ADVERTISEMENT

ആചന്ദ്രതാരം (ഓർമകുറിപ്പ്)

ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു. അച്ഛൻ വീട്ടിലേക്ക് ടിവി വാങ്ങിക്കൊണ്ട് വരുന്നത്. മുകളിൽ ആന്റിന സെറ്റ് ചെയ്യുമ്പോൾ ഞാനും അമ്മയും ചേച്ചിമാരും ടിവിയിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്. ‘‘ദൂരെ ദൂരെ ദൂരെ പാടും വാനമ്പാടി’’ ചിത്രഗീതത്തിലെ ഈ പാട്ടോടു കൂടി ഞങ്ങളുടെ സോളിഡയർ ടിവി പ്രവർത്തനമാരംഭിച്ചു. പാട്ട് കണ്ട എന്റെ മനസ്സ് ആർത്തു വിളിച്ചു ദേ.... മോഹൻലാൽ.....

അമ്മയും ചേച്ചിമാരുമൊക്കെ കണ്ണിമ വെട്ടാതെ മോഹൻലാലിനെ നോക്കിയിരിക്കുന്നു. ഇടയിൽ അമ്മയുടെ വാത്സല്യത്തോടെ ഒരു ആത്മഗതവും ‘‘ആ ചെക്കൻ തുള്ളണത് കണ്ടാ’’ മോഹൻലാലിനെ പറ്റിയാണ്. പിന്നീട് അവിടുന്നങ്ങോട്ട് മോഹൻലാൽ മ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. കൂട്ടുകാരോട് തല്ലു കൂടുമ്പോ മംഗലശ്ശേരി നീലകണ്ഠനും ആടുതോമയുമൊക്കെ മനസ്സിൽ നിറഞ്ഞു. ആദ്യമായി ഇഷ്ടവും കൗതുകവും തോന്നിയ പെൺകുട്ടിയെ കണ്ടപ്പോഴെല്ലാം മനസ്സിലിരുന്ന് ലാലേട്ടൻ പാടി....‘‘കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം.....’’ അവൾ നോക്കുമ്പോഴെല്ലാം അറിയാതെ വലത് തോൾ ചെറുതായി ചെരിഞ്ഞു. 

കിരീടത്തിലെ സേതുമാധവനെയും ഭരതത്തിലെ ഗോപിനാഥനെയും കമലദളത്തിലെ നന്ദുവിനെയും ഒന്നുമുതൽ പൂജ്യം വരെയിലെ ടെലിഫോൺ അങ്കിളിനെയും സുഖമോദേവിയിലെ സണ്ണിയെയും ഓർത്തു കരഞ്ഞ നാളുകൾ. കിലുക്കത്തിലെ ജോജിയേയും മഴ പെയ്യുന്നു മളം കൊട്ടുന്നുവിലെ ശംഭുവിനെയും നാടോടിക്കാറ്റിലെ ദാസനെയും കണ്ട് തലകുത്തി മറിഞ്ഞു ചിരിച്ച നാളുകൾ. തൂവാനത്തുമ്പികളിലെ മണ്ണാർത്തൊടി ജയകൃഷ്ണനെ കണ്ട് ഊറ്റം കൊണ്ട നാളുകൾ. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ കണ്ട് പിരിച്ചിട്ടും പിരിച്ചിട്ടും പിരിയാതെ വാശിപിടിച്ചു നിന്ന പൊടിമീശയെ പ്‍രാകിയ നാളുകൾ.

വാനപ്രസ്ഥത്തിൽ ഒരു പാതിയിൽ ജീവിതം മുഴുവൻ സ്നേഹത്തിനായി വീർപ്പുമുട്ടുന്ന കുഞ്ഞികുട്ടനായും മറുപാതിയിൽ വേഷത്തിനുളളിൽ നിന്നും പുറത്തു കടക്കാനാകാതെ ഉഴറുന്ന അർജുനനായും പകർന്നാട്ടം നടത്തിയത് കണ്ട് അത്ഭുതപ്പെട്ട നാളുകൾ. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ സോളമൻ സോഫിയയോട് പ്രൊപ്പോസ് ചെയ്യുന്ന പോലെ അത്ര മേല്‍ മനോഹരമായി ഒരാണിനും അവന്റെ ഇഷ്ടം പറയാൻ കഴിയില്ലെന്നോർത്തു രോമാഞ്ചം കൊണ്ട നാളുകൾ. ഓരോ സിനിമയും കണ്ടാസ്വദിച്ചതിന് ശേഷം വാതിലടച്ചിട്ട മുറിയിൽ സേതുമാധവനായും, സോളമനായും, ഹരിയണ്ണയായും, നന്ദുവായും, ഡോക്ടർ സണ്ണിയായും ആടുതോമയുമായുമൊക്കെ ഞാൻ രൂപാന്തരം പ്രാപിച്ചതിന് മുറിയിലെ പാവം കണ്ണാടി സാക്ഷിയായി. 

ബാല്യത്തിലും കൗമാരത്തിലുമെല്ലാം പല പേരുകളിൽ പല വേഷങ്ങളിൽ മോഹൻലാൽ മനസ്സിൽ നിറഞ്ഞു. അച്ഛൻ വഴക്ക് പറയുമ്പോൾ കിരീടത്തിലെ സേതുമാധവനെ ഓർത്തു കരയാതെ പിടിച്ചു നിന്നത്, നേരം വൈകി വീട്ടിലെത്തിയതിന് അമ്മയുടെ കൈയിൽ നിന്ന് വഴക്ക് കേൾക്കാതിരിക്കാൻ മോഹൻലാലിന്റെ ഏതെങ്കിലും സിനിമയുടെ വീഡിയോ കാസെറ്റുമായി പരുങ്ങലോടെ വീട്ടിലേക്ക് വരുന്നത് എല്ലാം ഇന്നലെ കഴിഞ്ഞപോലെയുണ്ട്.

വർഷങ്ങൾക്കിപ്പുറം പുലിമുരുകനായും ഒടിയനായും അവതരിച്ചത് കണ്ട് ആവേശം കൊണ്ടത് ഞാൻ മാത്രമല്ല എന്റെ മോനും കൂടിയാണെന്ന് അറിഞ്ഞപ്പോ Like Father Like Son എന്ന തിയറി മനസ്സിൽ തോന്നി. ‘‘ലാലേട്ടാ നിങ്ങൾ അടുത്ത തലമുറയെ കൂടി സ്പർശിച്ചിരിക്കുന്നു’’ എന്ന് മനസ്സില്‍ പറഞ്ഞു.

ഇനിയും കാലം കടന്ന് പോകും. പക്ഷേ മോഹൻലാൽ എന്ന നടൻ ചെയ്തുവച്ച വേഷങ്ങൾ അതുപോലെ തന്നെയുണ്ടാകും. അത്രമേൽ ഹൃദയത്തിൽ ഇടം പിടിച്ചൊരാൾ മുൻപ് ഉണ്ടായിട്ടില്ല ഇനിയൊട്ട് ഉണ്ടാവുകയുമില്ല. സാധാരണക്കാരന്റെ പ്രണയവും, ഇഷ്ടവും, പരാജയവും, സങ്കടവും ദേഷ്യ വും, പിണക്കവും, പ്രതികാരവുമൊക്കെ ഇനിയാർക്കും അത്രകണ്ട് തീവ്രമായി അതുപോലെ പ്രതിഫലിപ്പിക്കാൻ കഴിയില്ല. 

അറിയാതെ ചെയ്തുപോയ ഒരു തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ സ്വന്തം ജീവിതം തന്നെ പകരം വെക്കുന്ന അമൃതംഗമയിലെ ഡോക്ടർ ഹരിദാസിനെപ്പോലെ, സൗഹൃദത്തിന് ജീവനോളം വില കൽപ്പിച്ച ഇരുവറിലെ ആനന്ദനെ പോലെ, ലാൽസലാമിലെ ഡികെയുടെ പ്രിയപ്പെട്ട സഖാവ് നെട്ടൂരാനെ പ്പോലെ കണ്ണിന് കുളിർമ്മയേകിയ ഇനിയും എത്രയോ പകർന്നാട്ടങ്ങൾ. വീതിയുള്ള സ്വർണ്ണക്കരമുണ്ട് വാരിയുടുത്തു എതിരാളിയുടെ മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയും ‘‘പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്കാവശ്യം വരില്ല’’ എന്ന് മുരളുന്ന ആറാം തമ്പുരാനിലെ ജഗന്നാഥനെയും കണ്ടപ്പോൾ തോന്നിയ അതേ ആവേശമാണ് ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പുള്ളി മുണ്ട് മടക്കിക്കുത്തി ഷർട്ടിന്റെ കൈയൊന്നു തെറുത്തു കയറ്റി മീശ പിരിച്ചു എതിരാളികളെ നോക്കി ‘‘വാടാ’’ എന്ന് ഗർജ്ജിക്കുമ്പോൾ തോന്നിയത്. ഒരിക്കലും ഒരു തരിപോലും കുറയാത്ത ആവേശം. 

നന്ദി ലാലേട്ടാ...അഭിനയത്തിന്റെ പകർന്നാട്ടം നടത്തി അത്ഭുതപ്പെടുത്തിയതിന്....

സന്തോഷിപ്പിച്ചതിന്....സങ്കടപ്പെടുത്തിയതിന്....പ്രണയം നിറച്ചതിന്......എല്ലാത്തിനും നന്ദി.....

കണ്ടു കൊതിതീരാത്ത കാഴ്ച പോലെ ഞങ്ങൾ പ്രേക്ഷകർ കണ്ണ് നട്ടിരിക്കുന്നുണ്ട്.

ആചന്ദ്രതാരം ഇനിയും കാഴ്ചകളിൽ വസന്തം വിരിയിക്കട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com