ADVERTISEMENT

സൗന്ദര്യം (കഥ)

ഇത്രയും ചെറുപ്പത്തിൽ അമ്മയാവുക. എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല. എനിക്ക് എന്റെ ലൈഫിനെകുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. എനിക്കിപ്പോൾ വേണ്ടത് എൻറെ ജോലിയിൽ ഒരു പ്രമോഷനാണ്. അതിന് കുഞ്ഞ് ഒരു തടസമാകും.

സോ... നീ നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കുവാൻ പോവുകയാണ്... അല്ലേ?

യെസ്. എന്റെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്ന ഈ കുഞ്ഞിനെ എനിക്കു വേണ്ട.

പക്ഷേ എനിക്കു വേണം നമ്മുടെ കുഞ്ഞിനെ.

ബട്ട്, നിങ്ങൾക്കുവേണ്ടി എന്റെ സൗന്ദര്യം നഷ്ടപ്പെടുത്തി ഒരു കുഞ്ഞിനെ പ്രസവിച്ചു നൽകാൻ ഞാൻ തയാറല്ല.

അനാമിക, അമ്മയാവുക എന്നത് ദൈവം തരുന്ന ഒരു അനുഗ്രഹമാണ്... എല്ലാ സ്ത്രീകൾക്കും ആ ഭാഗ്യം ലഭിക്കില്ല... നിനക്ക് ആ ഭാഗ്യം ലഭിച്ചിരിക്കുന്നു... അതില്ലാതെ ആക്കല്ലേ...

ഞാനിത് ഭാഗ്യം ആയിട്ടല്ല. ശാപം ആയിട്ടാണ് കാണുന്നത്.

അനാമിക... അവന്റെ ശബ്ദം അവൻ പോലുമറിയാതെ ഉയർന്നു.

മോഹൻ ബഹളം വെച്ചിട്ടൊന്നും ഒരു കാര്യവുമില്ല.... എന്റെ തീരുമാനം മാറാൻ പോകുന്നില്ല. ഒഫീസിലെ തിരക്കു കാരണം ഞാൻ മരുന്നു കഴിക്കാൻ മറന്നു പോയി അതുകൊണ്ട് പറ്റിയ ഒരു അബദ്ധം മാത്രമാണിത്... ഇനി സംസാരിച്ച് സമയം കളയാൻ ഞാനില്ല. നാളെത്തന്നെ ഈ കുഞ്ഞിനെ ഞാൻ അബോട്ട് ചെയ്യും. ഇത്രയും പറഞ്ഞിട്ട് അനാമിക മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. മോഹൻ ആകെ തളർന്നു പോയിരുന്നു....

സൗന്ദര്യം നോക്കിയല്ല സ്വഭാവം നോക്കിയാണ് ഒരു പെണ്ണിനെ ഇഷ്ടപ്പെടേണ്ടതെന്ന് അമ്മ പറഞ്ഞതിന്റെ അർഥം ഇപ്പോഴാണ് അവന് മനസ്സിലായത്...

അവന് അമ്മയെ കാണണമെന്നു തോന്നി. അവൻ ഒഫീസിൽ വിളിച്ച് ലീവ് പറഞ്ഞു. അപ്പോൾ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു... അവൻ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അമ്മ മുറ്റം അടിക്കുകയായിരുന്നു... മകനെ കണ്ടതിന്റെ സന്തോഷവും അൽഭുതവും അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു.

എന്താ മോനെ ഒന്നും പറയാതെ പെട്ടെന്ന് വന്നത്?

ഒന്നും ഇല്ലമ്മേ അമ്മയെ കാണണമെന്നു തോന്നി. 

അനാമിക മോള് വന്നില്ലേ?

ഇല്ലമ്മേ, അവൾക്ക് ലീവ് കിട്ടിയില്ല. സാരമില്ല. അടുത്ത പ്രാവശ്യം വരുമ്പോൾ അനാമിക മോളെയും കൊണ്ടുവരണം. ശരി എന്ന അർഥത്തിൽ അവനൊന്നു ശബ്ദമുണ്ടാക്കി...

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ അവൾ പറഞ്ഞത് അവന് ഇപ്പോഴും ഓർമയുണ്ട്... ഇനി ഞാൻ ഒരിക്കലും വരില്ല ഈ  കുഗ്രാമത്തിലേക്ക്. നിങ്ങൾക്ക് അമ്മയെ കാണണമെന്നു തോന്നുമ്പോൾ സ്വയം വന്നാൽ മതി എന്നെ വിളിക്കാൻ നിൽക്കണ്ട.

എന്താ മോനെ ആലോചിച്ചുനിൽക്കുന്നത്... മോൻ പോയി കുളിച്ചിട്ടു വാ... അമ്മ കഴിക്കാൻ വല്ലതും ഉണ്ടാക്കി വെക്കാം. അവൻ കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വന്നിരുന്നു. അപ്പോഴാണ് അമ്മ അനിതയുടെ കാര്യം പറഞ്ഞത്.

അവളുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാളായിരുന്നു ഇന്നലെ. ആ കുഞ്ഞിനെ കുറിച്ച് പറയുമ്പോൾ അമ്മയുടെ മുഖത്ത് ഉള്ള തിളക്കം അവൻ ശ്രദ്ധിച്ചു. എന്തൊരു ഓമനത്തം ആണ് ആ മോളെ കാണാൻ... അനിതയുടെ ഭർത്താവിന്റെ നിറമാണ് ആ കൊച്ചിന് കിട്ടിയിരിക്കുന്നത്... പക്ഷേ അവളുടെ സ്വഭാവമാണെന്നാ എനിക്കു തോന്നുന്നത്... അവളും ആ കുഞ്ഞിനെ പോലെ തന്നെയായിരുന്നു ചെറുപ്പത്തിൽ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും.

അനിത കറുത്തിട്ട് ആയിരുന്നെങ്കിലും അവളുടെ ആ ചിരി എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പിന്നെ അനിത പാവമല്ലേ... നിനക്കറിയാമല്ലോ. അവൾ നിന്റെ ഭാര്യയായി ഈ വീട്ടിലോട്ട് കയറണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്.

അതു കേട്ടപ്പോൾ എന്റെ മുഖം മാറി. അതു കണ്ടിട്ടാവണം അമ്മ പറഞ്ഞു. എന്റെ കുട്ടിക്ക് വിഷമമായോ? അമ്മയ്ക്ക് അനാമിക മോളോട് ഒരു ഇഷ്ടക്കുറവും ഇല്ലാട്ടോ... എന്റെ കുട്ടി സന്തോഷം ആയിരിക്കണം അത്രേയുള്ളൂ അമ്മയ്ക്ക്...

അവനൊന്നും മിണ്ടാതെ കൈ കഴുകി മുറിയിലോട്ടു പോയി. അവൻ ബെഡിൽ കിടന്നു. സൗന്ദര്യം ഇല്ല എന്നു പറഞ്ഞ് താൻ വേണ്ട എന്നു പറഞ്ഞവൾ ഇന്ന് നല്ലൊരു ഭാര്യയും അമ്മയുമാണ്...

അമ്മ പറഞ്ഞത് 100% ശരിയാണ്. സൗന്ദര്യം നോക്കിയല്ല വിവാഹം കഴിക്കേണ്ടത് സ്വഭാവം നോക്കിയാണ്... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാം കൈവിട്ടു പോയി...

വേണമെങ്കിൽ അവളെ ഉപേക്ഷിച്ച് തനിക്ക് വേറെ വിവാഹം കഴിക്കാം... പക്ഷേ ആത്മാർഥമായി സ്നേഹിച്ച പെണ്ണിനെ വേണ്ടന്നുവയ്ക്കാൻ അവനു തോന്നുന്നില്ല.

ഒരുദിവസം അവൾക്ക് മനസ്സിലാകും അവൾ ചെയ്തതും ചിന്തിച്ചതും ഒക്കെ തെറ്റായിരുന്നുവെന്ന്. അപ്പോഴേക്കും ഞങ്ങളുടെ ജീവിതത്തിലെ നല്ല ദിവസം എല്ലാം കടന്നു പോയിട്ടുണ്ടാകും. അവൾ ഒരു ദിവസം ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിക്കും പക്ഷേ അപ്പോൾ ദൈവം ഞങ്ങൾക്ക് ആ ഭാഗ്യം തരണമെന്നില്ല....

പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാനെന്റെ പെണ്ണിനെ കൈവിടില്ല...