ADVERTISEMENT

തണൽമരം (കഥ)

ലണ്ടൻ നഗരത്തിൽ, തന്റെ ഒഫീസിൽ തിരക്ക് പിടിച്ച ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എറിക്ക്. വാരന്ത്യമായതിനാൽ അൽപ്പമധികം തിരക്കുകൾ കൂടുതലായിരുന്നു. ആ തിരക്കുകൾക്കിടയിൽ അവനെ തേടി ഒരു ഫോൺ കോൾ വന്നു... ഫോൺ ഡിസ്പ്ലേയിൽ കണ്ട പേര് അവനെ അൽപം സന്ദേഹത്തിലാക്കി. സേവ്യർ അങ്കിളാണ്. അദ്ദേഹമങ്ങനെ കാര്യമില്ലാതെ ഈ നേരത്തു വിളിക്കില്ല .

"ഹലോ"

"ആ മോനെ"

"പറ അങ്കിൾ"

"മോനെ.. അത്... അപ്പച്ചൻ മരണപ്പെട്ടു"....

കേട്ടത് വിശ്വസിക്കാനാകാതെ ഒരു ഷോക്ക് പോലെ എറിക്ക്‌ ഇരുന്നു. ഒഫീസിലെ എസിയുടെ തണുപ്പിലും അവന്റെ നെറ്റിയിൽ നിന്നും വിയർപ്പിന്റെ കണങ്ങൾ പൊടിഞ്ഞിറങ്ങി. അനുസരണയില്ലാതെ അവന്റെ മിഴികൾ നിറഞ്ഞു തുടങ്ങി. 

"അങ്കിൾ..."

അവൻ എന്തേലും പറയും മുന്നേ ഫോൺ കോൾ കട്ട് ആയി

പെട്ടെന്നു തന്നെ അവൻ എല്ലാർക്കും നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു...

എറിക്ക് ജേക്കബ്. കോട്ടയത്ത് പാലയിലുള്ള പേരുകേട്ട തറവാട്ടിൽ ജേക്കബിന്റെയും എലിസബത്തിന്റെയും മൂത്ത മകൻ. ഭാര്യയും രണ്ടു മക്കളുമായി കുടുംബ സമ്മേതം ലണ്ടനിൽ സെറ്റിൽഡ്... ലണ്ടനിലെ ഒരു ഐറ്റി കമ്പനിയിൽ ചീഫ് ഹെഡ്. അനിയത്തി എലീന ദുബൈയിൽ ഭർത്താവിന്റെ കൂടെയും..

നാട്ടിലേക്ക് പോകുന്ന വഴിയിൽ ഒക്കെയും അവന്റെ മനസ്സ് കുറ്റബോധം കൊണ്ടു നിറഞ്ഞു. ഉള്ളം പിടഞ്ഞു... 'അമ്മച്ചി  മരിച്ച സമയത്തു പോയതാണ്. അതിനു ശേഷം ഇടയ്ക്കിടക്കുള്ള വിളിയല്ലാതെ അപ്പച്ചനെ പാടെ അവഗണിച്ചപോലെ......

*****    *****    ******     ******

27 വർഷത്തെ പ്രവാസ ജീവിതം അവസാനിച്ചു നാട്ടിൽ എത്തിയ ജേക്കബ്, ഭാര്യ എലിസബത്തിന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടു പോയി. എലിസബത്ത് മരിച്ചതിനു ശേഷം മക്കളെല്ലാം അവരവരുടെ കൂടുകൾ തേടി പോയതിനാൽ ജേക്കബ് മാത്രം ഒറ്റയ്ക്കായി. തീർത്തും ഏകാന്തത. സ്വന്തം പാതി ലോകം വെടിയുമ്പോൾ ഉണ്ടാകുന്ന നൊമ്പരവും വേദനയും ആവോളം ജേക്കബിനു കൂട്ടിനുണ്ടായിരുന്നു. ആ വലിയ വീട്ടിൽ  ഒരു കൂട്ടായി മക്കൾ ഏർപ്പാടാക്കിയ, അവിവാഹിതനായ അകന്ന ബന്ധു സൈമണും പിന്നെ ഇടക്കൊക്കെ വീട്ടിൽ ജോലിക്ക് വരാറുള്ള ഒരു പ്രായം ചെന്ന സ്ത്രീയും മാത്രം. മക്കൾ രണ്ടു പേരും എന്നും വിളിച്ചു ജേക്കബിന്റെ വിശേഷങ്ങൾ തിരക്കും. മിക്ക അവധികൾക്കും അവരെ പ്രതീക്ഷിക്കുമെങ്കിലും ജോലി തിരക്കുമൂലം അവരൊക്കെ എത്താതെ പോകും. ഒറ്റപ്പെടലിന്റെ വേദന അൽപമെങ്കിലും മാറുന്നത് ഇടക്കൊക്കെ തൊടിയിലും പറമ്പിലുമിറങ്ങി സമയം ചെലവഴിക്കുമ്പോഴാണ്. എന്നിരുന്നാലും ഒറ്റക്കിരിക്കുന്ന വേളകളിൽ, ഒറ്റപ്പെട്ടുപോയെന്ന വേദന, തന്റെ മക്കളെ കാണാനും, പേരക്കുട്ടികളെ കൊഞ്ചിക്കാനും കഥകൾ പറഞ്ഞു കൊടുക്കാനും ആഗ്രഹമുണ്ടെങ്കിലും, സാധിക്കാത്തതിൽ അതീവ ദുഃഖിതനായിരുന്നു. അതു ശരീരത്തിനെക്കാളും ജേക്കബിന്റെ മനസ്സിനെ സാരമായി ബാധിച്ചു.

*****    *****    ******     ******

വീടിന്റെ മുറ്റത്തെത്തിയപ്പോൾ എറിക്കിന്‌ സന്ദേഹം തോന്നി... ആൾക്കൂട്ടമോ ബഹളമോ, എന്തിന് ഒരു മരണ വീടിന്റെ ഒരു ലക്ഷണവുമില്ല. അവനും ഭാര്യയും മക്കളുമെല്ലാം വണ്ടിയിൽ നിന്നുമിറങ്ങി

വീടിന്റെ മുൻവശത്തായി എലീനയും ഭർത്താവും ഇരിക്കുന്നത് കണ്ടു... അവളുടെ മക്കൾ മുറ്റത്ത് ഓടിക്കളിക്കുകയായിരുന്നു. മുഖം കുനിച്ചിരിക്കുകയായിരുന്നു അവൾ.

"മോളെ, എലീനെ... അപ്പച്ചൻ" വാക്കുകൾ കിട്ടാതെ അവൻ പരുങ്ങി...

"ഞാനിവിടെ ഉണ്ട് മക്കളെ" പെട്ടെന്നാണ് ഉള്ളിൽ നിന്നും ആ ശബ്‌ദം കേട്ടത്. ജേക്കബ് ഉമ്മറത്തേക്ക് ഇറങ്ങി വന്നു. 

"ഞാൻ മരിച്ചിട്ടില്ലെടാ"

അപ്പച്ചനെ കണ്ടപ്പോൾ എറിക്കിന്‌ ഞെട്ടലുണ്ടായി. അവനൊന്നും പെട്ടെന്ന് മനസ്സിലായില്ല. ആ ഞെട്ടൽ പെട്ടെന്ന് കോപത്തിലേക്ക് വഴിമാറി.   

"പിന്നെന്തിനായിരുന്നു അപ്പച്ചാ ഇങ്ങനെ ഒരു കള്ളം പറഞ്ഞേ. എന്നതിന്റെ കേടാ അപ്പച്ചന്. എന്തെല്ലാം തിരക്കുകൾ ഒഴവാക്കിയാ എത്തിയതെന്നറിയോ... നാളെ ഒരു ഇമ്പോർട്ടന്റ് മീറ്റിങ് ഉള്ളതാണ്. പിള്ളേരുടെ ക്ലാസ്സുകൾ... അങ്ങനെ പലതും ഒഴിവാക്കിയാണ് ഞങ്ങൾ ഇവിടെ എത്തിയത്. അതൊന്നും അപ്പച്ചനറിയണ്ടല്ലോ. "

ജേക്കബ് ഒന്നു പുഞ്ചിരിച്ചു

"അപ്പച്ചന് ഈ വയസ്സുകാലത്ത് എല്ലാം തമാശയാ. എന്നും വിളിക്കാറുണ്ടല്ലോ... പോരേൽ വിഡിയോകോളും ചെയ്യാറില്ലേ... മക്കളെ കാണിക്കാൻ. പിന്നെന്തായിരുന്നു ഈ നാടകത്തിന്റെ ആവശ്യം"

"എന്നോട് ക്ഷമിക്ക് മക്കളെ. എത്ര നാളായെടാ നിങ്ങളെയൊക്കെ കണ്ടിട്ട്. എലിസബത്ത് മരിച്ച സമയത്താണ് നിങ്ങളെ അവസാനമായിട്ടു ഞാൻ കണ്ടത്. അപ്പോഴാണ് നിങ്ങൾ അവാസനമായിട്ടു നാട്ടിൽ വന്നത്. അതിനു ശേഷം ഇങ്ങോട്ടൊന്നു വരാൻ ഈ മൂന്ന് വർഷത്തിനിടയിൽ നിങ്ങൾക്ക് സമയം കിട്ടിയില്ലല്ലേ "

എറിക്ക് ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ കോപിച്ചു നിൽക്കുവായിരുന്നു... ജേക്കബ് ഒന്ന് നിർത്തിയിട്ടു തുടങ്ങി. 

"മക്കളെ നിങ്ങളെ കുറ്റപ്പെടുത്തുന്നതല്ല.. എന്നെയും നിങ്ങളുടെ കൂടെ കൂട്ടണമെന്നോ അല്ലേൽ നിങ്ങളെല്ലാം എന്റെ കൂടെയെന്നും വേണമെന്നോ ഒന്നുമല്ല ഞാൻ പറയുന്നത്... ജീവിത പാച്ചിലിനിടയിൽ തിരക്കുകൾ സാധാരണമാണ്... അതിന്റെ കൂട്ടത്തിൽ ഞാൻ നിങ്ങൾക്ക് ഒരു ശല്യമാകണമെന്ന് ഒരാഗ്രഹവുമില്ല. പക്ഷേ മക്കളെ ഇടക്കൊക്കെ, ഇങ്ങോട്ടേയ്ക്ക് ഒന്നു വന്നുകൂടെ? ഒറ്റപ്പെടൽ സഹിക്കുന്നില്ലെടാ. 

എലിസബത്ത് ഉണ്ടായിരുന്നപ്പോൾ പറയാർന്നു ഞാൻ മരണപ്പെട്ട ശേഷം അവൾക്ക് ഈ ലോകത്തു നിന്നും വിട പറഞ്ഞാൽ മതിയായിരുന്നു എന്ന്... ഞാൻ തനിച്ചായിപോയാലുള്ള ഒറ്റപ്പെടൽ ചിലപ്പോൾ എനിക്ക് സഹിക്കാനാവില്ലെന്ന്. അന്നൊക്കെ അത് കാര്യായിട്ടെടുത്തിരുന്നില്ല. പക്ഷേ അവൾ പറഞ്ഞത് ശരിയാ മക്കളെ. ശരീരത്തെക്കാളും മനസ്സിനാ എനിക്ക് വാർധക്യം ബാധിച്ചിരിക്കുന്നത്. ഇവിടെ ഒറ്റക്കാകുമ്പോൾ അനാവശ്യ ചിന്തകൾ വന്നു മൂടും. എലിസബത്തിന്റെ അടുത്തേക്ക് പോകാറായെന്നൊരു തോന്നൽ... അതാ.... ഈ കടുംകൈ ഞാൻ ചെയ്തത്. ഞാൻ മരിച്ചെന്നു പറഞ്ഞു നിങ്ങളെ സൈമണെ കൊണ്ടു വിളിപ്പിച്ചത്. ആദ്യമൊന്നും അവനതിനു കൂട്ടാക്കിയില്ല. ഒത്തിരി നിർബന്ധിച്ചു. അങ്ങനെയെങ്കിലും ചിലപ്പോൾ തിരക്കുകൾ മറന്ന് നിങ്ങൾ ഇവിടെ എത്തുമെങ്കിലോ. എന്റെ മൃതദേഹം അവസാനമായി കാണാണമെന്ന ആഗ്രഹം കൊണ്ടെങ്കിലും. അങ്ങനെയെങ്കിലും എനിക്ക് എന്റെ മക്കളെയും പേരകുട്ടികളെയും കാണാൻ പറ്റുമെങ്കിലോ. ഈ അപ്പച്ചനോട് ക്ഷമിക്ക് മക്കളെ. വയസ്സാൻ കാലത്തുള്ള വട്ടായി കണ്ടാൽ മതി നിങ്ങൾ"

ഇത്രയും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു... അതും പറഞ്ഞ് അദ്ദേഹം ഉള്ളിലേക്ക്‌ കയറിപ്പോയി...

അതുവരെ ഉണ്ടായിരുന്ന കോപമെല്ലാം കെട്ടടങ്ങി കുറ്റബോധത്താൽ, തലതാഴ്ത്തി നിൽക്കുകയായിരുന്നു എറിക്കും എലീനയും, തിരിച്ചൊന്നും പറയാനാകാതെ. ജേക്കബ് പറഞ്ഞതൊക്കെയും അവരുടെ മനസ്സിനെ ഒരുപാടു സങ്കടപ്പെടുത്തി. അപ്പച്ചൻ പറഞ്ഞതൊക്കെ എത്ര ശരിയാണ്..

സ്വന്തം തിരക്കുകൾക്കു പുറകെ പോയപ്പോൾ തങ്ങൾക്കു വേണ്ടി ജീവിച്ച, അദ്വാനിച്ച, അവരുടെ അപ്പച്ചനെ മറന്നതിൽ കുറ്റബോധം തോന്നി. ഒരിക്കലും തിരുത്താനാകാത്ത തെറ്റ്...

എറിക്കും എലീനയും തങ്ങളുടെ തെറ്റ് മനസിലാക്കി ജേക്കബിന്റെ അടുത്തേക്ക് ഓടി ചെന്നു. കൊച്ചു കുഞ്ഞുങ്ങളെ പോലെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കെട്ടിപ്പിടിച്ചു കരഞ്ഞു. അത് മതിയായിരുന്നു ജേക്കബിന്റെ ഉള്ളു ശാന്തമാകാൻ..

അവർ രണ്ടു പേരുടെയും മക്കൾ വല്യപ്പച്ചന്റെ കൂടെ കളികാനും കഥകൾ കേൾക്കാനും ജേക്കബിന്റെ അടുത്തേയ്ക്ക് ഓടി ചെന്നു...

ആ വലിയ വീട് കുറെ നാളുകൾക്കു ശേഷം ഉണർന്നു. അതുപോലെ ജേക്കബിന്റെ മനസ്സും....

*****    *****    ******     ******

"ഇന്ന് ഉച്ചയ്ക്ക് അടക്കുമെന്നാ പറഞ്ഞേ... മക്കൾ രണ്ടു പേരുമുണ്ടല്ലോ. അപ്പോൾ അധികം വച്ചിരിക്കേണ്ട ആവശ്യമില്ല. വേറെ ആരെയും കാത്തിരിക്കാനില്ലല്ലോ"

"ഇന്നലെ രണ്ടു മക്കളും ദൈവനിശ്ചയം പോലെ എത്തിയതാകും. അതോണ്ട് എന്തായാലും മരിക്കുന്നതിന് മുന്നേ രണ്ടു പേർക്കും കാണാൻ പറ്റി"

പിറ്റേന്ന് അവിടെ കൂടിയ കാരണവന്മാരിൽ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു.

എറിക്കും എലീനയും  നിശ്ചലനായ ജേക്കബിന്റെ അരികിലിരുന്നു കണ്ണീർ വാർത്തു.. എത്ര ശാന്തനായിട്ടാണ് അപ്പച്ചൻ കിടക്കുന്നത്..

തലേന്ന് രാത്രി മക്കളുടെ കൂടെയും പേരമക്കളുടെ കൂടെയും എത്രയോ നാളുകൾക്കു ശേഷം ഒരുമിച്ചിരുന്ന് അത്താഴമുണ്ട് സന്തോഷത്തോടെ തന്റെ കിടക്കയിലേക്ക് ഉറങ്ങാൻ പോയ അവരുടെ അപ്പച്ചൻ അതാ ചലനമില്ലാതെ തങ്ങളുടെ മുന്നിൽ കിടക്കുന്നു. പാതിരാത്രി നേരത്തു ഹൃദയ സ്തംഭനത്തിന്റെ രൂപത്തിൽ അവരുടെ അപ്പച്ചന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു.

ഒരവസരം കൂടെ കിട്ടിയിരുന്നെങ്കിൽ, അപ്പച്ചൻ ഉണർന്നിരുന്നെങ്കിൽ, തിരക്കുകൾ മൂലം അവഗണിച്ചതിനൊക്കെ പകരമായി, അതിന്റെ ഇരിട്ടിയിൽ  അപ്പച്ചനെ സ്‌നേഹിക്കമായിരുന്നു. അപ്പച്ചന്റെ സങ്കടങ്ങൾ തീർക്കാമായിരുന്നു.

അവർ രണ്ടു പേരുടെ ഉള്ളിലും പഴയ ഓർമകൾ വന്നു നിറഞ്ഞു. അപ്പച്ചന്റെ സ്നേഹവും അവരുമൊന്നിച്ചുള്ള സമയവും എല്ലാം. എത്ര  പാവമായിരുന്നു അപ്പച്ചൻ. എന്ത് കൂട്ടായിരുന്നു.. ഓരോ അവധിക്കും അപ്പച്ചൻ വരുന്നത് നോക്കിയിരിക്കുമായിരുന്നു. പക്ഷേ മുതിർന്നപ്പോൾ തങ്ങളിലേക്ക് ഒതുങ്ങിപ്പോയി. അപ്പച്ചനെ, തങ്ങളുടെ തണൽ മരത്തെ മറന്നു പോയി..

ചിലപ്പോൾ തന്റെ അന്ത്യമടുക്കാറായെന്നു അപ്പച്ചന് തോന്നിയിരിക്കാം... അതിനാലാകും തങ്ങളെ കാണാൻ അതിയായി ആഗ്രഹിച്ചത്... അതായിരിക്കും ദൈവ നിശ്ചയം പോലെ തങ്ങൾ ഇവിടെ എത്തിയത്.

എറിക്കും എലീനയും കൊച്ചു കുഞ്ഞുങ്ങളെപ്പോലെ, കുറ്റബോധത്താൽ പരസ്പരം കെട്ടിപിടിച്ചു, പരിസരം മറന്നു കരഞ്ഞു.

അല്ലേലും നഷ്ടപ്പെടുമ്പോൾ മാത്രമായിരിക്കും പലതിന്റെയും വില നമ്മുക്ക് മനസ്സിലാകുന്നത്. അപ്പോൾ മാത്രമാകും നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരെ സ്‌നേഹിക്കാൻ, അവരുടെ കൂടെ ഉണ്ടാകാൻ, അവരെ ആശ്വാസപ്പെടുത്താൻ ലഭിക്കുന്ന എത്രയോ സമയങ്ങൾ പാഴാക്കി എന്ന നഷ്ടബോധം മനസ്സിലാകുന്നത്...

എല്ലാം നഷ്ടപ്പെട്ടിട്ടുള്ള വൈകി വരുന്ന ചില തിരിച്ചറിവുകൾ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com