ADVERTISEMENT

ഹൃദയത്തിലേയ്ക്കുള്ള വഴികൾ (കഥ)

'അന്നമ്മച്ചിയുടെ അടുക്കള' ചാനലിൽ തലേന്നു പരിചയപ്പെടുത്തിയ ജിഞ്ചർ 'ചോക്കളേറ്റ് കേക്ക്' മൃദുല ട്രേയിലേക്കെടുത്തു വെച്ചു. നേരത്തെ തയാറാക്കി വച്ച ചോക്കളേറ്റും ഫ്രഷ്ക്രീമും ബട്ടറും ചേർത്തുരുക്കിയ ഗണാഷ് അതിനു മേലെ ശ്രദ്ധയോടെ ഒഴിച്ച് സെറ്റാവാനായി മാറ്റിവച്ചു.

അന്നത്തെ പ്രാതൽ അവൾ രണ്ടു ബ്രഡിലും ബട്ടറിലും അവസാനിപ്പിച്ചു. ആവശ്യത്തിലുമധികം സമയമെടുത്തു കുളിച്ച് അവൾ നന്നായി ഒരുങ്ങി വന്നപ്പോഴേയ്ക്കും കേക്കും തയാറായിക്കഴിഞ്ഞിരുന്നു. മേശപ്പുറത്ത് ഭംഗിയുള്ള പിങ്ക് സാറ്റിൻ തുണി വിരിച്ച് അതിനു മീതെ കേക്ക് എടുത്തു വെച്ചു. അരികത്തിരുന്ന നീണ്ട കഴുത്തോടു കൂടിയ മെലിഞ്ഞ ഫ്ലവർ വേസിൽ നിന്നും ഒരു വെള്ള ഡാലിയ കുനിഞ്ഞ് കേക്കിലേയ്ക്ക് സാകൂതം നോക്കുന്നുണ്ടായിരുന്നു.

രണ്ടടി പുറകോട്ടു മാറി നിന്ന് തന്റെ സൃഷ്ടിയെ മൊത്തത്തിൽ ഒന്നു വിലയിരുത്തിയ ശേഷം അവൾ സംതൃപ്തിയോടെ പുഞ്ചിരിച്ചു. പിന്നെ ഫോണെടുത്ത് പല ആംഗിളുകളിലായി അതിന്റെ ഫോട്ടോകളെടുത്തു. കൂട്ടത്തിൽ രണ്ടു സെൽഫികളും.

നല്ല രണ്ടു ഫോട്ടോകൾ എഡിറ്റു ചെയ്ത് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് നിമിഷങ്ങൾ കൊഴിയും മുമ്പേ, പ്രതീക്ഷിച്ചതു പോലെ തന്നെ അരവിന്ദിന്റെ ലൈക് ആദ്യം വന്നു. തൊട്ടുപിറകെ കേക്കിനേയും അതിന്റെ നിർമാതാവിനെയും അഭിനന്ദിച്ചു കൊണ്ട് അവനയച്ച ഹൃദയഹാരിയായ സന്ദേശങ്ങൾ ഇൻബോക്സിലെത്തി. അവളുടെ മനസ്സുനിറഞ്ഞ സന്തോഷം ചിരിയായി മുഖത്തുദിച്ചത് ഇമോജികളായി പറന്ന് അവനരികിലുമെത്തി.

"രാജീവിന്റെ ഭാഗ്യം... ദിവസവും ഒരു സുന്ദരിപ്പെണ്ണു തയാറാക്കുന്ന വെറൈറ്റി ഫുഡ് കഴിക്കാമല്ലോ.." എന്ന സന്ദേശം എത്തിയപ്പോൾ മാത്രം മൃദുലയുടെ മുഖത്തെ ചിരി മാഞ്ഞു, എങ്കിലും ഒരു ചിരി ഇമോജി കൂടി ഇൻബോക്സിലേക്ക് കുടഞ്ഞിട്ട് അവൾ ഡാറ്റ ഓഫ് ചെയ്തു വെച്ചു.

സൗഹൃദത്തിന്റെ നിറങ്ങൾ ചേർത്ത് പ്രണയത്തിന്റെ സുഗന്ധം തൂവി അരവിന്ദ് അലങ്കരിച്ചു വിളമ്പുന്നത് ആസക്തിയുടെ കാമനകളാണെന്ന് അവൾക്കറിയാത്തതല്ല. പക്ഷേ ഏറെ തണുത്ത, രുചികെട്ട അവളുടെ ജീവിതത്തിലേയ്ക്ക് ലോകത്തിന്റെ ഏതോ കോണിലിരുന്ന് അയാളെയ്തു വിടുന്ന എരിവും മധുരവുമാർന്ന ചിന്തകളെ അവഗണിക്കാൻ അവൾക്കു കഴിയുമായിരുന്നില്ല താനും.

രാജീവ് ഇന്നും കഴിച്ചത് കഞ്ഞിയാണ്. അമ്മയ്ക്കു വേണ്ടി ഹോം നഴ്സ് തയാറാക്കുന്ന, നന്നായി വേവിച്ചുടച്ച ഉപ്പു കുറഞ്ഞ കഞ്ഞി അമ്മയ്ക്കരികിലിരുന്ന് ആസ്വദിച്ചു കഴിക്കുന്നതു കാണുമ്പോൾ ആ വലിയ വീട്ടിൽ താൻ തനിച്ചാകുന്നതായും, തളർന്നു കിടക്കുന്ന ആ അമ്മയോട് ഉള്ളിൽ വല്ലാത്തൊരു വെറുപ്പ് നുരഞ്ഞുയരുന്നതായും, ഒന്നു പൊട്ടിത്തെറിക്കാൻ പോലുമാവാതെ താൻ നിസ്സഹായയായി പോകുന്നതായും അവൾക്കു തോന്നി.

പുറത്തു നിന്നും ഭക്ഷണം കഴിക്കാൻ അയാളിഷ്ടപ്പെട്ടിരുന്നില്ല. ഉച്ചനേരത്ത് ഭക്ഷണം നിർബന്ധവുമല്ല. ഒന്നു രണ്ടു തവണ മൃദുലയ്ക്കൊപ്പം പുറത്തു പോയപ്പോൾ അവൾക്ക് ഇഷ്ടമുള്ളതു വാങ്ങിക്കൊടുത്ത് അയാൾ ഫ്രൂട്ട്ജ്യൂസ് മാത്രം കഴിച്ചു. അതേത്തുടർന്ന് അത്തരം യാത്രകൾ അവൾക്കും ഇഷ്ടമല്ലാതായി.

വീട്ടിലുള്ളപ്പോഴെല്ലാം അമ്മയുടെ മുറിയിൽ, അവർക്കൊപ്പമിരുന്ന് അയാൾ ആഹാരം കഴിക്കുന്നത് അവളിൽ വല്ലാത്ത അസഹ്യതയായി വളർന്നു വന്നു. ഒരു കിടപ്പു രോഗിയുടെ മുറി, അത് എത്ര വൃത്തിയായി സൂക്ഷിച്ചതാണെങ്കിൽ തന്നെയും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നത് അവൾക്ക് തീർത്തും അരോചകമായിത്തോന്നിയിരുന്നു. ഭക്ഷണത്തോട് ഇത്രയും നിർമമതയുള്ള മനുഷ്യരുണ്ടാകുമോ എന്ന് അതിശയപ്പെടുന്നതിലുമുപരിയായി അങ്ങനെയൊരാൾ തന്റെ ഭർത്താവായതിൽ അവൾ ഖേദിച്ചു.

"ഭർത്താവിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴി ഭക്ഷണമാണ്.." ആദ്യ വിരുന്നു കഴിഞ്ഞ് രാജീവിനൊപ്പം ഇറങ്ങാനൊരുങ്ങുമ്പോൾ അടുക്കളയിലേയ്ക്കു വിളിച്ച് അമ്മ പറഞ്ഞു കൊടുത്ത രണ്ടാമത്തെ സാരോപദേശം ഓർക്കുമ്പോഴെല്ലാം അവളുടെ ചുണ്ടുകൾ പരിഹാസത്താൽ അൽപം ഏങ്കോണിച്ചു പോകാറുണ്ട്. ആദ്യത്തേത്... അതു തന്നെ...! ഭർത്താവാണ് ഒരു സ്ത്രീയുടെ കാണപ്പെട്ട ദൈവമെന്ന്.

ഭർത്താവിനെ ദൈവം എന്നു പറയുന്നത്, തന്റെ കാര്യത്തിൽ കുറെയൊക്കെ ശരിയാണെന്ന് അവൾക്കു തോന്നാറുണ്ട്. അയാൾക്ക് ഒന്നിനോടും വഴക്കില്ല, പരാതിയില്ല, പരിഭവമില്ല. ഇങ്ങനെ മനുഷ്യരുണ്ടാകുമോ... ആദ്യമായി അയാൾ അവളോട് ഒരാഗ്രഹം പറഞ്ഞത് ഒരു കുഞ്ഞ് ഉടനെ വേണമെന്നാണ്. മരിച്ചു പോകും മുമ്പ്  മകന്റെ കുഞ്ഞിനെ കാണാൻ അമ്മയ്ക്ക് അവസരമുണ്ടാക്കാനായിരിക്കുമതെന്ന് അവൾ ഊഹിച്ചെടുത്തു. അതുകൊണ്ടു തന്നെ ഒരു വർഷം കഴിഞ്ഞു മതി കുഞ്ഞെന്ന് അവൾ തന്റെ തീരുമാനമറിയിച്ചു. അപ്പോഴെങ്കിലും അയാളുടെ സ്ഥായിയായ സൗമ്യതയ്ക്ക് മാറ്റം വരുമെന്നും അയാൾ നിർബന്ധം പിടിച്ചേക്കുമെന്നും അവൾ പ്രതീക്ഷിച്ചെങ്കിലും പിന്നെയൊരിക്കലും അവർക്കിടയിൽ ആ വിഷയം ചർച്ച ചെയ്യപ്പെട്ടതേയില്ല.

പിന്നീടൊരിക്കൽ, ഒരിക്കൽ മാത്രം അയാളെ തന്റെ പ്രതിഷേധമറിയിക്കാനായി അവൾ മറ്റൊരു മുറിയിലേയ്ക്കു കിടപ്പുമാറ്റി. പിറ്റേന്ന് ഓഫിസിലേക്കിറങ്ങാൻ നേരം അവളുടെ കണ്ണിലെ നീർമുത്തുകൾ കണ്ടു പരിഭ്രമിച്ച അയാളോട് താൻ പിണങ്ങിയിട്ടും ശ്രദ്ധിച്ചില്ലല്ലോ എന്നവൾ പറഞ്ഞപ്പോൾ അയാൾ, "അറിഞ്ഞില്ലായിരുന്നു, ഇനി പിണങ്ങുമ്പോൾ അതൊന്നു മുൻകൂറായി പറയണേ", എന്ന് ചിരിയോടെ പറഞ്ഞു പോകുമ്പോൾ എന്തിനായിരുന്നു പിണക്കം എന്നയാൾ ചോദിച്ചില്ലല്ലോയെന്നവൾ പരിഭവിക്കുകയും തൊട്ടടുത്ത നിമിഷം അങ്ങനെ ചോദിക്കാത്തതിൽ ആശ്വാസം കൊള്ളുകയും ചെയ്തു. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് ഒരുപാടു പ്രതീക്ഷിക്കുന്ന തന്റെ വിഡ്ഢിത്തമോർത്ത് ലജ്ജ തോന്നിത്തുടങ്ങിയതിൽ പിന്നെയാണ് അവളുടെ ജീവിതം തീർത്തും വിരസവും നിർജ്ജീവവുമായിപ്പോയത്.

രാജീവിന്റെ വിവാഹാലോചന വരുമ്പോൾ, സ്ട്രോക്കു വന്നു തളർന്നു കിടക്കുന്ന അയാളുടെ അമ്മ അവൾക്ക് ഒരു ബുദ്ധിമുട്ടാകാനിടയുണ്ടെന്ന് അവളുടെ മാതാപിതാക്കൾക്ക് തോന്നിയെങ്കിലും, തന്റെയമ്മ മൃദുലയ്ക്കൊരിക്കലും ബാധ്യതയാവില്ലെന്ന് ആദ്യ വരവിൽ തന്നെ രാജീവ് അവർക്ക് ഉറപ്പു നൽകി. അയാളുടെ അന്തസ്സുറ്റ പെരുമാറ്റവും സൗമ്യമായ ചിരിയും അവരെ ആകർഷിച്ചപ്പോൾ ഭാവി ഭർത്താവിന്റെ സാമ്പത്തിക ഭദ്രത, ഒറ്റപ്പുത്രനെന്ന പദവി, ഏക ബന്ധുവായ അമ്മ ഏറെക്കാലം ജീവിച്ചിരിക്കാനിടയില്ല തുടങ്ങിയ കാര്യങ്ങളായിരുന്നു മൃദുല പരിഗണിച്ച പ്ലസ് പോയിന്റുകൾ.

വിവാഹത്തിന്റെ ആദ്യ നാളുകളിൽ അവൾ ഏറെ സന്തുഷ്ടയായിരുന്നു. രാജീവിന്റെ അമ്മയെ നോക്കാനായി ഹോം നഴ്സുണ്ടായിരുന്നു. മൃദുലയുടെ ഇഷ്ടങ്ങൾക്കോ താൽപര്യങ്ങൾക്കോ രാജീവ് ഒരു തടസ്സവും പറഞ്ഞില്ല. അവൾക്കിഷ്ടമുള്ളപ്പോഴെല്ലാം വീട്ടിൽ പോകാനും അനുമതിയുണ്ടായിരുന്നു. പക്ഷേ, ദിവസങ്ങൾ കടന്നു പോകുംതോറും, ഏതൊരു വിശിഷ്ട ഭോജ്യവും എന്നും കഴിച്ചാൽ മടുത്തു പോകുമെന്ന മട്ടിൽ ജീവിതത്തിന്റെ ഏകതാനത അവളെ ശ്വാസം മുട്ടിച്ചു തുടങ്ങി.

തുടർന്നു പഠിക്കാനോ ജോലിക്കു പോകാനോ താൽപര്യമില്ലാത്തതിനാൽ മൃദുല അവൾക്കേറെ പ്രിയപ്പെട്ട പാചക പരീക്ഷണങ്ങളിൽ മുഴുകി. അമ്മയോട് അതിവിധേയത്വം കാണിക്കുന്ന ഭർത്താവിനെ തന്നിലേയ്ക്കടുപ്പിക്കാൻ പുതുമയാർന്ന രുചിക്കൂട്ടുകൾ അവസരമൊരുക്കുമെന്നും അവൾ കരുതി. മനോഹരമായി രൂപകൽപന ചെയ്യപ്പെട്ട അടുക്കളയിൽ സ്വാദേറിയ വിഭവങ്ങൾ സുഗന്ധമുയർത്താൻ തുടങ്ങി. പക്ഷേ, ഏറെ പ്രതീക്ഷയോടെ അവൾ തയാറാക്കി നൽകുന്ന ഭക്ഷണം രുചിച്ചെന്നു വരുത്തി അഭിപ്രായങ്ങളേതുമില്ലാതെ അയാൾ തിരികെ കൊടുക്കുമ്പോൾ, കരി പടരാത്ത അടുക്കളച്ചുമരുകളിലേയ്ക്ക് മിഴിനട്ട്, ഭക്ഷണത്തിന്റെ പേരിൽ ഒരു ഭർത്താവ് ഭാര്യയുടെ ഹൃദയത്തിൽ നിന്നും പുറത്തേയ്ക്കു വഴി വെട്ടിത്തുറക്കുന്ന ക്രൂരഫലിതമോർത്ത് അവൾ കയ്പ്പോടെ ചിരിച്ചു. 

പകലിടവേളകളിൽ വീട്ടിൽ പോയി വരാറുള്ള ഹോം നഴ്സ് ആനിയമ്മയും അവരുടെ പേരക്കുട്ടികളും അവളുടെ വിഭവങ്ങളുടെ സ്ഥിരം ഉപഭോക്താക്കളായി മാറിയതോടെയാണ് മൃദുല തന്റെ അടുക്കള സൗരഭ്യങ്ങൾ ലോകർക്കു പങ്കിട്ടു നൽകാൻ തുടങ്ങിയതും അതിനു ലഭിക്കുന്ന സ്വീകാര്യതയിലും അഭിപ്രായങ്ങളിലും അഭിരമിക്കാനാരംഭിച്ചതും. 

ചില നേരങ്ങളിൽ വിഭവങ്ങളിൽ ഉപ്പിന്റെയും മധുരത്തിന്റെയും എരിവിന്റെയും അളവുകളിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി രുചികെടുത്തിയ ശേഷം ഫോട്ടോകളെടുത്ത് പോസ്റ്റു ചെയ്ത് അതിനു കിട്ടുന്ന മികച്ച അഭിപ്രായങ്ങളിലെ അപഹാസ്യതയോർത്ത് അവൾ ഊറിച്ചിരിക്കാറുണ്ടായിരുന്നു.

അരവിന്ദിനെ പരിചയപ്പെട്ടതിനു ശേഷം അത്തരം വികൃതികൾ അവൾ ഉപേക്ഷിച്ചു. അത്രയും സൂക്ഷ്മതയോടെ, സ്നേഹത്തോടെ അവളുടെ അടുക്കളയിൽ വിഭവങ്ങൾ തയാറാക്കപ്പെട്ടു. മനോഹരമായി അലങ്കരിക്കപ്പെട്ട അവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി നിരവധിയാളുകളുടെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ചു.

ഒരു കഷ്ണം കേക്ക് മുറിച്ചെടുത്ത് രാജീവിനു നേരെ നടക്കുമ്പോൾ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അയാൾക്കറിയാനിടയില്ലെന്നു തന്നെ അവളുറപ്പിച്ചിരുന്നു. പക്ഷേ, അവളെ അതിശയപ്പെടുത്തിക്കൊണ്ട് അതിൽ നിന്നും ചെറിയൊരു തുണ്ടെടുത്തു കഴിച്ചു കൊണ്ട് ഒരു സർപ്രൈസിന്റെ പൊലിമകളേതുമില്ലാതെ അയാൾ പറഞ്ഞു". ഇന്നു തന്റെ ബർത്ഡേയല്ലേ.. നമുക്കൊരിടം വരെ പോകാം. കേക്ക് അധികമുണ്ടെങ്കിൽ പൊതിഞ്ഞെടുത്തോളൂ. ആവശ്യം വരും"

ആദ്യമായാണ് ഒരുമിച്ചൊരു യാത്രയെക്കുറിച്ച് രാജീവ് മൃദുലയോടു പറയുന്നത്. അതുകൊണ്ടു തന്നെ ഏറെ ഉത്സാഹത്തോടെയാണ് അവൾ ഒരുങ്ങിയിറങ്ങിയത്. നഗരത്തിരക്കിന്റെ വർണശബളിമയിലൂടെ സശ്രദ്ധം കാറോടിക്കുന്ന രാജീവിന്റെ ശാന്തമായ മുഖത്തേയ്ക്കു നോക്കി, ഈ മനസ്സിലേയ്ക്കുള്ള വഴികൾ മാത്രമെന്തേ തനിക്കന്യമായിപ്പോയതെന്ന് അവൾ പലയാവർത്തി പരിതപിച്ചു.

കാർ ഒഴുകിച്ചെന്നു നിന്നതൊരു ഓർഫനേജിനു മുന്നിലാണെന്നറിഞ്ഞതും അവളുടെ മുഖം വാടി. വർണക്കടലാസുകൊണ്ടു പൊതിഞ്ഞെടുത്ത കേക്ക് അവൾ മനഃപൂർവം തന്നെ കാറിൽ മറന്നു വെച്ചു.

രാജീവിനെ കണ്ടതും കുഞ്ഞുങ്ങൾ ഓടി വന്നു കെട്ടിപ്പിടിച്ചു. വാർഡനും അവിടത്തെ അന്തേവാസികളായ അമ്മമാരും അവരെ സ്നേഹപൂർവം അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവരുടെ മെസ്സ് ഹാളിൽ അവർക്കൊപ്പം, മൃദുലയുമൊന്നിച്ചിരുന്ന് വൈവിധ്യമാർന്ന വിഭവങ്ങൾ രാജീവ് രുചിയോടെ കഴിക്കുന്നത് അവൾ വല്ലായ്മയോടെ കണ്ടു. ഈ മനുഷ്യൻ അണിയുന്നതെല്ലാം പൊയ്മുഖങ്ങളാണോ എന്നും അവൾ സംശയിച്ചു.

ഊണിനു ശേഷം ആ സ്ഥാപനത്തിന്റെ പ്രാർഥനാ ഹാളിൽ സജ്ജീകരിച്ച സ്റ്റേജിൽ മൃദുലയെ അവർ വിശിഷ്ടാതിഥിയായി സ്നേഹത്തോടെ ക്ഷണിച്ചിരുത്തി. വാർഡൻ അവൾക്ക് ആശംസകൾ അർപ്പിക്കുകയും അന്നത്തെ ഭക്ഷണത്തിന് അവളോട് നന്ദി പറയുകയും ചെയ്തു.

തുടർന്നു നടത്തിയ ചെറുപ്രസംഗത്തിൽ വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു മണ്ണിടിച്ചിലിൽ തന്റെ മകനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട ഒരമ്മ അവനുമൊത്ത് അനാഥാലയത്തിൽ എത്തിച്ചേർന്നതിനെക്കുറിച്ച് അവർ പറഞ്ഞു, ഇല്ലായ്മയുടെ വേദനയും കൂട്ടായ്മയുടെ സന്തോഷവും പങ്കിട്ടെടുത്ത് അവരവിടെ കഴിഞ്ഞ നാളുകളെക്കുറിച്ചു പറയുമ്പോൾ മൃദുല രാജീവിനെ ശ്രദ്ധിക്കുകയായിരുന്നു. ശാന്തമായ ആ കണ്ണുകളുടെ ആഴം തിരയുകയായിരുന്നവൾ.

"പഠനത്തിൽ മിടുക്കനായ മകൻ ഒരുപാടാളുകൾക്ക് ജോലി നൽകുന്ന ഒരു ഐ ടി കമ്പനിയുടമയായിട്ടും സാധ്വിയായ ആ അമ്മ ഇവിടെത്തന്നെ കഴിയാനിഷ്ടപ്പെട്ടു. ഇവിടുത്തെ കുഞ്ഞുങ്ങൾക്കമ്മയായി... കരുതലും തണലുമായി... പെട്ടെന്നൊരു ദിവസം തളർന്നു വീഴുന്നതു വരെയും..." വാർഡൻ ഒരു നിശ്വാസത്തോടെ കണ്ണു തുടച്ചു. 

ശയ്യാവലംബിയായ അമ്മയെ മകൻ കൂടുതൽ ചേർത്തു പിടിച്ചത്, അമ്മയുടെ ചികിത്സക്കായി പട്ടണത്തിൽ വീടു വച്ചെങ്കിലും അനാഥാലയത്തിലെ മറ്റ് അന്തേവാസികൾക്ക് അവൻ ഇപ്പോഴും തുണയായി നിൽക്കുന്നത്, എല്ലാം വാത്സല്യത്തോടും നന്ദിയോടും കൂടി അവർ സ്മരിച്ചപ്പോൾ രാജീവെന്ന സമസ്യയുടെ ഉത്തരം അൽപാൽപമായി മൃദുലയ്ക്കു മുന്നിൽ വെളിപ്പെടുകയായിരുന്നു.

തിരികെയുള്ള യാത്രയിൽ നഗരത്തിന്റെ നിറക്കൂട്ടുകളൊന്നും തന്നെ അവൾ കാണുകയുണ്ടായില്ല. റോഡരികിലെ മരച്ചുവട്ടിൽ ഒരു ഓലച്ചുമരിന്റെ പോലും മറയില്ലാത്തൊരടുക്കളയിൽ എരിയുന്ന മൂന്നു കല്ലു ചേർത്തുവെച്ച അടുപ്പും അതിനു മുകളിൽ വെച്ച കലത്തിൽ വേവുന്ന കഞ്ഞിക്കായി ക്ഷമയോടെ കാത്തിരിക്കുന്ന കുരുന്നുകളും ആദ്യമായി കണ്ണിൽ തടഞ്ഞപ്പോൾ അവൾ രാജീവിനോട് കാർ നിർത്താനാവശ്യപ്പെട്ടു.

കേക്കെടുത്ത്, ഡോർ തുറന്നു പുറത്തിറങ്ങി ആ കുഞ്ഞുങ്ങൾക്കുനേരെ നടക്കുമ്പോൾ അവൾ രാജീവിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴി കണ്ടെത്തിക്കഴിഞ്ഞിരുന്നു.