഥ)
നാട്ടിൽ പോയിട്ട് വർഷം മൂന്നായി. മക്കൾ കോളജിൽ പോകാൻ തുടങ്ങിയപ്പോൾ മുതൽ എല്ലാവർക്കും കൂടെ അവധി ഒന്നിച്ച് കിട്ടാറില്ല. അങ്ങനെ മാറ്റിമാറ്റി ഇത്രയുമായി. ലിസിയുടെ അമ്മയ്ക്ക് അത്ര സുഖമില്ല, അങ്ങനെയാണ് ഇത്ര പെട്ടെന്ന് പോകാൻ തീരുമാനിച്ചത്. കുളിമുറിയിൽ വീണതാണ്, നടുവിന് പൊട്ടലുണ്ട്. ജോജി മാത്രം വരുന്നില്ല, അവനു സമ്മർ ക്ലാസുണ്ട്.
പെട്ടിയുടെ ഭാരം നോക്കുന്ന സ്കെയിൽ കാണുന്നില്ല. നോക്കാൻ ഇനി ഇടമില്ല. ഒടുവിൽ ജോണിയുടെ മുറിയിലും നോക്കാമെന്നു കരുതി കയറിയപ്പോഴാണ് കണക്കില്ലാത്ത അവന്റെ തുണികൾ കട്ടിലിലും, കസേരകാലിലും, കതകിലും മറ്റുമായി ഒരടുക്കും ചിട്ടയും ഇല്ലാതെ കിടക്കുന്നതു കണ്ടത്. പലനിറത്തിൽ, പലഫാഷനിൽ, ആവശ്യത്തിലേറെയുള്ള തുണികളുടെ കാഴ്ച മനസ്സിനെ, ഒരു ജോടി നിറമുള്ള ഉടുപ്പിനായി മോഹിച്ച ബാല്യത്തിലേക്ക് അറിയാതെ നടത്തി.
അന്ന് ആകെ ഉണ്ടായിരുന്ന നിറമുള്ള ഉടുപ്പ് ചേട്ടായി ഇട്ടു പഴകിയ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ പലയിടത്തും സ്കൂൾ യുണിഫോം ഇട്ടുപോകേണ്ടിവന്നു. എല്ലാവരും നിറമുള്ള ഉടുപ്പുകളിടുമ്പോൾ വെള്ളയുടുപ്പിട്ട് ഞാൻ ഒന്നുമറിയാത്തവനെപ്പോലെ നടന്നു. എല്ലായിടത്തും ഇട്ടിട്ട് ആകെയുണ്ടായിരുന്ന ഷർട്ടിന്റെയും നിറം മങ്ങിയിരുന്നു. എന്നാൽ കളിക്കിടയിൽ സ്റ്റീഫനുമായുള്ള അടിപിടിൽ തോളിനു മുകളിൽ വച്ച് കീറയതോടെ പ്രശ്നങ്ങൾ സങ്കീർണമായി. കൂട്ടി തുന്നിയാലും അധികകാലം നിൽക്കില്ല എന്ന നിലയിലായി അവസ്ഥ. അപ്പോഴാണു ചെല്ലാമ്മ എന്ന വിളിപ്പേരുള്ള എന്റെ സാലികൊച്ചമ്മ, അമ്മയുടെ നേരേയുള്ള അനുജത്തി എനിക്ക് ഒരു ജോഡി ഉടുപ്പെടുത്തുതരുന്നുണ്ടെന്നു പറഞ്ഞത്.
കല്യാണം കഴിഞ്ഞ് രണ്ടുമാസത്തിനകം വിധവയാകേണ്ടിവന്ന ചെല്ലാമ്മക്ക് വലിയ വേറെ ചിലവുകളില്ലാത്തതിനാലും, കൂട്ടത്തിൽ എന്നോടൽപം സ്നേഹം ഉള്ളതുകൊണ്ടും, അതിലൊക്കെ ഉപരി വീട്ടിൽ വന്നപ്പോഴെ എന്റെ ഷർട്ടിന്റെ സ്ഥിതി മനസ്സിലാക്കിയതുകൊണ്ടും അങ്ങനൊരു തീരുമാനം എടുത്തത്തത് വളരെ ആശ്വാസമായി.
അന്നൊരു ശനിയാഴ്ചയായിരുന്നു. അവധിയുള്ളപ്പോൾ ഇടയ്ക്കിടെ ചെല്ലാമ്മ വീട്ടിൽ വരാറുണ്ടായിരുന്നു. അന്ന് വന്നപാടെ എന്നെയും കൂട്ടി നടക്കാനിറങ്ങി. ഒരു ചുറ്റു ജംഗ്‌ഷനിലൂടെ നടന്നു കലുങ്കിന്റെ നടയിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് തിരിയും മുമ്പാണു പറഞ്ഞത് “എടാ നിന്റെ ഉടുപ്പ് വാങ്ങണ്ടായോ?”. ചോദ്യമായിരുന്നോ, ഉത്തരമായിരുന്നോ എന്നറയില്ല, എനിക്ക് എന്താണു പറയണ്ടതെന്നറിയല്ലായിരുന്നു. വെറുതെ നിന്നു ചിരിച്ചു. പക്ഷേ, ഉള്ളിൽ തൃശൂർപൂരത്തിന്റെ വെടിക്കെട്ടിന് തിരിവെച്ചു കഴിഞ്ഞിരുന്നു.
അങ്ങനെ ഞങ്ങൾ കുമാറിൽ എത്തി. ടൗണിലുള്ള ഏറ്റവും വലിയതും ഏയർ കണ്ടീഷൻ ചെയ്തതുമായ ഏക തുണിക്കട കുമാർ മാത്രമായിരുന്നു. ചെമ്പകശേരിൽ കുറുപ്പിന്റെയായിരുന്നു കട. സ്ഥലത്തെ കാശുള്ള ഒട്ടുമുക്കാൽ ആളുകളും അവിടെ നിന്നെ തുണിയെടുക്കാറുള്ളൂ, തോപ്പിൽ ഗോപിനായർ ഒഴികെ. അയാൾ കായംകുളത്തു പോയെ ഏടുക്കൂ. കാരണം, അയാളുടെ മരുമകന് അവിടെ ഇതുപോലൊരു തുണിക്കടയുണ്ടായിരുന്നു.
സാധാരണക്കാരും പാവങ്ങളും സുജാതയിലോ, നടക്കാവിലെ അയ്യപ്പന്റെ പേരില്ലാത്ത തുണിക്കടയിലോ നിന്നായിരുന്നു തുണിയെടുക്കുക. ഞാൻ മനസ്സിൽ കണ്ടത് സുജാതത്തിൽ നിന്ന് തുണിയെടുത്ത് തയ്യക്കാരൻ പാപ്പിച്ചേട്ടന്റെ അവിടെ തൈക്കാൻ കൊടുക്കുമെന്നാണ്. അതായിരുന്നു വീട്ടിലെ പതിവ്. എന്നാൽ കുമാറിൽ കയറിയെന്നതിൽ ഉപരി റെഡിമെയ്ഡാണന്നു കൂടി കേട്ടപ്പോൾ സന്തോഷം ഇരട്ടിച്ചു.
ഇട്ടിരുന്നത് ഊരി അവർ തന്ന ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു പിടിച്ച് രണ്ടുവശത്തും പോക്കറ്റു പിടിപ്പിച്ച ആ മഞ്ഞകലർന്ന വരയുള്ള ഷർട്ടും, ഇളം മഞ്ഞ നിക്കറും ഇട്ട് ചെല്ലാമ്മയോടൊപ്പം നടക്കുമ്പോൾ മനസ്സിൽ പൂരത്തിന്റെ ഒടുക്കമെന്നോണം മാലപ്പടക്കത്തിന്റെ ഗുണ്ടുകൾ നിർത്താതെ പൊട്ടുകയായിരുന്നു.
പിന്നീടുള്ള എത്ര ദിവസങ്ങൾ അത് അഴിച്ചുവയ്ക്കാതെ ഇട്ടുകൊണ്ട് നടന്നുവെന്നറിയില്ല. കഴുകിയിടാനായി അമ്മ പലവട്ടം ചോദിച്ചിട്ടും കൊടുത്തില്ല. പക്ഷേ ഒരു ദിവസം ഞാൻ സ്ക്കൂളിൽ നിന്നും വന്നപ്പോൾ ആ ഷർട്ടും നിക്കറും ഞാൻ വെച്ചിരുന്നിടത്ത് കണ്ടില്ല. തിരക്കിയപ്പോൾ അമ്മയാണു പറഞ്ഞത്, “എടാ, എന്ത്രനാളായടാ, ചെളി പിടിച്ചിട്ട് അതിന്റെ നിറകൂടി മങ്ങി. അതു കഴുകി വടക്കേപ്പുറത്തെ മതിലിൽ ഇട്ടിട്ടൊണ്ട്. സന്ധ്യക്ക് മുമ്പ് എടുത്തേക്കണേ”
സന്ധ്യക്കായി ഞാൻ കാത്തുനിന്നില്ല. പിന്നാമ്പുറത്തൂടെ ഓടി വടക്കേ മതിലിനടുത്തെത്തി. ചുറ്റും നോക്കിയിട്ടും ഷർട്ടും നിക്കറും കണ്ടില്ല. എത്തിവലിഞ്ഞ് മതിലിനപ്പുറത്ത് നോക്കി, അവിടെയും കണ്ടില്ല. അമ്മേ വിളിച്ച്, ചേച്ചിയോ മറ്റോ എടുത്ത് മടക്കിവെച്ചോയെന്ന് ചോദിച്ചു. പക്ഷേ, ആരും കണ്ടില്ല. വടക്കേലെ പെറ്റിയാഫീസറുടെ വീട്ടിൽ എന്റെ പ്രായത്തിൽ ആരുമില്ല, അല്ലെങ്കിൽ തന്നെ അവർക്കതിന്റെ ആവശ്യവും ഇല്ല. അന്നു രാത്രി ഉണ്ടില്ല, ഉറങ്ങിയുമില്ല. രാവിലെ വെളിച്ചം വീഴും മുമ്പ് അവിടെ ചെന്ന് വീണ്ടും നോക്കി, പായലുപിടിച്ച് ഉണങ്ങിയ മതിലിന്റെ മങ്ങിയ നിറം മാത്രം കൺമുന്നിൽ തെളിഞ്ഞു.
ആ വേദന എത്ര നാൾ നിന്നുവെന്ന് ഓർക്കുന്നില്ല. പിന്നീടെന്നോ അമ്മ പറഞ്ഞു,“അത്, അപ്പുറത്ത് പണിക്കുവരുന്ന അന്നമ്മയെടുത്തു കൊണ്ടുപോയതാവും”. അവരുടെ മകൻ കുട്ടന് എന്റെ പ്രായമായിരുന്നു, അതുതന്നെയായിരുന്നു അമ്മയുടെ ന്യായവും. പക്ഷേ അതു വിശ്വസിക്കാൻ ഞാൻ കൂട്ടാക്കിയില്ല. അടുത്ത പള്ളിപ്പെരുന്നാളിനു ചെല്ലാമ്മ വാങ്ങിതന്ന ആ ഇളം മഞ്ഞ ഉടുപ്പും അതിന്റെ നിക്കറും ഇട്ട് കയ്യിൽ പിടിച്ച ബലൂണുമായി കൂട്ടുകാരോടൊത്തുനിന്ന് കുട്ടൻ കടല കൊറിക്കുന്നതു കണ്ടപ്പോഴാണ് അമ്മ പറഞ്ഞത് നേരാണെന്ന് ബോധ്യമായത്.
വഴിയിലിട്ട് എന്റെ ഉടുപ്പും നിക്കറും ഉരിഞ്ഞെടുക്കണമെന്നാണ് ആദ്യം തോന്നിയത്. അത്രക്കുമുണ്ടായിരുന്നു ദേഷ്യം.
"അപ്പനെന്തേടുക്കുവാ ഇവിടെ?" മുറിക്കുള്ളിലേക്ക് കയറിവന്ന ജോണിയുടെ ശബ്ദം വർഷങ്ങൾക്കു പിന്നിൽ ഉടക്കിനിന്ന ചിന്തകൾക്ക് വിരാമമിട്ടു. പ്രിയപ്പെട്ട ചെല്ലാമ്മ വാങ്ങിത്തന്ന നിറമുള്ള ഉടുപ്പുകൾ നിറഞ്ഞ ഓർമകൾ വീണ്ടും നൊഞ്ചോട് ചേർത്ത് കൈയിൽ പിടിച്ച സ്കെയിലുമായി അയാൾ പുറത്തേക്കിറങ്ങി.