ADVERTISEMENT

വിശ്വസിച്ചാലും ഇല്ലെങ്കിലും... (കഥ)

തുടർച്ചയായി വാതിലിലാരോ തട്ടുന്ന ശബ്‌ദം കേട്ടാണ് ഞാനുണർന്നത്. സമയം ഒരു മണിയോട് അടുക്കാറായിരിക്കുന്നു. ആരാ ഈ നേരത്തെന്ന് ചിന്തിച്ചാണ് വാതിൽ തുറന്നത്. പുറത്ത് നല്ല ഇരുട്ടായിരുന്നു. വാതിൽ തുറന്നതും തൊട്ടു മുൻപിലായി ഒരാൾരൂപം. ആദ്യമൊന്ന് ഭയന്നെങ്കിലും വേഗം തന്നെ ലൈറ്റ് ഓണാക്കി നോക്കുമ്പോ വിനുവാണ്. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണവൻ. ഞങ്ങളുടെ വീടിനടുത്ത് നിന്നും മൂന്ന് നാല് കിലോമീറ്റർ മാറി ഒരു സ്പെയർപാർട്‌സ് ഷോപ്പ് നടത്തുകയാണ്. മിക്കവാറും രാത്രി കടയടച്ചു വീട്ടിൽ എത്തുമ്പോഴേക്കും സമയം പന്ത്രണ്ട് കഴിഞ്ഞിട്ടുണ്ടാവും.

ഹൊ! പേടിച്ചു പോയല്ലോ, നീയെന്താടാ ഈ നേരത്ത്?

മറുപടിയൊന്നും പറയാതെ നിന്നപ്പോഴാണ് ഞാനവനെ ശ്രദ്ധിച്ചത്. അവനാകെ വിയർത്തിരിക്കുന്നു, മുഖം വിളറി വെളുത്തതു പോലെ, കാലുകൾ ചെറുതായി വിറക്കുന്നുണ്ട്. എന്താടാ എന്തു പറ്റിയെന്ന് ചോദിച്ചു കൊണ്ട് ഞാനവനെ ബെഡിലേക്ക് ഇരുത്തി. അല്പനേരം അവനൊന്നും മിണ്ടിയില്ല. അവനൊന്ന് റിലാക്സ് ആയെന്ന് തോന്നിയപ്പോ വീണ്ടും ഞാനവനോട് കാര്യം ചോദിച്ചു.

എന്താടാ എന്താ ഉണ്ടായേ, നിന്റെ ബൈക്ക് എവിടെ? കിതപ്പിനിടയിലും അവനെന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല. അവനെന്തോ വല്ലാതെ ഭയന്നിരിക്കുന്നതു പോലെ എനിക്ക് തോന്നി.

എന്താടാ ഉണ്ടായേ, നീ പറയ്, ആക്സിഡന്റ് വല്ലതും ഉണ്ടായോ?

ബാലു ഞാൻ..... ഞാൻ പറയുന്നത് നീ വിശ്വസിക്കോന്ന് എനിക്കറിയില്ല പക്ഷേ സത്യമാണ്.

എന്താടാ? നീ കാര്യം പറയ്.

ഇന്ന് ഷോപ്പ് അടയ്ക്കാൻ അല്പം താമസിച്ചതു കൊണ്ട് നല്ല വേഗത്തിലാണ് വീട്ടിലേക്ക് വന്നത്. ഏകദേശം നമ്മുടെ പാലത്തിന് അടുത്തെത്താറായതും കുറച്ചു ദൂരെയായി ഒരാൾരൂപം നിൽക്കുന്നതു പോലെ എനിക്ക് തോന്നി. കുറച്ചുകൂടി അടുത്ത് എത്തിയപ്പോഴാണ് അതൊരു പെൺകുട്ടിയാണെന്ന് മനസ്സിലായത്. ഇതാരാ അസമയത്ത്‌ ഇവിടെയെന്ന് ചിന്തിച്ചതും അവൾ എന്റെ മുന്നിലേക്ക് എടുത്തു ചാടിയതും ഒരുമിച്ചായിരുന്നു. ഭാഗ്യത്തിന് ബൈക്ക് വെട്ടിച്ചു മാറ്റിയതു കൊണ്ട് ദേഹത്ത് തട്ടിയില്ല. 

നല്ല സ്പീഡിൽ വന്നതു കൊണ്ട് കുറച്ചു മുൻപിലേക്ക് മാറിയാണ് ബൈക്ക് നിന്നത്. ബൈക്കിൽ നിന്നിറങ്ങി തിരിഞ്ഞു നോക്കുമ്പോഴേക്കും അവിടെ അങ്ങനൊരാളില്ല. പാലത്തിന്റെ ഒത്ത നടുക്കായാണ് ഞാനവളെ കണ്ടത്. ഇത്ര പെട്ടെന്ന് അവളെങ്ങോട്ട് പോയെന്നറിയില്ല. ഞാൻ വല്ലാതെ ഭയന്നു പോയി. തിരിഞ്ഞ് ബൈക്ക് സ്റ്റർട്ടാക്കാൻ തുടങ്ങിയതും പിന്നിലായി ഉച്ചത്തിൽ ഒരു നിലവിളി കേട്ടു. ബൈക്കാണെങ്കിൽ സ്റ്റാർട്ട് ആകുന്നുമില്ല. മനസ്സിലെ ഭയം കൊണ്ടാണോന്ന് അറിയില്ല നിലവിളിയുടെ ഒച്ച എന്റെ അടുത്തടുത്തേക്ക് വരുന്നതു പോലെ എനിക്കു തോന്നി. ബൈക്ക് അവിടെയിട്ട് ഞാൻ ഇറങ്ങിയോടി.

പക്ഷേ, അവൻ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ എനിക്കായില്ല. വിനൂ നിനക്കറിയാല്ലോ, ഒരുപാട് ദുർമരണങ്ങൾ നടന്നിട്ടുള്ള സ്ഥലമാണ് അവിടെ. ചെറുപ്പം മുതൽക്കേ അവിടെ പ്രേതമുണ്ട് പിശാചുണ്ട് എന്നൊക്കെ കേട്ടല്ലേ നമ്മൾ വളർന്നത്. അങ്ങനെയൊരു ഭയം നിന്റെ ഉള്ളിലുള്ളത് കൊണ്ട് നിനക്ക് തോന്നിയതാണെങ്കിലോ?

അല്ല ബാലു, കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ദിവസവും പോയിവരുന്ന വഴിയല്ലേ അത്. മനസ്സിലുള്ള ഭയം കൊണ്ടായിരുന്നെങ്കിൽ ഇതിന് മുൻപേ എനിക്കിങ്ങനൊക്കെ തോന്നണ്ടേ? നീയെന്നെയൊന്ന് വിശ്വസിക്ക്, മുഖം വ്യക്തമായില്ലെങ്കിലും ഞാൻ ശരിക്കും കണ്ടതാ, വെള്ള മുത്തുകൾ പതിപ്പിച്ച ഒരു ചുവന്ന ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്. അതിലെ മുത്തുകളുടെ തിളക്കം ദൂരെ നിന്നേ ഞാൻ കണ്ടതാണ്.

അവന്റെ വർണ്ണന കേട്ടിട്ട് സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്. എന്റെ വിനൂ നിനക്ക് വട്ടാണ്, പിടിച്ചുപറിയും മോഷണവും നടത്താൻ ഓരോരുത്തന്മാർ പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥകളാണ് ഈ പ്രേതവും ഭൂതവുമൊക്കെ. ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നൂന്ന് പറഞ്ഞാൽ ആളുകൾ കളിയാക്കും. നീ എണീച്ചേ ഞാൻ കൂടി വരാം, നമുക്കാദ്യം പോയി നിന്റെ ബൈക്ക് എടുത്തിട്ട് വരാം.

ഒന്ന് മടിച്ചെങ്കിലും ഞാൻ കൂടെ ചെല്ലാമെന്ന് പറഞ്ഞപ്പോൾ അവനല്പം ധൈര്യം വന്നതു പോലെ എനിക്ക് തോന്നി. പുറമേ അവനെ കളിയാക്കിയെങ്കിലും എന്റെയുള്ളിലും ചെറിയ ഭയം ഉണ്ടായിരുന്നു. കാരണം ഞങ്ങൾ കേട്ടു വളർന്ന കഥകൾ അത്രക്കും ഭയപ്പെടുത്തുന്നവ ആയിരുന്നു. അൽപസമയത്തിനകം ഞങ്ങൾ പാലത്തിനടുത്തെത്തി. ബൈക്ക് റോഡരികിൽ തന്നെ മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ബൈക്ക് സ്റ്റാൻഡിൽ വച്ചതിനു ശേഷം അവളെ കണ്ടെന്നു പറഞ്ഞ സ്ഥലം മുഴുവൻ അരിച്ചു പറക്കിയിട്ടും പ്രത്യേകിച്ച് ഒന്നും കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പക്ഷേ നാഷണൽ ഹൈവേ ആയിരുന്നിട്ടും അത്ര നേരവും വാഹനങ്ങളൊന്നും തന്നെ അതുവഴി കടന്നു പോകാത്തത് ഞങ്ങളുടെ ഭയത്തിന്റെ ആക്കം കൂട്ടി.

വിനൂ എനിക്ക് തോന്നുന്നത് ഒന്നുകിൽ ഇതെല്ലാം നിന്റെ വെറും തോന്നൽ മാത്രമാണ് അല്ലെങ്കിൽ ഇവിടം ആത്മഹത്യക്ക് പേര് കേട്ട സ്ഥലം ആണെന്നറിയുന്ന എവളെങ്കിലും വല്ല പ്രേമനൈരാശ്യവും കൊണ്ട് ചാടി ചാവാൻ വന്നതായിരിക്കും. നി ബൈക്ക് വച്ചിട്ടിറങ്ങുന്ന നേരം കൊണ്ട് അവൾ ചാടിയിട്ടുമുണ്ടാകും. നീ വാ നമുക്ക് പോകാം. അങ്ങനെ വല്ലതുമാണെങ്കിൽ നാളെ രാവിലെ അറിയാം, അതുമല്ല അസമയത്തിവിടെ നമ്മളെ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പിന്നെ അതിനു കൂടി ഉത്തരം പറയേണ്ടി വരും.

അവനെയും കൂട്ടി തിരിഞ്ഞു നടക്കുമ്പോഴാണ് എന്തോ കണ്ടതു പോലെ പാലത്തിന് താഴേക്ക് അവൻ വിരൽ ചൂണ്ടിയത്.

ബാലൂ നി അങ്ങോട്ട് നോക്കിയേ അവിടെ താഴെ തൂണിന് അടുത്തായി ആരോ ഒരാൾ നിൽക്കും പോലെ തോന്നുന്നില്ലേ? അവൻ വിരൽ ചൂണ്ടിയ സ്‌ഥലത്തേക്ക് ഞാൻ നോക്കി. മനസ്സിലൂടെ ഒരു ഞെട്ടൽ കടന്നു പോയി. പാലത്തിന്റെ താഴെ തൂണിന് അടുത്തായി ഒരു നിഴൽ. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി അത് ചലിക്കുന്നുണ്ട്. ഞങ്ങളുടെ മനസ്സിൽ ഭയം ഇരച്ചു കയറാൻ തുടങ്ങി.

ഞാൻ വാച്ചിൽ സമയം നോക്കി 1.40, ഈ സമയത്തു ആരായിരിക്കും അവിടെ. പൊലീസ് പെട്രോളിംഗ് ശക്തമാക്കിയ ശേഷം മണലൂറ്റാൻ വരുന്നവർ പോലും  ഈ സമയത്ത്‌ പാലത്തിനടുത്തേക്ക് വരാറില്ല.

വിനൂ... നമുക്ക് താഴേക്ക് ഇറങ്ങി നോക്കിയാലോ?

അത് വേണ്ട ബാലു, വാ നമുക്ക് പോകാം. അതാരോ ആയിക്കോട്ടെ.

ഇല്ലെടാ, ഇതെന്തായാലും ഭൂതവും പിശാചും ഒന്നുമല്ല. അങ്ങനെയാണെങ്കിൽ മറഞ്ഞു നിൽക്കേണ്ട ആവശ്യമില്ലല്ലോ...

ധൈര്യം സംഭരിച്ച് പാലത്തിന് സൈഡിലുള്ള വഴിയിലൂടെ ശബമുണ്ടാക്കാതെ ഞങ്ങൾ താഴേക്കിറങ്ങി. ഒരാൾക്ക് കഷ്ടിച്ചു നടക്കാനുള്ള വഴിയേ ഉള്ളു. ഇരുവശങ്ങളിലും കാടും പടർപ്പും മുൾച്ചെടികളും നിറഞ്ഞു നിൽക്കുന്നു. താഴേക്കിറങ്ങും തോറും മനസ്സിലുള്ള ധൈര്യം ചോർന്നു തുടങ്ങിയിരുന്നു. ഭയപ്പെടുത്തുന്ന നിശബ്ദതയും ഉപബോധമനസ്സിലുള്ള കേട്ടറിവുകളും ഞങ്ങളുടെ ഉള്ളിലെ ഭയത്തിന്റെ ആക്കം കൂട്ടി.

പാലത്തിന്റെ ഒരു വശത്തുള്ള ഭാഗം ആഴം വളരെ കുറവാണ് മറുവശം നല്ല ആഴമുള്ളതും ചെളിയും നിറഞ്ഞ സ്ഥലമാണ്. മുൻപ് മണലൂറ്റി ഉണ്ടായ കുഴികൾ നാലഞ്ചാൾ പൊക്കമെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പോരെങ്കിൽ മുളങ്കുറ്റികൾ നിറഞ്ഞു നിൽക്കുന്ന സ്ഥലവുമാണ്. സ്കൂളുകളിൽ നിന്നും വീട്ടുകാർ അറിയാതെ കുളിക്കാൻ വരുന്ന കുട്ടികളും പരിസരവാസികളായ സ്ത്രീകളും ഉൾപ്പടെ ഒരുപാട് പേർ ഇവിടെ മുളങ്കുറ്റിയിൽ കാൽ കുരുങ്ങി മുങ്ങി മരിച്ചിട്ടുണ്ട്. 

ഞങ്ങൾ മൊബൈലിലെ ടോർച്ച് ഓണാക്കി ആഴം കുറഞ്ഞ ഭാഗത്തുള്ള വലിയ കല്ലുകളിൽ ചവിട്ടി തൂണിന് അടുത്തേക്ക് നടന്നു. തൂണിനോട് അടുക്കും തോറും മനസ്സിലെ ഭയവും കൂടിക്കൂടി വന്നു. നിഴൽ രൂപം ഇപ്പോഴും ചെറുതായി ചലിക്കുന്നുണ്ട്. ഒരുവിധം ഞങ്ങൾ തൂണിന്റെ ഒരു വശത്ത് വലിഞ്ഞു കയറി. ഒരാൾക്ക് സുഖമായി നിൽക്കാനുള്ള വീതി തൂണിന്റെ രണ്ടു വശങ്ങളിലുമുണ്ട്. ശ്വാസമടക്കിപ്പിടിച്ചു ഞങ്ങൾ തൂണിന്റെ ഒരു വശത്ത് ചേർന്ന് നിന്നു. മറുവശത്തുള്ള നിഴൽ രൂപം ആരാവും മനുഷ്യനോ അതോ കേട്ട്കേൾവികൾ പോലെ ഇനി ഏതെങ്കിലും ദുരാത്മാവോ? ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. രണ്ട് പേരുടെയും മുഖത്ത് ഭയം നിഴലിച്ചു നിന്നിരുന്നു. രണ്ടും കൽപ്പിച്ച് തൂണിന് മറുവശത്തേക്ക് പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ശബ്ദമുണ്ടാക്കാതെ പതിയെ ഞങ്ങൾ തൂണിന്  മറുവശത്തേക്ക് കയറിയതും

അലറിവിളിച്ചു കൊണ്ട് കറുത്തിരുണ്ട ഒരു രൂപം ഞങ്ങളെ തള്ളി മാറ്റി ആറിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്ക് ചാടി. 

ഞങ്ങളുടെ സർവ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് പോയി. കുറച്ചു സെക്കന്റുകൾ പരസ്പരം മിണ്ടാൻ പോലുമാവാത്ത രീതിയിൽ ഞങ്ങൾ ഭയന്നു പോയിരുന്നു. പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് ഇരുളിലേക്ക് ഓടിയകലുന്ന രൂപത്തെ ഞങ്ങൾ നോക്കി. മുൾപ്പടർപ്പുകൾ വകവയ്ക്കാതെ ഇടുങ്ങിയ വഴിയിലൂടെ മുന്നിലേക്ക് നീങ്ങിയ ആൾരൂപം അല്പം ദൂരെയായി ഉള്ള സ്ട്രീറ്റ് ലൈറ്റിന് മുന്നിലെത്തിയപ്പോഴാണ് ശരിക്കും ഞങ്ങൾക്ക് ആളെ മനസ്സിലായത്.  "ഭ്രാന്തൻ കുമാരൻ." പകൽ സമയങ്ങളിൽ പലയിടത്തും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുമാരനെ പാലത്തിന് സമീപത്തുള്ള കടത്തിണ്ണകളിലും പാലത്തിന് താഴെയായുമൊക്കെ കണ്ടിട്ടുള്ളത് അപ്പോഴാണ് ഞങ്ങൾ ഓർത്തത്. ജട പിടിച്ച മുടിയും, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും, പണ്ടെങ്ങോ പൊള്ളലേറ്റ മുഖത്തിന്റെ ഒരു വശവും, ആരും പെട്ടെന്ന് കണ്ടാൽ ഭയന്ന് പോകുന്ന രൂപമായിരുന്നു കുമാരൻ. ഒരു നിമിഷം ഭയന്നു പോയെങ്കിലും യാഥാർഥ്യത്തെ തിരിച്ചറിഞ്ഞ നിമിഷം ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്ന ഭയം ചിരിയിലേക്ക് വഴി മാറി. വേഗം തന്നെ ഞങ്ങൾ മുകളിലേക്ക് ഓടി. ഞങ്ങളെ കണ്ടതും കുമാരൻ ഇരുളിലേക്ക് ഓടി മറഞ്ഞു.

ഇപ്പൊ എങ്ങനെയുണ്ട് വിനൂ ഞാൻ പറഞ്ഞില്ലേ ഇവിടെ പ്രേതവും ഭൂതവും ഒന്നുമില്ലെന്ന്. ഇയാളുടെ അലർച്ചയാവും നീ കേട്ടത്. പോരെങ്കിൽ ഒരു പെണ്ണിനെ കണ്ടെന്നുള്ള നിന്റെ തോന്നൽ കൂടി ആയപ്പോ സ്ത്രീയുടെ നിലവിളി പോലെ തോന്നിയതാവും നിനക്ക്. 

ബാലു ഞാൻ സമ്മതിക്കുന്നു. ചിലപ്പോ നീ പറഞ്ഞത് പോലെ ഇയാളുടെ അലർച്ചയാവും ഞാൻ കേട്ടത് പക്ഷേ ഞാൻ കണ്ട പെണ്കുട്ടി. അതെന്റെ തോന്നൽ ആയിരുന്നില്ല. അവളെ വ്യക്തമായി ഞാൻ കണ്ടതാണ്.

പെൺകുട്ടി, മണ്ണാങ്കട്ട... നീ വരുന്നുണ്ടോ വിനൂ വെറുതെ മനുഷ്യന്റെ ഉറക്കവും കളഞ്ഞിട്ട് വീണ്ടും... ഇനി അങ്ങനെ ഒരുത്തിയെ നീ കണ്ടെങ്കിൽ തന്നെ ഞാൻ പറഞ്ഞ പോലെ അവൾ ചാടിക്കാണും ആറ്റിലേക്ക്. എങ്കിൽ നാളെ രാവിലെ അറിയാം.

അവനെ വീട്ടിലാക്കി വീണ്ടും ഉറങ്ങാൻ കിടക്കുമ്പോ മണി മൂന്ന് കഴിഞ്ഞിരുന്നു.

മൊബൈലിൽ നിർത്താതെയുള്ള ബെല്ല് കേട്ടാണ് വീണ്ടും ഉണരുന്നത്. അപ്പോഴേക്കും നേരം പുലർന്നിരുന്നു. മൊബൈൽ എടുത്ത് നോക്കി. വിനുവാണ്... ദൈവമേ ഇവനെക്കൊണ്ട്‌ വല്യ ശല്യമായല്ലോന്ന് മനസ്സിൽ പ്രാകിക്കൊണ്ടാണ് കാൾ അറ്റൻഡ് ചെയ്തത്.

ബാലൂ.....

നിനക്ക് ഉറക്കമൊന്നുമില്ലേ വിനൂ, രാവിലെ മനുഷ്യനെ മെനക്കെടുത്താനായിട്ട് വീണ്ടും തുടങ്ങിയോ?

ബാലൂ അതല്ലടാ, നീ ഒന്ന് വേഗം വാ... ഒന്ന് പറഞ്ഞു തുലയ്ക്കടാ എന്താന്ന് വച്ചാൽ..

എടാ... രാവിലെ പത്രമിടാൻ പോയിട്ട് വന്ന ഷമീറാണ് പറഞ്ഞത്. പാലത്തിന്റെ താഴെ ഒരു പെണ്കുട്ടിയുടെ ശവം.

പെട്ടെന്ന് ഞാൻ ചാടി എഴുന്നേറ്റു.. നിന്നോട് ഇന്നലേ ഞാൻ പറഞ്ഞതല്ലേ ഏവളെങ്കിലും ചാടി ചാവാൻ വന്നതായിരിക്കുമെന്ന്.

അതല്ല ബാലൂ, അവളുടെ ശവത്തിന്....

അവളുടെ ശവത്തിന് എന്ത് പറ്റി?

അവളുടെ ശവത്തിന്... അവളുടെ ശവത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന്...

പെട്ടെന്ന് നെഞ്ചിലൂടെ ഒരു മിന്നൽപ്പിണർ കടന്നു പോയതു പോലെ എനിക്ക് തോന്നി. എടാ നീയവിടെ നിക്ക് , ഞാൻ വേഗം റെഡി ആയി വരാം. നമുക്കൊന്ന് പോയി നോക്കിയിട്ട് വരാം.

പെട്ടെന്ന് തന്നെ റെഡി ആയി ബൈക്കെടുത്ത് അവനെയും കൂട്ടി പാലത്തിനടുത്തേക്ക് ചെല്ലുമ്പോഴേക്കും പാലത്തിന് ചുറ്റും ആളുകൾ കൂടിയിട്ടുണ്ട്. ആംബുലൻസ് ഇനിയും വന്നിട്ടില്ല. പാലത്തിന് സമീത്തുള്ള കരയിലേക്ക് ഒരു തുണി കൊണ്ട് മൂടി അവളുടെ ശവം മാറ്റിക്കിടത്തിയിട്ടുണ്ട്. "നാലഞ്ച് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകും, ജഡം അഴുകിത്തുടങ്ങിയിട്ടുണ്ട്." കൂടി നിന്നവരിൽ ആരോ വിളിച്ചു പറയുന്നത് കേട്ടു.

വിനൂ, നീ കണ്ട പെണ്ണ് തന്നെയായിരിക്കോ ഇത്?

മനസ്സ് വായിച്ചിട്ടെന്നതു പോലെ എവിടെ നിന്നോ വന്ന് ഞങ്ങളെ തഴുകി കടന്നുപോയൊരു കാറ്റിൽ അവളുടെ ദേഹത്ത് പുതപ്പിച്ചിരുന്ന തുണി ഒരല്പം മുകളിലേയ്ക്ക് ഉയർന്നു താഴ്ന്നു. വിശ്വസിക്കാൻ കഴിയാത്തതു പോലെ ഞങ്ങൾ മുഖത്തോട് മുഖം നോക്കി. തുറിച്ചു നോക്കുന്ന അവളുടെ കണ്ണുകളേക്കാൾ ഞങ്ങളെ ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു. വെള്ള മുത്തുകൾ പതിപ്പിച്ച ഒരു ചുവന്ന ചുരിദാർ ആയിരുന്നു അത്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com