ADVERTISEMENT

കിഴവനും കുടലും (കഥ)

നിർഭാഗ്യവശാൽ വയറുവേദനയായാണ് അസുഖമെത്തിയത്. ചങ്കും തലയും കണ്ണും മൂത്രാശയവുമായി നാലു രോഗവിദഗ്ധന്മാരുടെ തന്തയാണെങ്കിലും ഒരാമാശയവിദഗ്ധനെ ഊട്ടിയെടുക്കാന്‍ കഴിയാതിരുന്നതിൽ കിഴവന് നിരാശ തോന്നി. അഞ്ചാമത്തവൻ തന്തയെ അനുസരിക്കാത്ത മുടിയനായിപ്പോയതിനാൽ അടിച്ചിറക്കേണ്ടിവന്നു. സന്തതികളെല്ലാം ലോകത്തിന്റെ പലഭാഗത്തായി പ്രാക്ടീസ്‌ തുടങ്ങിയപ്പോൾ കിഴവൻ വിശാലമായ പുരയിടത്തിലെ, കൊട്ടാരംപോലുള്ള വീട്ടിൽ ഒറ്റയ്ക്കായി. ഒറ്റയ്ക്കെന്നു പറയാൻ പറ്റില്ല. മക്കൾ നിയമിച്ച, സൗന്ദര്യം കുറവാണെങ്കിലും സ്വഭാവം കൂടുതലുള്ള ഹോംനേഴ്സുമുണ്ട്. 

ചെറുതായി തുടങ്ങിയ വേദന ക്രമേണ കൂടിവരുന്നതായി തോന്നിയപ്പോൾ കിഴവൻ ഫൈബർമെത്തയിൽവിരിച്ച പാനിപ്പത്ത് കമ്പിളിയിൽ വയറമർത്തി കമഴ്ന്നുകിടന്നു. 

"മോളേ, അൽപം ചുക്കുകാപ്പി തിളപ്പിക്ക്. വയറ്റിന് ചെറിയ വേദനതോന്നുന്നു." തലയിൽ പല്ലിവീണതുപോലെ അവൾ പരിഭ്രമത്തോടെ സിനിമാവാരികയിൽനിന്നു പിടഞ്ഞെഴുന്നറ്റു. 

"എന്താച്ഛാ? വേദന കൂടുതലുണ്ടോ? ഞാൻ ഹാർട്ടുസാറിനു ഫോൺ ചെയ്യാം." 

അവൾ മൂത്തവനെ വിളിക്കുകയാണ്. പിതാവിന് എന്തുണ്ടായാലും അപ്പപ്പോൾ അറിയിക്കണമെന്ന് സന്തതികള്‍ കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. ഹാർട്ടുഡോക്ടറുമായി സംസാരിച്ചശേഷം അവൾ കമ്പ്യൂട്ടറും വെബ്ബ്ക്യാമറയും തുറന്നു. കിഴവനെ നേരെ കിടത്തി കട്ടിലിന്റെ കൈപ്പിടിയിൽ തിരിച്ച് അർദ്ധഭാഗം ഉയർത്തി. അർദ്ധശയനത്തിലായപ്പോൾ ആശ്വാസം തോന്നി. ഇപ്പോൾ സമരേഖയിൽ മോണിറ്റർ വ്യക്തമായി കാണാം. മൂത്തവന്റെ മുഖം തെളിഞ്ഞുവന്നു. ലോകത്തിന്റെ ഏതോ രാജപാതയിലൂടെ യാത്രയിലാണവൻ. 

"അച്ഛാ, എന്താണു പറ്റിയത്? ചിലപ്പോൾ വയറ്റിലും ഹൃദയത്തിന്റെ വേദന അനുഭവപ്പെടാം. സൂക്ഷിക്കണം. അമിതമായി വിയർക്കുന്നുണ്ടോ?" 

"ഒരു ചെറിയ വേദനയേ ഉള്ളൂ മോനേ. നീയത് ഹൃദയവേദനയാക്കരുത്. എന്തെങ്കിലും ഗുളിക പറഞ്ഞുകൊടുക്ക്." 

"വയറുവേദനയ്ക്കോ? ഹൃദയത്തെ ബാധിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് ഞാൻ ഇമെയിൽ ചെയ്യാം. അവ കഴിക്കരുത്. ആംബുലൻസ് ഉടനെ എത്തും." 

"ആംബുലന്‍സൊന്നും വേണ്ട. നീ ഗുളിക പറ!" 

അവന്റെ മുഖം മോണിറ്ററിൽ നിന്നപ്രത്യക്ഷമായി. അൽപസമയം കഴിഞ്ഞപ്പോള്‍ സന്ദേശചിഹ്നം തെളിഞ്ഞു. നേഴ്സ് കഴിച്ചുകൂടാത്ത മരുന്നുകളുടെ പ്രിന്റെടുത്തു. പട്ടണത്തിലെ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ആമാശയവിദഗ്ധനു കൊടുക്കാനുള്ളതാണ്. ആംബുലന്‍സ് പുറപ്പെട്ടുകഴിഞ്ഞു.

"മോളേ, കുറച്ചു ചുക്കുകാപ്പിയുണ്ടാക്കിത്താ!" 

കിഴവൻ വീണ്ടും പറഞ്ഞപ്പോൾ അവൾ വൈദ്യുതത്തട്ടുകൊണ്ടുവന്ന് വെള്ളം തിളയ്ക്കാൻ വെച്ചു. അടുത്തതായി മോണിറ്ററിൽ തെളിഞ്ഞുവന്നത് രണ്ടാമനായ ന്യൂറോളജിസ്റ്റിന്റെ മുഖമാണ്. വെട്ടിപ്പൊളിച്ച മനുഷ്യത്തലകളുടെ വർണ്ണശില്പങ്ങൾനിറഞ്ഞ മുറിയിൽ കയ്യിൽ ചുറ്റികയുമായി ഇരിക്കുകയാണവൻ. 

"അച്ഛാ, ഇപ്പോൾ വേദന കുറവുണ്ടോ? ജ്യേഷ്ഠൻ വിളിച്ചിരുന്നു." 

"വേദന കൂടുകയാണുമോനേ. നീ എന്തെങ്കിലും മരുന്നു പറഞ്ഞുതാ." 

"വേണ്ടവേണ്ട! അനാവശ്യമരുന്നുകളൊന്നും കഴിക്കരുത്. ഞാൻ തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന മരുന്നുകളുടെ പട്ടികയയക്കാം. അവയൊന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം." 

അവന്റെ മുഖവും വലയിൽ മാഞ്ഞുപോയി. അവനയച്ച നിരോധനക്കുറിപ്പുകളും അവൾ കടലാസിലാക്കി ഫയലിൽ വെച്ചു. അടുപ്പത്ത് മഴ പെയ്യുന്ന ശബ്ദത്തിൽ തിളയ്ക്കുന്നതിനുമുമ്പുള്ള വെള്ളത്തിന്റെ ഞരക്കം ഉയരാൻ തുടങ്ങി. കുഞ്ഞുകുമിളകൾ പൊട്ടിവരുന്ന ആവിയിൽ അലിയുന്ന ശര്‍ക്കരയുടെയും വേവുന്ന ചുക്കിന്റെയും മണം കലർന്നുവന്നപ്പോൾ കിഴവൻ കൊതിയോടെ ആഞ്ഞുശ്വസിച്ചു. ഔഷധബാഷ്പം കലർന്ന വായു ശ്വാസകോശത്തിൽ നിറഞ്ഞതോടെ വയറുവേദനയ്ക്ക് അല്പം ആശ്വാസം തോന്നി. ചുക്കുകാപ്പിയുടെ രചിയോർത്തെടുത്തുകൊണ്ട് കൊതിയോടെ കിടക്കുമ്പോൾ 'അച്ഛാ'യെന്ന കിളിമൊഴികേട്ട് കിഴവൻ മോണിറ്ററിലേക്കു നോക്കി. ഐഡോക്ടറായ മകളുടെ മുഖം കണ്ടപ്പോൾ കിഴവനു സന്തോഷം തോന്നി. ഇരുഭാഗത്തും അംബരചുംബികളായ കെട്ടിടങ്ങളതിരിട്ട ബഹുവരിപ്പാതയിലൂടെ കാറിൽ യാത്രയിലായിരുന്നു അവളും. മരുന്നുകൾ മുടക്കാനല്ലാതെ വയറ്റിൽവേദനയ്ക്ക് എന്തെങ്കിലും നിർദ്ദേശിക്കാൻ അവളും തയാറായില്ല. പിന്നീടുവന്ന യൂറോയും മൂത്തവരുടെ വഴിയേതന്നെ തിരയിൽനിന്നു മാഞ്ഞുപോയി. എല്ലാവരുടെയും നിരോധനക്കുറിപ്പുകൾ കടലാസിലാക്കി ഹോംനേഴ്സ് ഫയലിൽ സൂക്ഷിച്ചു. പെട്ടെന്ന് ഫോൺ ശബ്ദിക്കാൻ തുടങ്ങി. സംസാരിച്ചശേഷം അവൾ ധൃതിയിൽ അടുത്തുവന്നു പറഞ്ഞു: 

"വേഗം പോകാനൊരുങ്ങണം. ആംബുലൻസ് ഇപ്പോഴെത്തും." 

അവൾ കിഴവനെ നനഞ്ഞ തുണികൊണ്ടു തുടച്ച് മുഖവും ദേഹവും വൃത്തിയാക്കിയതിനുശേഷം പൈജാമയും ജുബ്ബയും ധരിപ്പിച്ചു. ഉദരവേദന എലിയെപ്പോലെ ആമാശയം കരണ്ടുകൊണ്ടിരുന്നു. തിളച്ചുതൂവാൻതുടങ്ങിയ കാപ്പിപ്പാത്രത്തിലേക്കു നോക്കി കിഴവൻ പറഞ്ഞു: 

"മോളേ, കാപ്പിപ്പൊടിചേർത്ത് അല്പം എനിക്കു താ. ഒരിറക്കു ചെല്ലുമ്പോൾ വയറുവേദന പമ്പകടക്കും." 

"അച്ഛനെന്താ മലക്കുപോകുന്നുണ്ടോ?" 

അവൾ വൈദ്യുതിനിർത്തി തിളച്ചുകൊണ്ടിരിക്കുന്ന മിശ്രിതത്തിൽ കാപ്പിപ്പൊടി ചേർത്തശേഷം കപ്പിലൊഴിച്ച് ഏന്തിത്തണിക്കാൻ തുടങ്ങി. കപ്പിൽനിന്നു ചില്ലുഗ്ലാസിൽ പതിച്ച് പതഞ്ഞുപൊങ്ങുന്ന ചുക്കുകാപ്പിയുടെ ഗന്ധം മുറിയിലാകെ നിറഞ്ഞപ്പോൾ കിഴവന്റെ വായിൽ വെള്ളമൂറി. കാതിൽ അമൃതമഴപോലെ പതിക്കുന്ന ഏന്തൽശബ്ദത്തിൽ അപസ്വരം പടർത്തിക്കൊണ്ട് ജനാലയിലൂടെ കടന്നുവന്ന ആംബുലൻസിന്റെ മുഴക്കം കിഴവനെ അസ്വസ്ഥനാക്കി. വാഹനം മുറ്റത്തു വന്നുനിന്നതുകണ്ട് അവൾ ധൃതിയിൽ ചുക്കുകാപ്പി കിഴവനു നൽകി. ചുക്കും ശര്‍ക്കരയും കാപ്പിപ്പൊടിയും ചേർന്ന നറുമണത്തോടെ ഉയരുന്ന ആവിക്കുപോലും നല്ല രുചിയായിരുന്നു. പതയടങ്ങാത്ത ഉപരിതലത്തിൽ ഊതിത്തണുപ്പിച്ച് മൊത്താന്‍ തുടങ്ങിയപ്പോൾ മുറിയിൽ കടന്നുവന്ന ആംബുലൻസ് ഡോക്ടർ കിഴവനെ തടഞ്ഞു: 

"അരുത്! കാപ്പിയിലെ കഫീൻ ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുന്നതാണ്." 

ഡോക്ടർ കാപ്പിപ്പാത്രം പിടിച്ചുവാങ്ങി ഹോംനഴ്സിനെ ഏൽപിച്ചു. 

"മെഡിക്കൽ റിപ്പോർട്ടെവിടെ?"

ഹോംനഴ്സ് മെഡിക്കല്‍ റിപ്പോര്‍ട്ടും നിരോധിച്ച മരുന്നുകളുമടങ്ങിയ ഫയല്‍ കൈമാറി. ഡോക്ടര്‍ വയറ്റിൽ ഞെക്കിയും, ചെരിച്ചും മറിച്ചും കിടത്തിയും പരിശോധിച്ചശേഷം സഹായികളെ വിളിച്ചു. സഹായികൾ സ്ട്രക്ചറിൽ കിടത്തി വാഹനത്തിലേക്കെടുക്കുമ്പോൾ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട രസാനുഭൂതിയോർത്ത് കിഴവൻ വിളിച്ചുപറഞ്ഞു: 

"മോളേ! കാപ്പി മറക്കരുത്." 

ഒരു ഡോക്ടർ, രണ്ടു നഴ്സുമാർ, സന്നദ്ധരായ രണ്ടു സഹായികൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, ആംബുലൻസിനകം തീവ്രപരിചരണമുറിപോലെ സുസ്സജ്ജമായിരുന്നു. ഫ്ലാസ്ക്കും ബാഗുമായി ഹോംനേഴ്സും വാഹനത്തിനുള്ളിൽ കയറി. കിഴവനരികിൽ സ്ഥാനംപിടിച്ച അവളെ ആംബുലൻസ് ഡോക്ടർ വിരട്ടി: 

"എന്താണിത്? പുറമെ നിന്നുള്ള ഡ്രസ്സുകളൊന്നും അനുവദിക്കില്ല. ഹോസ്പിറ്റലിന് സ്വന്തമായ യുണിഫോമുണ്ട്. ബൈസ്റ്റാന്ററെയും അനുവദിക്കില്ല." 

വസ്ത്രസഞ്ചി മടിയിൽവെച്ച് വലിഞ്ഞുകയറിയ ഒരധികപ്പറ്റായി ഹോംനഴ്സ് ചുരുങ്ങിയിരുന്നു. ഓക്സിജൻ മാസ്ക്കും മോണിറ്റർ വയറുകളും കൊണ്ടു ബന്ധിക്കപ്പെട്ട കിഴവൻ ദേഹം ചലിപ്പിക്കാതെ നിശ്ചലം കിടന്നു. വെന്റിലേറ്ററും ഡിഫിബ്രില്ലേറ്ററും അടുത്തുതന്നെയുണ്ട്. വാഹനങ്ങളുടെ ഇരമ്പത്തിനുമുകളിൽ ആംബുലൻസിന്റെ സൈറൺ കാതിൽ തുളഞ്ഞുകയറി. ഗതാഗതക്കുരുക്കുണ്ടാക്കും വിധം പാതനിറഞ്ഞോടുന്ന ഇതരവാഹനങ്ങളെ വിറപ്പിച്ചുകൊണ്ട് വിപരീതദിശയിൽ പേരെഴുതിയ ആശുപത്രിവണ്ടി അലറിപ്പായുമ്പോൾ കിഴവന്റെ മനസ്സിൽ മരണഭീതിയുയർന്നു. മാസ്കിനുള്ളിൽപ്പെട്ടുപോയ നാസികകൊണ്ടു ശ്വസിക്കുമ്പോൾ ശ്വാസംമുട്ടുന്നതുപോലെ അനുഭവപ്പെട്ടു. തൊണ്ടയിൽ ദാഹം ഉപ്പുപരലായി നീറി. 

പച്ചപ്പുൽവിരിപ്പിട്ട വിശാലമായ മേടിനുനടുവിൽ ആകാശത്തേക്ക് ഉയർത്തിക്കെട്ടിയ വെള്ളഭീകരതപോലെ വളർന്നുനിൽക്കുന്ന ബഹുനിലക്കെട്ടിടത്തിനുതാഴെ ആശുപത്രിവണ്ടിയുടെ യാത്രയവസാനിച്ചു. കാത്തുനിൽക്കുന്ന റോളർസ്റ്റാന്റിൽ എടുത്തുവയ്ക്കപ്പെട്ട സ്ട്രക്ച്ചറിൽക്കിടന്ന് കൂടെ ഓടിയെത്താൻ പാടുപെടുന്ന ഹോംനഴ്സിനെ കിഴവൻ ആശ്വാസത്തോടെ നോക്കി. മുകളിൽനിന്നുള്ള നിർദ്ദേശപ്രകാരം കാഷ്വാലിറ്റിയിൽ സ്ട്രക്ച്ചറിൽ കിടത്തിത്തന്നെ ഡ്യൂട്ടിഡോക്ടർ കടലാസുകൾ പരിശോധിച്ച് തീവ്രപരിചരണവിഭാഗത്തിലേക്കു റഫർ ചെയ്തു. 

"ഡോക്ടറേ, വെള്ളം!" 

ഹോംനഴ്സിന്റെ ചുമലിൽ തൂങ്ങുന്ന ഫ്ലാസ്ക്കിലേക്കുനോക്കി മുഖകവചത്തിനുള്ളിലൂടെ കിഴവൻ കെഞ്ചിയെങ്കിലും ഡോക്ടർ കനിഞ്ഞില്ല. വിജനമായ ഇടനാഴികളിലൂടെ അതിവേഗം ഉരുണ്ടുകൊണ്ടിരുന്ന ശകടം ഇരുമ്പറയിൽക്കയറി കുലുങ്ങിനിന്നു. കൊട്ടിയടയ്ക്കപ്പെട്ട അഴികൾ താഴോട്ടമർന്നുപോയി. പെൺഡോക്ടറും സിസ്റ്റർമാരും സഹായികളും ഹോംനഴ്സും ഒപ്പം തന്നെയുണ്ടായിരുന്നു. ഏതോ നിലയിൽ ലിഫ്റ്റിറങ്ങി ശകടം കടകടാരവത്തോടെ ഇടനാഴികൾ താണ്ടി യാത്ര തുടർന്നു. പൂർണ്ണമായും ശീതീകരിക്കപ്പെട്ട ഇടനാഴികളിലെ തണുപ്പിൽ കിഴവന്റെ ശരീരം വിറയ്ക്കാൻ തുടങ്ങിയിരുന്നു. 

വാതകോപമുള്ള വൃദ്ധചർമ്മത്തെ നക്കിയെടുക്കും വിധം ശീതം കൂടിയപ്പോൾ വയറുവേദന വർദ്ധിച്ച് ആമാശയത്തിനുള്ളിൽ എന്തോ ഉരുണ്ടുമറിയുന്നതുപോലെ കിഴവനനുഭവപ്പെട്ടു. വെറുംവയറ്റിൽ പാമ്പൻ ഉണരുന്നതാവാം. പാമ്പനിരകൊടുക്കാതെ മരുന്നുപോലും കഴിക്കരുതെന്നാണ് പരമ്പരാഗതമായ ഔഷധപാഠം. വെളുക്കുമ്പോളാരംഭിച്ച നശിച്ച വയറുവേദനകാരണം ഒന്നും കഴിക്കാൻ പറ്റിയില്ല. തൊണ്ടനനയ്ക്കാൻ ഒരുതുള്ളി വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ! മൂക്കിനുമേലെ തവളയെപ്പോലെ അള്ളിപ്പിടിച്ചിരിക്കുന്ന, നിശ്വാസബാഷ്പമുറഞ്ഞ് ഈർപ്പം കിനിയുന്ന, ഓക്സിജൻമാസ്ക്കിന്റെ മുകളിലൂടെ വശത്തേക്കു കണ്ണുപായിച്ചപ്പോൾ ഗ്യാസുകുറ്റിയുരുട്ടിക്കൊണ്ടു കൂടെനടക്കുന്ന സഹായിയുടെ രോഷാകുലമായ മുഖമാണു കണ്ടത്. ഹോംനഴ്സ് വെള്ളക്കുപ്പായമിട്ട സംഘത്തിനൊപ്പം എവിടെയോ ആണ്. കിഴവൻ കണ്ണുകൾ ഇറുക്കെയടച്ച് ഉദരത്തിലിഴയുന്ന പാമ്പനെ അടക്കാൻ ശ്രമിച്ചുകൊണ്ട് നിശ്ശബ്ദം കിടന്നു. ഇടനാഴികളിലൂടെയുള്ള ഗുഹായാത്ര അവസാനിച്ചത് ചെമന്നലിപിയിൽ പ്രവേശനനിരോധനം പരസ്യപ്പെടുത്തിയ തീവ്രപരിചരണമുറിയുടെ അടഞ്ഞ കവാടത്തിനുമുന്നിലാണ്. അവിടെ ഡോക്ടർമാരും നഴ്സുമാരും കാത്തുനിൽക്കുന്നുണ്ടായിരുന്നു. 

സ്ട്രക്ചറെത്തിയയുടൻ അറവാതിൽ തുറക്കപ്പെട്ടു. കിടക്കുന്ന കിഴവനോടൊപ്പം പരിചാരകസംഘവും അകത്തുകടന്നു. പിന്തുടരാൻ ശ്രമിച്ച വീട്ടുനഴ്സിനോട് പശുമുഖമുള്ള ഭിഷഗ്വരൻ പറഞ്ഞു: 

"അന്യർക്കു പ്രവേശനമില്ലെന്ന് എഴുതിവെച്ചിരിക്കുന്നതു കണ്ടില്ലേ? ഇവിടെ ഇരുന്നാൽമതി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം." 

കവാടത്തിന്റെ വശങ്ങളിലുള്ള കസേരകളിലൊന്നിൽ വസ്ത്രസഞ്ചിയും കാപ്പിപ്പാത്രവും മടിയിൽവെച്ച് ഹോംനഴ്സ് 

ഇരുന്നു. മക്കൾമാഹാത്മ്യം വിളംബരംചെയ്യുന്നവിധം കിഴവൻ പ്രവേശിപ്പിക്കപ്പെട്ട തീവ്രപരിചരണമുറി സർവ്വസംവിധാനങ്ങളുമടങ്ങിയ, ഒരു രോഗിക്കുമാത്രമായുള്ള, പ്രത്യേകമുറിയായിരുന്നു. ഓക്സിജൻ മാസ്ക്കുനീക്കി മെത്തയിലേക്കിറക്കി വയ്ക്കപ്പെട്ട ഉദരരോഗിയുടെ വസ്ത്രങ്ങൾ സിസ്റ്റർമാർ അഴിച്ചുമാറ്റി. നെഞ്ചിലും കാലുകളിലും മോണിറ്റർ വയറുകളും മുഖത്ത് ഓക്സിജൻ മാസ്ക്കും ഘടിപ്പിച്ചശേഷം പാകമല്ലാത്ത ആശുപത്രിയൂണിഫോമിന്റെ കാലുറകളിൽ അവർ കിഴവനെ വലിച്ചുകയറ്റി. ലിനന്‍പുതപ്പുകൊണ്ട് കാലുകള്‍ മൂടി. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും രേഖപ്പെടുത്തപ്പെട്ടു.  

കൈത്തണ്ടയിൽനിന്നു സമ്മർദ്ദമാപിനിയുടെ കാറ്റൊഴിഞ്ഞപ്പോൾ ശ്വാസം നേരെവീണു. മുഖാവരണം നീക്കംചെയ്തതുകണ്ട് വെള്ളം ചോദിക്കാൻ തുറന്ന വായിലേക്ക് നഴ്സ് ചില്ലുകൊള്ളിപോലുള്ള താപമാപിനി തിരുകിവെച്ച് മിണ്ടാതിരിക്കാൻ വിരൽപൊക്കിക്കാണിച്ചു. മറ്റൊരു സിസ്റ്റർ ഇടതുകരത്തിലെ സിരയിൽ സൂചിയിറക്കി ക്യാനുല ഘടിപ്പിച്ചശേഷം രക്തമെടുത്തു. സിസ്റ്റർമാർ പിന്മാറിയപ്പോൾ വിവിധ അവയവങ്ങളുടെ വിദഗ്ധഡോക്റ്റർമാർ കിഴവനെ വളഞ്ഞു. 

"ഡോക്ടറേ! കുറച്ചു വെള്ളം! ദാഹിക്കുന്നു." 

എലിയും പാമ്പനും ഇഴഞ്ഞുപുളയ്ക്കുന്ന വയറ്റിൽ അമർത്തിയും ഞെക്കിയും പരിശോധിക്കുന്ന ഡോക്ടർമാരോട് കിഴവൻ പിറുപിറുത്തുതൊണ്ടിരുന്നു. 

"അല്പം ഡിസ്റ്റിൽഡുവാട്ടർ കൊടുക്കൂ." 

സിസ്റ്റർ ചുണ്ടിലേക്കിറ്റിക്കുന്ന വെള്ളത്തുള്ളികൾ തൊണ്ടനനയാൻപോലും ഉണ്ടായിരുന്നില്ല. ഈർപ്പംതട്ടി അന്നനാളം അയഞ്ഞപ്പോൾ കിഴവൻ പറഞ്ഞു: 

"രാവിലെ ഒന്നും കഴിച്ചിട്ടില്ല മക്കളേ. വെറും വയറായതുകൊണ്ടാണ് പാമ്പൻ പുളയുന്നത്." 

"പാമ്പനോ?!" 

ഔഷധവിദഗ്ധൻ ചിരിച്ചു. ലിസ്റ്റും ചാർട്ടും പരിശോധിച്ചശേഷം ഹൃദയവിദഗ്ദ്ധന്‍ പറഞ്ഞു: 

"പ്രഷറില്ല. നോർമ്മൽ. സലൈൻ ഡ്രിപ്പു കൊടുക്കാം." 

സിസ്റ്റർ ബോട്ടിൽ തൂക്കിയിട്ട് കുഴൽ ക്യാനുലയിൽ ഘടിപ്പിച്ച് തുള്ളികൾ ക്രമപ്പെടുത്തി. തിരിച്ചും മറിച്ചും പരിശോധിച്ചശേഷം വിദഗ്ധരും സഹഭിഷഗ്വരന്മാരും തിരക്കിട്ട ചർച്ചയാരംഭിച്ചു. അവർ ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടുന്നത് സ്പെഷ്യലിസ്റ്റുകളായ തന്റെ മക്കളെയത്തന്നെ. അകലെയാണെങ്കിലും അവർ മുറിയിൽത്തന്നെ സന്നിഹിതരാണല്ലോയെന്നോർത്ത് കിഴവന് അഭിമാനം തോന്നി. പ്രായവും അപ്പോഴത്തെ രോഗനിലയും പരിഗണിച്ച് സ്കാനിങ്ങ്പോലുള്ള മാരകപരിശോധനകളിൽനിന്ന് ഇളവുനൽകുവാൻ തീരുമാനമായി. മഹാന്മാരായ മക്കളുടെ അഭിപ്രായവും നിരോധിതമരുന്നുകളുടെ പട്ടികയും പരിശോധിച്ചശേഷം സംഘത്തലവൻ പറഞ്ഞു: 

"ലണ്ടനിൽനിന്ന് പ്രഗത്ഭനായ ഗാസ്ട്രോഎന്ററോളജിസ്റ്റ് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം എത്തിയശേഷം ചികിത്സ തുടങ്ങാം. രോഗി അബോധാവസ്ഥയിലേക്കു പോകാതെ സൂക്ഷിക്കണം." 

ഔഷധവിദഗ്ധൻ ആംഗലത്തിലാണ് പറഞ്ഞതെങ്കിലും അതിന്റെ ഏകദേശരൂപം കിഴവനു മനസ്സിലായി. ലോകവലയിലുള്ള മക്കളും അരികിലുള്ള ഭിഷഗ്വരസംഘവും കൂടിയാലോചിച്ചിട്ടും ചികിത്സയൊന്നും നടക്കാതായപ്പോൻ വയറുവേദനയ്ക്കു മരുന്നുകിട്ടാതെ താൻ മരിക്കാൻപോവുകയാണെന്നു കിഴവനു തോന്നി. വെള്ളെഴുത്തിലൂടെ നോക്കുമ്പോൾ ഭിഷഗ്വരസംഘം വെള്ളയുടുപ്പിട്ട പ്രേതരൂപങ്ങളെപ്പോലെ കാണപ്പെട്ടു. ഐസിയുവിന്റെ ചുമതല പശുമുഖനേയും സിസ്റ്റർമാരെയുമേൽപ്പിച്ച് വിദഗധസംഘത്തലവന്‍ പറഞ്ഞു: 

"സ്പെഷ്യലിസ്റ്റ് എത്തുവാൻ പത്തുമണിയെങ്കിലുമാവും. അതുവരെ രോഗി ഉറങ്ങാതെയും അബോധാവസ്ഥയിലേക്കു പോകാതെയും സൂക്ഷിക്കണം. ഞങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ട്. അത്യാവശ്യമുണ്ടെങ്കിൽ ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബുവഴി കൊടുക്കാം. അതിനുമുമ്പ് എന്‍റോസ്കോപ്പി ചെയ്യുക." 

അവർ പോയപ്പോൾ പശുമുഖൻ കിഴവനെ സമീപിച്ച് മുഖത്തേക്കു കുനിഞ്ഞുനോക്കി. പരന്ന മൂക്കിലൂടെ കൂർക്കംവലിയുടെ ശബ്ദത്തിൽ ചീറിവന്ന ശ്വാസം കിഴവന്റെ മുഖത്തു തട്ടി. ഓക്സിജൻ മാസ്ക് എടുത്തുമാറ്റി ഡോക്ടർ ചോദിച്ചു: 

"അമ്മാവനു വിശപ്പു തോന്നുന്നുണ്ടോ? ഡ്രിപ്പ് എടുക്കുന്നതുകൊണ്ട് ദാഹം അനുഭവപ്പെടില്ല." 

ഡോക്ടർ സംസാരിക്കുന്നതു കേട്ടപ്പോൾ പ്രതീക്ഷയുണർന്ന കിഴവൻ പറഞ്ഞു: 

"മോനേ, പുറത്ത് മോളിരിക്കുന്നുണ്ട്. അവളെ ഇങ്ങോട്ടു വിളിക്ക്. അവളുടെ കയ്യിൽ ചുക്കുകാപ്പിയും ബിസ്ക്കറ്റുമുണ്ട്." 

"ഹോംനഴ്സോ! അതൊന്നും കഴിക്കാൻപാടില്ലമ്മാവാ. വിശക്കുന്നുണ്ടെങ്കിൽ ഞങ്ങൾ കുഴലിലൂടെ ഭക്ഷണം തരാം." 

മാസ്ക്ക് പൂർവ്വസ്ഥിതിയിൽ വെച്ചതിനുശേഷം പശുമുഖൻ സിസ്റ്റർമാരെ വിളിച്ച് എന്തോ നിർദ്ദേശം നൽകി. വെളുത്ത ഉടുപ്പിനുമുകളിലെ കറുത്ത മുഖത്ത് ചന്ദ്രക്കലപോലെ ചിരിയുമായി അരികിലെത്തിയ സിസ്റ്റർ ചോദിച്ചു: 

"അപ്പൂപ്പന് ഇപ്പോൾ വേദന തോന്നുന്നില്ലല്ലോ?" 

"വിശപ്പും വേദനയും വേർതിരിച്ചറിയാൻ പറ്റുന്നില്ല മോളേ! വയറ്റിലൂടെ തീവണ്ടി പോകുന്നതുപോലെയാണ് തോന്നുന്നത്!"

മറ്റു സിസ്റ്റർമാർ എന്തൊക്കെയോ ഉപകരണങ്ങൾ ഉരുട്ടിക്കൊണ്ടുവന്ന് കട്ടിലിനരികിൽ വെച്ചു. അവർ ഓക്സിജൻ മാസ്ക്ക് മുഖത്തുനിന്നു വീണ്ടും എടുത്തുമാറ്റി. 

"നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്?" 

"അപ്പൂപ്പന് കുഴലിൽക്കൂടെ ഭക്ഷണം നൽകാൻപോവുകയാണ്." 

മുറിയുടെ ചില്ലുവാതായനത്തിലൂടെ ഹോംനഴ്സിന്റെ നിഴലാട്ടംകണ്ട കിഴവൻ പറഞ്ഞു:  

"അതാ! അവളെ അകത്തേക്കു വിളിക്കൂ. അവൾ ഭക്ഷണം കോരിത്തരും! ഞാൻ വായിലൂടെ ഭക്ഷണം കഴിച്ചോളാം." 

"അതുപറ്റില്ല. ശാസകോശത്തിൽ കടന്നാൽ അപകടമാണ്. അവർക്ക് അകത്തു കയറാനും പാടില്ല. അപ്പൂപ്പന്റെ കാര്യം നോക്കാൻ ഞങ്ങളില്ലേ." 

സിസ്റ്റർമാർ കിഴവന്റെ തലയിൽ അമർത്തിപ്പിടിച്ചു. പശുമുഖൻ വിരയെപ്പോലുള്ള ഒരു വെളുത്തകുഴൽ കിഴവന്റെ മൂക്കിൽ കയറ്റി. ഓക്കാനിക്കാൻ തുനിഞ്ഞ കിഴവനോട് ഡോക്ടർ പറഞ്ഞു: 

"കുഴൽ വിഴുങ്ങിക്കോളൂ. ഇല്ലെങ്കിൽ ശ്വാസകോശത്തിലേക്കു പോകും." 

മൂക്കളപുരണ്ട് തണുപ്പും വഴുക്കലുമായി തൊണ്ടയിലേക്കിറങ്ങിവരുന്ന കുഴൽ അറപ്പോടെ വിഴുങ്ങാൻ നിർബ്ബന്ധിതനായ കിഴവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വായിൽ നിറഞ്ഞ കൊഴുത്ത സ്രവം ശിശുക്കളെപ്പോലെ കടവായിലൂടെ പുറത്തേക്കൊലിച്ചു. സ്രവങ്ങൾ ഒഴുകിയിറങ്ങുന്ന കവിളുകള്‍ കറുത്ത സിസ്റ്റർ തുടച്ചു വൃത്തിയാക്കിക്കൊണ്ടിരുന്നു. കുഴൽ ആമാശയത്തിലെത്തിയപ്പോൾ പശുമുഖൻ പറഞ്ഞു: 

"അമ്മാവാ ഇനി മൂക്കിലൂടെ ശ്വാസംവലിച്ചുനോക്കൂ." 

താൻ ശ്വസിച്ചുകൊണ്ടിരുന്നത് വായിലൂടെയായിരുന്നെന്ന് അപ്പോഴാണ് കിഴവനു മനസ്സിലായത്. സജലനേത്രങ്ങളാൽ കിഴവൻ പശുമുഖനെ നോക്കി. കുഴൽ ആമാശയത്തിലെത്തിയപ്പോൾ വിദഗ്ദ്ധരും സംഘവും അകത്തുവന്നു. 

"വെറുംവയറ്റി എന്റൊസ്കോപ്പി ചെയ്യണം." 

ഇറക്കിയ ക്യാമറയിലൂടെ ആമാശയത്തിന്റെ അന്തർഭാഗം മോണിറ്ററിൽ തെളിഞ്ഞു. അസ്വഭാവികമായി ഒന്നും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. വിഡിയോ സേവ്ചെയ്തശേഷം ക്യാമറക്കുഴൽ വലിച്ചെടുത്തു. അപ്പോള്‍ത്തന്നെ പശുമുഖന്‍ മൂക്കിലൂടെ റൈൽസ്ട്യൂബ് കയറ്റാൻതുടങ്ങി. 

'മുഖംപോലെതന്നെ ഇവൻ മൃഗഡോക്ടറോ മറ്റോ ആണോ? ഒരു മൃഗത്തെപ്പോലെയാണല്ലോ ഇവനെന്നെ കൈകാര്യം ചെയ്യുന്നത്!' മനസ്സിലുണർന്ന ഭീതിയോടെ കിഴവൻ പശുമുഖനെ അനുസരിച്ച് അടങ്ങിക്കിടന്നു. 

റൈൽസ്ട്യൂബ് അന്നനാളത്തിലൂടെ പൂർണ്ണമായും ഇറങ്ങിയപ്പോൾ പശുമുഖൻ കിഴവനെനോക്കി വിജയഭാവത്തിൽ ചിരിച്ചു. കിഴവന്റെ മുതുകിൽത്തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു: 

"അമ്മാവാ! വയറിനകത്ത് കുഴപ്പമൊന്നുമില്ല. ഇപ്പോൾ ദ്രവരൂപത്തിലുള്ള ഭക്ഷണം തരാം. അതു ചെല്ലുമ്പോൾ എല്ലാം ശരിയാവും." 

ദഹനരസങ്ങൾ ഭിത്തികളെ ദഹിപ്പിക്കാൻതുടങ്ങിയ, വിശപ്പും വേദനയുമെരിയുന്ന ആമാശയത്തിലേക്ക് പോഷകമൂല്യങ്ങളടങ്ങിയ ആഹാരം ഒഴുകി. കുഴലിലൂടെ ഒഴുകിയിറങ്ങുന്ന കൊഴുത്ത ദ്രവം ആമാശയത്തിനുള്ളിൽ മലമ്പാമ്പിനെപ്പോലെ ഇഴഞ്ഞു. തികട്ടിവന്ന ഓക്കാനം പുറത്തുവരാതെ കിഴവൻ അമർത്തിപ്പിടിച്ചൊതുക്കാൻ ശ്രമിച്ചു. കറുത്ത സിസ്റ്റർ ബേസിനുമായി ഓടിയെത്തി. നാസികയിലൂടെ ആമാശയത്തിലേക്കൊഴുകിയ പോഷകാഹാരം ആമാശയസ്രവങ്ങളുമായി കൂടിക്കലർന്ന് വായിലൂടെ തിരിച്ചുവന്നു. സിസിടിവിയിലൂടെ നിരീക്ഷിക്കുന്ന വിദഗ്ധസംഘം ഞൊടിയിടയിൽ ഓടിയെത്തി. റൈൽസ്ട്യൂബ് പുറത്തെടുത്ത് ഓക്സിജൻമാസ്ക്ക് പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പൊട്ടിത്തുറന്ന ഛർദ്ദിയുടെ ആഘാതത്തിൽ തളർന്നുപോയ വൃദ്ധശരീരം വിയർപ്പിൽ കുളിച്ചിരുന്നു. സിസ്റ്റർമാർ ഔഷധജലം മുക്കിയ ശീലകൊണ്ട് ശരീരംമുഴുവൻ വൃത്തിയാക്കി. 

അർദ്ധബോധാവസ്ഥയിലെത്തിയ കിഴവൻ തല്ലിച്ചതയ്ക്കപ്പെട്ട മലമ്പാമ്പിനെപ്പോലെ തളർന്നുകുഴഞ്ഞ് നിശ്ചലം ശയിക്കുകയാണ്. നിസ്സഹായമായ വൃദ്ധശരീരത്തിനുചുറ്റും പ്രേതരൂപമാർന്ന നോക്കുകുത്തികളെപ്പോലെ അത്യാധുനിക ചികിത്സായന്ത്രങ്ങൾ നിശ്ചലം നിന്നു. ഭിഷഗ്വരസംഘം ഇതികർത്തവ്യതാമൂഢരായി വൃദ്ധന്റെ ശരീരം ചുമക്കുന്ന ഇരുമ്പുകട്ടിലിനുചുറ്റും കൂടിയാലോചനയിൽമുഴുകി. ഒടുവിൽ ഔഷധവിദഗ്ധൻ പറഞ്ഞു: 

"ആമാശയവിദഗ്ധന്‍ എത്താൻ ഇനിയും രണ്ടുമണിക്കൂറെങ്കിലും വേണം. അതുവരെ ഉറങ്ങാതെ നോക്കണം." 

വാടിയ ചേനത്തണ്ടുപോലെ തളർന്നുകിടക്കുന്ന ഉദരരോഗിയെ പശുമുഖൻ പതിയെ കുലുക്കിയുണർത്തി. ബോധാബോധങ്ങൾക്കിടയിലൂടെ ഭാരരഹിതമായി യാത്രചെയ്യുകയായിരുന്ന കിഴവൻ പെട്ടെന്നു ഭൂമിയിൽ പതിച്ചതുപോലെ ഞെട്ടി കണ്ണുകൾ തുറന്നു. കാളയുടെ തലയോട്ടിപോലെ ഇളിച്ച പല്ലുകളുമായി മുഖത്തേക്കു മുഖമടുപ്പിച്ചുനില്ക്കുന്ന പശുമുഖനെക്കണ്ട് ഞെട്ടിപ്പോയ കിഴവന് താൻ യമലോകത്തെത്തിയെന്നാണ് തോന്നിയത്. നിലവിളിക്കാൻപോലും ശേഷിയില്ലാതെ തുറിച്ചുനോക്കുന്ന കിഴവന്റെ കവിളിൽത്തട്ടി പശുമുഖൻ പറഞ്ഞു: 

"അമ്മാവനു കുഴപ്പമൊന്നുമില്ല. ലണ്ടനിൽനിന്ന് വിദഗ്ധഡോക്ടർ ഇപ്പൊഴെത്തും അതുവരെ ഉറങ്ങരുത്." 

യാഥാർഥ്യബോധത്തിലേക്ക് തിരിച്ചെത്തിയപ്പോൾ കിഴവൻ പശുമുഖന്റെ ചിരിക്കുന്ന മുഖംകണ്ട് എന്തോ പറയാൻ ശ്രമിച്ചു. തന്റെ നാവ് പൂർണ്ണമായും ചലനരഹിതമായിരിക്കുന്നുവെന്ന് ഭീതിയോടെ കിഴവൻ മനസ്സിലാക്കി. ആശയസംവേദനത്തിനുള്ള മാർഗ്ഗമാരാഞ്ഞ് അവയവങ്ങൾ ചലിപ്പിക്കാൻ ശ്രമിച്ചപ്പോൾ കാലുകൾക്കും ഇരുമ്പുദണ്ഡുകൾപോലെ ഭാരമേറിയിരിക്കുന്നതാണ് കണ്ടത്. ശക്തമായ കാന്തഫലകംപോലെ ഇരുമ്പുകട്ടിൽ ശരീരത്തെ അതിലേക്കു വലിക്കുകയാണ്. പരിമിതമായ ചലനശേഷി അവശേഷിച്ചിട്ടുള്ളത് കൈകൾക്കുമാത്രമാണ്. അവസാനത്തെ പിടിവള്ളിപോലെ കിഴവൻ പശുമുഖന്റെ കൈയിൽ മുറുകെപ്പിടിച്ചു. 

കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടെങ്കിലും പേശികളുറച്ചുപോയ കിഴവന്റെ മുഖത്തുനിന്ന് ഭാവങ്ങളൊന്നും വായിച്ചെടുക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞില്ല. ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോണിക് മാപിനികളിലെല്ലാം ശരീരസ്ഥിതി നോർമ്മലായിരുന്നു. ദുർബ്ബലമായ പിടുത്തത്തിൽനിന്ന് പതുക്കെ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പശുമുഖൻ പറഞ്ഞു: 

"അമ്മാവാ, വിഷമിക്കാനൊന്നുമില്ല. വയറുവേദന കുറഞ്ഞിട്ടുണ്ടല്ലോ? എല്ലാം നോർമ്മലാണ്. മക്കളുമായി സംസാരിക്കണമെങ്കിൽ ഫോണിലാവാം. അല്ലെങ്കിൽ ലാപ്ടോപ്പിൽ കണക്റ്റുചെയ്തുതരാം." 

വൈഡ്സ്ക്രീനിൽ പുത്രന്റെ മുഖം വ്യക്തമായി കാണാം. ഓപ്പറേഷൻയൂണിഫോമിൽ തിരക്കിലാണവൻ. 

"അച്ഛാ? വയറുവേദന കുറഞ്ഞില്ലേ? എല്ലാം നോർമ്മലാണ്. എല്ലാ മോണിറ്ററും ഞാൻ നിരീക്ഷിക്കുന്നുണ്ട്. ലണ്ടനില്‍നിന്നുള്ള ആമാശയവിദഗ്ദ്ധൻ ഉടനെയെത്തും. പേടിക്കാനൊന്നുമില്ല. ഞാനല്പം തിരക്കിലാണ്. പിന്നെ വിളിക്കാം." 

അവന്റെ മുഖം സ്ക്രീനിൽനിന്നുമപ്രത്യക്ഷമായി. തുടർന്ന് സന്തതികളോരോരുത്തരും സ്വപ്നത്തിലെന്നപോലെ പ്രത്യക്ഷപ്പെട്ടു സംസാരിച്ചശേഷം മാഞ്ഞുപോയി. തിരയിലെ വെളിച്ചം നിലച്ചിട്ടും കിഴവന്റെ മനസ്സിൽ അവരുടെ മുഖം മിന്നിമറഞ്ഞുകൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും അവരോട് ഒരു വാക്കുപോലും മിണ്ടാൻ കഴിയാഞ്ഞതിൽ കിഴവനു നിരാശയും ഭയവും തോന്നി. മുഖാവയവങ്ങൾ സ്തംഭിച്ച് തന്റെ സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. 

തണുത്ത കാലുകൾ അദൃശ്യമായ പെരുമ്പാമ്പിനാൽ വിഴുങ്ങപ്പെടുന്നതുപോലെ അയാള്‍ക്കു തോന്നി. കട്ടിയുള്ള കൊഴുപ്പും തണുപ്പും സ്പർശിച്ചറിയാം. പെരുമ്പാമ്പിന്റെ വായിൽനിന്ന് കാലുകൾ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും യന്ത്രങ്ങളിൽ എല്ലാം നോർമ്മലായിരുന്നു! തനിക്കനുഭവപ്പെടുന്ന ശാരീരികാവശതകൾ ദേഹത്തു ഘടിപ്പിച്ച യന്ത്രങ്ങൾക്കോ ഭിഷഗ്വരന്മാർക്കോ മനസ്സിലാക്കാൻ കഴിയാത്തതെന്തുകൊണ്ടാണ്? ശരീരത്തിൽനിന്നു മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണോ? ഈ പരീക്ഷണങ്ങളെല്ലാം നടത്തിയിട്ടും വയറ്റിലെ വേദനയുടെ കാരണംപോലും കണ്ടെത്താൻ ഡോക്ടർമാർക്കു കഴിഞ്ഞിട്ടില്ലെന്ന സത്യം കിഴവനെ അത്ഭുതപ്പെടുത്തി. 

ആ പെരുമ്പാമ്പിന്റെ തണുത്ത ഉദരം കാലുകളെ വിഴുങ്ങിക്കൊണ്ട് പതിയെപ്പതിയെ മേലോട്ടു കയറുകയാണ്. മുറിയാകെ വൈദ്യുതവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്നതിനാൽ രാത്രിയുടെ എത്ര യാമങ്ങൾ കടന്നുപോയെന്ന് അറിയാൻ കഴിയുന്നില്ല. ഉദരവേദനയും വിശപ്പും കുറഞ്ഞുവരുന്നത് ആമാശയത്തിന്റെ സംവേദനശേഷി നഷ്ടപ്പെടുന്നതുകൊണ്ടായിരിക്കാം. ആന്തരാവയവങ്ങളും തണുത്ത ഈയക്കട്ടികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും കുശുകുശുപ്പും ധൃതിയും ശ്രദ്ധിച്ചപ്പോൾ തനിക്കെന്തോ സംഭവിക്കാൻപോവുകയാണെന്നു കിഴവനു സംശയം തോന്നി. ശീതീകരിച്ച തീവ്രപരിചരണമുറിയിലെ തണുത്ത നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് കടന്നുവന്നത് ലണ്ടനിൽനിന്നെത്തിയ ആമാശയവിദഗ്ദ്ധനും ആശുപത്രിസൂപ്രണ്ടും ഡിപ്പാർട്ടുമെന്റ് തലവന്മാരുമായിരുന്നു. 

ചെമ്മീൻ തൊലിപൊളിച്ചതുപോലെ വെളുത്തുവിളറിയ 'ലണ്ടൻ ഗാസ്ട്രോഎന്ററോളജിസ്റ്റിന്‍റെ' മുഖംകണ്ടപ്പോൾ ഡ്രാക്കുളയെ നേരിൽ കണ്ടതുപോലെ കിഴവൻ ഞെട്ടി. കൺകോണുകളിലും നെറ്റിയിലും കവിളുകളിലുമുള്ള ചുളിവുകൾ രക്തവർണ്ണമായിരുന്നു. വെളുത്ത ചുണ്ടുകളകത്തി മഞ്ഞപ്പല്ലുകളും ചെമന്ന മോണയും കാട്ടി ചിരിച്ചുകൊണ്ട് സായിപ്പ് കിഴവനെ വിശദമായി പരിശോധിച്ചു. കേസ്ഡയറി പരിശോധിച്ചശേഷം ഉപകരണങ്ങൾ ചെക്കുചെയ്ത് അയാൾ അതുവരെ നൽകിയ ചികിത്സകളെക്കുറിച്ച് ഡോക്ടർമാരോടാരാഞ്ഞു. മക്കളയച്ച നിരോധിതമരുന്നുകളുടെ ലിസ്റ്റുകൾ കാണിച്ച് ഔഷധവിദഗ്ദ്ധൻ പറഞ്ഞു: 

"ഈ മരുന്നുകളൊന്നും രോഗിക്ക് ഒരു കാരണവശാലും കൊടുക്കരുതെന്നാണ് അവർ നിർദ്ദേശിച്ചിട്ടുള്ളത്. ഇതിൽ ഉൾപ്പെടാത്തതായി ഡിസ്റ്റിൽഡ് വാട്ടർ മാത്രമേയുള്ളൂ. അത് ഇടയ്ക്കിടെ കൊടുക്കുന്നുണ്ട്." 

ഡോക്ടർ പറഞ്ഞത് ഇംഗ്ലീഷിലാണെങ്കിലും ആശയം ഏറെക്കുറെ കിഴവനു മനസ്സിലായി. സായിപ്പ് സഹതാപപൂർവം കിഴവന്റെ കാലിൽത്തൊട്ടു. ഐസ്ക്യൂബിൽ തൊട്ടപോലെ പെട്ടെന്നു കൈ പിൻവലിച്ച അയാൾ സംശയനിവാരണത്തിനായി രണ്ടു കാലുകളിലും സ്പർശിച്ചുനോക്കി. മരവിച്ച കാലുകളിൽനിന്നെത്തുന്ന പൾസ് മോണിറ്ററിൽ നിലച്ചിരുന്നു! 

സാവധാനം വിഴുങ്ങുന്ന തണുപ്പ് ഉദരവും കടന്ന് ശിരസ്സിലേക്കു വ്യാപിക്കുകയാണ്. സായിപ്പിന്റെ നിർദ്ദേശപ്രകാരം നേഴ്സുമാർ തടിച്ച കമ്പിളികൊണ്ട് കിഴവന്റെ ദേഹം പൊതിഞ്ഞു. രണ്ടു സിസ്റ്റർമാർ ഉള്ളംകാലിൽ തിരുമ്മി ചൂടുപിടിപ്പിക്കാൻ തുടങ്ങി. സ്പർശനാനുഭവം നിലച്ച് ഉറച്ചുപോയ കിഴവന്റെ മുഖപേശികൾ ഭാവരഹിതമാണെങ്കിലും കണ്ണുകൾ സജീവങ്ങളായിരുന്നു. വാട്സാപ്പിലൂടെ എല്ലാ വിവരങ്ങളും വിദേശത്തേക്കയച്ചുകൊണ്ട് സായിപ്പ് വെബ്ക്യാമറ ഓൺചെയ്യാനാവശ്യപ്പെട്ടു. 

ഉപരിതലം കറക്കാവുന്ന ഭക്ഷണമേശയിൽ ലാപ്ടോപ്പുവെച്ച് നെഞ്ചിലേക്കു തിരിച്ചുവെച്ചപ്പോൾ തൊട്ടടുത്ത് പുത്രന്റെ മുഖംകണ്ട് കിഴവൻ വികാരവിവശനായി. 'അച്ഛാ'യെന്നു കരഞ്ഞുവിളിക്കുന്ന പുത്രനോട് എത്രശ്രമിച്ചിട്ടും മറുവാക്കുപറയുവാൻ കിഴവനു കഴിഞ്ഞില്ല. തുടർന്ന് കരഞ്ഞുവിളിക്കുന്ന മക്കളുടെ മുഖങ്ങൾ മോണിറ്ററിൽ തെളിഞ്ഞുമറഞ്ഞുകൊണ്ടിരുന്നു. മരിച്ചുകഴിഞ്ഞ തന്റെ മൃതശരീരത്തിനു ചുറ്റും നിന്ന് മക്കൾ നിലവിളിക്കുന്നതായാണ് കിഴവനു തോന്നിയത്. ഹൃദയമിടിപ്പു താഴ്ന്ന് മോണിറ്ററും നിലവിളിക്കാൻതുടങ്ങിയപ്പോൾ ലാപ്ടോപ്പുമാറ്റി ഹൃദ്രോഗവിദഗ്ദ്ധൻ വെന്റിലേറ്റർ കണക്റ്റുചെയ്തു.  

ആനയുടെ തുമ്പിക്കൈപോലെ വായിലൂടെ ശ്വാസനാളത്തിലേക്കു കടത്തിയ കുഴൽവഴി പ്രാണവായു സങ്കോചവികാസങ്ങൾ നിലച്ച ശ്വാസകോശത്തിലേക്കു മർദ്ദിച്ചു കയറ്റപ്പെട്ടു. ഹൃദയമിടിപ്പിനായുള്ള വൈദ്യുതസന്ദേശങ്ങൾ എട്രിയത്തിലേക്കയച്ചുകൊണ്ടിരുന്നെങ്കിലും ഹൃദയപേശികൾ പ്രതികരിച്ചില്ല. വെന്റിലേറ്ററിലിട്ടിട്ടും മോണിറ്ററിൽ സിഗ്നലുകളൊന്നും തെളിയാത്തത് സായിപ്പിനെയും വൈദ്യസംഘത്തെയും പരിഭ്രാന്തിയിലാഴ്ത്തി. ബാഹ്യബന്ധങ്ങളെയൊന്നും അകത്തു പ്രവേശിപ്പിക്കാത്തവിധം വൃദ്ധശരീരം മരവിച്ചുകഴിഞ്ഞിരുന്നു. വെന്റിലേറ്റർ ബെൽറ്റുകളാൽ മുഖംമുഴുവനും വരിഞ്ഞുകെട്ടപ്പെട്ട കിഴവൻ ബഹിരാകാശസഞ്ചാരിയുടെ കോമാളിപ്രതിമപോലെ കാണപ്പെട്ടു. 

അവയവങ്ങളെയെല്ലാം മരണം വിഴുങ്ങിക്കഴിഞ്ഞിട്ടും കാഴ്ചശക്തിയും ബോധവും ഭ്രമാത്മകയാഥാർഥ്യം പോലെ നിലനിൽക്കുകയാണ്. താൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്നു ഭിഷഗ്വരസംഘത്തെ അറിയിക്കുവാൻ മാർഗ്ഗമൊന്നുമില്ല. അവയവമരണം സംഭവിച്ച ശരീരത്തിൽ ബോധം നിലനിൽക്കുന്നുണ്ടോ എന്നറിയാനുള്ള ഒരു യന്ത്രവും ഇതേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. 

ശയനത്തെ പൊതിഞ്ഞുനിൽക്കുന്ന ഭിഷഗ്വരസംഘത്തിന്റെ നിഴലുകൾ പ്രേതനൃത്തം തുടങ്ങി. ചുവരുകളിൽ ഉലഞ്ഞാടുന്ന കറുത്ത നിഴലുകളുടെ പശ്ചാത്തലത്തിൽ വെള്ളയുടുപ്പിട്ട വൈദ്യസംഘം ശവം പങ്കുവെക്കാനെത്തിയ പ്രേതരൂപങ്ങളെപ്പോലെ കാണപ്പെട്ടു. കുനിഞ്ഞുനോക്കുന്ന പശുമുഖന്റെ തലയോട്ടിച്ചിരികണ്ട് നിലവിളി പൊട്ടിയുയർന്നെങ്കിലും സ്വനാവയവങ്ങൾ മരവിച്ചുപോയതിനാൽ അതു ബോധത്തിൽമാത്രമാണ് മുഴങ്ങുന്നതെന്നു ബോധ്യമായി. സൗഹൃദം തുളുമ്പുന്ന പശുമുഖന്റെ മുഖത്തെ സഹതാപവും ദുഃഖവും തിരിച്ചറിയാൻ കഴിഞ്ഞു. 

ഹൃദയത്തിന്റെയും തലയുടെയും കുടലിന്റെയും വിദഗ്ദ്ധന്മാർ മാറിമാറി പരിശോധിച്ചശേഷം ഗൗരവമായ ചർച്ചയിലേർപ്പെട്ടു. അവർ വിവരങ്ങളെല്ലാം അപ്പപ്പോൾ വിദേശസന്തതികളുമായി പങ്കുവെച്ചുകൊണ്ടിരുന്നു. വരിഞ്ഞുകെട്ടപ്പെട്ട വെന്റിലേറ്റർബെൽട്ടുകൾ ശരീരത്തെയല്ല മനസ്സിനെയാണ് തടവിലാക്കിയിരിക്കുന്നത്. നിഷ്ഫലമായ ഈ ഉപകരണങ്ങൾ നീക്കംചെയ്തിരുന്നെങ്കിൽ സ്വാതന്ത്ര്യബോധത്തോടെ മരണം ആസ്വദിക്കാമായിരുന്നു. ആലോചന അവസാനിപ്പിച്ച ഡോക്ടർമാർ ആഗ്രഹമറിഞ്ഞതുപോലെ ജീവൻരക്ഷായന്ത്രങ്ങളുടെ ബന്ധനത്തിൽനിന്നു കിഴവനെ മുക്തനാക്കി. വിദേശസന്തതികൾക്ക് പിതാവിന്റെ മൃതദേഹം അടുത്തു കാണാനായി മേശകറക്കി മോണിറ്റർ വീണ്ടും നെഞ്ചിൽ കയറ്റിവെച്ചു. 

ആദ്യം പ്രത്യക്ഷപ്പെട്ടത് മൂത്തവന്റെ മുഖംതന്നെ. നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ അവൻ പിതാവിനെ നോക്കി പൊട്ടിക്കരയുകയാണ്. തുടർന്നു പ്രത്യക്ഷപ്പെട്ട ഓരോരുത്തരും ഒരേശ്രുതയിൽ നിലവിളിച്ചുകൊണ്ടിരുന്നു. പിതാവിന്റെ മൃതദേഹംപോലും കാണാൻ യോഗമില്ലാത്ത മക്കളുടെ ദഃഖമോർത്ത് കിഴവനും കരച്ചിൽവന്നു. ശരീരം മരിച്ച താൻ വികാരങ്ങൾക്കതീതമായ നിസ്സംഗാവസ്ഥയില്‍ എത്തിയിരിക്കുന്നു. അനുഷ്ഠാനപരമായ കൂട്ടക്കരച്ചിലിനു വേദിയൊരുക്കിക്കിക്കൊണ്ട് പശുമുഖൻ മോണിറ്റർ നാലായിപ്പകുത്ത് നാലുമക്കളുടെയും മുഖങ്ങൾ ഒന്നിച്ചുപ്രദർശിപ്പിച്ചു. തീവ്രപരിചരണമുറിയുടെ ചുവരുകൾ സന്തതികളുടെ കൂട്ടവിലാപത്തിൽ അസ്വസ്ഥമായി. ഏറ്റവും ഉയർന്നുകേൾക്കുന്നത് ഏകപുത്രിയുടെ നിലവിളിതന്നെ. വൃദ്ധന്റെ ബോറടി അറിഞ്ഞിട്ടെന്നപോലെ പശുമുഖൻ കള്ളികൾ മാറ്റി ഹൃദയവിദഗ്ധന്റെ മുഖം ഫുൾസ്ക്രീനിൽ കൊണ്ടുവന്നു. വികാരപ്രകടനം അവസാനിപ്പിച്ച് ശബ്ദംതാഴ്ത്തി അവൻ പശുമുഖനോടു പറഞ്ഞു: 

"ഡോക്ടർ! പിതാവിന്റെ മൃതദേഹം ഒരുനോക്കുകാണാൻ അതിയായ ആഗ്രഹമുണ്ട്. പക്ഷേ പെട്ടെന്നൊന്നും വരാൻപറ്റില്ല. അതുവരെ സുരക്ഷിതമായി മോർച്ചറിയിൽ സൂക്ഷിക്കണം. ടെമ്പറേച്ചര്‍ -4 ഡിഗ്രിയിൽ കൂടരുത്." 

"ശരി സർ, കൂടുതൽ ഡീകമ്പോസ്റ്റാവുന്നതിനുമുമ്പ് പെട്ടെന്നു ഫ്രീസറിലേക്കു മാറ്റാം. താമസിക്കുമെങ്കിൽ എംബാം ചെയ്യാം"  

"അതുവേണ്ട."

പശുമുഖൻ ലാപ്ടോപ്പ് ഷട്ട്‍ഡൗൺചെയ്ത്, ടേബിൾടോപ്പ് നെഞ്ചിൽനിന്നു മാറ്റി, നേഴ്സുമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ചടങ്ങുകള്‍ കഴിഞ്ഞതുപോലെ ലണ്ടനിൽനിന്നെത്തിയ ആമാശയവിദഗ്ദ്ധനോടൊപ്പം ഡോക്ടർമാരും സൂപ്രണ്ടും സ്ഥലം വിട്ടു. നിലാച്ചിരിയുള്ള കറുത്ത മാലാഖമാർ രോഗിയുടെ യൂണിഫോം അഴിച്ചുമാറ്റി, ആന്റിസെപ്റ്റിക്ക് കലർത്തിയ ഔഷധജലംകൊണ്ട് ദേഹംമുഴുവനും തുടച്ചുവൃത്തിയാക്കിയശേഷം വെളുത്ത തുണികൊണ്ടു ശരീരം മൂടി. 

"സിസ്റ്ററേ! അച്ഛന്റെ മുഖം ഒരുനോക്കു കാണിക്കൂ. ഞാൻ വേഗം പൊയ്ക്കോളാം." 

വിലക്കുകളെല്ലാം ലംഘിച്ചുകൊണ്ട് പെട്ടെന്നകത്തുകടന്ന ഹോംനഴ്സ് ശവക്കച്ച വലിച്ചുമാറ്റി കിഴവന്റെ നെഞ്ചിൽവീണ് പൊട്ടിക്കരഞ്ഞു. 

"അച്ഛാ! ഒരുതുള്ളി ചുക്കുകാപ്പിപോലും കുടിക്കാതെയാണല്ലോ പോയത്!" 

അവളുടെ കണ്ണുകളിൽനിന്നുറന്നൊഴുകിയ കണ്ണുനീർ കിഴവന്റെ നെഞ്ചിൽ പടർന്നു. സ്വന്തം രക്തത്തിൽ പിറന്നതല്ലെങ്കിലും ഒരു മകളുടെയെങ്കിലും കണ്ണീരിന്റെ നനവേറ്റുവാങ്ങാൻകഴിഞ്ഞതിൽ കിഴവനു സംതൃപ്തി തോന്നി. അവൾ ശിരസ്സുയർത്തി മുഖത്തേക്കു നോക്കിയപ്പോൾ അടയാത്ത കണ്ണുകളിലേക്ക് അവളുടെ കണ്ണുനീർത്തുള്ളികൾ അടർന്നുവീണു. ചുടുകണ്ണീർത്തുള്ളികൾ പതിച്ചപ്പോൾ അച്ഛന്റെ കണ്ണുകൾ തിളങ്ങിയതുകണ്ട് അവൾ ഞെട്ടിത്തരിച്ചു. തുറിച്ച കണ്ണുകളുടെ ഇമകൾ ഒരുനിമിഷം ചലിച്ചതായി അവൾക്കു തോന്നി. പൊട്ടിത്തുറന്ന നിലവിളിയോടെ അവൾ സിസ്റ്റർമാരുടെ അടുത്തേക്കോടി. 

"സിസ്റ്ററേ! അച്ഛൻ മരിച്ചിട്ടില്ല. ഡോക്ടറെ വിളിക്കൂ!" 

അവൾ കറുത്ത സിസ്റ്ററെ ഇരിപ്പിടത്തിൽനിന്നു വലിച്ചെഴുന്നേൽപിച്ചു. സിസ്റ്റർമാരെല്ലാം കിഴവനരികിലോടിയെത്തി ശരീരം വിശദമായി പരിശോധിച്ചു. തണുത്തു മരവിച്ച ശരീരത്തെ പൊതിഞ്ഞുനിൽക്കുന്ന മരണംമാത്രമേ അവർക്കു കാണാൻ കഴിഞ്ഞുള്ളൂ. 

"ഇമകൾ ചിമ്മുന്നത് ഞാൻ കണ്ടതാണ്. ഡോക്ടറെ വിളിക്കൂ!" 

"സഹോദരീ! നിങ്ങൾ ആശുപത്രിക്കു ചീത്തപ്പേരുണ്ടാക്കരുത്. അഞ്ചു സ്പെഷ്യലിസ്റ്റുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. ദയവായി നിങ്ങൾ പുറത്തു പോകണം. ഞങ്ങളുടെ ജോലി കളയരുത്." 

സിസ്റ്റർമാർ  ഹോംനഴ്സിനെ ബലംപ്രയോഗിച്ചു പുറത്താക്കി ഐസിയുവിന്റെ വാതിൽ ബന്ധിച്ചു. വെള്ളംതൊട്ട് തിരുമ്മിയടക്കാൻ ശ്രമിച്ചെങ്കിലും കിഴവന്റെ കണ്ണുകൾ തുറിച്ചുനോക്കുന്നതുകണ്ടു ഭയന്ന സിസ്റ്റർ തുണിയെടുത്തു മുഖം മൂടി അകലേക്കുമാറിനിന്നു. പുറത്ത് ഇടനാഴിയിൽ ശവവണ്ടിയുടെ ശബ്ദം അടുത്തുവന്നുകൊണ്ടിരുന്നു.  

നീലയുണിഫോമും തൊപ്പിയും ധരിച്ച ശവവാഹകൻ കിഴവന്റെ ശരീരം കിടത്തിയ സ്ട്രക്ച്ചറുന്തിക്കൊണ്ട് തീവ്രപരിചരണമുറിയിൽനിന്നു പുറത്തുവന്നു. തണുത്ത ഇടനാഴിയിലൂടെ നിശ്ശബ്ദം നീങ്ങുന്ന ശവവണ്ടിയോടൊപ്പം ഫ്ലാസ്ക്കും സഞ്ചിയും ചുമലിൽ തൂക്കി അവൾ നടന്നു. ശവങ്ങൾക്കുമാത്രമുള്ള ലിഫ്റ്റിന്റെ അഴിവാതിൽ നീക്കി ശവവാഹകൻ വണ്ടി അകത്തുകടത്തിയപ്പോൾ അവളും ലിഫ്റ്റിനുള്ളിൽക്കടന്നു. തുറിച്ചുനോക്കിയ വണ്ടിക്കാരന്റെ മുഖം ശിലപോലെ നിർവികാരമായിരുന്നു. അഴിവാതിലടച്ച് G യിൽ വിരലമർത്തിയപ്പോൾ ഒരു കുലുക്കത്തോടെ ലിഫ്റ്റു താഴോട്ടു നീങ്ങി. 

അച്ഛന്റെ മുഖം ഒരുതവണകൂടി കാണാൻ കൊതിയുണ്ടെങ്കിലും ശവവാഹകന്റെ മുഖം കണ്ടപ്പോൾ പുതപ്പുനീക്കാൻ അവൾക്കു ധൈര്യമുണ്ടായില്ല. മക്കളടുത്തില്ലാതെ, മരിച്ചെന്നുറപ്പിക്കാനാളില്ലാതെ അടക്കപ്പെടുന്ന അച്ഛനെയോർത്ത് അവൾ നിശ്ശബ്ദം കരഞ്ഞു. അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരെയും കിട്ടിയില്ല. ഗ്രൗണ്ട്ഫ്ലോറിലെത്തി മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിലൂടെ നീങ്ങുമ്പോൾ തണുപ്പു കൂടിവന്നു. മോർച്ചറിയുടെ ചുമതലക്കാരൻ രേഖകൾ പരിശോധിച്ചു ശരീരം ഏറ്റുവാങ്ങി. 

ശരീരം മേശയിൽ കിടത്തി ശവവാഹകന്‍ തിരികെവന്നപ്പോൾ അവൾ മോർച്ചറിക്കുള്ളിൽ കടന്നു. തണുത്ത ഉരുക്കുമേശകൾക്കുമുകളിൽ നഗ്നമായ ശവശരീരങ്ങൾ നിരത്തിക്കിടത്തിയ ഇരുണ്ട ശീതമുറിയിലേക്കു നിർഭയം കടന്നുവന്ന പെൺകുട്ടിയെക്കണ്ട് ശവംസൂക്ഷിപ്പുകാരൻ അത്ഭുതപ്പെട്ടു: 

"ആരാണു നീ? എന്തുവേണം?" 

"സാർ! അച്ഛന്റെ ശരീരമാണ് ഇപ്പോൾ കൊണ്ടുവന്നത്. അദ്ദേഹത്തിന് ഒരുതുള്ളി കാപ്പി കൊടുക്കാൻ എന്നെ അനുവദിക്കണം. ആഗ്രഹം ബാക്കിവെച്ചാൽ അദ്ദേഹത്തിന്റെ കണ്ണടയില്ല." 

റിക്കാഡുകൾ പരിശോധിച്ചശേഷം യുവതിയെ സംശയത്തോടെ നോക്കിക്കൊണ്ട്‌ ശവംസൂക്ഷിപ്പുകാരൻ പറഞ്ഞു: 

"ഇത് അതിശീതഫ്രീസറിൽ സൂക്ഷിക്കാനുള്ളതാണ്. മക്കൾക്ക് അവധിയില്ലത്രേ! പിന്നെ നീയാര്?" 

"ഞാൻ അദ്ദേഹത്തിന്റെ ഹോംനഴ്സാണ്." 

മോർച്ചറിസൂക്ഷിപ്പുകാരൻ മുറിയുടെ വാതിലടച്ച് വിളക്കുതെളിച്ചശേഷം കിഴവന്റെ മുഖത്തുനിന്ന് ശവക്കച്ച പതുക്കെ മാറ്റി. തുറിച്ചുനോക്കുന്ന മരവിച്ച മുഖംകണ്ട് അവൻ ഞെട്ടിപ്പിടഞ്ഞ് പുറകോട്ടുമാറി. ഒരുനിമിഷം നടുങ്ങിനിന്ന അവൻ വിതുമ്പിക്കരഞ്ഞുകൊണ്ട് കിഴവന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു. 

"അച്ഛാ! ഇതു ഞാനാണ്. അങ്ങയുടെ ഇളയ പുത്രൻ. അങ്ങയുടെ സ്വപ്നത്തിലെ ആമാശയവിദഗ്ദ്ധൻ. ഒരു ശവംസൂക്ഷിപ്പുകാരനാകാനായിരുന്നു എന്റെ വിധി." മരിച്ച ശരീരത്തിൽ ചുടുകണ്ണീർ വീഴുന്നതറിയാതെ കിഴവന്റെ കണ്ണുകൾ മിഴിച്ചനിലയിൽത്തന്നെയിരുന്നു. മരവിച്ച പിതൃശരീരത്തോട് വിതുമ്പിപ്പുലമ്പുന്ന ശവംസൂക്ഷിപ്പുകാരനെ ശുശ്രൂഷക സഹതാപത്തോടെ നോക്കി. മുടിയനായിപ്പോയതിനാൽ ബഹിഷ്കൃതനാക്കപ്പെട്ട മകൻ! ഇപ്പോൾ പുറത്താര്? അകത്താര്? പ്രഹേളികയ്ക്കുമുന്നിൽ അവൾ പകച്ചുനിന്നു. 

"ഒടുവിൽ നിങ്ങൾമാത്രമായി അച്ഛനരികിൽ! നിങ്ങളെ കാണാൻവേണ്ടിയായിരിക്കാം ആ കണ്ണുകൾ അടയാതിരിക്കുന്നത്. അദ്ദേഹം എല്ലാം കാണുന്നുണ്ട്." 

പരിസരബോധം വീണ്ടെടുത്ത പുത്രൻ പറഞ്ഞു: 

"ആ കാപ്പി തരൂ! ഞാൻ പിതാവിന് അന്ത്യോദകം ചെയ്യട്ടെ!" 

അവൾ ഫ്ലാസ്കിന്റെ മൂടിയിൽ പകർന്നുനൽകിയ ചൂടാറാത്ത ചുക്കുകാപ്പി അവൻ പതിയെ പിതാവിന്റെ വായിലേക്കൊഴിച്ചു. മരവിപ്പിൽനിന്നുണർന്ന അന്നനാളത്തിലൂടെ ചൂടുകാപ്പി ആമാശയത്തിലെത്തി. ആത്മാവിൽച്ചേർന്ന രസാനുഭൂതിയിൽ കിഴവന്റെ കണ്ണകൾ പതുക്കെ അടഞ്ഞു. ആനന്ദരൂപനായി താൻ ശവശരീരത്തിൽനിന്നു മുക്തനായിരിക്കുന്നതു കിഴവനറിഞ്ഞു! 

"മൃതദേഹം നഗ്നമായി കിടത്തരുത്." 

വസ്ത്രസഞ്ചി പുത്രനു നൽകിക്കൊണ്ട് അവൾ പറഞ്ഞു. തണുത്ത മോർച്ചറിയിൽനിന്നു പുറത്തേക്കു നടക്കുമ്പോൾ പുത്രന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി. 

"അച്ഛാ! എത്രനാൾ കിടക്കേണ്ടിവന്നാലും ഈ ശരീരത്തിനു കാവലായി ഞാനുണ്ടാവും." 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com