മകളുടെ കല്യാണത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായി കാത്തുനിൽക്കേണ്ടി വന്ന അച്ഛൻ!
Mail This Article
മാനത്തിന്‍റെ വില (കഥ)
നീണ്ട ഇരുപതു വര്‍ഷത്തിനുശേഷം ലഭിച്ച പരോള്‍ ആണ് അതും വെറും രണ്ടു ദിവസത്തേക്ക് മാത്രം! ജയില്‍ മോചിതനാവാന്‍ ഇനി നാലു വര്‍ഷം കൂടി അകത്തുകിടക്കണം..!
മകളുടെ വിവാഹമാണ്. ഭാര്യയോ അവളുടെ കുടുംബക്കാരോ ഒന്നും തന്നെ ഈ കാര്യം അറിയിച്ചിരുന്നില്ല. പക്ഷേ സഹവാസിയായ ഒരുവന്‍ പരോളില്‍ പോയി വന്നതു കൊണ്ട് കാര്യങ്ങൾ അറിയാന്‍ കഴിഞ്ഞു. അവനും കേട്ടറിവ് മാത്രമേ ഉള്ളൂ. എന്നാണ് എന്നോ എവിടെയാണ് എന്നോ എന്താണ് സ്ഥിതി എന്നോ അവനും വ്യക്തമായി അറിയാൻ കഴിയുമായിരുന്നില്ല. വിവാഹം കൂടാൻ കഴിഞ്ഞില്ല എങ്കിലും തന്റെ സ്നേഹമോളുടെ തലയിൽ കൈവെച്ച് ഒന്നനുഗ്രഹിക്കണം. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എങ്കിലും ഇരുപതുവർഷം ജയിലിൽ ജോലിചെയ്തുകിട്ടിയ കൂലിയുടെ ഒരംശം കയ്യിലുണ്ട് മുഴുവനായി അവർ തന്നില്ല. ഉള്ളത് ഭാര്യ നന്ദിനിയുടെ കയ്യിൽ ഏൽപ്പിക്കണം. ഒരു അച്ഛന്റെ കടമ, ജീവിതാഭിലാഷം!
നന്ദിനി ഒഫിസിലെ ഏറ്റവും സുന്ദരിയും ജോലിയോട് അർപ്പണ മനോഭാവമുള്ളവളുമായിരുന്നു. അന്ന് ആ ഒഫിസില്‍ വച്ച് അവളുടെ മാനത്തിന് വില പറഞ്ഞു കയറി പിടിച്ച അവനെയും അവന്‍റെ കൂട്ടുകാരനെയും കൊന്നുകൊണ്ട് തന്‍റെ മുന്നില്‍ നിന്ന് കരഞ്ഞത് ഇന്നും ഈ നിമിഷവും മറക്കാന്‍ കഴിഞ്ഞിട്ടില്ല കഴിയുകയും ഇല്ല!
രണ്ട് ആണുങ്ങളെ ഏതാനം മിനുറ്റുകളുടെ വ്യത്യാസത്തില്‍ കൊന്നു കളയുക. നിഷ്ഠൂരനായ ഒരു പ്രഫഷണല്‍ കില്ലറിനു പോലും പെട്ടെന്ന് ചെയ്യാന്‍ കഴിയാത്ത കാര്യം. പക്ഷേ... സ്വന്തം മാനം രക്ഷിക്കാന്‍ വേണ്ടി മാത്രം. ഹോ... അവളാണ് പെണ്ണ്! ഒഫീസ് ഗാർഡനിലെ ചെടികൾ വെട്ടുന്ന കത്രിക പാൻട്രിയിൽ ആണ് സൂക്ഷിക്കാറുള്ളതെന്ന് അവൾക്കു വ്യക്തമായി അറിയാമായിരുന്നു.
അന്ന് ഒഫീസില്‍ നിന്നും എല്ലാവരും പോയി കഴിഞ്ഞിട്ടും അധികജോലിയുടെ പേരു പറഞ്ഞ് അവളെ പിടിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു അയാള്‍! ഒപ്പം കമ്പനിയിലേക്ക് കോടികളുടെ ബിസിനസ് നല്‍കാന്‍ പ്രാപ്തനായ കുപ്രസിദ്ധനായ ഒരു രാഷ്ട്രീയ നേതാവും! ഒഫിസിലെ മറ്റു രണ്ടുമൂന്നു സ്ത്രീകളുമായി ചില അവിശുദ്ധബന്ധങ്ങൾ അയാളിൽ ഉണ്ട് എന്ന് നേരത്തേ തന്നെ അറിയാമായിരുന്നിട്ടും അവൾക്കു അനുസരിച്ചു നിൽക്കേണ്ടതായി വന്ന ആ ഗതികേടാണ് തന്റെ ജീവിതവും മാറ്റിമറിച്ചത്.
മറ്റാരും ദൃക്സാക്ഷികള്‍ ഇല്ലാത്ത ആ കൊലപാതകം! സൈറ്റില്‍ നിന്നും നേരിട്ട് വീട്ടില്‍ പോകാനിരുന്ന താന്‍ പ്രൊജക്റ്റ് സർവേ കഴിഞ്ഞ നോട്ട്സ് പിറ്റേ ദിവസം തന്നെ വേണം എന്ന് പ്രൊജക്റ്റ് ഹെഡ് പറഞ്ഞതനുസരിച്ച് അത് തയാറാക്കാന്‍ അവിചാരിതമായി അവിടെ എത്തിയതായിരുന്നു.
ഒരുപക്ഷേ ആ കൊലാപാതകം താന്‍ ഏറ്റെടുത്തില്ലായിരുന്നു എങ്കില്‍... അന്നു തന്നെ അവളുടെ കുടുംബം ഒന്നടക്കം അത്മഹത്യ ചെയ്തേനെ !
ആദ്യകാലങ്ങളിലെ പൊലീസ് സ്റ്റേഷന്‍, ഇടിമുറി, കോടതി തുടങ്ങി മരിക്കാത്ത കുറേ ഓർമകൾ ശരീരത്തിനും മനസ്സിനും സമ്മാനിച്ച ദിനങ്ങൾ... ദൈവമേ, എന്തൊക്കെ സഹിച്ചു. കൃത്യം താനാണ് ചെയ്തത് എന്ന് ഏറ്റുപറഞ്ഞിട്ടും കൂട്ടാളികൾക്കുവേണ്ടിയുള്ള പൊലീസിന്റെ മൂന്നാം മുറയിലെ പ്രയോഗത്തിന്റെ അടയാളങ്ങൾ മരണം വരെ മായ്ക്കാനോ മറക്കാനോ കഴിയില്ലെന്നവൻ വേദനയോടെ ഓർത്തു.
പാടവും പറമ്പും വിറ്റ് കേസ് നടത്തി... വിചാരണ സമയത്ത്, ജാമ്യത്തില്‍ പുറത്തു വരാന്‍ കഴിഞ്ഞിരുന്ന കാലത്ത് അവളുടെ അച്ഛന്‍റെ നിര്‍ബന്ധപ്രകാരം നന്ദിനിയെ തന്നെ ജീവിതസഖിയാക്കി. അതൊരു തെറ്റായിരുന്നില്ല. അവൾ അവരാൽ നശിപ്പിക്കപ്പെട്ടു എന്ന് പൊതുജനം വിധിയെഴുതി തീർപ്പ് കല്പിച്ചിരുന്നു! ''ഒരു സദാചാരക്കാർ... ഫൂ...!'' ഒന്നും വേണ്ടായിരുന്നു തന്‍റെ ജീവിതത്തിനോ ഒരു കരിനിഴല്‍ വീണു. പക്ഷേ പകരം അവളുടെ ജീവിതം കൂടി താന്‍ നശിപ്പിച്ചു കൊടുത്തു.
പെണ്ണിന്‍റെ മാനമോ, അവളുടെ നിസ്സഹായ അവസ്ഥയോ, വക്കീലിന്‍റെ കഴിവോ ഒന്നും അവിടെ വിലപ്പോയില്ല! ആ കുട്ടി ബലാല്‍സംഗം ചെയ്യപെട്ടിരുന്നില്ല എന്നുള്ള ഡോക്ടർ സർട്ടിഫിക്കറ്റും സാഹചര്യതെളിവുകളും സഹപ്രവര്‍ത്തകനോട് ഉണ്ടായിരുന്ന പൂര്‍വ വൈരാഗ്യം വച്ച് പ്രതി നടത്തിയ കൊലപാതകം ആണെന്നും, അത് തടയാന്‍ ചെന്ന പ്രഗത്ഭനായ രാഷ്ട്രീയ നേതാവായ അയാളുടെ സുഹൃത്തിനെ കൂടി കൊല്ലുകയായിരുന്നു എന്നും കോടതി വിധിയെഴുതി!
വധ ശിക്ഷയായിരുന്നു കിട്ടിയത്! മേല്‍കോടതിയില്‍ അത് ഇരുപത്തിനാലു കൊല്ലം കഠിനതടവായി! ആദ്യത്തെ ഇരുപതു വര്‍ഷം പരോള്‍ പോലും ഇല്ലാത്ത കഠിനതടവ്! ജീവിതത്തിന്‍റെ നല്ല സമയങ്ങള്‍ മുഴുവന്‍ സ്വയം ഏറ്റെടുത്ത വഴിയിലൂടെ. സാരമില്ല അവർ... നന്ദിനിയും തന്റെ മോൾ സ്നേഹയും... താൻ അവരുടെ കൂടെ ഇല്ല എന്നുള്ളത് അവർക്കും തനിക്കും ഒരു കുറവുതന്നെയാണ്.
അച്ഛനും അമ്മയും മരിച്ചപ്പോഴും തനിക്കു ജാമ്യം നിഷേധിക്കപ്പെട്ടു. അവരുടെ കാലശേഷം ഒരേ ഒരു പെങ്ങള്‍ ഉണ്ടായിരുന്നത് ബാക്കി വന്ന മണ്ണും വീടും വിറ്റ് ഭര്‍ത്താവിന്‍റെ കൂടെ വിദേശത്ത് സെറ്റില്‍ ആയി.
''നിനക്കു വേണ്ടി കേസ് നടത്തി അച്ഛന്‍ കുറെ വസ്തു വിറ്റില്ലേ, അത് നിനക്കുള്ള ഭാഗം ആണെന്ന് കൂട്ടിയാല്‍ മതി '' പാവം പെങ്ങള്‍ ..! പോകാന്‍ നേരം ജയിലില്‍ വന്നു കണ്ടിട്ടുണ്ടായിരുന്നു. താന്‍ ജനിച്ചുവളര്‍ന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ല എങ്കിലും അവിടെ പോയാല്‍ ചിലപ്പോള്‍ അവരെ കുറിച്ച് അറിയാന്‍ കഴിയും പരോളില്‍ വന്നു പോയവനും തന്‍റെ നാട്ടുകാര്‍ പറഞ്ഞ വിവരമേ അറിയൂ എങ്കിലും മനസ്സുവല്ലാതെ തുടിക്കുന്നു.!
താൻ ജയിലിലേക്ക് പോകുമ്പോള്‍ തന്‍റെ മകള്‍ക്ക് ഒരു വയസ്സായിരുന്നു. അന്നവളെ മാറിൽനിന്നും അടർത്തിയെടുത്ത വേദന അതൊരു തീരാവേദനയായി ഇന്നും നിൽക്കുന്നു! ആദ്യകാലങ്ങളില്‍ പലവട്ടം നന്ദിനി അവളെ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. എങ്കിലും മെല്ലെമെല്ലെ അതില്ലാതായി. ഇപ്പോൾ അവൾ വലുതായി കല്യാണപ്രായമായി ഒരു പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ ഉള്ള ആരംഭം... തന്നെ അവൾ തിരിച്ചറിയുമോ ആവൊ.? സഹിക്കാൻ വയ്യാത്തതുകൊണ്ടാവാം നന്ദിനി പിന്നെ മോളെയും കൊണ്ട് ജയിലിലേക്ക് വരാതിരുന്നത്. ആട്ടെ എല്ലാ സങ്കടവും തീർത്തുകൊടുക്കണം നേരിൽ കാണട്ടെ.
ഇടയ്ക്കു പരോളില്‍ പോയി വന്ന ഒരുവന്‍ പറഞ്ഞു. ''അവളുടെ അച്ഛന്‍ മരിച്ചതിനു ശേഷം ആ വീടെല്ലാം വിറ്റ് അവര്‍ ദൂരെ എവിടെയോ പോയി'' എന്ന്!
പിന്നീടുള്ള കാലങ്ങളില്‍ ആരുപോകുമ്പോഴും അന്വേഷിക്കാന്‍ പറയുമായിരുന്നു. എന്നും അനുകമ്പയോടെ പെരുമാറിയിരുന്ന ജയില്‍ സൂപ്രണ്ട് സാറ് ഇടയ്ക്ക് എപ്പോഴോ പറഞ്ഞു. "എന്തിനാടോ നീ അവളുടെ ജീവിതം കൂടി നശിപ്പിക്കുന്നെ? അവളെ ഒഴിവാക്കി വിട് പാവം അവള്‍ എങ്കിലും സുഖമായി ജീവിക്കട്ടെ..! വേണ്ടാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു.
പിന്നീട് അധികം കഴിയാതെ തന്നെ ആ ജയിലില്‍ നിന്നും മാറ്റി ഇങ്ങു ദൂരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റഫര്‍ ചെയ്ത് അദ്ദേഹം സ്ഥലം മാറി പോയി നല്ല മനുഷ്യന്‍ ആയിരുന്നു കരുണയുള്ളവൻ!
''കോങ്ങാട് കോങ്ങാട്'' കണ്ടക്ടര്‍ തട്ടി വിളിച്ചപ്പോള്‍ ആണ് അവന്‍ ഓർമകളില്‍ നിന്നും ഉണര്‍ന്നത്. നീണ്ട ആറുമണിക്കൂർ യാത്ര തന്‍റെ പഴയ ദേശത്ത് അവസാനിച്ചിരിക്കുന്നു!
ബസ്സിറങ്ങി അവന്‍ മെല്ലെ തന്‍റെ പഴയ വീട്ടിലേക്കുള്ള ഇടവഴി ഓർമയില്‍ നിന്നും ചികഞ്ഞെടുത്തുകൊണ്ട് നടന്നു. ആ പഴയ ഇടവഴി ഇപ്പോള്‍ വീതിയുള്ള റോഡായി മാറിയിരിക്കുന്നു. ഇരുപതുകൊല്ലത്തിന്റെ മാറ്റം. ഒരു പുരുരുഷായുസ്സിലെ നല്ലസമയങ്ങൾ മുഴുവൻ ജയിലിൽ തീർക്കാൻ വിധിക്കപ്പെട്ടവനായ തനിക്ക് നാട് അന്യമായിരിക്കുന്നു എന്നവൻ സങ്കടത്തോടെ ഓർത്തു.! വഴിയരുകില്‍ കണ്ട പുതുതലമുറയിലെ എന്നല്ല പഴമക്കാർ പോലും തന്നെ തിരിച്ചറിയുന്നില്ല. അത് പോലെ തന്നെ തനിക്കും.. ഈ ലോകത്തിനു എന്തൊരു മാറ്റമാണ് !''
അവസാനം അവന്‍റെ വീട് നിന്നിടത്ത് എത്തി... ആ പഴയപുരയുടെ സ്ഥാനത്ത് ഒരു വലിയ വീട് ഉയര്‍ന്നിരിക്കുന്നു! ഗേറ്റില്‍ പോയി ഒന്നു മുട്ടിയപ്പോള്‍ തന്നെ ഒരു പട്ടിയുടെ കുര കേട്ടു ആരോ അങ്ങോട്ട് വരുന്ന പോലെ! അതെ അതൊരു വയോധികന്‍ ആയിരുന്നു !
''വീട്ടുകാര്‍ ആരും ഇവിടെ ഇല്ല. മറ്റന്നാളേ വരൂ... നാളെ ഗുരുവായൂര്‍ അമ്പലത്തില്‍ ഒരു കല്യാണം ഉണ്ട്. ഇവിടെ പണ്ട് താമസിച്ചിരുന്ന ആരുടെയോ വീട്ടില്‍ ആണെന്ന് തോന്നുന്നു നിങ്ങള്‍ ആരാ? എന്തിനു വന്നെന്നാ പറയണ്ടേ..?'' അയാളോട് ഒന്നും മിണ്ടാന്‍ തോന്നിയില്ല ഒന്നും ചോദിക്കാതെ തന്നെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.
ഗുരുവായൂര്‍ എത്തിയ ഉടന്‍ വല്ലാത്ത ഒരു ആവേശത്തോടെ അവന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി.
''തന്‍റെ മോള്‍..! തന്‍റെ ഭാര്യ നന്ദിനി. അവര്‍ ഇവിടെ എവിടെയോ ഉണ്ട്. ഭഗവാനെ, അവരെ കണ്മുന്നില്‍ ഒന്ന് എത്തിച്ചു തരണേ...!''
മുഹൂര്‍ത്തം ഉള്ള ദിവസങ്ങളില്‍ എത്രയെത്ര വിവാഹങ്ങള്‍ ഇവിടെ വച്ച് നടക്കുന്നു! മിക്കവാറും ദൂരെ ഉള്ളവര്‍ ഏതെങ്കിലും ഹോട്ടല്‍ ബുക്ക് ചെയ്തു തലേ ദിവസം തന്നെ ഇവിടെ വന്നു താമസിക്കാറാണ് പതിവ് അതുപോലെ ഇവരും നേരത്തേ വന്നതാവും!
അവന്‍ കുളത്തില്‍ ഇറങ്ങി വൃത്തിയായി ഒന്നു കുളിച്ചു. ഈറന്‍ ഉടുത്ത് അമ്പലത്തിനുള്ളില്‍ കയറി മനസ്സുരുകി തൊഴുതുപ്രാര്‍ഥിച്ചു ! മനസ്സ് നിറയെ അവരെ കണ്ടുമുട്ടുന്ന ആ ദിവ്യ മുഹൂര്‍ത്തം ആയിരുന്നു.
''സ്വന്തം മകള്‍ ...! അവള്‍ തന്നെ തിരിച്ചറിയില്ല ഉറപ്പാ... പക്ഷേ, അവള്‍ നന്ദിനി ഒരിക്കലും മറക്കില്ല അവള്‍ക്കു മറക്കാന്‍ കഴിയില്ല.!''
മൂന്നാമത്തെ വലത്ത് വക്കുന്നതിനൊപ്പം ഒരാള്‍ പിന്നാലെ വന്നു അവന്‍റെ തോളില്‍ തൊട്ടു അവന്‍ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി. മുണ്ടുടുത്ത് ശരീരം ഷാളുകൊണ്ടുമൂടിയ ആരോഗ്യവാനായ ഒരാൾ. എവിടെയോ കണ്ടപോലെ...
''നിന്‍റെ ശിക്ഷ കഴിഞ്ഞോഡോ.. അതോ നീ ജയില്‍ ചാടിയതോ? അവന്‍ അകെ പേടിച്ചു പോയിരുന്നു. എങ്കിലും വിക്കി വിക്കി പറഞ്ഞു.
''പരോളില്‍ ആണ്..! എനിക്ക് ആരാന്നു ഓര്‍മ്മ വരുന്നില്ല !''
''പാലക്കാട് സബ് ജയിലിലെ ഇടിമുറി ഓര്‍ക്ക് അപ്പൊ എന്നെ ഓർമവരും.. അല്ല എന്താ ഇവിടെ പരിപാടി കളവോ അതോ കൊലപാതകമോ ?''
അവന്‍ ഞെട്ടിപ്പോയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്നെ ഇപ്പോഴും ഇയാള്‍ ഓര്‍ക്കുന്നു! പൊലീസുകാരുടെ ഒരു ഓർമശക്തി..! പേടിയുണ്ടായിരുന്നു എങ്കിലും അവന്‍ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു!
''മകളുടെ കല്യാണം ആണ് നാളെ എന്നറിഞ്ഞു അതൊന്നു കൂടാന്‍ വന്നതാ സാർ''
''ഓഹോ എന്താ മകളുടെ പേര്? എന്നിട്ട് എവിടെ തന്‍റെ വീട്ടുകാര്‍?
''ഞാന്‍ രണ്ടു ദിവസത്തെ പരോള്‍ വാങ്ങി വന്നതാ സര്‍ അവരെ തിരഞ്ഞു കണ്ടു പിടിക്കണം ഇവിടെ എവിടെയോ ഉണ്ട് ''
''ഓ അപ്പൊ ക്ഷണിക്കാത്ത കല്യാണത്തിനുള്ള വരവാണ്... ഉം. വേണ്ടാത്ത പണിക്കൊന്നും പോകാതെ കാര്യം കഴിഞ്ഞതും നേരെ ജയിലിലേക്ക് പൊക്കോണം പൊലീസുകാര്‍ക്ക് പണി ഉണ്ടാക്കരുത് ഇനി ഒരിക്കൽ കൂടി ഇടിവാങ്ങാനുള്ള യോഗം ഉണ്ടാക്കാതിരുന്നാൽ ശേഷിച്ചകാലം വല്ല ഭിക്ഷയും എടുത്തെങ്കിലും ജീവിക്കാം മനസ്സിലായോടോ''
അയാള്‍ തെല്ല് ഉച്ചത്തില്‍ ആണ് അത് പറഞ്ഞത്. പലരും അത് ശ്രദ്ധിച്ചപോലെ...! തന്റെ മുന്നിൽ നടപ്പാതയിൽ അടി അളന്നു പോയിരുന്ന സുന്ദരിയായ ഒരു പെൺകുട്ടി അതവസാനിപ്പിച്ചു വേഗം അവിടെ നിന്നും ഓടിപോകുന്നതും പലരും സംശയത്തോടെ അതിലേറെ വെറുപ്പോടെ നോക്കി അതിവേഗം അകന്നുമാറുന്നതും അവൻ മനസ്സിലാക്കി. ഹൃദയം നുറുങ്ങുന്നതുപോലെ തോന്നിയ നിമിഷം മൂന്നാമത്തെ വലത്തുപൂർത്തിയാക്കാതെ പിന്നിലേക്ക് തിരിച്ചുനടന്നുകൊണ്ടവൻ പടിഞ്ഞാറേ നടയിലൂടെ പുറത്തേക്കു കടന്നു.
ദൈവസന്നിധിയിൽ പോലും ക്രൂരമായ വാക്കമ്പുകൾ കൊണ്ട് മുറിവേറ്റ തന്റെ ജന്മത്തെ പഴിച്ചുകൊണ്ടവൻ ചുറ്റുമതിലിനു അരികുപറ്റി നടന്നു കിഴക്കേ നടയിൽ എത്തി... മനസ്സില്‍ ഒരു കടലോളം വേദനയായിരുന്നു. ഉതിര്‍ന്നു വീണ കണ്ണുനീര്‍ അവന്‍ ആരും കാണാതെ തുടച്ചു. എവിടെ തിരയും? എവിടെ ആയിരിക്കും അവർ? ഒന്നുകണ്ടുകിട്ടിയിരുന്നു എങ്കിൽ ...!
മേല്പത്തൂര്‍ മണ്ഡപത്തില്‍ വന്നു കിഴക്കേ നടയിലേക്കു തന്നെ നോക്കിയിരുന്നു! ഒരു പക്ഷേ ആരെയെങ്കിലും കാണാന്‍ കഴിഞ്ഞാലോ?
പൊലീസുകാരുടെ കണ്ണുകള്‍ തനിക്കു മീതെ ചാര ഉപഗ്രഹത്തെ പോലെ കറങ്ങുന്നുണ്ട് എന്നവന്‍ അതിനിടക്ക് മനസ്സിലാക്കി കഴിഞ്ഞിരുന്നു. ആ സ്മൃതിമണ്ഡപത്തിന്‍റെ തൂണില്‍ ചാരി അങ്ങനെ കുറെനേരം ഇരുന്നു.. അവരെ കാണും കാണാതിരിക്കില്ല അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു!
ദീപാരാധന കഴിഞ്ഞു നടയടച്ചു. ആളുകള്‍ അമ്പലത്തില്‍ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു. ആ തിരക്കിലൂടെ പുറത്തേക്ക് ഇറങ്ങി വന്ന ഒരാളെ എവിടെയോ കണ്ട നല്ല പരിചയം! കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ എല്ലാം അയാള്‍ക്ക് സല്യുട്ട് അടിക്കുന്നു. വേറെ ഒരാൾ അടുക്കലേക്കു ചെന്ന് സല്യൂട്ട് അടിച്ചു കൈ കൊടുക്കുന്നു.!
അതെ.. പണ്ടത്തെ സൂപ്രണ്ട് സാര്‍..! അവന്‍ മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് അങ്ങോട്ട് പതിയെ നടന്നു ഏതാണ്ട് അരികെ എത്തുമ്പോഴേക്കും സുന്ദരിയായ ഒരു പെണ്‍കുട്ടി ഓടിവന്നു. അയാളുടെ കയ്യില്‍ കയറി പിടിച്ചു! നേരത്തെ അകത്തുകണ്ട കൽപാതിയിലൂടെ അടി അളന്നു പോയിരുന്ന പെൺകുട്ടി... തന്റെ പൊന്നുമോൾ... ഈശ്വരാ... അറിയാതെ പോയല്ലോ ...!
മുന്നില്‍ നിന്ന ആള്‍ക്ക് മകളെ പരിചയപ്പെടുത്തി കൊടുത്തുകൊണ്ട് സൂപ്രണ്ട് പറഞ്ഞു.
''ഇതാണ് എന്‍റെ സ്നേഹമോൾ ഇവളുടെയാണ് കല്യാണം ചെറുക്കനെ താൻ അറിയും ഈ ജില്ലയുടെ പരമാധികാരിയാണ് ഇവളുടെ അമ്മ നന്ദിനിക്ക് ഒരേ ഒരു വാശി കല്യാണം ഗുരുവായൂർ വെച്ചുതന്നെ നടത്തണം എന്ന്! കല്യാണം ക്ഷണിച്ചില്ല എന്നുകരുതി താൻ വരാതിരിക്കരുത് ക്ഷണിക്കേണ്ട ലിസ്റ്റിൽ നിന്നും താൻ അറിയാതെ വിട്ടുപോയതാ ക്ഷമിക്കണം. എന്നിട്ട് ഇവരെ അനുഗ്രഹിക്കാൻ താൻ മണ്ഡപത്തിൽ ഉണ്ടാവണം മോളെ അമ്മയെ വിളിക്കൂ...!''
''ദേ ഇപ്പൊ വിളിക്കാം അച്ഛാ! ഒരു മിനിട്ട് '' എന്നു പറഞ്ഞ് അവള്‍ തിരക്കിലേക്ക് തന്നെ തിരിച്ചുപോയി.!
അവള്‍ തിരിച്ചു വരുമ്പോള്‍ അവളുടെ കൂടെ... അതെ, അവള്‍ നന്ദിനി... തന്‍റെ ഭാര്യ. തന്റെ കുഞ്ഞിനെ പ്രസവിച്ചവൾ... അവൾ വല്ലാതെ മാറിയിരിക്കുന്നു എന്നവൻ വേദനയോടെ ഓർത്തു.
അങ്ങോട്ട് നടന്നടുക്കറായ അവന്‍റെ കാലുകള്‍ മുന്നിലേക്ക് നടക്കാന്‍ കഴിയാത്തവണ്ണം നിലത്തുറച്ചു പോയിരുന്നു. ചുറ്റിലും കൂരിരുട്ടു വന്നു മൂടിയ പോലെ കണ്ണ് കാണാതെ അവന്‍ കുറച്ചു നേരം അവിടെ തന്നെ നിന്നു. നെഞ്ച് പൊളിയുന്നപോലെ..! അവർ എല്ലാവരും കൂടി ചിരിച്ചുല്ലസിച്ചു നടന്നകലവേ അവൻ വല്ലാത്ത ഒരു പരവേശത്തോടെ നിലത്തുകുത്തിയിരുന്നു! അതുകണ്ടിട്ടാവണം ആരോ പാതി തീർത്ത കയ്യിലുള്ള കുപ്പി വെള്ളം അവനു കൊടുത്തു അവൻ അത് ആർത്തിയോടെ കുടിച്ചുതീർത്തുകൊണ്ട് അയാളെ ദയനീയമായി നോക്കി.!
''എന്താ എന്തുപറ്റി വല്ലായ്ക വല്ലതും തോന്നുന്നുവോ? കൂടെ ആരും ഇല്ലേ ?''
ഒന്നുമില്ലെന്നവൻ അയാൾക്കുനേരെ കൈവീശികാണിച്ചുകൊണ്ടു മെല്ലെ എഴുന്നേറ്റു തിരിച്ചു നടന്നു! കിഴക്കേ നടപന്തലില്‍ വച്ച് അവൻ അകത്തുവെച്ചു കണ്ട ആ പഴയ പൊലീസുകാരനെ വീണ്ടും കണ്ടു. അയാൾ പരുഷഭാവത്തിൽ നാലാൾ കേൾക്കും വിധത്തിൽ ഉച്ചത്തിൽ അവനോടു ചോദിച്ചു..!
''എന്താടോ കോളൊന്നും ഒത്തില്ലേ? താന്‍ ഈ പരിസരത്ത് എവിടെ പോയാലും സിസി ടിവിയിലൂടെ തന്നെ നിരീക്ഷിക്കുന്നുണ്ട് എന്നൊരു ഓർമ വേണം മനസ്സിലായോ..?''
അവന്‍നിറഞ്ഞകണ്ണോടെ അതിലേറെ നിർവികാരതയോടെ. അയാളെ ഒന്നു നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..!
കിഴക്കേ നടയിറങ്ങി തിരക്കുള്ള ആ വഴിയിലൂടെ അവൻ മുന്നോട്ടുനടന്നു അവന്‍റെ ലക്‌ഷ്യം കണ്ണൂരിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ആയിരുന്നു !