ADVERTISEMENT

ഉമയ്‌ക്കൊരുമ്മ (കഥ)

"കഴിഞ്ഞു ഇന്നത്തെ അങ്കം, മക്കളെ സ്കൂളിലയച്ചു, ഭർത്താവിനെ ഒഫീസിൽ വിട്ടു. ചോറു വെച്ചു. അങ്ങനെ ഈ വീട്ടിലെ വലുതും ചെറുതുമായ ജോലിയൊക്കെ തീർത്തു... അല്ല തീർന്നു. ഇപ്പൊ ആകെയൊരു വല്ലായ്മ... കൂട്ടിലടയ്ക്കപ്പെട്ട കിളിക്കു തോന്നുന്ന അതേ  അമർഷം. വ്യത്യാസം ഒന്നേയുള്ളു... എന്നെയാരും കൂട്ടിലടച്ചതല്ല, ഞാൻ തന്നെ അടയ്ക്കപ്പെട്ടുപോയതാണ്. ഈ രീതിയിലുള്ള ഭ്രാന്തൻ ചിന്തകൾ എന്നും ഈ സമയമാകുമ്പോളുള്ളതാണ്. എന്റെ അമ്മ ജീവിച്ചിരിക്കുമ്പോൾ പറയുമായിരുന്നു... "എന്റെ ഉമമോളുടെ ഒരു ഭാഗ്യം ആർക്കും കിട്ടികാണില്ല. നല്ലൊന്നാന്തരമൊരു കംപ്യൂട്ടർ എഞ്ചിനീറെ അല്ലെ കിട്ടിയത്.. അതും റാണി ജീവിക്കുന്നതു പോലെയാ എറണാകുളത്ത് വിശ്വം നോക്കുന്നത്. ഒന്നിനും ഒരു കുറവില്ല." ശരിയാണ് ഒന്നിനുമൊരു കുറവില്ല ഇവിടെ, റാണി തന്നെയാണ് ഞാൻ.. ഈ നാലുചുവരുകൾക്കുള്ളിൽ ഞാൻ ആജ്ഞ കൊടുത്താൽ അനുസരിക്കാൻ കാത്തു നിൽക്കുന്ന കുറെ മെഷീനുകളുടെ റാണി. അമ്മ ഭാഗ്യവതിയാണ്.. നാട്ടിൻപുറത്തെ കാറ്റും ചൂടുമെല്ലാമറിഞ്ഞാണ് അമ്മ കണ്ണടച്ചത്... 

ചിലപ്പോളൊക്കെ തോന്നും അതുപോലെ ഒരു ജീവിതം മതിയായിരുന്നു എന്ന്. ഒന്നുമില്ലെങ്കിലും മിണ്ടാനും പറയാനും കുറച്ചു അയൽപക്കകാരെയെങ്കിലും കിട്ടിയേനെ. ഇതിപ്പോ എന്റെ വിശ്വേട്ടൻ എന്നോട് ശരിക്കൊന്നു മിണ്ടിയതെന്നാണെന്നു പോലും എനിക്കോർമയില്ല. തീരെ മിണ്ടാറില്ലെന്നല്ല,.. സംസാരിക്കാറുണ്ട്, "ഉമേ, ചായയിൽ പഞ്ചസാര കുറവാണല്ലോ. പത്രക്കാരന്റെ പൈസ ടിവി ടെ മോളിലുണ്ട്, ഞാനിന്നു വരാൻ ലേറ്റ് ആവും ഒരു ഫങ്ഷനുണ്ട്." ഇതൊക്കെ ഞങ്ങളു തമ്മിലുള്ള ആശയ വിനിമയം തന്നെയാണ്.. പക്ഷേ, ഇങ്ങനെയൊന്നുമായിരുന്നില്ല വിശ്വേട്ടൻ, എന്തു രാസമാർന്നു പണ്ടൊക്കെ... പണ്ടെന്നു പറഞ്ഞാൽ ഞങ്ങളുടെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ കുറെ നാളുകൾ.... അല്ലെങ്കിലും ആണുങ്ങളൊക്കെ ഇങ്ങനെയാണ്, കല്യാണം ഉറപ്പിക്കൽ കഴിഞ്ഞാൽ പിന്നെ പ്രണയത്തോട് പ്രണയമാണ്... അതിങ്ങനെ നിറഞ്ഞു കവിഞ്ഞൊഴുകി ഒരു വെള്ളച്ചാട്ടമെന്നപോലെ നമ്മളെയങ്ങ് നനയ്ക്കും.. കല്യാണം കഴിഞ്ഞാലോ.. പിന്നെ ആ ഒഴുക്കങ്ങ് അണകെട്ടി നിർത്തും. പക്ഷേ ഇതൊക്കെ തുറന്നു ചോദിക്കാൻ എന്നെപോലെതന്നെ ഭൂരിഭാഗം വീട്ടമ്മമാർക്കും പറ്റാറില്ല, മാത്രവുമല്ല അവർക്കും അവരുടേതായ ടെൻഷനും കാര്യങ്ങളുമുണ്ടാവും.

അയ്യോ ഓരോന്ന് കാടുകേറി പറയുന്നതിനിടയ്ക്ക് ഞാനെന്നെ പരിചയപ്പെടുത്തിയില്ലല്ലോ, എന്റെ പേര് ഉമ. ഉമ വിശ്വനാഥൻ. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണ്. പക്ഷേ സ്വന്തം വീട് മലപ്പുറത്താണ്, അച്ഛന് ജോലി കൊച്ചിയിലായതുകൊണ്ട് ഞാൻ കൊച്ചിക്കാരിയായെന്നു ചുരുക്കം. എനിക്ക് 42 വയസ്സുണ്ട്, ഭർത്താവ് നേരത്തെ പറഞ്ഞില്ലേ.. കംപ്യൂട്ടർ എഞ്ചിനീയർ ആണ്. രണ്ടു ഇരട്ടകുട്ടന്മാരുണ്ട്.. സിദ്ധാർത്ഥനും, ഗൗതമനും, അവരും എഞ്ചിനീയർമാരാണ്... ആയിട്ടില്ല.. ലാസ്റ്റ് ഇയർ ആണ്. ഞാനെപ്പോഴും മക്കള് സ്കൂളിൽ പോയെന്നാ പറയാറ്, കോളജ് കുട്ടികളായി കാണാൻ എനിക്ക് പ്രയാസമാണ്. മക്കളങ്ങ് ഒത്തിരി വലുതായപോലെ തോന്നും. എനിക്കവരിപ്പോളും എന്റെ കുഞ്ഞു മക്കളാണ്. ഇതാണെന്റെ കുടുംബം... 

ഡിഗ്രി കഴിഞ്ഞ് ഒരു കമ്പനിയിൽ ക്ലയന്റ് അഡ്വൈസർ ആയി ജോലിക്ക് കേറി എട്ടാമത്തെ മാസത്തിലാണ് എന്റെയും വിശ്വേട്ടന്റെയും കല്യാണം.. കല്യാണം കഴിഞ്ഞും ജോലിക്ക് പോവുന്നതിൽ മൂപ്പർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല പക്ഷേ, മൂന്നാമത്തെ മാസത്തിൽ എനിക്ക് ലോട്ടറി അടിച്ചു. രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയാവാനുള്ള ലോട്ടറി. പിന്നെ ജോലിയങ്ങു നിർത്തി. മക്കളു വലുതായി സ്കൂളിൽ പോവാറായപ്പോ പലരും ചോദിച്ചു പൊയ്ക്കൂടേ വല്ല ജോലിക്കുമെന്നൊക്കെ... പക്ഷേ, വിശന്നു വരുന്ന എന്റെ കുട്ടി കണ്ണന്മാർക്കു ഭക്ഷണം കൊടുക്കാൻ അവരുടെ അമ്മയായ ഞാൻ അടുത്തു വേണ്ടേ... ഇതിനിടയിലെവിടെയോ വിശ്വേട്ടനും ഏട്ടന്റെ തിരക്കുകളിൽ എന്നെ ഒറ്റയ്ക്കാക്കി പോയി.  

ഇപ്പൊ എല്ലാവരും ഓരോരോ തിരക്കുകളിലാണ്. ഞാനീ മടുപ്പു പിടിപ്പിക്കുന്ന നാലു ചുവരുകൾക്കുള്ളിലും. നമ്മൾ സ്ത്രീകൾ അല്ലെങ്കിലും ഇങ്ങനെയാണ്... ഉള്ള ജീവിതം എല്ലാർക്കും പകുത്തു നൽകും.. പക്ഷേ നമുക്കു വേണ്ടി ചിലവഴിക്കാൻ ആർക്കും സമയം ഉണ്ടാവില്ല. പ്രതീക്ഷയോടെ ഉണ്ടാക്കി വെച്ചു കൊടുക്കുന്ന ഭക്ഷണം ഒന്ന് മൈൻഡ് പോലും ചെയ്യാതെ.. മക്കളും അച്ഛനും രാവിലെ വീട്ടിന്ന് ഇറങ്ങിപോവുമ്പോൾ എല്ലാത്തിനെയും പിടിച്ചു തേക്കാത്ത ഏതെങ്കിലും ചുമരിന്റെ മോളിലിട്ട് ഉരയ്ക്കാൻ തോന്നും... ഓരോന്ന് ചെയ്‌തു കൊടുത്തിട്ട് അതിനു പുല്ലുവില കൽപ്പിക്കാതെ പോവുമ്പോൾ നമുക്ക് ഉള്ളിലുണ്ടാവുന്ന വേദന ഇവർക്കെവിടെ മനസ്സിലാവാൻ... എന്നിട്ടോ ആരും മിണ്ടാനും പറയാനുമില്ലാത്ത നേരത്ത് ടിവിയിൽ സീരിയൽ കണ്ടുപോയാൽ അതിനും കുറ്റം. 

"അമ്മക്ക് ഈ പൈങ്കിളി വർത്താനം മാത്രേ പിടിക്കൂള്ളോ.. എന്നാണ് മക്കളുടെ ചോദ്യം... പൈങ്കിളി വേണോന്നു നിർബന്ധമില്ല മക്കളെ.. ആരേലും എന്തെങ്കിലുമൊന്ന് മിണ്ടിയാൽ മതി, അമ്മയോട് നേരാവണ്ണം. എന്നു പറയാൻ പല ആവർത്തി നാവു തരിച്ചിട്ടുണ്ട്, പിന്നെ സന്ധ്യക്ക് ഒച്ചയെടുക്കുന്നത് എന്റെ മൂപ്പർക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് മിണ്ടാതിരിക്കും. ഇന്നലെ വിശ്വേട്ടന്റെ പഴയ പെട്ടീം പ്രമാണാമൊക്കെ ഒതുക്കിയപ്പോൾ അതീന്നു കിട്ടിയതാ ഈ ഡയറി. പഴയതാണ് പക്ഷേ ഒന്നും എഴുതിയിട്ടില്ല. ആർക്കും ശല്യമില്ലാത്ത ഒരു പരിപാടിയാണല്ലോ ഡയറി എഴുത്ത്... ഇതാവുമ്പോ, എന്നെ കേൾക്കാനാരൊക്കെയോ ഉണ്ടെന്നൊരു തോന്നലാണ്... ഒരു ആശ്വാസമാണ്. 

പണ്ട് കോളജിൽപഠിക്കുന്ന സമയത്തൊക്കെ അത്യാവശ്യം ആരാധകരുണ്ടായിരുന്ന ഒരു സാഹിത്യകാരിയാണ് ഞാൻ. അന്നെന്റെ 

ഓട്ടോഗ്രാഫിൽ കൂടെ പഠിച്ച സഹദേവൻ എഴുതിയ ഓട്ടോഗ്രാഫ് കാണുമ്പോ ഇപ്പൊ ചിരിയാണ് വരുന്നത്. "ഭാവിയിലെ മാധവിക്കുട്ടീ നിനക്കായി, നിന്നിലെ തൂലികാ സൃഷ്ടികൾക്കായി ഞങ്ങൾ അഭിമാനപൂർവം കാത്തിരിക്കുന്നു. എന്ന് സ്നേഹപൂർവ്വം സഹദേവൻ". കഴിഞ്ഞ മാസം അവന്റെ മരിപ്പിനു പോയപ്പോൾ എനിക്കിതാണ് ഓർമ വന്നത്. പഠിക്കുന്ന സമയത്ത്  എന്തൊക്കെയോ തേങ്ങയാവും എന്നു വിചാരിച്ചു... ഒന്നുമാവാത്തതിൽ എനിക്ക് സങ്കടമൊന്നുമില്ല, പക്ഷേ... എന്തോ ഒരു ഒറ്റപ്പെടൽ...

ഇന്നത്തേക്ക് ഇത്രേം മതി. ഉച്ച കഴിഞ്ഞൊന്നു ബാങ്കിൽ പോവാൻ പറഞ്ഞിട്ടുണ്ട് വിശ്വേട്ടൻ... ഇനി നാളെ വരാം ഡയറി കുട്ടാ"

" അച്ഛാ, അമ്മയ്ക്കെങ്ങനെയുണ്ട് ഹോസ്പിറ്റലിൽ ചെന്നപ്പോളാണ് വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തതറിഞ്ഞത്.. അമ്മയെവിടെ അച്ഛാ,, ഇതെന്താ അച്ഛന്റെ കയ്യിലൊരു ബുക്ക്‌."

"വേവലാതി പൂണ്ടു ചോദ്യങ്ങളുമായി നിൽക്കുന്ന ഗൗതമന്റെയും സിദ്ധാർത്ഥന്റെയും നേരെ നെടുവീർപ്പോടെ വിശ്വനാഥൻ ഉമയുടെ ഡയറി നീട്ടി. ബാങ്കിൽ പോവുന്നതിനിടെ റോഡിൽ തലചുറ്റി വീണ ഉമയെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ബിപി കുറഞ്ഞതായിരുന്നു. അവിടെ വെച്ചാണ് ഉമയുടെ ബാഗിൽ നിന്ന് ഡയറി കിട്ടിയത്. വിശ്വനാഥൻ റൂമിലേക്ക് പതിയെ നടന്നു. പറയത്തക്കവിധമുള്ള പരാതികളൊന്നും ആ ഡയറിയിൽ ഇല്ലെങ്കിലും മനസ്സിലെന്തോ ഒരു കുറ്റബോധം അലയടിക്കുന്നതു പോലെ  വിശ്വനാഥന് തോന്നി. കട്ടിലിൽ തളർന്നു കിടക്കുന്ന ഉമയെ വാത്സല്യപൂർവം അയാൾ നോക്കി കട്ടിലിൽ അവൾക്കരികിലായി അയാളിരുന്നു. 

വിശ്വനാഥൻ ഉമയുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന നരകളെ തഴുകിയൊതുക്കി അവളുടെ നെറ്റിയിൽ ദീർഘമായി ചുംബിച്ചു. ഉമ പാതിമയക്കത്തിൽ കണ്ണു തുറന്നു... "വിശ്വേട്ടാ "

"ഞാനുണ്ട് ഉമേ.. നിന്റടുത്ത്... ഉറങ്ങിക്കോ നീയ്.. നന്നായി ഉറങ്ങിക്കൊ, ഉറങ്ങിയെണീറ്റിട്ടു വേണം ഭാവിയിലെ മാധവിക്കുട്ടിയുടെ തൂലിക കണ്ടുപിടിക്കാൻ " ഉമ വിശ്വനാഥന മിഴിച്ചു നോക്കി...

വിശ്വനാഥൻ ഉമയെ തന്നിലേക്ക് ചേർത്തു പിടിച്ചു, അവളുടെ നെറ്റിയിൽ വീണ്ടും ദീർഘമായി ചുംബിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com