ഒരു തുള്ളി വെള്ളത്തിനു വേണ്ടി തെരുവിൽ ഒരു പൈതൽ...
Mail This Article
ചൂട് (കഥ)
എന്നാലും അയാൾ പറയുന്നത് ശരിയല്ല– തെരുവിലുള്ളവരെല്ലാം തെണ്ടികൾ താൻ മാത്രം സമർഥൻ! ഇതെവിടുത്തെ ന്യായം? അതിനു മാത്രം എന്തു തെറ്റാണ് ആ കുട്ടി ചെയ്തത്? ഒന്നുമല്ലങ്കിലും ഒരു ചെറിയ പെൺകുട്ടിയല്ലെ അത്.
വെയിലിങ്ങനെ കത്തിക്കാളി നിൽക്കുമ്പോൾ ഒരിറ്റ് വെള്ളത്തിനു വേണ്ടി കൊതിക്കുന്നത് അത്ര വലിയ തെറ്റാണോ?
കട്ടിട്ടും പിടിച്ചുപറിച്ചിട്ടുമൊന്നുമില്ലല്ലൊ ആ കുട്ടി, പിന്നെന്താ?
ഏതോ വാഹനത്തിൽ നിന്നും നടുറോഡിൽ വീണ് നഷ്ടപ്പെട്ട് പോകാവുന്ന ഒരു കുപ്പി വെള്ളത്തിനു വേണ്ടിയാണ് ആ പൈതൽ നടുറോഡിലേക്ക് ഓടിയത്. ആ ഓട്ടത്തിനിടയിൽ അവളെത്ര മോഹിച്ചിട്ടുണ്ടാകും. അവളുടെ സ്വപ്നങ്ങൾക്കിടയിൽ ഇതത്ര നിസാരമായിരിക്കില്ലല്ലൊ..
അവൾ...
ഒരുപക്ഷേ തെരുവോരത്ത് ആരെങ്കിലും ഉപേക്ഷിച്ച് പോയതായിരിക്കാം അവളെ. അല്ലെങ്കിൽ അവളെ തനിച്ചാക്കി അമ്മ ഭിക്ഷാടനത്തിന് പോയതായിരിക്കാം... അവൾക്ക് ദാഹിച്ചിരിക്കാം... വിശന്നിരിക്കാം... ഒരു പക്ഷേ പ്രാണനേക്കാൾ വലുത് വിശപ്പാണെന്ന് തോന്നിയിരിക്കാം..
അതുകൊണ്ടായിരിക്കണം മറ്റൊന്നും നോക്കാതെ അവൾ റോഡിലേക്ക് ഓടിയത്. ശരിക്കും അയാളാണ് തെറ്റുകാരൻ - അയാൾ തെറി പറയുന്നതൊന്നും അവൾ കേൾക്കുന്നില്ല. അവളുടെ ദാഹത്തിനും വിശപ്പിനും മുകളിലാണ് അയാളുടെ വാഹനത്തിന്റെ പിൻചക്രം കയറി നിൽക്കുന്നത്. ഒന്നു തൊണ്ട നനയ്ക്കാനാവാതെ കണ്ണ് നിറയ്ക്കാനാവാതെ .. അവൾ ഉച്ചവെയിലിൽ നിന്ന് പൊള്ളി..