ഒരിക്കൽ ഉള്ളറിഞ്ഞു സ്നേഹിച്ചു, പിന്നെ കാണുന്നത് വൃദ്ധസദനത്തിൽ
Mail This Article
നിലാവും നിഴലും... പിന്നെ പപ്പന്റെ മാത്രം ഗ്രേസിയും ! (കഥ)
പപ്പൻ സാറിന്റെ മൃതദേഹവുമായി ഉച്ചിയിൽ നീലവെളിച്ചം മാത്രം മിന്നിച്ച്, മഴ തോർച്ചയിലെ മൗനം പോലെ, അങ്ങേയറ്റം നിശബ്ദമായി 'ആനന്ദനിലയത്തിന്റെ' തറയോട് പാകിയ മുറ്റം വിട്ടുപോകുന്ന ആംബുലൻസ് നോക്കി നിൽക്കുമ്പോൾ രാജീവന്റെ കൈ തണുത്തുറഞ്ഞു മരവിച്ചതുപോലായി മാറിയിരുന്നു. സാറിന്റെ മരണവാർത്തയറിഞ്ഞ് വിദേശത്തു നിന്നു വന്ന മക്കൾക്ക് അച്ഛന്റെ ജീവൻ നിലച്ച ശരീരത്തെ ഒന്നു തൊട്ടു നോക്കാൻ പോലും അറപ്പായിരുന്നതു കൊണ്ടും ആ ദേഹത്തെ അങ്ങേയറ്റം ബഹുമാനത്തോടെയും കരുതലോടെയും ആംബുലൻസിലേക്ക് കയറ്റിയത് രാജീവനായിരുന്നതു കൊണ്ടും മരിച്ചു കിടന്ന പപ്പൻ സാറിൽ നിന്ന് രാജീവനിലേക്ക് പകർന്നു കിട്ടിയ മരണത്തിന്റെ തണുപ്പായിരുന്നു അത്.. ആംബുലൻസ് കൺവെട്ടത്തു നിന്നും മറഞ്ഞു പൊയ്ക്കഴിഞ്ഞ്, വെയിലിൽ ചുട്ടുപഴുത്തു കിടന്ന തറയോടിൽ ചവിട്ടി നടക്കുമ്പോൾ രാജീവനോർമ വന്നത് 'ഈ ടൈലൊക്കെ ഇളക്കി കളയണം രാജീവാ.. മണ്ണ് ചവിട്ടി നടക്കണം.. മണ്ണ് ചവിട്ടി വേണം നിൽക്കാൻ ..' എന്നെപ്പോഴും പറഞ്ഞു കൊണ്ട്, തറയോടിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ, നടന്നുപോകുന്ന പപ്പൻ സാറിനെയായിരുന്നു, തൊട്ടു പിറകിൽ 'നീ ഇതു കേട്ടിട്ട് ഈ ടൈലൊക്കെ പൊളിക്കാൻ നിക്കണ്ടടാ.. പപ്പന് പണ്ടൂണ്ടായിരുന്നു ഇങ്ങനത്തെ ഓരോ പ്രാന്തോള് ' എന്നു കളിപറഞ്ഞു നടക്കുന്ന ഗ്രേസി ടീച്ചറെയുമായിരുന്നു.. നിലാവ് പോലെ ഗ്രേസി ടീച്ചർ.. നിഴലുപോലെ പപ്പൻ സാറും..
പപ്പൻ സാറെപ്പോഴും ഓർമകളിലും പോയ കാലത്തിന്റെ വിശുദ്ധിയിലും ജീവിച്ചപ്പോൾ, ഗ്രേസി ടീച്ചറാകട്ടെ കഴിഞ്ഞ കാലത്തെ മുഴുവനായും പപ്പടം പോലേ പൊടിച്ചു കളഞ്ഞ് ഓർമകളെ മുഴുവൻ ഒരു കീറചാക്കിൽ കൂട്ടിക്കെട്ടി എങ്ങാണ്ടൊക്കെയോ കൊണ്ടുപോയി കളഞ്ഞാണ് ആനന്ദനിലയത്തിലേക്കു കടന്നു വന്നത്.. എന്നിട്ടു പോലും പപ്പൻ സാറിനെ ആനന്ദനിലയത്തിൽ വെച്ച് വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ, എങ്ങാണ്ടൊക്കെയോ കൊണ്ടുപോയിക്കളഞ്ഞ ഓർമകളെല്ലാം കൂടി ഗ്രേസി ടീച്ചറേയും തിരഞ്ഞുതിരഞ്ഞ് 'ഞങ്ങളങ്ങനെ പോവില്ല ടീച്ചറെ' എന്നും പറഞ്ഞ് ഒരോട്ടോ പിടിച്ചു വന്നു എന്നു പറഞ്ഞാൽ മതിയല്ലോ, അറുപത്തിമൂന്ന് വർഷക്കാലത്തെ ജീവിതം നൽകിയ ഭാരങ്ങൾ ചുമന്ന് വളഞ്ഞൊടിഞ്ഞു തൂങ്ങിയ ചുമലുകളും വേണ്ടതും വേണ്ടാത്തതുമായ കാഴ്ചകൾ കണ്ടു മടുത്തകത്തേക്ക് ഉരുണ്ടു കയറി ഒളിച്ചിരിപ്പായ കണ്ണുകളും അപ്പൂപ്പൻ താടി പോലെ നിറയെ വെളുത്ത തലമുടികളുമായി നിൽക്കുന്ന പപ്പൻസാറിനെക്കണ്ട് ടീച്ചറാകെ സ്തംഭിച്ചു നിൽപ്പായി..
'ഇവിടെ ഇങ്ങനെ കാണും ന്ന് കരുതീല പപ്പനെ' എന്നു പറഞ്ഞുകൊണ്ട് മൗനം ഭേദിച്ചതും ടീച്ചറായിരുന്നു.. 'മറന്നില്ലേ.. എന്നെ മനസ്സിലാകുമെന്ന് കരുതിയില്ല? എന്നു ചോദിച്ച് പഴയ പ്രണയകഥയിലെ നായകനായി പപ്പൻ സാറപ്പോൾ.. ' മറന്നിരുന്നു.. .ദേ ഇവിടെ ഒരു സ്വപ്നം പോലെ പപ്പൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും വരെ സത്യമായിട്ടും ഞാൻ ഓർത്തിരുന്നില്ല.. പക്ഷേ ഇപ്പൊ !' എന്നു പറഞ്ഞ് ആ സംസാരം ഒരു വലിയ ആശ്ചര്യ ചിഹ്നത്തിലൊതുക്കി ടീച്ചറും പപ്പൻ സാറും അടുത്തടുത്തായിരുന്നു അവിടെ ഒരു പച്ച നിറത്തിലെ കോൺക്രീറ്റ് ബെഞ്ചിൽ.. പിന്നെ മൗനം.. ഒന്നും പറയാതെ തന്നെ പപ്പൻ സാറിന്റെ കണ്ണിൽ നിന്നും സാറിന്റെ മനസ്സ് വായിച്ചെടുക്കാൻ പണ്ടേ കഴിയുമായിരുന്നു ടീച്ചർക്ക്.
അന്ന് വീണ്ടും പപ്പൻ സാറിന്റെ മൗനം വായിച്ചെടുത്തപ്പോൾ ഗ്രേസി ടീച്ചർ പഴയ പ്രീഡിഗ്രി കാലത്തെ മുടി രണ്ടുവശത്തും പിന്നിയിട്ട പപ്പന്റെ മാത്രം ഗ്രേസിയായി മാറി... കല്യാണത്തിനു മുൻപ് അവസാനമയച്ച കത്ത് അച്ഛൻ കീറി കളഞ്ഞതും, മുറിയിലടച്ചിട്ടതും, സുഭദ്ര ജീവിത സഖിയായതും, പൊരുത്തക്കേടുകൾ മാത്രം നിറഞ്ഞ ജീവിതവും അതിനിടയ്ക്ക് മക്കളുണ്ടായതും പിന്നെയൊരിക്കൽ മക്കളെയും കൂട്ടി സുഭദ്ര പടിയിറങ്ങി പോയതും വിവാഹമോചനം നേടിയതും ബിസിനസ് തകർന്നതും, പല സുമനസ്സുകളുടെ സഹായത്തോടെ ജീവിതം ഉന്തിതള്ളി നീക്കിയതും ഒടുവിൽ ആനന്ദനിലയത്തിലെത്തിയതുമെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കുമ്പോൾ ഗ്രേസി ടീച്ചർ പപ്പൻ സാറിന്റെ ഞരമ്പുകൾ എഴുന്നു നിൽക്കുന്ന മെലിഞ്ഞ കൈത്തണ്ടയിൽ തഴുകുന്നുണ്ടായിരുന്നു, കാറ്റിൽ തൊട്ട് തലോടി പറന്നു വീണ ഒരു പൂവിനോളം മൃദുലമായി..
എല്ലാം കേട്ട് ധ്യാനത്തിലെന്ന പോലെ മൗനമായിരുന്ന ഗ്രേസി ടീച്ചറപ്പോൾ ഭൂതകാലത്തെവിടെയോ ഒരിടത്ത് പപ്പന്റെ കൈയിൽ തൂങ്ങി തൊട്ടുരുമ്മി നടക്കുകയായിരുന്നു.
'ഇവിടെയെത്തിപ്പെടാൻ മാത്രം ഏകാന്തമായിരുന്നില്ലല്ലോ ഗ്രേസി വന്ന വഴിയെല്ലാം, എന്നിട്ടുമെന്തേ ഇവിടെ?' എന്നൊരിക്കൽ ആനന്ദനിലയത്തിന്റെ ടൈൽപാകിയ മുറ്റത്ത് ദൂരെ കുന്നിൻ ചെരുവിലേക്ക് ചാഞ്ഞുപോയ സൂര്യനെയും നോക്കി രാജീവനൊപ്പം നിൽക്കുമ്പോൾ പപ്പൻ സാർ ഗ്രേസി ടീച്ചറോട് ചോദിച്ചു...
'പപ്പനോളം എന്നല്ല, എനിക്കൊരു ദുഖവും ഉണ്ടായിരുന്നില്ല. ഞങ്ങള് ഹാപ്പി ആയിട്ടല്ലേ ജീവിച്ചത്. അങ്ങോർക്ക് നേരത്തെ ടിക്കറ്റ് കിട്ടി.. എനിക്കിത്തിരി വൈകുംന്ന് പറഞ്ഞു കർത്താവ്... അവിടെ പോയ് കാത്തു നിൽക്കാൻ പറഞ്ഞു ഞാൻ ജോർജിനോട്... പിന്നെയിപ്പോ വയസ്സായപ്പോ ഒരു പേടി, വല്ലോടത്തും വീണുപോയാലോ, ചത്തു പോകുന്നത് ആരും അറിഞ്ഞില്ലേൽ ഒന്ന് രണ്ടു ദെവസൊക്കെ കഴിഞ്ഞ് മണം വരുമ്പല്ലേ ആൾക്കാരറിയൂ.. കർത്താവേ എനിക്കത് ഓർക്കാൻ കൂടി വയ്യ, ഒരു ഭംഗില്ല്യാണ്ട് പെട്ടിക്കുള്ളിൽ കിടക്കാൻ.. അതുകൊണ്ട് ആരേം ബുദ്ധിമുട്ടിക്കാണ്ട് ഇങ്ങട് പോന്നു... ഇവിടെ ആയാൽ ഇവിടുത്തെ കുട്ടികളൊക്കെ എന്നെ നോക്കില്ലേ.. രാജീവൻ ഉണ്ടല്ലോ, നീയെന്നെ നല്ല ഭംഗീല് സാരിയൊക്കെ ഉടുപ്പിച്ചു കെടത്തണം ട്ടാ.. മരിക്കുമ്പോ' എന്ന് രാജീവനെ നോക്കി പറഞ്ഞ് ടീച്ചർ പൊട്ടി ചിരിച്ചു. തിരമാലകൾ കല്ലിൽ തട്ടിയുടഞ്ഞു പോകും പോലുള്ള ചിരി, ഗ്രേസിച്ചിരി... ഗ്രേസി ടീച്ചറുടെ ചിരി കേൾക്കാൻ വേണ്ടി മാത്രം മണ്ടത്തരങ്ങൾ പറഞ്ഞിരുന്നത് ഓർത്തു പപ്പൻ സാറപ്പോൾ..
എന്നിട്ടു ചോദിച്ചു – 'മക്കൾ? '
ഒരു തിരകഴിഞ്ഞ് അടുത്തതെന്ന പോലേ അപ്പോഴും ഗ്രേസി ടീച്ചർ പൊട്ടി ചിരിച്ചു. ഒരു ചിരിയിൽ നിന്ന് മറ്റൊന്നിലേക്ക്.. 'മക്കളോ...?? ' 'മക്കളൊക്കെ ഉണ്ടായിട്ട് നീ ഇവിടെ എത്തീലെ പപ്പാ... പിന്നെ എന്തൂട്ടാ കാര്യം.. ഞാൻ പ്രസവിച്ചില്ല. പ്രസവിക്കില്ല്യാന്ന് പണ്ടേ തീരുമാനിച്ചതാ. ജോർജിനും സമ്മതമായിരുന്നു. അതോണ്ടെന്താ, ഞങ്ങൾക്ക് സ്നേഹം പങ്കിട്ടു കൊടുക്കേണ്ടി വന്നില്ലല്ലോ... ഞങ്ങളു തന്നെ ഞങ്ങളുടെ കുട്ടികളും അമ്മേം അപ്പനുമൊക്കെ...' എന്നു പറഞ്ഞുകൊണ്ട് ദൂരെ കുന്നിൻ ചെരുവിലേക്ക് നോക്കി നിന്നു ടീച്ചർ, എന്നിട്ട് ചോദിച്ചു – സൂര്യൻ, മണ്ണ്, ഭൂമി, മരങ്ങൾ, പൂക്കൾ ഇതിനെയൊക്കെ ആർക്കെങ്കിലും എന്നെങ്കിലും വേണ്ടാണ്ടാവോ രാജീവാ? എന്ന്.. ആ ചോദ്യത്തിന്റെ പൊരുൾ എന്തെന്ന് എത്രയാലോചിച്ചിട്ടും രാജീവനോ പപ്പൻ സാറിനോ മനസ്സിലായതേയില്ല..
പക്ഷേ, ടീച്ചറുടെ കണ്ണുകളിൽ അപ്പോൾ മഴവിൽ ഗോളങ്ങൾ ഉരുണ്ടു നിന്നിരുന്നത് അതു വഴി ചിറകുകൾ തമ്മിൽ കൂട്ടിയുരച്ചു ടീച്ചറുടെ മുഖത്ത് മുട്ടിയുരുമ്മി പറന്നു പോയൊരു വേനൽത്തുമ്പി മാത്രം കണ്ടു.
ഒരിക്കൽ മുല്ലവള്ളികൾ പടർന്നു പിടിച്ച കുന്നിൻ ചെരുവിലെ നാട്ടുവഴിയിലൂടെ നടക്കുമ്പോൾ ഗ്രേസി ടീച്ചർ പപ്പൻ സാറിനോട് ചോദിച്ചു–
'പപ്പാ.. നമ്മക്ക് പണ്ടത്തെ പോലെ ഒന്നും കൂടി പ്രേമിച്ചാലോ..' എന്ന്.. 'കടല് കണ്ടും തിരയെണ്ണിയും കപ്പലണ്ടി കൊറിച്ചും മഴ നനഞ്ഞും ഒക്കെ പഴേപോലെ പ്രേമിച്ചാലോ..'
'പഴേ പോലേ ആണോ ഗ്രേസി ഇപ്പോഴത്തെ പ്രേമം.. കുട്ടികളൊക്കെ ന്യൂ ജനറേഷൻ ആണ്.. നമ്മടെ പ്രേമമൊക്കെ പോലെയൊന്നുമല്ല ഇപ്പോൾ' എന്ന് പപ്പൻ സാറതിന് മറുപടി പറഞ്ഞു..
'അതൊക്കെ വെറുതേ പപ്പാ.. വേദനിക്കുമ്പോ ആദ്യം ഹാവൂ അമ്മേ ന്നല്ലേ നമ്മളൊക്കെ പറയാ.. കാലം മാറീട്ടിപ്പോ അതിന് മാറ്റണ്ടായോ.. ചിലപ്പോ മമ്മീ ന്ന് മോം ന്നൊക്കെ വിളിച്ചാലായി.. അത്രയൊക്കെ മാറ്റമേ ഒള്ളൂ.. സ്നേഹം, വെറുപ്പ്, സങ്കടം, വേദന, ഇതൊക്കെ അന്നുമിന്നും ഒന്നു തന്നെ '... എന്നു പറഞ്ഞ് ഗ്രേസി ടീച്ചറപ്പോൾ പൊട്ടി ചിരിച്ചു.. കൂടെ പപ്പൻ സാറും.. അന്നുമുതൽ ആനന്ദനിലയത്തിൽ പ്രണയത്തിന്റെ മുല്ലവള്ളികൾ പൂത്തു എന്നു പറയുന്നതാണ് സത്യം..
പ്രണയവല്ലിയിൽ നിന്നും പൂക്കൾ പാറി പറന്നു നടന്നിരുന്ന അനേകം ദിവസങ്ങളിലൊന്നിൽ ഗ്രേസി ടീച്ചർ, പപ്പൻ സാറിനെയും കൂട്ടി രാജീവന്റെ ആനന്ദനിലയത്തിന്റെ ഒഫീസ് മുറിയിൽ ചെന്നു പറഞ്ഞു – രാജീവാ.. നിന്റെ മോട്ടോർ സൈക്കിൾ ഒന്നു തരൂ.. പപ്പൻ പഴയ റേസിംഗ് ചാമ്പ്യൻ ഒക്കെയായിരുന്നു, അതറിയോ നിനക്ക്?, ഞങ്ങളൊന്ന് സിനിമക്ക് പോയിട്ട് വരാമെന്ന്..' അതു കേട്ട് രാജീവൻ പൊട്ടി ചിരിച്ചു.. ഇണക്കുരുവികൾ രണ്ടാളും പോയി വരൂ എന്നു പറഞ്ഞ് രാജീവൻ മോട്ടോർ സൈക്കിളിന്റെ കീ എടുത്ത് പപ്പൻ സാറിനു നേരെ നീട്ടി.. പപ്പൻ സാറാകട്ടെ ഞെട്ടി ഇടിവെട്ടേറ്റ പോലെ നിൽക്കുകയാണ്.. 'ഈ പ്രായത്തിലോ ഗ്രേസി? ' എന്നു ചോദിച്ചു പപ്പൻ സാറ്..
'അതിനെന്താ.. ഇന്ന പ്രായത്തില് ഇന്നതേ ചെയ്യാവൂ എന്ന് എവിടേലും എഴുതി വെച്ചിട്ടുണ്ടോ പപ്പാ.. ചോദിക്കാനും പറയാനും ആരും വരില്ലാത്ത കാലായപ്പോ ഒന്നാസ്വദിക്കാന്ന് വെച്ചാൽ.. നിങ്ങളാണുങ്ങൾ ഒട്ടും റൊമാന്റിക്കല്ല!, ഛെ.. ' എന്നു മുഖം വീർപ്പിച്ചു ടീച്ചറപ്പോൾ..
ഒടുവിൽ രണ്ടാളും കൂടി പാഷൻ പ്ലസ് ബൈക്കിൽ കയറിയിരുന്ന് ആനന്ദനിലയത്തിന്റെ ഗേറ്റും കടന്ന് പോകുന്നത് ചിരിച്ചു കൊണ്ടു നോക്കി നിന്നു രാജീവൻ.. സിനിമ കഴിഞ്ഞ് രണ്ട് ഫലൂഡയും കഴിച്ചു കൃത്യ സമയത്ത് മടങ്ങിയെത്തിയപ്പോൾ രാജീവൻ പറഞ്ഞു -'ഹാ.. നല്ല കുട്ടികൾ.. ചുറ്റിത്തിരിയാതെ ഇങ്ങെത്തിയല്ലോ ' എന്ന്..
രാജീവന്റെ മുപ്പത്തിരണ്ടാം പിറന്നാൾ ആനന്ദനിലയത്തിലെ അമ്മമാർക്കും അച്ഛന്മാർക്കുമൊപ്പമായിരുന്നു ആഘോഷിച്ചിരുന്നത്.. അമ്മ മരിച്ച് ആറാം മാസം സീനിയർ സിറ്റിസൺ ഫോറത്തിന്റെ നിയന്ത്രണത്തിലുള്ള ആനന്ദനിലയത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുമ്പോൾ രാജീവൻ ഒരിക്കൽപ്പോലും ചിന്തിച്ചിരുന്നില്ല, ആനന്ദനിലയത്തിൽ ഇങ്ങനെ കുറേ അച്ഛന്മാരുടെയും അമ്മമാരുടെയും മകനായി ജീവിക്കാൻ തനിക്ക് ഭാഗ്യം കിട്ടുമെന്ന്.. രാജീവൻ ആദ്യമായി കയറിവരുമ്പോൾ നിരാശയുടെ, ഏകാന്തതയുടെ കറുപ്പ് വീണ്, ഇറ്റു വീഴാൻ നിൽക്കുന്ന കണ്ണീർ തുള്ളിയുടെ ഛായയായിരുന്നു ആനന്ദനിലയത്തിലെ മുഖങ്ങൾക്കെല്ലാം.. പേരുപോലെ 'ഇതൊരാനന്ദനിലയമായത്' ഗ്രേസി ടീച്ചർ വന്നപ്പോഴായിരുന്നല്ലോ എന്ന് തന്റെ മുപ്പത്തിരണ്ടാം പിറന്നാളാഘോഷ കമ്മറ്റിയുടെ മുൻനിരയിൽ നിന്ന് കൊച്ചു കുട്ടികളെ പോലെ ബലൂൺ വീർപ്പിച്ചു രസിക്കുകയും തോരണങ്ങൾ തൂക്കുകയുമെല്ലാം ചെയ്തു കൊണ്ടിരുന്ന ഗ്രേസി ടീച്ചറെ കണ്ടുകൊണ്ട് രാജീവൻ മനസ്സിലോർത്തു.. ടീച്ചറാണെങ്കിലോ ഇതൊന്നും ശ്രദ്ധിക്കാതെ പയറു മണിപോൽ തുള്ളി ചാടി നടക്കുകയായിരുന്നു...
കേക്ക് മുറിക്കലും ആഘോഷങ്ങളുമെല്ലാം കഴിഞ്ഞ് ടീച്ചർ രാജീവനൊരു സമ്മാനം കൊടുത്തു, നട്ടുപിടിപ്പിച്ച രണ്ടു മുല്ലക്കൊടികൾ.. 'ഇത് ഈ അമ്മേടേം അച്ഛന്റേം സ്നേഹം ' എന്നു പറഞ്ഞുകൊണ്ട് രാജീവനെ നെഞ്ചോട് ചേർക്കുമ്പോൾ രാജീവന്റെ കണ്ണു നിറഞ്ഞത് പപ്പൻ സാർ കണ്ടിരുന്നു.. ചെടി നട്ടുവളർത്താൻ ആനന്ദനിലയത്തിന്റെ കോൺക്രീറ്റ്മുറ്റത്ത് മണ്ണില്ലാതെ വന്നപ്പോൾ രാജീവൻ രണ്ടു മുല്ലക്കൊടികളെയും അകത്ത് വെളിച്ചം വീഴുന്ന കോർട്ട് യാർഡിൽ വെച്ചു.. ഒന്നിന് ഗ്രേസിവള്ളി എന്നും അടുത്തതിന് പപ്പൻ വള്ളി എന്നും പേരിട്ടു വിളിച്ചു.. 'പപ്പൻ വള്ളി' നല്ല പേര് തന്നെ എന്ന് അതുകേട്ട് അപ്പോൾ ഗ്രേസി ടീച്ചർ കളിപറഞ്ഞു പൊട്ടിച്ചിരിക്കുകയും 'ഓഹ്.. ഗ്രേസി വള്ളി ഒരു വള്ളി തന്നെ ഭഗവാനെ' എന്നു പറഞ്ഞ് പപ്പൻ സാറും സ്കോർ ചെയ്ത് അവിടെയാകെ ചിരിയലകൾ തുള്ളിക്കളിച്ചു..
ഒരു രാത്രി, ബൈബിൾ വായനയെല്ലാം കഴിഞ്ഞ് വെറുതേ ആനന്ദനിലയത്തിന്റെ വരാന്തയിലൂടെ നടന്നുകൊണ്ടിരുന്നപ്പോൾ ആകാശത്തെ നക്ഷത്രങ്ങൾ എണ്ണി സ്വയം മറന്നുനിൽക്കുന്ന രാജീവനെ കണ്ടു ഗ്രേസി ടീച്ചർ.. 'അമ്മയാണോ ആകാശത്തു നിന്ന് മിന്നി തിളങ്ങി സംസാരിക്കുന്നത് രാജീവാ' എന്നും ചോദിച്ചുകൊണ്ട് ടീച്ചർ അവിടേക്ക് ചെന്നു.. രാജീവൻ അത് കേട്ട് മന്ദസ്മിതം തൂകി..
'ഏയ്... ഓരോന്നോർത്തങ്ങനെ എന്നു പറഞ്ഞു രാജീവൻ.. എന്താ കണ്ടിട്ടൊരു വിരഹകാമുകഛായ ഉണ്ടല്ലോ' എന്നു ചോദിച്ചു ടീച്ചർ.. ടീച്ചറുടെ ചോദ്യം കേട്ട് രാജീവൻ തലയാട്ടി..
'എടാ ചെർക്കാ.. പോണോരൊക്കെ പോയെന്നു കരുതി നീ ഇങ്ങനെ ദിവ്യകാമുകനായി നടന്ന് ജീവിതം കളഞ്ഞോ.. പ്രാക്ടിക്കൽ ആവണം കുറച്ചു കൂടി '.. എന്നൊരു ടീച്ചറുപദേശം വന്നു ഉടൻ..
'ജോർജ് സാറ് മരിച്ചപ്പോ ടീച്ചറമ്മക്ക് എന്താ തോന്നിയത്?' എന്നപ്പോൾ രാജീവൻ ചോദിച്ചു..
'പെട്ടെന്നൊരാള് മരിച്ചു പോയാൽ എന്തു തോന്നും.. സങ്കടം തോന്നും.. പിന്നെയത് മാറും.. മാറിയില്ലെങ്കിൽ മാറി എന്നു കരുതിയങ്ങു ജീവിക്കും നമ്മൾ...'
'ഇപ്പൊ പപ്പൻ സാറിനെ കണ്ടപ്പോൾ ടീച്ചറമ്മ ടീച്ചറമ്മേടെ ജോർജിനെ മറന്നോ? ' എന്ന രാജീവൻ ചോദ്യം കേട്ട് ടീച്ചർ പൊട്ടി പൊട്ടി ചിരിച്ചു. കല്ലിൽ തട്ടി തെറിച്ചു പോകുന്ന തിരമാലച്ചിരി...
ഇരുപതാം വയസ്സിൽ കല്യാണവും കഴിഞ്ഞ് ഇരുപത്തിയൊന്നാം വയസ്സിൽ മുടങ്ങിപ്പോയ പഠിപ്പ് പുനരാരംഭിച്ച്, ഒരു മിന്നൽ പണിമുടക്ക് ദിനത്തിൽ കോളജിൽ നിന്ന് അപ്പാർട്മെന്റിലേക്ക് തിരികെവരുമ്പോൾ തന്റെ കിടക്കയിൽ ഭർത്താവിനോടൊപ്പം മറ്റൊരുത്തിയെ കണ്ടതും, തൊട്ടടുത്ത നിമിഷം ഭർത്താവിന്റെ മുഖമടച്ചൊരടിയും കൊടുത്ത് വീട് വിട്ടിറങ്ങിപോന്നതും പാർട്ട് ടൈം ജോലി ചെയ്ത് പഠനം പൂർത്തിയാക്കി ജോലിയിൽ കയറിയതും, വൈകാതെ നിയമപരമായി വിവാഹമോചിതയായതും ഇനി ജീവിതത്തിൽ ഒരു പുരുഷനേയുണ്ടാവില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്തതും ഒടുവിൽ ആനന്ദനിലയത്തിൽ വെച്ച് പപ്പനെ കണ്ടതും ഉള്ളിൽ ഒരിടത്ത് കരിയിലകൾക്കടിയിൽ ഉപേക്ഷിക്കപ്പെട്ട പ്രണയത്തരികളെല്ലാം കൂടെ കാറ്റിൽ പൊന്തിപ്പാറി വന്ന് തന്നെ പൊതിഞ്ഞതും ഒന്നുമൊന്നും ആരെയും അറിയിക്കാതെ, ഒരു ദുരന്ത നായികയുടെ വേഷമെടുത്തണിയാതെ ജോർജിനടുത്തേക്ക് ടിക്കറ്റ് എടുക്കാൻ കർത്താവിന്റെ വിളിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും അന്നൊരിക്കൽ നുണപറഞ്ഞതും ടീച്ചറപ്പോൾ വീണ്ടുമൊരിക്കൽക്കൂടി ഓർത്തെടുത്തു.
എന്നിട്ട് പിന്നെയും പിന്നെയും പൊട്ടിച്ചിരിച്ചുകൊണ്ട് 'നിനക്കൊന്നും അറിയില്ല ചെർക്കാ.. കാരണം നീ കുട്ടിയാണ് എന്ന് പണ്ടൊരു സിനിമേല് മോഹൻലാൽ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് നിലാവിൽ മുന്നോട്ട് നടന്ന് പിന്നെയൊന്ന് തിരിഞ്ഞു നിന്ന്, ഒന്നു കഴിയുമ്പോൾ മറ്റൊന്ന്.. അത്രേള്ളൂ ജീവിതം' എന്നു പറഞ്ഞ് പെട്ടെന്നങ്ങനെ ഇരുട്ടിൽ എങ്ങോ മാഞ്ഞു പോയി..
അപ്പോഴും ടീച്ചറാ പറഞ്ഞതിന്റെയൊന്നും പൊരുൾ കണ്ടുപിടിക്കാനാവാതെ രാജീവൻ നിശ്ചലനായി നിലാവിലൊരു ബിംബമെന്ന പോൽ അവിടെ ഒരേ നിൽപ്പ് നിന്നു..
ആനന്ദനിലയത്തിന്റെ ചുറ്റുവട്ടത്തുള്ള കുട്ടികൾക്കെല്ലാം ട്യൂഷൻ എടുത്തിരുന്നു ഗ്രേസി ടീച്ചർ.. നീണ്ട വരാന്തയിൽ ഭിത്തിയോട് നീളത്തിൽ ചേർത്തിട്ട ഡെസ്കിലും ബെഞ്ചുകളിലുമായിരുന്ന് കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് രണ്ടു ദിവസങ്ങൾക്കു മുൻപേ ലൈറ്റ് ഹൗസ് കാണണമെന്നും ലൈറ്റ്ഹൗസ് ഉയരങ്ങളിൽ ചെന്ന് കടലിലേക്ക് നോക്കി നിൽക്കണമെന്നും ടീച്ചർക്ക് തോന്നിയത്.. ആവശ്യം പപ്പൻ സാറിനോട് പറയുമ്പോൾ ടീച്ചർക്കറിയാമായിരുന്നു പ്രേമിക്കുമ്പോൾ, ഇങ്ങനെ കൂടെ കൊണ്ടുപോകാൻ ഒരാളുണ്ടാകുമ്പോൾ ഇത്തരം ചില തോന്നലുകളൊക്കെ ആർക്കായാലും ഏതു പ്രായത്തിലായാലും തോന്നുമെന്ന്.. കാരണം ഇതവരുടെ പ്രേമകഥ സീസൺ 2 ആണെന്ന് ടീച്ചർ തന്നെ ഇടയ്ക്കിടെ പറയാറുണ്ട്, എന്നിട്ട് കുലുങ്ങി കുലുങ്ങി ചിരിക്കാറുമുണ്ട്.. ഗ്രേസി ടീച്ചർക്കൊപ്പം കെഎസ്ആർടിസി ബസിന്റെ വിൻഡോ സീറ്റിലിരുന്ന് ലൈറ്റ് ഹൗസ് കാണാൻ പോകുമ്പോൾ പപ്പൻ സാർ ചോദിച്ചു – നമ്മളെ കണ്ടാൽ ഭാര്യാഭർത്താക്കന്മാർ എന്നല്ലേ നാട്ടുകാര് പറയൊള്ളൂ..?
'ഹോ.. അവരിപ്പോ എന്തെങ്കിലും വിചാരിച്ചോട്ടേന്ന്' പറഞ്ഞ് ടീച്ചർ പുറത്തെ കാഴ്ചകളിലലിഞ്ഞു.. സ്റ്റോപ്പിറങ്ങി ലൈറ്റ് ഹൗസ് ലക്ഷ്യമാക്കി മുന്നിൽ നടക്കുമ്പോൾ സാറിന്റെ കൈ പിടിച്ചിരുന്നു ടീച്ചർ.. നാലു മണിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ, ലൈറ്റ് ഹൗസ് സന്ദർശനത്തിന് തുറന്നു കൊടുക്കുന്ന സമയമായിരുന്നില്ല എന്നതിനാൽ അര മണിക്കൂർ അവർക്കവിടെ കാത്തു നിൽക്കേണ്ടി വന്നു.. ആ കാത്തു നിൽപ്പിനിടയിൽ പപ്പൻ സാർ പറഞ്ഞു – 'ഗ്രേസി നന്നായി കള്ളം പറയുന്നു' എന്ന്..
അതു കേട്ട് ടീച്ചർ സാറിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയെങ്കിലും അപ്പോൾ പപ്പൻ സാറിന്റെ മൗനം വായിച്ചെടുക്കാൻ ടീച്ചർക്കായില്ല.. എന്ത്ു പറയണമെന്നറിയാതെ ടീച്ചർ നിന്നു... 'ഇഷ്ടമുള്ളവരെ കുറിച്ചറിയാൻ എപ്പോഴും അവർ കൂടെ വേണമെന്നൊന്നുമില്ല ഗ്രേസി.. മനസ്സ് ശരീരത്തെക്കാൾ എത്ര വേഗത്തിൽ സഞ്ചരിക്കുന്നു' എന്ന് പപ്പൻ സാർ പറയുമ്പോൾ ടീച്ചർ ദൂരേക്ക് ദൂരേക്ക് നോക്കി നിന്നു..
'ഗ്രേസി പോയ വഴിയേ ഒക്കെയുണ്ടായിരുന്നു ഞാനും' എന്നു പറഞ്ഞു പപ്പൻ സാറപ്പോൾ..
അപ്പോഴേക്കും ലൈറ്റ് ഹൗസ് സന്ദർശകർക്കായി തുറന്നു കൊടുത്തിരുന്നു... 'വരൂ' എന്ന് പപ്പൻ സാർ വിളിക്കുമ്പോൾ ഒരടി പോലും മുന്നോട്ട് വെക്കാനാവാതെ ഗ്രേസി ടീച്ചർ വിവശയായി.. 'കയറാം' എന്നു പറഞ്ഞുകൊണ്ട് ടീച്ചറുടെ കൈകളിൽ പിടിച്ച് അപ്പോൾ മുൻപിൽ നടന്നത് പപ്പൻ സാറായിരുന്നു.. പപ്പൻ സാറിനു പുറകിൽ പപ്പൻ സാറിന്റെ കൈകളിൽ പിടിച്ചു ലൈറ്റ് ഹൗസിന്റെ പിരിയൻ പടികൾ കയറുമ്പോൾ ഇനിയൊരിക്കലും ഈ കൈകൾ വിടല്ലേ എന്ന് ടീച്ചറും വിട്ടു പോകാൻ സമ്മതിക്കില്ല എന്ന് പപ്പൻ സാറും മനസ്സിൽ മന്ത്രിച്ചത് അതു വഴി വീശിയടിച്ച കടൽക്കാറ്റ് കേൾക്കുകയും നാണിച്ചു പിരിയൻ ഗോവണി വഴി തിരിച്ചിറങ്ങി പോവുകയും ചെയ്തു.. സൂര്യനസ്തമിക്കും വരെ പ്രകൃതി വരച്ചിടുന്ന ഛായക്കൂട്ടുകളിൽ ലയിച്ചു നിന്നു രണ്ടുപേരുമവിടെ. പിന്നെ സാവകാശം പടിയിറങ്ങി. അടുത്ത ബസിൽ ആനന്ദനിലയത്തിലേക്ക് മടങ്ങി വന്നു... ഗേറ്റ് കടന്ന് അകത്തേക്ക് നടക്കുമ്പോൾ ആനന്ദനിലയത്തിന്റെ സി ആകൃതി കെട്ടിടത്തിലേക്ക് നോക്കി, പപ്പൻ സാർ പറഞ്ഞു 'വൈകാതെ നമ്മളിവിടം വിടുമല്ലേ ഗ്രേസി?'..
ടീച്ചറപ്പോൾ മൂളി.. 'ഈ പ്രായത്തിൽ ഇനിയൊരിക്കൽ കൂടി ജീവിതം ഒന്നേന്ന് തുടങ്ങുന്നത് രസമായിരിക്കും അല്ലേ പപ്പാ' എന്നു ചോദിച്ചു ടീച്ചർ പിന്നെ..
കൈകൾ കോർത്തു പിടിച്ച് അവർ നീളൻ വരാന്തയിലൂടെ നടന്നു...
പിറ്റേന്ന് രാവിലെ മാർച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച ആനന്ദനിലയം ഒരു ഞെട്ടലോടെ ഉറക്കമുണർന്നു.. ശാന്തതയോടെ സ്വപ്നത്തിലെന്ന പോലെ ഒരു ചെറു ചിരിയോടെ പപ്പൻ സാർ കട്ടിലിൽ മരിച്ചു കിടന്നു..
പപ്പൻ സാർ മരിച്ച വിവരം ഗ്രേസി ടീച്ചറുടെയടുത്ത് ചെന്ന് രാജീവൻ പറയും മുൻപേ ടീച്ചറതറിഞ്ഞിരുന്നു പക്ഷേ... മരണവാർത്ത കേൾക്കുമ്പോൾ ടീച്ചറുടെ പ്രതികരണം എന്താകുമെന്ന് പേടിയുണ്ടായിരുന്നു രാജീവന്.. മുറിയിലേക്ക് ചെല്ലുമ്പോൾ ടീച്ചർ ഒരു ചാരു കസേരയിൽ കണ്ണടച്ച് കിടക്കുകയായിരുന്നു. ധ്യാനത്തിലെന്ന പോലെ. രാജീവൻ ടീച്ചറുടെ കൈകൾ പിടിച്ചു..
'അറിഞ്ഞു.. ഞാൻ.. സന്തോഷം അതികായാലും ഹൃദയം നിലച്ചു പോകുമല്ലേ രാജീവാ' എന്നു ചോദിച്ചു ടീച്ചറപ്പോൾ..
'വരൂ.. അവിടെ കാണണ്ടേ സാറിനെ?' എന്ന് രാജീവൻ..
'വേണ്ട രാജീവാ.. ആരും മരിച്ചു കിടക്കുന്നതു കാണാൻ പോകാറില്ല ഞാൻ.. മൃതദേഹം കാണുമ്പോൾ മരണത്തെ ഉൾക്കൊള്ളേണ്ടി വരും നമുക്ക്.. എനിക്ക് മരണങ്ങളൊന്നും ഉൾക്കൊള്ളാൻ വയ്യ.. ഞാൻ ഇല്ല.. നീ പൊക്കോ.. ആരേം കാണണ്ട ' എന്നു പറഞ്ഞു ടീച്ചർ..
ഇടയ്ക്കിടെ ഗ്രേസി ടീച്ചറേ തിരിഞ്ഞു നോക്കിക്കൊണ്ട് രാജീവൻ പതുക്കെ അവിടെ നിന്നെഴുന്നേറ്റ് പോകുമ്പോൾ ടീച്ചർ പറഞ്ഞു - 'പപ്പന്റെ മക്കളെ അറിയിക്കണം.. പപ്പന് ഒരു ബലിച്ചോറു വെറുതേ കിട്ടുന്നത് കളയണ്ട.. അത് കണ്ടെങ്കിലും പോട്ടെ പപ്പൻ' എന്ന്..
രാജീവൻ മൂളുക മാത്രം ചെയ്തു..
വിദേശത്തു നിന്ന് മക്കൾ വരുന്നതു വരെ ശീതീകരിച്ച പെട്ടിയിൽ കിടന്നു പപ്പൻ സാർ, ആനന്ദനിലയത്തിന്റെ നടുത്തളത്തിൽ.. ആ നേരമത്രയും ടീച്ചർ ഒരേയിരുപ്പ് തുടർന്നു.. ദാ, ഇപ്പോൾ ആംബുലൻസിൽ കയറി പപ്പൻ സാർ യാത്ര പറഞ്ഞ് പോയി കഴിഞ്ഞിട്ടും ടീച്ചർ അവിടെ ഇരിക്കുകയാണ്.. ടീച്ചറോട് എന്ത് പറയേണ്ടു എന്നറിയാതെ രാജീവൻ ടീച്ചറുടെ കാൽക്കൽ ഒരരികത്തായി ഇരുന്നു.. ചുവടനക്കം കേട്ട് ഗ്രേസി ടീച്ചർ ചോദിച്ചു – പോയോ..?
രാജീവൻ മൂളി..
പിന്നെ മൗനം.. 'രാജീവാ, മുറ്റത്തെ ടൈൽ ഒക്കെ നമുക്ക് ഇളക്കി കളയണം .. മണ്ണ് വേണം മുറ്റത്ത്.. മണ്ണിൽ ഉറച്ചു നിൽക്കണം.. മണ്ണിൽ ഉറച്ചു നിൽക്കുമ്പോഴേ ഓർമകളുണ്ടാവൂ. ' എന്ന് ടീച്ചർ പറഞ്ഞതു കേട്ട് രാജീവന്റെ കണ്ണിൽ വെള്ളം പൊടിഞ്ഞത് വരാന്തയോട് ചേർന്ന കോർട്ട് യാർഡിൽ നിന്ന, രണ്ടു ദിവസത്തെ പരിപാലനക്കുറവിൽ ഉണക്കം ബാധിച്ച മുല്ലക്കൊടിയിൽ ഒന്നു മാത്രമേ കണ്ടുള്ളു.. വാക്കുകൾ കിട്ടാതെ മൗനമായിരുന്നു രാജീവനപ്പോൾ..
പിന്നെ എഴുന്നേറ്റ് മുല്ലചെടികൾക്ക് വെള്ളമൊഴിക്കാൻ തുടങ്ങി.. അതും നോക്കി ചൂരൽചാരു കസേരയിൽ ചാരി കിടന്നിരുന്ന ടീച്ചർ ഉണങ്ങി നിന്ന 'പപ്പൻ വള്ളിയി'ലേക്ക് ഇനിയുമിനിയും നോക്കാനാകാതെ പതുക്കെ എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് നടന്നു . 'പല കാലങ്ങളിൽ പല മുഖങ്ങളിങ്ങനെ.. വന്നും പോയും വന്നും പോയും.. നാടകത്തിലെന്ന പോലെ.. ഞാൻ ഇവിടെ ആളൊഴിഞ്ഞ വേദി പോലെ.. ഒന്ന് കഴിയുമ്പോൾ അടുത്തത്... നാടകമേ ജീവിതം' എന്നു പറഞ്ഞിരുന്നുവോ ടീച്ചർ ആ സമയത്ത്. കൃത്യമായി കേൾക്കാൻ കഴിഞ്ഞില്ല എനിക്കത്..
മുറ്റത്തെ പാൽനിലാവിൽ പിന്നെ നിഴലുകളുണ്ടായില്ല എന്നു മാത്രമല്ല ഒരിക്കലുമൊരു ഗ്രേസിചിരി കേട്ടതേയില്ല അവിടെയാരും.. തിരയൊടുങ്ങിയ കടൽ പിന്നെ എന്തിനു കൊള്ളാം.. വെറുതേ ഇങ്ങനെ കിടക്കുകയല്ലാതെ...