ADVERTISEMENT

നീലകണ്ഠപുരാണം (കഥ)

മാളികേൽ നീലകണ്ഠൻ ബെന്നിച്ചായൻ… ഇതെന്തെര് പേരെടാ കൂവേ, മല്ലപ്പള്ളി ചാക്കോ നായർ പോലെ!- എന്നു ചോദിക്കാൻ വരട്ടെ. നടൻ ശ്രീനിവാസന്റെ ഭാഷയിൽ പറഞ്ഞാൽ, നോം  പ്രീ-ഡിഗ്രി എന്ന മോശമല്ലാത്ത ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് മംഗലശ്ശേരി നീലകണ്ഠൻ കേരളം മുഴുവൻ ജൈത്രയാത്ര നടത്തിയത്... എല്ലാക്കാലത്തേയും കോളജ് കുമാരന്മാരുടെ 'true tradition' പിന്തുടർന്നു ആദ്യ ഷോ തന്നെ ക്ലാസ് കട്ടു ചെയ്തു കണ്ടു. മിസ്റ്റർ നീലകണ്ഠന്റെ ചിന്തയും പ്രവൃത്തിയും ഞാൻ അറിയുന്ന ശരാശരി മലയാളികളുടെ 'reach' നും പുറത്തായിരുന്നു. അന്നേ മനസ്സിൽ കയറിയ ചോദ്യമാണ് - ഇങ്ങനെയൊക്കെ നടക്കുമോ? ഇങ്ങനെയും ആളുകളുണ്ടാകുമോ?

ആകസ്മികതയുടെ ആകെ തുകയാണ് മനുഷ്യജീവിതം. കോളജിൽ ബയോളജി പഠിച്ച നമ്മൾ വന്നു വീണത് പാതിവെന്ത എഞ്ചിനീറിങ്ങിൽ... എന്നാൽ പഠിക്കാൻ ആഗ്രഹിച്ചതോ... ചരിത്രവും, സാഹിത്യവും! ചെന്നു കയറിയതോ... ആറാംതമ്പുരാനിലെ പോലെ ഒരു സിംഹത്തിന്റെ മടയിലും... 

ചിൽ... (സിംബൽ)

മാളികേൽ നീലകണ്ഠൻ ബെന്നിച്ചായന്റെ കഥ ഇവിടെ തുടങ്ങുന്നു സൂർത്തുക്കളെ! കാലം 1996... സീൻ കോട്ടയം മലയോരകാഴ്ചകൾ…

ബെന്നിച്ചായൻ മാളികേൽ തറവാട്ടിലെ സീമന്ത പുത്രനാണ്. ഞങ്ങൾ പേയിങ് ഗെസ്റ്റുകളായി ചെല്ലുമ്പോൾ വയസ്സ് നാല്പതിനോടടുത്തിരുന്നു. പക്ഷേ ചിലർക്കു മുൻപിൽ പ്രായവും തോൽക്കും... ഇടതൂർന്ന താടിയും മീശയും വടിച്ച് ഒരു പാന്റും ഷർട്ടും ഇട്ടാൽ ഞങ്ങളിൽ പലരുടെയും പ്രായം പോലും പറയുമായിരുന്നില്ല. ആറടിയോടടുത്ത് ഉയരം, മെലിഞ്ഞു നീണ്ട ശരീരം... അസാമാന്യമായി നീളമേറിയ കൈകൾ... പേടമാനിനെ പോലെ ശാന്തമായ മുഖവും ചുണ്ടുകളുടെ കോണിൽ ഒളിപ്പിച്ചൊരു ചിരിയും പുകയുന്നൊരു ബീഡിയുമായി രണ്ടാം നിലയുടെ അഴിയില്ലാത്ത ജനാലപ്പടിയിൽ ബെന്നിച്ചായൻ ഇരുന്നിരുന്നു. 

ഞങ്ങൾക്ക് കിട്ടിയത് അങ്ങേരുടെ ബെഡ്റൂമിന് നേരേതാഴെ ബേസ്‌മെന്റിലെ മുറിയാണ്... ചേച്ചി ആ കാലങ്ങളിൽ പുള്ളിക്കാരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു... ആദ്യത്തെ കുറച്ചു നാളുകൾ ഞങ്ങൾ മസ്സിൽ പിടിച്ചു നടന്നു. എല്ലാത്തിലും ഒരു വടിപോലത്തെ ഔപചാരികത... പച്ചവെള്ളം വേണമെങ്കിൽ ചവച്ചു കുടിക്കും എന്ന ഭാവം.

ഏതായാലും ഞങ്ങൾ ചെന്നതിന്റെ ആദ്യത്തെ വെള്ളിയാഴ്ച അത്താഴത്തിനു ശേഷം വാതിലിൽ ഒരു മുട്ടുകേട്ട് ഞങ്ങൾ വാതിൽ തുറന്നു. പുറത്തു നിൽക്കുന്നു കഥാനായകൻ...

"പിള്ളേരെ പഠിത്തമാണോ? ഞാൻ വന്നത് ഏനക്കേടായോ?" ഞങ്ങൾ ഭവ്യരായി... ഹൗസ് ഓണർ ആണ് നിൽക്കുന്നത്... 

"ഹേയ്, ഇല്ല... ഇല്ല... സാർ വന്നാട്ടെ, ഇരുന്നാട്ടെ " ഞങ്ങൾ കൂടുതൽ ഭവ്യരായി… ബെന്നിച്ചായൻ  ഇരുന്നു... പരിചയപ്പെട്ടു. സാർ വിളി മാറി. ഔപചാരികത മാറി. ചുരുക്കം ദിവസങ്ങളിൽ ഞങ്ങളും ഞങ്ങളുടെ കുടുംബവും എന്തിനേറെ ഞങ്ങളുടെ ക്ലാസും ടീച്ചേഴ്സും എല്ലാം ബെന്നിച്ചായന്റേതും കൂടെയായി... ബെന്നിച്ചായൻ കണ്ട വിശാല ലോകത്തിന്റെ, അനുഭവിച്ച ജീവിതത്തിന്റെ കഥകൾ കേട്ട് ഞങ്ങൾ വാ പൊളിച്ചിരുന്നു...

അദ്ദേഹത്തിന്റെ തെറ്റുകൾ ഞങ്ങൾക്ക് പാഠമായി... അനുഭവങ്ങൾ നേർത്ത അസൂയ പുരണ്ട ആഗ്രഹങ്ങൾ ആയി... അതിലുമുപരി ആ മനുഷ്യൻ ഞങ്ങൾക്ക് വേവലാതികളും നിരാശകളും ഇറക്കി വെയ്ക്കാനൊരു ചുമടുതാങ്ങിയായി... പരിചയമില്ലാത്തൊരു നാട്ടിൽ ഒരു രക്ഷാപുരുഷനായി...

"എന്നാ തരികിടയിൽ പെട്ടാലും  മാളികേൽ ബെന്നീടെ പിള്ളേരാണെന്ന് പറഞ്ഞേക്കടാ... ബാക്കി ഞാനേറ്റു" 

"ഇവിടെ ഒരുത്തനെ തട്ടണമെങ്കിൽ തട്ടിക്കൊ മക്കളെ... പക്ഷേ ബെന്നിയോട് പറഞ്ഞേച്ചു വേണം" എന്നൊക്കെയുള്ള കിടിലൻ ഡയലോഗുകൾ പൊതുവെ ഒരു അരക്ഷിത പ്രകൃതിയായ ഈയുള്ളവനെ പോലുള്ളവർക്ക് പകർന്നു തന്ന ആത്മധൈര്യം ചില്ലറയല്ല.

സഹമുറിയന്മാർ വീട്ടിൽ പോകുന്ന ആഴ്ചാവധികളിൽ ഈയുള്ളവൻ ബെന്നിച്ചനൊപ്പം നാട് ചുറ്റി… കോട്ടയത്തിനു വിട്ട് സുരേഷ്‌ഗോപിയുടെയും ബാബു ആന്റണിയുടേയും പടങ്ങൾ കണ്ടു. പൊറോട്ടയും ബീഫും കഴിച്ചു... ഷാപ്പിൽ കയറി കപ്പയും മീനും കഴിച്ചു. പുസ്തകങ്ങളിൽ മാത്രം ഉണ്ടെന്നു കരുതിയ ചില ജീവിതങ്ങൾ കാട്ടിത്തന്നു. പുളിയിലക്കര സാരിയുടുത്തു സിന്ദൂരം തൊട്ടു ദിനവും ബസ്സ്കയറി ടൗണിൽ പോകുന്ന യുവതികൾ, ഒരു കുടുംബം പുലരാൻ ഇരു ചെവി അറിയാതെ ശരീരം വിൽക്കുന്നത്... വെള്ളയും വെള്ളയുമിട്ട് വെളുക്കെ ചിരിക്കുന്ന കള്ളന്മാരും പോക്കറ്റടിക്കാരും... കഞ്ചാവ് കച്ചവടക്കാർ... കള്ളവാറ്റു കേന്ദ്രങ്ങൾ. ഒരു നിമിഷാർദ്ധം പോലും നാമാരും സംശയിക്കാത്ത അധോലോക ദാമോദർജികൾ!

ബെന്നിച്ചായന്റെ ആറടി നിഴലിന്റെ ബലത്തിൽ ഈയുള്ളവൻ ഉൾവിറയോടെ ലോകം കണ്ടു... ശരിക്കും തെറ്റിനുമിടയിൽ ഒരു വിരൽപ്പാടകലം പോലുമില്ലെന്നും ആത്യന്തികമായി മനുഷ്യനെ നയിക്കുന്നത് മൃഗ കാമനയാണെന്നും പറയാതെ പറഞ്ഞു... പതിയെ നമുക്ക് മനസ്സിലായി ബെന്നിച്ചായൻ ജോലി ഒന്നും ചെയ്യുന്നില്ലായെന്നും പക്ഷേ അത്യാവശ്യം വരുമാനമുണ്ടെന്നും അത് വീട്ടിലെ റബ്ബർഷീറ്റ് മാത്രം വിറ്റല്ല എന്നും! ഏതായാലും നമ്മുടെ വിഷയം അതല്ലാത്തതിനാൽ വിസ്താരഭയത്താൽ പ്രസ്താവിക്കുന്നില്ല. അങ്ങനത്തെ ഒരു അധോലോക നിഴൽപ്പാടിലാണ് കഥയുടെ ക്ലൈമാക്സ്. 

വിരസമായ ഒരു  സായാഹ്നത്തിൽ ടിയാൻ  കുളിച്ചൊരുങ്ങി വന്നു കൊഴുവനാലിൽ പോകാൻവിളിച്ചു. ഒരു പള്ളി പെരുന്നാളുണ്ടത്രേ... പോരാതെ ഗാനമേളയും ഒരു നാടകവും. പാട്ടുകേൾപ്പ് അന്നും ഇന്നും ദൗർബല്യമായ നമ്മക്ക് രണ്ടാമതൊന്നു ആലോചിക്കാനില്ല താനും... സൂര്യവെളിച്ചം മങ്ങിക്കഴിഞ്ഞിരുന്നു. നേർത്ത നരച്ച നാട്ടുവെളിച്ചം മാത്രം. ദൂരെയെങ്ങോ ചേക്കേറുന്ന പക്ഷികളുടെ കലപിലകൾ. യാത്ര ശിലായുഗത്തിലെന്നോ വാങ്ങിയ ഒരു ലാമ്പി സ്കൂട്ടറിലാണ്... സ്കൂട്ടറാണെങ്കിലും ഒരു ഫൈറ്റർ ജെറ്റിന്റെ സ്പീഡിൽ കത്തിച്ചു വിടുകയാണ് ബെന്നിച്ചായൻ... കാറ്റു പിടിച്ച പട്ടം പോലെ പിന്നിൽ അള്ളിപിടിച്ചു നമ്മളും. ഒന്നുരണ്ടു വളവുകൾ വീശിയെടുത്തപ്പോൾ - 'ഞാൻ ദാ പോയേ .....' എന്ന് വിളിച്ചു കൂവിയതോർത്ത് ഇന്നും നെഞ്ചിലൊരാന്തൽ... കൂനിന്മേൽ കുരുപോലെ പണ്ടാരത്തിനു ഹെഡ് ലൈറ്റില്ല... ഹോൺ ആണെങ്കിൽ ഒരു പൂച്ച കരയുന്ന ശബ്ദം. ബ്രേക്കും കമ്മി!

പോകുന്ന പോക്കിൽ കുറഞ്ഞത് രണ്ടു ഷാപ്പിലെങ്കിലും ചവിട്ടി ടിയാൻ അന്തിയും നോം വിശിഷ്ട ഭോജ്യങ്ങളായ കപ്പയും മീനും, പാലപ്പവും ബീഫും ഒക്കെ ചെലുത്തി... രാവ് കറുത്തു തുടങ്ങി... അന്തിചെന്നതിനാലോ എന്തോ കഥാനായകന്റെ ഭാവഹാദികൾക്കൊരു മാറ്റം... ശബ്ദത്തിനു പതിവില്ലാത്ത ഘനം. നെഞ്ചിനും കൈകൾക്കുമൊരു വിരിവ്... യാത്രയുടെ സ്പീഡ് പിന്നെയും കൂടി...

അൽപ്പനേരത്തിനകം ദൂരെ വെളിച്ചപ്പൊട്ടുകൾ പ്രത്യക്ഷമായി... പെരുന്നാൾ മൈതാനം എത്തുകയാണ്. സ്വപ്നസാക്ഷാത്കാരം, നിർവൃതി.

പൊടുന്നനെ അത് സംഭവിച്ചു. ഏതാനും മീറ്ററുകൾക്കരികിൽ ഒരു ഇടറോഡിൽ നിന്നും ഒരു മഹിന്ദ്ര ജീപ്പ് പാഞ്ഞു കയറി... ബെന്നിച്ചായൻ ശകടം ചവുട്ടി! കിട്ടി... കിട്ടിയില്ല... കിട്ടി....കിട്ടിയില്ല... ഒരാർത്തനാദവും പടക്കം പൊട്ടുന്ന ശബ്ദവും... വെളിവ് വന്നപ്പോൾ സ്കൂട്ടറിൽ ഇരുന്ന അതെ പോസിൽ ഈയുള്ളവൻ ജീപ്പിന്റെ മുൻസീറ്റിൽ ഒരു ചേച്ചിയുടെ മടിയിൽ ഇരിക്കുകയാണ്! ബെന്നിച്ചായൻ ജീപ്പിന്റെ ബോണറ്റിലും! ഏതായാലും ആ സുഖാനുഭവം അധികം നീണ്ടില്ല. ബലിഷ്ഠമായ ചില കൈകൾ ഈയുള്ളവനെ വലിച്ചു വാരി ജീപ്പിനു വെളിയിലിട്ടു... വേറൊരു ഘടാതടിയൻ  ചേട്ടൻ കഴുത്തിൽ കുത്തിപിടിച്ചിരിക്കുന്നു..."കള്ളും കഞ്ചാവും വലിച്ചുകേറ്റി ആരുടെ പതിനാറടിയന്തിരത്തിനു പോകുവാടാാാ??... ആരാടാ നീയൊക്കെ "

മണിച്ചിത്രത്താഴിൽ ഇന്നസെന്റ് പപ്പുവിനോട് പറഞ്ഞതു പോലെ 'എനിക്കിപ്പം കക്കൂസിൽ പോണം' എന്നൊരവസ്ഥയിലായി നമ്മൾ. അഴിഞ്ഞു പോയ ലുങ്കി എടുത്തുടുത്തു ബെന്നിച്ചായൻ ബോണറ്റിൽ നിന്ന് ചാടിയിറങ്ങി, കൂടെ ഒരു അലർച്ചയും ... 

"എന്റെ ചെറുക്കനെയെങ്ങാൻ തൊട്ടാൽ... കളി മാറും കേട്ടോ "

"പാലത്തിങ്കൽ പൈലിടെ തട്ടേൽ വന്നു കോണയ്ക്കുന്നോടാ..." ഘടാതടിയൻ  ചേട്ടൻ  "##@@@@"... നല്ല ഒന്നാം ക്ലാസ് രണ്ടു തെറി ആഫ്റ്റർ എഫക്റ്റായി... 

എന്റെ ഗണപതിഭഗവാനെ... കൈവിടല്ലേ... ഉള്ളുരുകി ഞാൻ വിളിച്ചു...

"പൈലിയെ, എടാ മോനെ... നീ ഓടുന്ന വഴിയേ പുല്ലുപോലും കാണുകേല... മാളികേൽ ബെന്നിയെ  നിനക്കറിയാന്മേല "

"ഏതു.. (മുഴുത്തൊരു തെറി ) ആണേലും കാശ് വച്ചേച്ചു പോയാൽ മതി... ഇല്ലേൽ നീ കളി പഠിക്കും.." കഴുത്തിലെ പിടിഅയഞ്ഞു...

ചിതറി വീഴുന്ന മൂവന്തി വെളിച്ചത്തിൽ ദീർഘശരീരനായി, ലുങ്കി മടക്കിക്കുത്തി, ഷർട്ട് കൈ തെറുത്തു കയറ്റി, കൈ പിന്നിൽ കെട്ടി, തലയല്പം ചെരിച്ചു  ബെന്നിച്ചായൻ നിന്നു. മംഗലശ്ശേരി നീലകണ്ഠന്റെ അപരാവേശം പോലെ...

മഴ ചെറുതായി തൂളി തുടങ്ങി. കുത്തിപറിക്കുന്നൊരു കാറ്റ് ഞങ്ങളെ ചൂഴ്ന്നു നിന്നു... ഞെട്ടലോടെ ഞാൻ മനസ്സിലാക്കി ഞങ്ങൾ ഒരു ആൾക്കൂട്ടത്തിനു നടുവിലാണ്... പൈലിയും മറ്റു രണ്ടുപേരും ബെന്നിച്ചായന്റെ തൊട്ടു മുൻപിൽ നിൽക്കുന്നു...

" ഇവനോടൊന്നും മര്യാദ പറഞ്ഞിട്ട് കാര്യമില്ല... രണ്ടു പൊട്ടിച്ചേച്ചു ചോദിക്ക് പൈലിച്ചായാ " കൂട്ടത്തിലൊരുത്തൻ.. ഒക്കെ പെട്ടെന്നായിരുന്നു... കണ്ണിമ ചിമ്മുന്ന വേഗതയിൽ ബെന്നിച്ചായന്റെ കൈ കാലുകൾ പ്രവർത്തിച്ചു. പൈലിയും മറ്റൊരുത്തനും വെട്ടിയിട്ട പോലെ താഴെവീണു... ശൂന്യതയിലെന്ന പോലെ കൈയിലൊരു കട്ടാരി പ്രത്യക്ഷപ്പെട്ടു..

സിംഹഗർജനം- "ബെന്നിയെ തൊടാൻ ചങ്കുറപ്പുള്ളവൻ വാടാ... ബെന്നിക്ക്‌ മേലും കീഴും നോക്കാനില്ല... പക്കേങ്കില് നീയൊക്കെ പിന്നെ ഈ ഭൂമിക്കു മേലെ കാണുകേല... വാടാ " പൈലിയുടെ ഞരക്കം ഒഴിച്ചാൽ മണൽ വീണാൽ കേൾക്കുന്ന ശാന്തത.

കണ്ണുതള്ളി മുട്ട് വിറച്ചു ഞാൻ നിന്നു... തികഞ്ഞ അവധാനതയോടെ ടിയാൻ നടന്നുചെന്നു ചെരിഞ്ഞു കിടക്കുന്ന സ്കൂട്ടർ ഉയർത്തി...

"കേറെടാ മോനെ... ആർക്കേലും ഇനി കാശു വേണമെന്ന് തോന്നിയാൽ ടൗണിൽ വന്നു ബെന്നിയെ ചോദിച്ചാൽ മതി... വേണ്ടത് തന്നു വിടാം" ലാംബി വന്ന വഴിയേ തിരിച്ചു പാഞ്ഞു...

നെഞ്ചിടിപ്പും വിയർപ്പും അടങ്ങാതെ പിന്നിലിരുന്നു ഞാൻ ആ മനുഷ്യനെ ആരാധനയോടെ നോക്കി... ധൈര്യം എന്നത് ലാലേട്ടൻ യോദ്ധയിൽ പറഞ്ഞപോലെ 'ഓതിരം, കടകം, മറു കടകം... പിന്നെ അശോകനും' അല്ലെന്നും  അത് ചങ്കൂറ്റമെന്ന ജന്മവാസനയാണെന്നും എനിക്കു മനസ്സിലായി...

മനുഷ്യമനസ്സിൽ രൂഢമൂലമായ ഭയത്തെ ചങ്കൂറ്റം കൊണ്ട് ചില നീലകണ്ഠന്മാർ നേരിടുന്നു... അതെ ഭയം തന്നെ എതിരാളിയെ അടിപതറിക്കാൻ അവരുപയോഗിക്കുന്നു... വാക്കുകൾ കൊണ്ടും ചുരുക്കം പ്രവൃത്തികൾ കൊണ്ടും ഉളവാക്കുന്ന സൈക്കോ മെലോഡ്രാമാറ്റിക് എഫക്ട്...

യുഗയുഗാന്തരങ്ങളായി സാമ്രാജ്യങ്ങളെയും, ഭരണകൂടത്തെയും അധികാര വർഗ്ഗത്തെയും നിലനിർത്തി പോരുന്നത്... സമൂഹത്തിൽ പ്രബലനും അബലനും ഉണ്ടാക്കപ്പെടുന്നത്... ഒരു ശരാശരി മലയാളിയിൽ ജന്മം മുതൽ രൂഢമൂലമാകുന്ന ഭയത്തിന്റെ ചങ്ങലക്കണ്ണികൾ. കുരുന്നിലെ കേൾക്കുന്ന മാക്കന്റെയും പേക്കാച്ചിയുടെയും പിന്നെ ഉറങ്ങാത്ത പിള്ളേരെ തേടി വരുന്ന പോലീസ്‌കാരന്റെയും കഥകൾ കാരണം സന്നിവേശിക്കപ്പെടുന്ന വ്യക്‌തിത്വ പരിമിതികൾ..

നമ്മുടെ വരും തലമുറയെങ്കിലും നീലകണ്ഠന്മാരായി - മംഗലശ്ശേരിയിലെ 'fuedalist' മാടമ്പിയല്ല - ചങ്കൂറ്റം തറ്റുടുത്ത, നേരിന്റെ വഴിയിൽ ജീവിതം വെട്ടിപിടിക്കുന്ന  നീലകണ്ഠന്മാരായി തീരട്ടെ. ലോകം എത്രമേൽ അരിഞ്ഞുവീഴ്ത്തിയാലും മുറികൂടി വീറോടെ പൊരുതുന്ന... എല്ലാ സ്ത്രീകളിലും ഒരു ഭാനുമതിയുണ്ടെന്നും അവൾ ശക്തിസ്വരൂപിണിയാണെന്നും തിരിച്ചറിയുന്ന നീലകണ്ഠന്മാർ ഓരോ കുടുംബത്തിലും വളരട്ടെ...

അതാകട്ടെ മംഗലശേരി നീലകണ്ഠന്റെ പുനർവായന!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com