ADVERTISEMENT

വൺ യാഡ് റോപ്പ് – ഒരു മുഴം കയർ (കഥ)

കാൽ നൂറ്റാണ്ട് കാലത്തെ സുദീർഘമായ ഗൾഫ് നാട്ടിലെ പ്രവാസ ജീവിതത്തിന്റെ പരിസമാപ്തിയിൽ കുറെയേറെ ജീവിത ശൈലീ രോഗങ്ങളുമായി സ്വന്തം നാട്ടിൽ തിരിച്ചെത്തിയ പ്രേമേട്ടന് ഇനി മുന്നോട്ട് പോകണമെങ്കിൽ ഒരു സ്ഥിരവരുമാനം ആവശ്യമാണ്.  തൊഴിൽ ദാതാക്കളായ പലരേയും സമീപിച്ചെങ്കിലും ആരും പരിഗണിച്ചില്ല. എങ്കിൽ പിന്നെ എളിയ ഒരു സംരംഭം തുടങ്ങാം എന്ന് തീരുമാനിച്ചു. വീട് നിൽക്കുന്ന പുരയിടം ജാമ്യം നൽകി ലോൺ കരസ്ഥമാക്കി റോഡിനോടു ചേർന്ന സ്ഥലത്ത് മൂന്നു മുറി കട പണിതു. 

പ്രവാസിയായിരുന്ന പ്രേമേട്ടനോട് താൽപര്യമുള്ള അഭ്യുദയകാംക്ഷിയായ അയൽക്കാരിൽ ആരോ ഒരാൾ പഞ്ചായത്തിൽ ഒരു പരാതി നൽകി. കട പണിതിരിക്കുന്നത് പി.ഡബ്ല്യൂ.ഡിയുടെ സ്ഥലം കൈയേറിയിട്ടാണ് എന്നു പോലും. കട പണി പൂർത്തിയാക്കി ബിൽഡിങ്ങ് കപ്ലീഷൻ സർട്ടിഫിക്കറ്റിനായി പഞ്ചായത്തിൽ അപേക്ഷ കൊടുത്തപ്പോഴാണ് പ്രേമേട്ടന് പണി കിട്ടിയ കാര്യം അറിയാൻ കഴിഞ്ഞത്. പഞ്ചായത്ത് സെക്രട്ടറി പ്രതിവിധി നിശ്ചയിച്ചു. കയ്യേറ്റം ഇല്ലെന്ന് തെളിയിക്കണം.

പ്രേമേട്ടൻ വില്ലേജ് ഒഫീസറെ സമീപിച്ച്‌ കാര്യങ്ങൾ ബോധ്യപ്പെടുത്തി. വസ്തു അളക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ വില്ലേജിൽ നിന്നും വസ്തുവിന്റെ പ്ലാനിന്റെ കോപ്പി പഞ്ചായത്തിൽ നൽകി പ്രശ്നം പരിഹരിക്കാൻ സാധിക്കും എന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്ലാനിന്റെ കോപ്പിയുമായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ അത് പോരാ വസ്തു അളന്ന് തിട്ടപ്പെടുത്തണം എന്നായി. മറ്റ് മാർഗ്ഗം ഇല്ലാത്തതിനാൽ പ്രേമേട്ടൻ  വില്ലേജിൽ അപേക്ഷ നൽകി നീണ്ട കാത്തിരിപ്പിനു ശേഷം താലൂക്ക് സർവേയർ വന്ന് പഞ്ചായത്ത് ജീവനക്കാരുടെ സാന്നിധ്യത്തിൽ വസ്തു അളന്ന് കൈയേറ്റം ഇല്ലെന്ന് ബോധ്യപ്പെടുത്തി അതിർത്തി രേഖപ്പെടുത്തി പിരിഞ്ഞു. തന്റെ അപേക്ഷയിൽ തീരുമാനമായല്ലോ എന്ന സന്തോഷത്തിൽ പ്രേമേട്ടൻ അടുത്ത ദിവസം രാവിലെ തന്നെ പഞ്ചായത്തിലെത്തി സെക്രട്ടറിയെ കണ്ടു. അപ്പോൾ സർട്ടിഫിക്കറ്റ് എവിടെയെന്ന് സെക്രട്ടറി. കാര്യം മനസ്സിലാകാത്തതിനാൽ പ്രമേട്ടൻ ചോദിച്ചു ഏത് സർട്ടിഫിക്കറ്റാണ് അങ്ങ് ചോദിക്കുന്നത്.

സെക്രട്ടറി:- അത് കയ്യേറ്റം ഇല്ലാ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

പ്രേമേട്ടൻ:- സാറെ അത് വസ്തു അളന്നു ബോധ്യപ്പെട്ടതല്ലേ പിന്നെ സർട്ടിഫിക്കറ്റ് എന്തിനാണ്?.

സെക്രട്ടറി:- സർട്ടിഫിക്കറ്റ് വേണം. എന്നാലല്ലേ എനിക്ക് ബോധ്യം ആകുള്ളു. താങ്കൾ അതു കൊണ്ട്  വന്നാൽ നോക്കാം.  

ഇവിടം കൊണ്ട് കാര്യം നടക്കില്ല എന്ന് മനസ്സിലാക്കിയ പ്രേമേട്ടൻ തഹസിൽദാർക്ക് വീണ്ടും ഒരു അപേക്ഷ നൽകി. എന്നാൽ അദ്ദേഹം മറുപടി നൽകി ഞങ്ങൾക്ക് വസ്തു അളന്നു തിട്ടപ്പെടുത്തുവാനേ കഴിയൂ. കൈയേറ്റം ഇല്ലെന്ന് സർട്ടിഫിക്കറ്റ് നൽകാൻ ആകില്ല എന്ന്.  

പ്രേമേട്ടൻ ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലായി. ഇനി സർട്ടിഫിക്കേറ്റ് ഇല്ലാതെ പഞ്ചായത്തിൽ പോയിട്ട് കാര്യമില്ല. തഹസിൽദാർ മനസ്സലിഞ്ഞ് തന്നാലോ എന്നു കരുതി പ്രേമേട്ടൻ എല്ലാ ദിവസവും രാവിലെ താലൂക്കിൽ പോകും. താലൂക്കിലെ സ്ഥിരം സന്ദർശകനായപ്പോൾ തഹസിൽദാർ ഒരു ദിവസം പ്രേമേട്ടനെ വിളിപ്പിച്ചു അദ്ദേഹത്തിന്റെ വിശേഷങ്ങൾ അന്വേഷിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി പ്രവാസിയായിരുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും നിഷ്കളങ്കനായ പ്രേമേട്ടൻ വിശദമാക്കി. പ്രേമേട്ടനെ ഒഴിവാക്കാൻ വേറെ മാർഗ്ഗമില്ലെന്ന് മനസ്സിലാക്കിയ തഹസിൽദാർ പറഞ്ഞു. ഞാൻ സർട്ടിഫിക്കറ്റ് തരാം പക്ഷേ, ഒരു പ്രശ്‍നം പ്രേമേട്ടൻ വളരെക്കാലം പ്രവാസിയായിരുന്ന ഒരാൾ ആണല്ലോ. ഇനി നൂലാമാലകൾ ഒന്നും വേണ്ട. 

അതുകൊണ്ട് ഗൾഫിൽ നിന്നും തിരിച്ചു വന്ന പ്രേമനാണ് താങ്കൾ എന്നും താങ്കൾ  ജീവിച്ചിരിക്കുന്നു എന്നുള്ളതിന് സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും കൊണ്ടുവന്നാൽ കാര്യം പരിഹരിക്കാം എന്നായി.

ആരുടെ കാലുപിടിച്ചായാലും പെട്ട കുരുക്കിൽ നിന്നും തടിയൂരാൻ മറ്റു മാർഗ്ഗമില്ലാതെ പ്രേമേട്ടൻ വീണ്ടും പഞ്ചായത്തിലേക്ക് പോയി. 

പ്രേമേട്ടനെ കണ്ടതും സെക്രട്ടറി എന്തായി പ്രേമേട്ടാ സർട്ടിഫിക്കറ്റ് ശരിയായോ എന്ന് ചോദിച്ചു. ഇല്ല സാറേ... ഞാൻ അങ്ങയുടെ അടുത്തു നിന്നും ഒരു സർട്ടിഫിക്കറ്റ് വാങ്ങാനാണ് വന്നത്. അതായതേ ഞാൻ പ്രവാസിയായിരുന്നതു കൊണ്ട് ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്നൊരു സർട്ടിഫിക്കറ്റ് കൊടുക്കണമെന്ന് തഹസിൽദാർ പറഞ്ഞു. സെക്രട്ടറി, പ്രേമേട്ടാ ഇവിടെ നിന്നും ജനന, മരണ സർട്ടിഫിക്കറ്റുകളെ നൽകൂ. പ്രേമേട്ടൻ... സാറും അപ്രകാരമുള്ള ഒരാവശ്യമല്ലേ ഉന്നയിച്ചത്. കയ്യേറ്റം ഇല്ലാത്ത പുരയിടത്തിനു കയ്യേറ്റം ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് വേണമെന്നത്. 

അപ്പോൾ സെക്രട്ടറി പറഞ്ഞു. അല്ല. അത് ചട്ടമാണ്... അത് കിട്ടിയാലേ പറ്റു. ഞാൻ ഇത്തിരി ജോലി തിരക്കിലാണ് പ്രേമേട്ടൻ വെറുതെ ഇവിടെ നിന്നും സമയം കളയണ്ട എന്നു പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കി. 

നിസ്സഹായാവസ്ഥയിൽ പുറത്തേക്കിറങ്ങുമ്പോൾ  പഞ്ചായത്തിലെ ഒരു വിധം പ്രശ്നങ്ങൾ പരിഹരിക്കുന്ന പീയൂൺ കൈമടക്ക് ചന്ദ്രൻ പ്രമേട്ടനോട് കാര്യങ്ങൾ തിരക്കി. ചന്ദ്രൻ ഒരു കാര്യം തീർത്തു പറഞ്ഞു പ്രേമേട്ടന് ജനന സർട്ടിഫിക്കറ്റും കിട്ടില്ല. ജീവിച്ചിരിക്കുന്നു എന്ന സർട്ടിഫിക്കറ്റും കിട്ടില്ല.

ഇനി എന്ത് സർട്ടിഫിക്കറ്റ് കിട്ടും. 

അത് മരണ സർട്ടിഫിക്കറ്റ്. കൈമടക്ക് ചന്ദ്രൻ പറഞ്ഞു.

സർട്ടിഫിക്കേറ്റോ.... ങും.... എന്നൊരു മൂളലോടെ പ്രേമേട്ടൻ ഇറങ്ങി. അപ്പോൾ പ്രേമേട്ടന്റെ മുഖത്ത് പ്രകടമായ ഭാവമാറ്റം ഉണ്ടായി.  അസ്വസ്ഥമായ മനസ്സോടെ പഞ്ചായത്ത് വിട്ടിറങ്ങിയ പ്രേമേട്ടൻ തൊട്ടടുത്ത സ്റ്റേഷനറി കടയിൽ നിന്നും എന്തോ വാങ്ങി ഒരു ചെറിയ പൊതിയായി കൊണ്ടു പോകുന്നത് ചന്ദ്രൻ ഒഫീസ് വരാന്തയിൽ നിന്നും നോക്കി കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com