ADVERTISEMENT

പെൺലോകങ്ങൾ (കഥ)

വയറിൽ കിടന്നെന്തോ കത്തുന്നു. കുറച്ചു വെള്ളമൊഴിച്ചു നോക്കി. കെടുന്ന ലക്ഷണമില്ല. എങ്കിലും പിന്നെയുമൊന്നു മൂടിപ്പുതച്ചു കിടക്കാൻ നോക്കിയതും ടൈംപീസ് അലറിവിളിക്കാൻ തുടങ്ങി. അതെടുത്തു കണ്ടത്തിലേയ്ക്ക് ഒരേറെറിയാൻ തോന്നിയതടക്കി, മിനിജ അത് ഓഫ് ചെയ്തു. നാലുമണിയായിട്ടേയുള്ളൂ. പക്ഷേ പാചകം മുഴുവനും കഴിയാതെ, പാത്രങ്ങൾ മുഴുവനും കഴുകാതെ, കഴുകേണ്ട തുണികൾ കഴുകാതെ, വീടുമുഴുവനും അടിച്ചുവാരാതെ, എങ്ങനെയാണു ജോലിക്കു പോവുക.....

"നമുക്കൊരു ജോലിക്കാരിയെ വച്ചാലോ?"

"ഈ സിറ്റിയിലോ, അതിലും ഭേദം നിന്റെ ജോലിയങ്ങു വിട്ടൂടെ?"

പഠിപ്പിനനുസരിച്ചല്ലെങ്കിലും ഇപ്പോൾ കിട്ടിയിരിക്കുന്ന ജോലി വിടാൻ വയ്യ. നാലു ചുമരിന്റെ യാന്ത്രികതയിൽ നിന്ന് ആരോ പുറത്തേയ്ക്കെടുത്തെറിഞ്ഞ പോലെ, വഴിതെറ്റി വന്ന ആ ചെറിയ ക്ലർക്ക് തസ്തിക അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. അച്ഛന്റെ പരിചയത്തിലുള്ള ഫിനാൻസ് കമ്പനിയാണ്. കഴിഞ്ഞാഴ്ച കിട്ടിയ ശമ്പളത്തിൽ നിന്നും 2000 രൂപ അച്ഛനുമമ്മയ്ക്കും വീതിച്ചു കൊടുത്തപ്പോ അവൾക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ATM കാർഡ് കൈക്കലാക്കാൻ വീട്ടിലുള്ള മൂവരുടെ  ശ്രമങ്ങളെ ചെറുത്തു തോൽപ്പിച്ച് ഇതുവരെയെത്തിയിട്ടുണ്ട്.

"ആഹാ... ഉദ്യോഗസ്ഥ ഇറങ്ങീലോ? എന്റെ ചായ എവിടെടീ? "

അടുക്കളയിൽ കിടന്ന് ഇക്കണ്ട മറച്ചിലുകൾ കേട്ടിട്ടും ഒന്നു തിരിഞ്ഞു പോലും നോക്കാതെ, ന്യൂസ് പേപ്പറിലെ ഓരോ വാർത്തയും അരിച്ചുപെറുക്കി ഇരിക്കുന്ന സുദീപനാണ്.

"ഫ്ലാസ്ക്കിലുണ്ട്" പോത്തുപോലെ കിടന്നുറങ്ങുന്ന ആൺമക്കൾ രണ്ടിനെയുമൊന്നു നോക്കി അവൾ വേഗമിറങ്ങി. 5 മിനുട്ട് നടക്കണം ബസ് സ്റ്റോപ്പിലേക്ക്. 'അതെങ്കിലും ഒന്ന് കൊണ്ടുവിട്ടു തന്നൂടെ...' അവൾ ഒന്നു രണ്ടു തവണ തിരിഞ്ഞു നോക്കി. ആരു വരാൻ..? ഈ അവഗണനയ്ക്ക് വർഷങ്ങളുടെ പഴക്കമുള്ളതുകൊണ്ട് അവൾക്കു പുതുമ തോന്നിയില്ല.

"മിനിജ, ഇന്നലെ ചെയ്ത പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്. നിങ്ങളെപ്പോലെ കഴിവുള്ളൊരാൾ ഇത്രയധികം നാളുകൾ വീടിനുള്ളിൽ മുരടിച്ചിരുന്നു എന്നു പറയുന്നത് ശരിക്കും കഷ്ടം തന്നെയാണ്. എനിവേ,യു ഹാവ് കം നൗ.

യു വിൽ ബി ഏൻ അസറ്റ് ടു അവർ കമ്പനി "

മറുപടിയൊരു പുഞ്ചിരിയിലൊതുക്കി അവൾ, അവളെ ഓർത്തു. വൈകുന്നേരം ചെന്നു കയറുന്നതും വീടെന്നു പറയാനാവാത്ത അവസ്ഥയിൽ കിടക്കുന്നിടത്തെ വീടാക്കാനുള്ളൊരു പാച്ചിൽ തുടങ്ങും. തുറന്നു കിടക്കുന്ന ജനലുകളടച്ച്, ചിതറിയ വീടിനെയൊതുക്കി, തോട്ടം നനച്ച്, കുളിച്ച് വിളക്കു വയ്ക്കുമ്പോഴേയ്ക്ക് ഒരു കൂന കഴുകാനുള്ള പാത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും രാത്രിയിലേയ്ക്കുള്ള മെനുവുമായി അടുക്കള അവളെ വിഴുങ്ങുവാൻ തയാറെടുത്തു നിന്നു. ഹൃദയം ഉരുകുകയും ഉറയ്ക്കുകയും ചെയ്തു. ഒരു മോളുണ്ടായിരുന്നെങ്കിലെന്നെ സഹായിച്ചേനെ... പക്ഷേ അമ്മയെ സഹായിച്ച ഓർമ അവൾക്കുണ്ടോ? പഠിപ്പായിരുന്നെപ്പോഴും. എന്നിട്ടെന്ത്? ഇത്ര കാലം കഴിഞ്ഞിട്ടാണ് പുറം ലോകം കണ്ടത്. ജോലിക്കു വിടാന്നു പറഞ്ഞാണ് സുദീപൻ കെട്ടിയത്. വാക്കല്ലേ മാറ്റാൻ പറ്റൂത്രേ....

പന്ത്രണ്ടു മണിയോടടുത്ത് ഒന്നു കിടന്ന് നടുനിവർത്തിയതും മുഴുവൻ ഊർജ്ജവുമായി അയാൾ അവളിലേയ്ക്കു വന്നു. അന്നേരമാണ് അവളിലെ അവശേഷിച്ച ഊർജ്ജം ഒരു ടൈംബോംബായി പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് അച്ഛനെ പോലെ തന്നെ ഫോണിലും കമ്പ്യൂട്ടറിലും മാറി മാറി തോണ്ടിയിരുന്നിരുന്ന രണ്ടാൺമക്കളും ഓടി വന്നു. പിറ്റേന്ന് ആ വീട്ടിലെല്ലാവരും പതിവില്ലാതെ നേരത്തേയാണെഴുന്നേറ്റത്.

പതിവുള്ള ടിയർ ഗ്യാസ് സൈഡിലേയ്ക്കാക്കി അവൾ അന്നു മുതൽ അവൾക്ക് പ്രാപ്യമായ ഇടങ്ങളിലെല്ലാം സ്ഫോടക ശക്തിയുടെ ഏറ്റക്കുറച്ചിലുകളോടെയുള്ള ടൈംബോംബുകൾ കൃത്യതയോടെ സ്ഥാപിച്ചു. സൂചകങ്ങളും പ്രതീകങ്ങളുമായി അവയെല്ലാം അവളെ സ്ഫോടനസമയങ്ങൾ ഓർമിപ്പിച്ചു. ബസ്സ് സ്റ്റോപ്പിലേയ്ക്ക് അവളെ കൊണ്ടുവിടാൻ മൂന്നു വണ്ടികളുള്ള ആ വീട്ടിൽ പിന്നീടങ്ങോട്ട് മത്സരമായിരുന്നു.