ADVERTISEMENT

കസവിൻ തട്ടമിട്ട പെൺകുട്ടി (കഥ)

"അളിയാ, അവളിന്നും അവിടെ തന്നെ ഉണ്ടായിരുന്നു... എനിക്കുറപ്പാ അവളെന്നെ തന്നെയാ നോക്കുന്നേ.." കുളികഴിഞ്ഞ് തോര്‍ത്തുന്നതിനിടയില്‍ സിറാജ്  ഞങ്ങളോടായി  പറഞ്ഞു..

സിറാജ് മൂന്നു  മാസമായി ഞങ്ങളുടെ കൂടെ താമസം ആരംഭിച്ചിട്ട്‌. 'ആര്‍ക്കോ വേണ്ടി വെറുതെ ഇങ്ങനെയങ്ങ്  ജീവിക്കുക', ചിട്ടയില്ലാത്ത സിറാജിന്റെ ജീവിതം കണ്ടു സുധീര്‍ പറഞ്ഞ വാചകം അവനെ സംബന്ധിച്ച് ശരി തന്നെയായിരുന്നു.. 

ഒരാഴ്ച മുമ്പാണ് അവന്‍ അവളെ കുറിച്ചു ഞങ്ങളോട് പറഞ്ഞത്, ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മറുവശത്തെ വീട്ടിൽ താമസിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച്.

അവന്‍ എഴുന്നേറ്റ്‌ പുറത്തു വരുന്ന സമയം മുതല്‍ അവള്‍ വീടിന്റെ മുൻവശത്ത് കസേരയില്‍ ഇരിപ്പുറപ്പിക്കും... പിന്നെ അവന്‍ കുളിച്ചു വരുമ്പോഴും അവിടെ തന്നെ കാണും.. ചില നേരം അവള്‍ അവനെ നോക്കും. അവന്‍ അവളെ നോക്കി ചിരിക്കും. ചിലപ്പോഴൊക്കെ അവളും തിരിച്ചു ചിരിക്കാറുണ്ട് എന്നാണവന്‍ പറഞ്ഞത്.. 

റൂമില്‍ ആദ്യം എണീക്കുന്നതും റൂമില്‍ നിന്നും ആദ്യം ജോലിയ്ക്കിറങ്ങുന്നതും സിറാജ് ആയിരുന്നു... എന്തായാലും ഞങ്ങൾ എണീക്കുന്ന സമയം അവളെ പുറത്ത് കാണാറില്ല എന്നത്‌ വേറൊരു സത്യം. ഒരിക്കല്‍ അവന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍, ഞങ്ങൾ നേരത്തെ എണീറ്റു ജനാല വഴി അവള്‍ കാണുന്നില്ല എന്നുറപ്പ് വരുത്തി അവളെ നോക്കി.. അവന്‍ പറഞ്ഞത് ശരിയായിരുന്നു.. അവന്‍ പോകുന്നതു വരെ അവള്‍ അവിടെ തന്നെയുണ്ടായിരുന്നു..

അവന്‍ പോയതിനു ശേഷം കുറച്ചു കഴിഞ്ഞ് അവിടെ നോക്കിയപ്പോള്‍ അവളെ അവിടെ കണ്ടില്ല !

"എന്തായാലും ഞാൻ പെട്ടെന്നു തന്നെ അവളോട്‌ സംസാരിക്കാന്‍ നോക്കും.. " അതും പറഞ്ഞാണ്‌ സിറാജ് അന്ന് ഇറങ്ങിപ്പോയത്.. 

പിറ്റേന്നു രാവിലെ വലിയ ബഹളം കേട്ടാണ് ഞാനും സുധിയും എഴുന്നേറ്റത്. നോക്കുമ്പോള്‍ വീടിനു പുറത്ത് കുറേ നാട്ടുകാര്‍ കൂടിയിട്ടുണ്ട്. അവരുടെ നടുക്ക് സിറാജ്. ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് കാര്യം മനസ്സിലായി, ഞങ്ങളും വീടിനു പുറത്തിറങ്ങി..

"എന്തു ധൈര്യത്തിലാടാ നീ എന്റെ വീട്ടില്‍ കേറി എന്റെ മോളോട് സംസാരിച്ചേ?" പെണ്ണിന്റെ ഉപ്പ സിറാജിന്റെ കോളറിനു പിടിച്ചു കൊണ്ട് ചോദിച്ചു. നാട്ടുകാര്‍ മുഴുവന്‍ അവനെതിരായി.. അവനൊന്നും മിണ്ടിയില്ല..

"കുറേ നാളായി ഞാൻ ശ്രദ്ധിക്കുന്നു ഇവന്മാരെ.. ജനാല വഴിയും മറ്റുമുള്ള നോട്ടോം കോപ്രായങ്ങളും.." അയാള്‍ ഞങ്ങളെയും ചേര്‍ത്തു പറഞ്ഞു.. 

അതു കേട്ടപ്പോള്‍ സിറാജ് മൗനം വെടിഞ്ഞു..

"അവന്മാരെ ഇതിലേക്ക് വലിച്ചിഴക്കേണ്ട. ഞാനേ നോക്കിയുള്ളൂ. ഞാൻ മാത്രമല്ല, നിങ്ങടെ മോള് എന്നേം നോക്കാറുണ്ട്. ആ ധൈര്യത്തിൽ തന്നാ ഞാനിന്ന് അവളോട്‌ സംസാരിക്കാന്‍ ശ്രമിച്ചെ.."

"കണ്ണ് കാണാത്ത എന്റെ മോള് നിന്നെ എങ്ങനെ നോക്കീന്നാടാ നീയീ പറയുന്നേ... " അയാളത് പറഞ്ഞതും സിറാജ് തരിച്ചു നിന്നു, കൂടെ ഞങ്ങളും. വീടിന്റെ അകത്ത് ജനാലക്കമ്പി പിടിച്ചിരിക്കുന്ന ആ പെണ്‍കുട്ടിയെ ഞങ്ങൾ വിഷമത്തോടെ നോക്കി, ആ കണ്ണുകളില്‍ അപ്പോള്‍ കണ്ണീരു പൊടിഞ്ഞിരുന്നു. അവൾ കസവു തട്ടത്തിന്റെ തുമ്പിനാൽ അവളുടെ കണ്ണ് തുടച്ചു. അപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാനായില്ല, ആ കണ്ണുകളില്‍ ഇരുട്ടാണെന്ന്!

ആരൊക്കെയോ ചേര്‍ന്നു സിറാജിനെ അടിക്കാന്‍ തുടങ്ങി.. അവന്‍ തിരിച്ചൊന്നും ചെയ്തില്ല.. അവന്റെ കണ്ണുകളിലും നനവ് പടര്‍ന്നിരുന്നു.. ഏറെ പാടുപെട്ടാണ് ഞങ്ങളവനെ അവരിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടു പോയത്‌.. 

ഒരാഴ്ച കൂടിയേ ഞങ്ങൾ അവിടെ താമസിച്ചുള്ളൂ.. ഞങ്ങളോട് മാത്രം പറഞ്ഞ് സിറാജ് എറണാകുളം വിട്ടു, കുറ്റബോധം അവനെ വല്ലാതെ തളര്‍ത്തിയിരുന്നു!

ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി കഴിഞ്ഞയാഴ്ച അവന്‍ വിളിച്ചു.. വിശേഷങ്ങള്‍ പരസ്പരം ചോദിച്ചറിഞ്ഞതിനു ശേഷം അവന്‍ പറഞ്ഞു,

"അളിയാ ഫിറൂ.. ഏപ്രിലാ കല്യാണം.. അതു പറയാനാ വിളിച്ചത്‌.. "

"ആഹാ.. കലക്കി.. പെണ്ണ്??" 

"നിനക്കറിയാവുന്ന പെണ്ണാ... അന്നാ കുഴപ്പം നടന്ന സംഭവം തന്നെ.. അവളെയാ ഞാൻ കെട്ടുന്നേ.."

അതു കേട്ടതും പിന്നെയും ഞാൻ ഞെട്ടി... അല്‍പ നേരത്തേക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല..

"അത്.. അതെങ്ങനാ?.."

"ഞാൻ എറണാകുളം വിട്ടതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അവളുടെ വീട്ടില്‍ പോയാരുന്നു, അറിയാതെ ചെയ്തുപോയ തെറ്റിന് മാപ്പ് പറയാന്‍.. പിന്നങ്ങനെ... അവളുടെ കോഴ്സ് കഴിയാന്‍ കാത്തിരുന്നതാ.. അതാ കല്യാണം ഇത്രേം വൈകിയത്.. "

"അപ്പോ അവളുടെ കാഴ്ച..? " 

"കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്കു വേണ്ടി കാണുന്നത്‌ ഞാനല്ലേ.. ഇനി തുടര്‍ന്നും അങ്ങനെ തന്നെ കാണാമെന്ന് വെച്ചു.. " അതും പറഞ്ഞവന്‍ ചിരിച്ചു, കൂടെ ഞാനും.. ആ ചിരിയിലും എന്നിൽ കണ്ണീർ പൊടിഞ്ഞുവോ ! സലാം പറഞ്ഞതിനു ശേഷം ഫോണ്‍ വെച്ചു..

'അവളുടെ കണ്ണുകളിലെ ഇരുട്ടകറ്റാൻ നിന്റെ ഖൽബിലെ ഈ പ്രകാശം മാത്രം മതിയല്ലോ സുഹൃത്തേ.... ആ പ്രകാശം നിന്റെ ജീവിതത്തില്‍ നിറയട്ടെ, അതു കണ്ടു ഭൂമിയും ആകാശവും പുഞ്ചിരി തൂകട്ടെ... തീര്‍ച്ചയായും പ്രണയം സുന്ദരമാണ്‌, നിന്നെ പോലെ, നിങ്ങളുടെ പ്രണയം പോലെ.. '

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com