ADVERTISEMENT

ചീരുവക്ക (കഥ)

നീണ്ടുവരുന്ന താടി രോമങ്ങൾ തഴുകിക്കൊണ്ട് കണ്ണാടിയിൽ പ്രതിബിംബം നോക്കി സായൂജ്യമടയുന്ന നിമിഷങ്ങൾ ഒഴിച്ചാൽ ജീവിതത്തിൽ മറ്റു നിറങ്ങൾ ഒന്നുമില്ല എന്നു തോന്നുന്ന നിമിഷങ്ങളുടെ ദൈർഘ്യം ഈയിടെയായി വല്ലാതെ അങ്ങ് കൂടിത്തുടങ്ങിയോ എന്നൊരു സംശയം രണ്ടു ദിവസമായി എന്നെ അലട്ടാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ ചിന്തിക്കുന്നതാണോ, അങ്ങനെ ചിന്തിക്കുന്നതിനെപ്പറ്റി വ്യാകുലപ്പെട്ടു സമയം കളയുന്നതാണോ എന്റെ മനോവിഷമത്തിന്റെ ഹേതു എന്ന് ചിന്തിച്ചു തുടങ്ങിയാൽ അത് മറ്റൊരു വലിയ മനോവിഷമമായി കലാശിക്കും. കവലയിൽ ചീര വിൽക്കാൻ ഇരിക്കുന്ന ചീരുവക്കയുടെ വയറുപോലെ എന്റെ മനസ്സും, ഒരു കാര്യവുമില്ലാതെ വായു പോലുള്ള ചിന്തകളെ വലിച്ച് ഉള്ളിലിട്ടു വീർത്തിരിക്കും. ഒരുപകാരവുമില്ലാതെ ചുമ്മാ വീർത്തിരിക്കുന്നതൊഴിച്ചാൽ നമുക്കത് വല്ലാത്ത ഉപദ്രവം ആണുതാനും. വീർത്ത വയറും തടവി ചീരുവക്ക ഇടയ്ക്ക് പറയും, "മുടിയില തമ്പീ....ഇന്ത ഗ്രാസ്ട്രബിൾ." വൈകിട്ട് കട്ടനടിക്കാൻ നവാസിക്കയുടെ ചായക്കടയിൽ ചെല്ലുന്ന സമയമാണേൽ, അക്ക എന്നെപ്പിടിച്ചു ചീരക്കെട്ടിനു കാവൽ നിർത്തിയിട്ട് ഇക്കയുടെ കടയിരിക്കുന്ന കെട്ടിടത്തിനു പിറകിലെ കക്കൂസിൽ തിരക്കിട്ട് പോവുന്നത് പലപ്പോഴും ഞാൻ സഹതാപത്തോടെ നോക്കാറുണ്ട്. പക്ഷേ അക്കയുടെ വയറിന്റെ അസുഖം എന്റെ മനസ്സിലേക്ക് പടരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒന്നും ചെയ്യാനില്ലാത്തവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മാത്രമാണിതെന്ന് ഒരിക്കലെന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. പക്ഷേ മനപ്പൂർവം ഒന്നും ചെയ്യരുത് എന്നാഗ്രഹിച്ച് എന്നിലേയ്ക്കു തന്നെ ഒരുങ്ങിക്കൂടിയതല്ലല്ലോ എന്നൊരു ന്യായവും ഞാനന്നേരം അവനോടു പറഞ്ഞു. അന്നേരമത് അവനോടു ജയിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും അതിൽ അൽപം സത്യമുണ്ട്. ചെറുതെങ്കിലും ഒരു കമ്പനിയിൽ മാന്യമായി ജോലി ചെയ്തു ജീവിച്ചു പോന്ന എന്റെ തലേവര വലിയൊരുവളവു തിരിഞ്ഞ് എന്റെ കമ്പനിയെ പൂട്ടിച്ചത് എന്റെ ഇഷ്ടപ്രകാരമല്ലല്ലോ. ഏതോ ഒരു സിനിമയിലെ ഡയലോഗ് പോലെ, ദാറ്റ് വാസ് നോട്ട് മൈ ഇൻടെൻഷൻ.

നവാസിക്കയുടെ കടയുടെ മുൻ‍പിൽ ബസ് സ്റ്റോപ്പിന് ഒരരികിലാണ് ചീരുവക്ക ചീര വിൽക്കാനിരിക്കുന്നത്. ഒരു ചാക്കിലടുക്കി വച്ചിരിക്കുന്ന ചീരക്കെട്ടിന് അരികിൽ ഒരു പാത്രത്തിൽ വെള്ളം വച്ചിട്ടുണ്ടാവും. ഇടയ്ക്കിടയ്ക്ക് ആ പാത്രത്തിൽ കയ്യിട്ടു കോരി ചീരയ്ക്ക് മുകളിൽ വെള്ളം തളിക്കുന്ന അക്കയുടെ കടയിൽ, തിരക്ക് മിക്കവാറും വൈകുന്നേരങ്ങളിലാവും. കൂടുതലും ജോലി കഴിഞ്ഞ് ബസ്സിറങ്ങുന്ന ഇടത്തരക്കാരാണ് ചീരുവക്കയുടെ കസ്റ്റമേഴ്സ്. അക്കയിരിക്കുന്നതിന് എതിർവശത്തായി റോഡിനപ്പുറം ഒരു കെട്ടിടത്തിലായിരുന്നു എന്റെ തലേവര പൂട്ടിച്ചതെന്ന് ഞാൻ വിശ്വസിക്കുന്ന കമ്പനി പ്രവർത്തിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ റോഡ് ക്രോസ് ചെയ്തുവന്നു നവാസിക്കയുടെ ചായക്കടയിൽ നിന്ന് കട്ടനടിക്കുന്ന പതിവ് ഉണ്ടായിരുന്ന ഞാൻ, വളരെ യാദൃശ്ചികമായാണ് ചീരുവക്കയെ പരിചയപ്പെടുന്നത്. ഇക്കയുടെ ആവി പറക്കുന്ന കട്ടൻ ചായ ഊതിയൂതി കുടിക്കുന്നതോടൊപ്പം കണ്ണുകൾ റോഡിലും പരിസരത്തും ഓടിനടന്ന് കാഴ്ചകളുടെ കണക്കെടുക്കുന്ന ഒരു വൈകുന്നേരം സ്റ്റോപ്പിലെത്തിയ ബസ്സ്, ട്രാഫിക് ബ്ലോക്ക് ഉണ്ടാകേണ്ടല്ലോ എന്നു ഡ്രൈവർ കരുതിയതിനാലോ എന്തോ, റോഡിൽ നിന്നും ആൾക്കാർ നിൽക്കുന്ന ഭാഗത്തേക്ക് കയറ്റി നിർത്താൻ ശ്രമിക്കുകയും ചീരുവക്കയുടെ ഒരു കസ്റ്റമറെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ആൾക്കാർ കൂടി ബഹളമായി. രസിച്ചു കുടിച്ചു പോന്ന ചായയും ഉപേക്ഷിച്ചു ഞാനും അവർക്കൊപ്പം കൂടി, കാഴ്ച കാണാൻ. ചോരയിൽ കുളിച്ചു കിടക്കുന്ന ആ മദ്ധ്യവയസ്കയ്ക്ക് ചുറ്റും കൂടി കാഴ്ച കാണുന്ന ആൾക്കാർക്കിടയിൽ വ്യത്യസ്തയായി അവരെ എടുത്ത് ആശുപത്രിയിൽ കൊണ്ടു പോകാനുള്ള ആദ്യ ശ്രമം നടത്തിയ ചീരുവക്ക, ആ ഉദ്യമം വിജയിപ്പിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മാത്രമല്ല രക്തമാവശ്യമായിരുന്ന അവർക്ക് സ്വന്തം രക്തം ദാനം ചെയ്യാനും ചീരുവക്ക മടിച്ചില്ല. അങ്ങനെയൊരു അപരിചിതയുടെ ജീവൻ രക്ഷിച്ച ചീരുവക്ക അവിടൊരു താരമായി മാറി. ബാനറൊക്കെ വച്ചു മെമ്പറുടെ ആഭിമുഖ്യത്തിൽ ഒരു അനുമോദനച്ചടങ്ങ് ഒക്കെ നടന്നു.

ചീരുവക്കയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ കമ്മറ്റിക്കാർ ഒരു തുക പിരിച്ച് അവർക്കു നൽകുകയുമുണ്ടായി.  അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ചായക്കടയിൽ ചായ കുടിച്ചു വെടി വർത്തമാനം പറയുന്നതിനിടയിൽ ചൊറിയൻ ജോസ് നവാസിക്കയോട് പറഞ്ഞു. 

"ഡാ നവാസേ... .നിനക്കറിയോ.... അവളവളുടെ പടിക്കാരിയായ കൊണ്ടാ ആ പെമ്പ്രന്നോരെ എടുത്തു ആശുപത്രീൽ കൊണ്ടു പോയെ. അല്ലേ... ഈ ജാതികള് മനുഷ്യപ്പറ്റ് ഉള്ള കൂട്ടാണോ. ഹും.... അതിനൊരു കാഷ് അവാർഡും." 

ജോസിന്റെ കയ്യിലിരിക്കുന്ന ഗ്ലാസ്സ് പുതുതായി വാങ്ങിച്ച സെറ്റിലെ ആയകൊണ്ടായിരിക്കും ഇക്കയൊന്നും പറഞ്ഞില്ല, അനുകൂലിച്ചും പ്രതികൂലിച്ചും. പെട്ടെന്ന് ചീരുവക്ക കടയിലേക്ക് ഓടിക്കയറി വന്നു. ഓർക്കാപ്പുറത്ത് കവിൾക്കൊണ്ട ചായയുടെ അളവ് കൂടിപ്പോയി വാ പൊള്ളിയിട്ടും ജോസിന്റെ മുഖത്ത് ഒരു പുച്ഛഭാവം വന്നു ചേർന്നു. എല്ലാത്തിനും മൂകസാക്ഷിയായി ഒരു മൂലയിൽ ഇരുന്നു കട്ടനടിക്കുകയായിരുന്ന എന്നേയും, നവാസിക്കയേയും മാറി മാറി നോക്കി പരിഭ്രമത്തോടെ, "അണ്ണാ....മോള് വന്തിട്ടില്ല ഇതുവരെ സ്കൂൾവിട്ട് വരവേണ്ടിയ സമയമായിരിച്ചു."

വായ്ക്കുള്ളിലായ ചായ ഇറക്കണോ വേണ്ടയോ എന്നു ചിന്തിച്ച് ഞാനിരിക്കുമ്പോൾ അവരെ ആശ്വസിപ്പിക്കാനെന്ന വണ്ണം നവാസിക്ക, "കൂട്ടുകാരികളുടെ വീട്ടിൽ വല്ലോം പോയിട്ടുണ്ടാവും. ഒന്ന് അന്വേഷിച്ചു നോക്ക്..."

"ഇല്ലണ്ണാ... എങ്കേയും ഇല്ല. അവൾക്ക് വയറുവേദന, ഉച്ചയ്ക്കു പോയി എന്നു ടീച്ചർ പറ‍ഞ്ഞു. നാനെന്നാ ചെയ്യും... അപ്പാ." കരച്ചിലിന്റെ വക്കോളം എത്തിയ അവർ തളർന്നു നിലത്തേയ്ക്കിരുന്നു. ചായഗ്ലാസ്സും തെരുപ്പിടിച്ചു ഞാൻ നവാസിക്കയെ നോക്കി അയാളെന്നെയും. ആകെ അന്തം വിട്ടുള്ള ഇക്കയുടെ നിൽപ്പ് കണ്ട് എനിക്കു ബോധ്യമായി ഇത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യണം എന്നറിയാതെ പതറിച്ചയുണ്ടാവുക എന്നുള്ളത് എന്റെ മാത്രം പ്രശ്നമല്ല എന്ന്.

"വല്ലവന്റെയും കൂടെപ്പോയിട്ടുണ്ടാവും.... പേടിക്കേണ്ടടീ, കടി മാറുമ്പം ഇങ്ങുവന്നോളും." ഒരു വഷളൻ ചിരിയോടെ ഏഴിൽ പഠിക്കുന്ന ആ കുട്ടിയെപ്പറ്റി ചൊറിയൻ ജോസ് അത് പറയുമ്പോൾ ആത്മരോഷം മൂലം എന്റെയുള്ളിൽ കോപം നിറഞ്ഞെങ്കിലും വരത്തനായതിനാലും സർവോപരി ജോസിന് എന്നേക്കാളും ആൾവലിപ്പം ഉള്ളതിനാലും കുറ്റബോധത്തോടെ തലകുനിച്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. പശ്ചാത്തലത്തിൽ അക്കയുടെ കരച്ചിലിന്റെ ശബ്ദം കേട്ടപ്പോൾ കൈ കൊണ്ടു കണ്ണുതുടയ്ക്കാൻ ഞാൻ നിർബന്ധിതനായി. 

‘‘ഠപ്പേ....’’ എന്നൊരു ശബ്ദത്തെത്തുടർന്ന്, ഉടൻതന്നെ ഒരു കുപ്പിഗ്ലാസ് താഴെ വീണുടയുന്ന ശബ്ദവും കേട്ട് തലയുയർത്തി നോക്കുമ്പോൾ കവിളത്ത് കൈയും വച്ച് അമ്പരന്നിരിക്കുന്ന ജോസിനെയും അരികിൽ രോഷത്തോടെ നിൽക്കുന്ന നവാസിക്കയേയും ആണ് ഞാൻ കണ്ടത്. 

‘‘ഇനി ഇമ്മാതിരി വർത്താനോം കൊണ്ട് നിന്നെ ഇവിടെക്കണ്ടാൽ ചായക്ക് തെളപ്പിച്ച വെള്ളം കോരിയൊഴിക്കും ഞാൻ. എറങ്ങെടാ...’’

പുറത്തേയ്ക്കു കൈ ചൂണ്ടി ജോസിനോട് നവാസിക്ക അതു പറയുമ്പോൾ കരച്ചിൽ മറന്ന് അമ്പരപ്പോടെ ചാടിയെണീക്കുന്ന ചീരുവക്കയെ ഞാൻ ഏറു കണ്ണിട്ട് നോക്കി.

‘‘നീയെന്നെ തല്ലിയല്ലേ.... നെന്നെ ഞാനെടുത്തോളാം.’’ എന്ന നൂറ്റാണ്ടിലെ തല്ലു കിട്ടി തിരിച്ചു തല്ലാൻ ധൈര്യമില്ലാത്തവരുടെ സ്ഥിരം ഡയലോഗും വിട്ടു കരണത്തു കൈയും പൊത്തി ജോസ് ഇറങ്ങിപ്പോവുമ്പോൾ ഞാൻ ചീരുവക്കയേയും നവാസിക്കയേയും മാറി മാറി നോക്കി.

‘‘അണ്ണാ.... എതുക്കണ്ണാ...’’

കലങ്ങിയ കണ്ണുകളുമായി ചീരുവക്ക അത് ചോദിക്കുമ്പോൾ നവാസിക്ക എന്തോ ആലോചനയിലായിരുന്നു. ഞാനാ മനുഷ്യനെ അഭിമാനത്തോടെ നോക്കി. അയാളെനിക്കു മുൻപിൽ ഒരു ഹീറോ ആവുകയായിരുന്നു. ഒടുക്കം ഇക്കയുടെ തീരുമാന പ്രകാരം ചീരുവക്കയേയും കൂട്ടി ഞങ്ങളടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പൊലീസ് അന്വേഷണത്തിൽ ഉച്ചയ്ക്ക് സ്കൂൾ വിട്ട് ഒറ്റയ്ക്ക് പോവുകയായിരുന്ന കുട്ടി തലകറങ്ങി വീണുവെന്നും ആരോ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെന്നും മനസ്സിലായി. കുട്ടിയെ തിരിച്ചു കിട്ടിയപ്പോഴേക്കും ചീരുവക്ക ഉഷാറായി. പൊലീസ് സ്റ്റേഷനിലും മറ്റും കൂടെപ്പോയി പരാതി എഴുതിക്കൊടുക്കാൻ സഹായിച്ചതു കൊണ്ടും ഒക്കെയാവും ചീരുവക്കയ്ക്ക് പിന്നെ എന്നോട് കാര്യമായി. പിന്നീട് ജോലി പോയ കാര്യം പറഞ്ഞപ്പോൾ ഏറ്റവുമധികം സാന്ത്വനിപ്പിച്ചവരിലൊരാളും അക്കയായിരുന്നു. ചൊറിയൻ ജോസിനെപ്പിന്നെ നവാസിക്കയുടെ കടയിൽക്കണ്ടിട്ടില്ലെങ്കിലും, മിക്കവാറും ചായകുടീം കഴിഞ്ഞു കവലയിൽക്കൂടിപ്പോവുമ്പോൾ രാഷ്ട്രീയ പാർട്ടിക്കാർ സ്ഥാപിച്ച അധികാര വിളംബര കൊടിമരത്തിനു ചുവട്ടിൽ പരിസര നിരീക്ഷണം നടത്തി ചൊറിയാനുള്ള വകുപ്പ് തേടുന്ന ജോസിനെ ഞാൻ കണ്ടിട്ടുണ്ട്. പലപ്പോഴും അയാൾക്ക് മുഖം കൊടുക്കാതെ നടന്നു നീങ്ങുകയാണ് ഉണ്ടായത്. 

അങ്ങനെയിരിക്കെ കയ്യിലൊരു ബോർഡിൽ ക്ലിപ്പുകളിൽ ലോട്ടറിയുമായി ജോസിനെ മൊബൈൽ റിപ്പയർ മുതൽ റീചാർജ്ജ് വരെ ചെയ്തു കൊടുക്കുന്ന അബ്ബാസിക്കയുടെ കടയിൽ വച്ചു കണ്ടു. ആകെയുണ്ടായിരുന്ന മൊബൈൽ പോക്കറ്റിലിട്ടുകൊണ്ടു തുണിയലക്കാൻ പൈപ്പിൽ നിന്നും വെള്ളം പിടിച്ചു വയ്ക്കുന്നതിനിടയിൽ പൈപ്പ് പൂട്ടാനായി കുനിഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിലേയ്ക്ക് വെള്ളം കണ്ട പോത്തിനെ പ്പോലെ എടുത്തു ചാടി. ചാടിപ്പിടിച്ചു വെള്ളം നിറഞ്ഞ ബക്കറ്റിനടിയിൽ നിന്നും മൊബൈലെടുത്തു നോക്കുമ്പോൾ അവസാനമായി എന്നെ നോക്കി അത് കണ്ണടച്ചു. ഒരു പ്രതീക്ഷയുമില്ലാതിരുന്നിട്ടും അവസാനശ്രമമെന്ന നിലയിൽ അബ്ബാസിക്കയുടെ കടയിലൊന്ന് കൊടുത്തു നോക്കാം എന്നു കരുതി ചെന്നതാണ്. അബ്ബാസിക്കയോട് എന്തോ കാര്യമായി കുശുകുശുത്തോണ്ടിരുന്ന ജോസ് എന്നെക്കണ്ടപ്പോൾ പെട്ടെന്ന് സ്വിച്ചിട്ടപോലെ വർത്തമാനം നിർത്തി. 

"ആ നിങ്ങള് ലോട്ടറിക്കച്ചോടം തുടങ്ങിയോ?" മറ്റു മാർഗ്ഗം ഒന്നുമില്ലാതെ, കണ്ടതല്ലേ എന്തേലും ചോദിക്കണമല്ലോ എന്നു കരുതി ഞാൻ ചോദിച്ചു. 

‘‘ആ....ജീവിക്കണ്ടേ....’’ ആ തണുപ്പൻ മറുപടിക്ക് മുഖം കൊണ്ടു ചിരിക്കുന്ന പോലെ ഒരു കോക്രി കാണിച്ചു ഞാൻ മൊബൈലെടുത്തു ഇക്കയുടെ കയ്യിൽ കൊടുത്തു പ്രശ്നം വിശദീകരിച്ചു. ഇക്ക മൊബൈലും വാങ്ങി ഉള്ളിലേക്ക് പോയപ്പോൾ ഞാൻ ജോസിനെ തിരിഞ്ഞു നോക്കി, ഒരാവശ്യവുമില്ലായിരുന്നുവെന്ന് പിന്നീട് തോന്നിയ ഒരു നോട്ടം. 

"മൊബൈലിൽ വിളീം പറേം ഒക്കെയുണ്ടോ?" ജോസിന്റെ ചോദ്യം.

"ആരെ...?" ഞാൻ സംശയത്തോടെ ചോദിച്ചു.

"അല്ലാ... നീയാ തമിഴത്തിയുമായി വല്ല്യ കമ്പനിയല്ലേ. അവടെ കാര്യമാ ചോദിച്ചത്. അവൾക്കാണേൽ കെട്ടിയോനുമില്ല. പിന്നെ നിന്നെപ്പോലൊരുത്തനെ കിട്ടിയാൽ എന്തായാലും വെറുതെ കളയത്തില്ല." അയാൾക്ക് ജന്മനാ കിട്ടിയത് എന്നു ഞാൻ വിശ്വസിക്കുന്ന വഷളൻ നോട്ടവും ചിരിയുമായി അയാളതു ചോദിച്ചപ്പോൾ അന്നു നവാസിക്ക പൊട്ടിച്ച പോലെ ഒന്നങ്ങിട്ടു കൊടുക്കാൻ ഞാനാ നിമിഷത്തിലാത്മാർഥമായി ആഗ്രഹിച്ചു. എന്നിരുന്നാലും സഭാകമ്പം മൂലം അവിടെ ആ പ്രകടനം നടത്താനാവാതെ ഞാൻ നിശ്ശബ്ദനായി നിന്നു. 

"അല്ല....അതൊന്നും ഒരു കാര്യമല്ല, നിനക്ക് ഭാഗ്യമുണ്ട്... നീ മുതലാക്ക്." എന്റെ തോളത്തു തട്ടി അയാളത് പറയുമ്പോൾ, പട്ടണത്തിലെ സകലമാന മാലിന്യങ്ങളും പേറി റൂമിനരികിലൂടി ഒഴുകുന്ന തോടിനെ ആ സ്ഥിതിയിലാക്കിയവരോട് തോന്നിയതിലും അറപ്പ് എനിക്കയാളുടെ കൈകളോട് തോന്നി. അപ്പോഴേക്കും പുറത്തേക്കു വന്ന അബ്ബാസിക്കയെ നോക്കി അയാൾ, 

‘‘കേട്ടോ അബ്ബാസിക്കാ....യോഗമങ്ങനെ എല്ലാർക്കുമൊന്നും കിട്ടത്തില്ലല്ലോ...’’

ഞൊടി നേരം കൊണ്ട് ജോസിന്റെ മുഖത്തുമാത്രം കണ്ടിട്ടുള്ള ആ വഷളൻ ചിരി അബ്ബാസിക്കയിലേക്കും പടർന്നു. അങ്ങനെ ഈ വഷളൻ ചിരി ഒരു പകർച്ചവ്യാധിയാണെന്ന സത്യം ഞാൻ മനസ്സിലാക്കി. 

‘‘നിങ്ങള് വിചാരിക്കുന്നപോലൊന്നും എനിക്കാ സ്ത്രീയോട് ഇല്ല. അവരുടെ കുട്ടിയേ കാണാണ്ടായപ്പോൾ ചെയ്ത സഹായത്തിന്റെ നന്ദിയെന്നോണം മാത്രമാണ് അവരെന്നോട് സംസാരിക്കുന്നത്.’’ ഭാഗ്യം, അത്രയെങ്കിലും പറയാൻ ഉള്ള ധൈര്യം തന്ന് എന്റെ സഭാകമ്പം അൽപ്പം മാറി നിന്നു. 

‘‘ഓ... ഞങ്ങളങ്ങു നമ്പി....’’ പരിഹാസത്തോടെ അതു പറഞ്ഞു ജോസ് ചിരിക്കുമ്പോൾ അബ്ബാസിക്കയും അതിനോടു ചേർന്ന്, കോറസ് പാടുന്നപോലെ ചിരിക്കാൻ തുടങ്ങി. ആ നിമിഷത്തിൽ മൊബൈൽ പോക്കറ്റിലിട്ടോണ്ട് ടെറസ്സിൽ അലക്കാൻ പോയ നിമിഷത്തെ ഞാൻ ശപിച്ചു. പരാജിതനായി ഞാൻ അവിടുന്നിറങ്ങുമ്പോൾ അവസാന ഉറക്കത്തിലായിരുന്ന എന്റെ മൊബൈൽ എന്റെ ശരീരത്തോട് ഒട്ടിച്ചേർന്നു പാന്റിന്റെ പോക്കറ്റിൽക്കിടന്നു. റൂമിലെ ഷെൽഫിൽ ഒരു മൂലയിലായി എന്റെ ഇണയും തുണയുമായിരുന്ന മൊബൈലിനെ അടക്കി കട്ടിലിൽ മലര്‍ന്നു കിടന്നു ജോസിന്റെ വാക്കുകൾ ഞാനോർത്തു. അയാളുടെ ആ വാക്കുകൾ ഒരു തലമുറയുടെ ലൈംഗിക ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നതായിരുന്നു. മെല്ലെ തലചരിച്ചു ഷെൽഫിലേക്ക് നോക്കി മൊബൈല്‍ ചത്തുവെന്ന വേദനയേറിയ സത്യം ഒരിക്കൽക്കൂടി മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തി.

പിന്നീട് ചീരുവക്കയെക്കാണുമ്പോൾ ജോസ് പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് വരികയും എന്റെ നോട്ടത്തിന് അതുവരെ കാണാത്ത ചിന്തിക്കാത്ത ഒരു ഭാവം കൈവരികയും ചെയ്തു. സഹതാപത്തോടെ മാത്രം കണ്ടിരുന്ന ചീരുവക്കയുടെ വയറു കാണുമ്പോൾ മറ്റെന്തൊക്കെയോ തോന്നാൻ തുടങ്ങി. അപകടം മനസ്സിലാക്കിയ ഞാൻ ചീരക്കച്ചവട പരിസരം ഒഴിവാക്കി നവാസിക്കയുടെ ചായക്കടയിലേക്ക് ഒതുങ്ങി. ചീരുവക്കയ്ക്ക് മുഖം കൊടുക്കാതെ ചായക്കടയിൽ നിന്നുമിറങ്ങി മുറിയിലേക്ക് നടന്നു മറയുന്നത് പിന്നീട് ഞാനൊരു പതിവാക്കി. ആയിരം തേൻതുള്ളിയിൽ ഒരു മീന്തുള്ളി വീണാൽ അത് മോശമാകും എന്നു പറയുന്നതു പോലെ എന്റെയും ചീരുവക്കയുടെയും നിർദ്ദോഷമായ സൗഹൃദത്തിൽ ഒരു കരടിടുന്നതിൽ ചൊറിയൻ ജോസ് അങ്ങനെ വിജയിച്ചു. ദിവസങ്ങൾ കഴിയുന്തോറും ഞാൻ മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. ഉടനൊരു വരുമാനമാർഗ്ഗം കണ്ടെത്തിയില്ലെങ്കിൽ എന്റെ യൗവനം തേൻകുടിക്കാനാരുമില്ലാതെ വെറുതെ പൂത്തു കൊഴിയുന്ന പൂപോലെയാകുമെന്ന് എനിക്കു തോന്നിത്തുടങ്ങി. കണ്ണാടിക്കു മുൻപിൽ നിന്ന് നീണ്ട താടി രോമങ്ങൾ തഴുകി രസിക്കുന്ന നിമിഷങ്ങളൊഴിച്ചാൽ ചീരുവക്കയുടെ ഒഴിഞ്ഞ വയറിലേക്ക് ഇടിച്ചു കയറുന്ന വായുവിനെപ്പോലെ, എന്റെ മനസ്സിലേക്ക് അങ്ങനെ വിചിത്രമായ ചിന്തകൾ കയറിവന്നു നിറഞ്ഞു. പലപ്പോഴും അസ്വസ്ഥയായ ചീരുവക്കയുടെ മുഖം എന്റെ കണ്ണാടിയിൽ ഞാൻ ശ്രദ്ധിക്കാത്തപ്പോൾ പ്രതിഫലിച്ചു. 

ജോലിയന്വേഷിച്ചുള്ള കമ്പനികളിൽ നിന്നും കമ്പനികളിലേക്കുള്ള യാത്രകളുടെ തുടക്കം കവലയിലെ ബസ് സ്റ്റോപ്പ് ആയതിനാൽ, ഇടതുവശത്ത് ചീരയുമായി നിൽക്കുന്ന ചീരുവക്കയെ ഒഴിവാക്കാനായി വലതുവശം മാറി നിൽക്കുമ്പോൾ ചീരക്കെട്ടിനു മുകളിലൂടെ എന്നെ ഇടവിട്ടിടവിട്ട് നോക്കുന്ന പാവം ചീരുവക്കയെ ഞാൻ അക്ക കാണാതെ ശ്രദ്ധിച്ചു. പരസ്പരം ശ്രദ്ധിക്കാതെയുള്ള ശ്രദ്ധിക്കലുകൾ വർദ്ധിച്ചു വന്നു. കൗമാരക്കാരായ പ്രണയജോഡികളെപ്പോലുള്ള ഞങ്ങളുടെ പ്രവർത്തി ശ്രദ്ധിച്ചിട്ടാവാം ഒരിക്കൽ നവാസിക്കയുടെ ചായക്കടയിൽ ഇരിക്കുമ്പോൾ ഇക്ക എന്നോട് ചോദിച്ചു, ‘‘നീയെന്താ ഇപ്പ അവളോട് മിണ്ടാതെ നടക്കുന്നത്....?’’ 

‘‘അതിക്കാ....പ്രത്യേകിച്ചൊന്നുമില്ല. ജോലി കിട്ടാത്തതിന്റെ ഒരു ടെൻഷനിൽ....’’ ഒരു വിധം ഞാനെന്റെ പ്രവർത്തിയെ ന്യായീകരിക്കാൻ ശ്രമിച്ചു. 

‘‘ഉം....അവൾക്ക് നല്ല പരിഭവമുണ്ടു കേട്ടോ... മറ്റന്നാൾ അവടെ മോടെ തെരണ്ടുകല്യാണമാ. നിന്നോട് ഒന്നു പറഞ്ഞേക്കാൻ പറഞ്ഞു.’’

‘‘അയ്യോ.....ഞാനങ്ങനെ പ്രത്യേകിച്ചൊന്നും വിചാരിച്ചല്ല. ഒരു കാര്യം ചെയ്യാം ഞാനിന്നുതന്നെ പോയി ആ പരാതി അങ്ങ് തീർത്തേക്കാം.’’ തെല്ലു ജാള്യതയോടെ ഞാനത് പറയുമ്പോൾ നവാസിക്ക ഒരു ചെറുചിരിയോടെ പോയി. 

ചീരക്കെട്ടിനടുത്ത് ഒരു പൂവാലനെപ്പോലെ ചെന്നു നിന്നു പരുങ്ങുന്നയെന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ ചീരയെടുത്ത് അളവനുസരിച്ച് വാങ്ങാൻ വന്നവർക്ക് നൽകുന്ന പ്രവർത്തിയിൽ മുഴുകി ചീരുവക്കയിരുന്നു. പലപ്പോഴായി ചീരുവക്കയുടെ മുഖത്തു നോക്കാൻ ഞാൻ ശ്രമിച്ചുവെങ്കിലും എനിക്ക് മുഖം തരാതെ അക്ക തന്റെ കച്ചവടം തുടർന്നു. തെല്ലു വാശിയിലായിരുന്ന ഞാനും അവരെ നോക്കാതെ ആ നിൽപ്പ് അവസാന ചീരയും വിറ്റു പോകുന്നതു വരെ തുടർന്നു. അന്തരീക്ഷം ഇരുണ്ടിരുന്നെങ്കിലും കച്ചവടം നടത്തിയ ഇടം തൂത്ത് വൃത്തിയാക്കി ചാക്കും പാത്രവുമെടുത്ത് സ്ഥലം വിടാനൊരുങ്ങുന്ന ചീരുവക്കയെ, ഞാൻ ഏറു കണ്ണിട്ട് നോക്കി. 

‘‘ഉനക്ക് നല്ല ഐശ്വര്യം താൻ. ഇന്ന് ചീരയെല്ലാം മൊത്തമാ വിറ്റുപോയിരിച്ച്....’’ എന്റെ മുഖത്തു നോക്കാതെ എന്നോടായി ചീരുവക്ക പറഞ്ഞു.

‘‘ആ.... എന്റെ ഐശ്വര്യം കൊണ്ട് എനിക്കേ ഗുണമില്ലാത്തതുള്ളൂ....’’ ചീരുവക്കയെത്തന്നെ നോക്കി ഞാൻ പറഞ്ഞു. പെട്ടെന്ന് തിരിഞ്ഞ് എന്റെ മുഖത്തേക്ക് ഒരു നിമിഷം തുറിച്ചു നോക്കി നിന്ന അക്ക അപ്രതീക്ഷിതമായി പെയ്ത മഴ പോലെ ഒരു ചിരിചിരിച്ചു. അങ്ങനെയൊരു ചിരിയുമായി ചീരുവക്കയെ ഞാൻ കണ്ടിട്ടേയില്ലായിരുന്നു. ആ ചിരിയുമാസ്വദിച്ചു ചീരുവക്കയെത്തന്നെ നോക്കി നിൽക്കുമ്പോൾ പെട്ടെന്ന് ജോസിന്റെ മുഖമെന്റെ മനസ്സിലേക്ക് കടന്നു വന്നു. നേരിൽക്കൊടുക്കാൻ കഴിയാതിരുന്ന അടിയും കൊടുത്ത് അയാളെ ഞാനോടിച്ചുവെങ്കിലും ചീരുവക്കയുടെ ആ ചിരിയിലെ യൗവ്വനം എന്നിലൊരു വീർപ്പുമുട്ടായി വിങ്ങി.

‘‘ഉനക്ക് എന്നാച്ച്....?’’ ചിരിമേളം കഴിഞ്ഞു വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ചീരുവക്ക ചോദിച്ചു.

‘‘ഒന്നുമില്ല. ജോലി തപ്പി നടപ്പും മറ്റുമാരുന്നു. ആകെ മടുത്ത അവസ്ഥയിലായിരുന്നു. അതാ....’’

‘‘ഉം....പോതും’’ ഞാൻ ചീരുവക്കയെ ലജ്ജയോടെ നോക്കി. തുടർന്ന് അഞ്ചാറു നിമിഷം ഞങ്ങളൊന്നും മിണ്ടാതെ നടന്നു. മെയിൻ റോഡ് കഴിഞ്ഞു ആളൊഴിഞ്ഞ ഒരു പോക്കറ്റ് റോഡ് കയറിയപ്പോൾ ചീരുവക്ക തിരിഞ്ഞെന്നെ നോക്കി, ‘‘മോള് പെരിയ പെണ്ണായി. നാളെ കഴിഞ്ഞ് ചെറിയ ഒരു ഫംങ്ഷൻ ഉണ്ട്. 

‘‘നവാസിക്ക പറഞ്ഞിരുന്നു....’’ ഞാൻ മടിയോടെ പറഞ്ഞു.

‘‘എനക്ക് തെരിയും....അതിനാല് താനേ നീയെന്നെ പാക്കവന്തേ....’’

"അത് അക്കാ....."

‘‘എന്നാ ഉൻ പ്രച്നം?’’

‘‘അത് പിന്നെ.... ആ ചൊറിയൻ’’

‘‘ചൊറിയൻ ജോസ് ശൊല്ലിയാച്ചാ നാനും നീയും അവിഹിതമെന്ന്....?’’

ഒരു കൂസലുമില്ലാതെ അക്കയത് ചോദിച്ചപ്പോൾ ഞാൻ അദ്ഭുതത്തോടെ അവരെ നോക്കി.

‘‘‍ഡാ മണ്ടാ.... അവനത് താൻ വേല. അവന്റെ വാക്ക് യാരും നമ്പ മാട്ടേൻ.’’

അക്ക പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു. 

‘‘അതുമാത്രം അല്ല അക്കാ...’’ ഞാൻ ചീരുവക്കയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

‘‘പിന്നെന്നാ...?’’

‘‘അതിനുശേഷം അക്കെയെക്കാണുമ്പോഴൊക്കെ വേറെ ചിന്തകൾ മനസ്സിലേക്ക് വരുന്നു. അതുകൊണ്ടാ ഞാൻ’’ നടന്നുകൊണ്ട് ഞാനത് പറയുമ്പോൾ ഒപ്പം അക്കയില്ല എന്നു മനസ്സിലാക്കി തിരിഞ്ഞു നോക്കി. പിന്നിൽ കണ്ണുകളിൽ അഗ്നിയുമായി നിൽക്കുന്ന ചീരുവക്കയെ കണ്ടപ്പോൾ തെയ്യത്തിനെഴുന്നള്ളി നിൽക്കുന്ന കാവിലെ ഭഗവതിയെ ഞാനോർത്തു പോയി. അക്കയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടെ അവരെന്നെ തുറിച്ചു നോക്കി. ലജ്ജ കൊണ്ടു ഞാൻ തല താഴ്ത്തി. 

‘‘എല്ലാ ആമ്പിളയും ഇപ്പടിയോടാ....?’’

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു തന്നെ നിന്നു. ചീരുവക്കയുടെ മുഖത്തേക്ക് നോക്കാൻ എനിക്കു ധൈര്യമില്ലായിരുന്നു. 

‘‘നീ ഫംങ്ഷന് വീട്ടുക്ക് വരവേണ്ട?’’

‘‘അക്കാ....’’ പെട്ടെന്നുള്ള അക്കയുടെ ആവശ്യം കേട്ട് ഞാൻ ഞെട്ടി.

‘‘എപ്പടിയെടാ നാ‍ൻ... എൻ പൊണ്ണ് പെരിയവളായിരിച്ച്.. അങ്ങനെ ചിന്തിച്ച് താനേ നീ വരും. ഒരുത്തൻ ഏതോ പറഞ്ഞതു കേട്ട് മനസ്സേ മാറിപ്പോയ ഉനക്ക് മുന്നാടി എങ്ങനെയാ നാനെൻ പൊണ്ണേ ഒരുക്കി നിർത്തും....’’

ഇടയ്ക്ക് കണ്ണു തുടച്ചു കൊണ്ട് അക്കയത് പറയുമ്പോൾ അതിലും വ്യക്തമായ ഒരുത്തരം എനിക്ക് ആവശ്യമില്ലായിരുന്നു. മീൻതുള്ളിയും തേൻതുള്ളിയും ഒരു വശത്തേയ്ക്ക് മാറ്റിവച്ചു മനസ്സിനെ പാകപ്പെടുത്തി ചിന്തിച്ചു നോക്കിയാൽ തെറ്റുകാരൻ ജോസല്ല ഞാനാണെന്ന് മനസ്സിലാവും. ജോസ് സമൂഹത്തിനു മുന്നിലും പിന്നിലും ഒരു പോലെയാണ്, എന്നാൽ ഞാനോ മുന്നിലൊരു രൂപവും പിന്നിൽ....

‘‘നാൻ പോറേൻ.....’’ അക്കയുടെ നനഞ്ഞ ശബ്ദമെന്നെ തിരികെക്കൊണ്ടു വന്നു. വേദനയോടെ നടന്നു തുടങ്ങിയ അക്കയ്ക്കു മുൻപിൽ എല്ലാ നിറങ്ങളും കെട്ടു നിൽക്കവേ എന്റെ കണ്ണുകൾ വല്ലാതെ നിറ‍ഞ്ഞു തുടങ്ങിയിരുന്നു. നടന്നു മറയുന്ന അക്കയുടെ ദൃശ്യം മങ്ങിത്തുടങ്ങിയപ്പോൾ കണ്ണു തുടച്ച് ഞാൻ തിരികെ നടന്നു. വീണ്ടുമൊരാരംഭത്തിനായി.