ADVERTISEMENT

ഷവർമയുടെ വില (കഥ)

ഏരിയുന്ന സിഗരറ്റ് കുത്തി കെടുത്തിയ തോമസ് ചുണ്ട് തുടച്ചു കൊണ്ട് മുന്നോട്ടു നടന്നു. എതിരെ വന്ന സൈക്കിൾ യാത്രക്കാരന് ഇടം കൊടുത്തുകൊണ്ട് നടന്ന അയാൾക്ക് ഡിസംബറിലെ ശീതക്കാറ്റിന്‌ വല്ലാത്ത തണുപ്പ് തോന്നി. 

സൂര്യന്റെ ചുവന്ന ഗോളം കോർണിഷ് ബീച്ചിനുമപ്പുറം കടലിൽ താഴ്ന്നു തുടങ്ങിയിരുന്നു, അംബര ചുംബികളായ കെട്ടിടങ്ങളിലെ വെളിച്ചം വീശുന്ന ജനാലകൾ തീപ്പെട്ടിക്കൂടുകൾ പോലെ തോന്നി, അബുദാബിയുടെ സൗന്ദര്യം രാത്രിയിലാണെന്ന് എന്നത്തെയും പോലെ അന്നും അയാൾക്കു തോന്നി. 

ഉയരമേറിയ ആ സൗധങ്ങളുടെ ഇഷ്ടിക ചുവരിനുള്ളിൽ തളക്കപ്പെട്ട ജീവിതങ്ങളുടെ മനസ്സിന്റെയും കണ്ണുകളുടെയും സഞ്ചാരം ആ കണ്ണാടി ജനാലകളിലൂടെ മാത്രമാണെന്ന സത്യം അയാളിൽ മിന്നി മറഞ്ഞു. 

എതിരെ വന്ന ഫിലിപ്പിനോ യുവാവ് അയാളെ നോക്കി ചിരിച്ചു, സ്വതസിദ്ധമായ ശൈലിയിൽ മന്ദസ്മിതം തൂകി തല കുനിച്ച് അഭിവാദ്യം ചെയ്ത തോമസ് നടപ്പിന് വേഗം കൂട്ടി. വൈകുന്നേരം വ്യായാമത്തിനും പുകവലിക്കുമായി ഉള്ള ഈ നടപ്പിൽ എത്രയോ പരിചിത മുഖങ്ങൾ... 

വാഹന കച്ചവടത്തിൽ നിപുണനായ ഫിലിപ്പിനോ യുവാവ്, കറുത്ത കണ്ണട ധരിച്ച കോട്ട് ധാരിയായ ഈജിപ്ഷ്യൻ പ്രഫസർ, റിസെപ്ഷനിസ്റ്റ് ആയ മൊറോക്കൻ സുന്ദരി അങ്ങനെ നീളുന്നു ആ മുഖങ്ങൾ. 

മരുന്നുകൾ നിറഞ്ഞ ഫാർമസിയുടെ ഇടുങ്ങിയ മുറികളിൽ പകൽ തളക്കപ്പെട്ട ചിന്തകൾക്ക് സ്വാതന്ത്ര്യം നൽകുന്ന ആ സായാഹ്ന യാത്ര അവസാനിക്കുന്നത് "ഷവർമ" കടയുടെ മുന്നിലാണ്. 

കടയോട് ചേർന്നുള്ള " ബക്കാല " എന്ന് വിളിപ്പേരുള്ള ചെറിയ കടയുടെ മുന്നിൽ വിശ്രമം, പത്തു ദർഹംസിനു വാങ്ങുന്ന സിഗരറ്റു കൂടിൽ നിന്നും ഒന്നെടുത്തു പുകച്ചുരുളുകളാക്കി മാറ്റി തിരികെ ഫ്ലാറ്റിലേക്ക് മടങ്ങുന്ന രീതിക്കു വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്നു. 

വട്ട കഴുത്തുള്ള ഉടുപ്പിന്റെ കീശയിൽ നിന്നും കറൻസി നോട്ടുമായി അയാൾ ബക്കാലയിലേക്കു നടന്നു,

"ഭായി സബ് ഏക് പാക്കറ്റ് സിഗററ്റ് ദീജിയെ " (സഹോദര ഒരു പാക്കറ്റ് സിഗരറ്റു തന്നാലും)

പരിചിതനായ പച്ച യൂണിഫോമിട്ട ബംഗ്ലാദേശി ജോലിക്കാരൻ പുഞ്ചിരിയോടെ കറൻസി നോട്ടു വാങ്ങി സിഗററ്റ് നൽകി. 

ചെറുതായി വീശിയ തണുത്ത കാറ്റിൽ തീ കെടാതെ കത്തിച്ചു പുക പുറത്തേയ്ക്ക് ഊതിക്കൊണ്ടു തോമസ് ഈന്തപ്പനച്ചുവട്ടിലെ പടിക്കെട്ടിൽ ഇരുന്നു.

ഷവർമ കടയിലെ പൂച്ചക്കണ്ണുള്ള ലബനീസ് യുവാവ് തീയിൽ ചുട്ടുവെന്ത ഇറച്ചി ചെറുതായി ചീകി എടുക്കുന്നത് കൗതുകമുള്ള കാഴ്ചയായിരുന്നു.

ബക്കാലയിലെ പ്രായമുള്ള മലയാളിയായ ജോലിക്കാരൻ പാചകവാതകകുറ്റി രണ്ടു ചക്രമുള്ള ഉന്തുവണ്ടിയിൽ കയറ്റുവാൻ ആയാസപ്പെടുന്നത് കണ്ടു. അയാളുടെ ഒട്ടിയ കവിളുകളുടെ മുകളിലെ കുഴിഞ്ഞ കണ്ണുകളിലെ ദൈന്യത തോമസിനെ അസ്വസ്ഥനാക്കി. തന്നെ സഹായിച്ച തോമസിന് നന്ദി പറഞ്ഞ വയോധികൻ ചുമച്ചു കൊണ്ട് തണുത്ത സിമെന്റ് ബെഞ്ചിൽ ഇരുന്നു. 

"മരുന്ന് വാങ്ങിയില്ലേ?  നന്നായി ചുമയ്ക്കുന്നുണ്ടല്ലോ!" അയാൾ ചോദിച്ചു. 

ജീവിതപ്രാരാബ്ദങ്ങൾ നിറഞ്ഞ ഭാരമേറിയ മനസ്സുമായി ജീവിതത്തിന്റെ മുക്കാൽ പങ്കും ആ മണലാരിണ്യത്തിലെ നഗരത്തിൽ ചിലവഴിച്ച ആ മനുഷ്യൻ തന്റെ ഭാരം തോമസിന് മുന്നിൽ ഇറക്കി വച്ചു. 

ദാരിദ്ര്യത്തിന്റെ വളമേറ്റു വളർന്ന ചെറുപ്പവും, പ്രാരാബ്ദങ്ങളുടെ ചുവയുള്ള യൗവ്വനവും, രോഗിയായ ഭാര്യയും, വിവാഹ പ്രായമായ പെൺമക്കളുമുള്ള ചോർന്നൊലിക്കുന്ന പണിതീരാത്ത വീടും കണ്ണുനീരിനൊപ്പം തോമസിനു മുന്നിൽ ഉരുകി വീണു. 

പിന്നെ അയാൾ നിശബ്ദനായി, നിറകണ്ണുകളോടെ വിദൂരതയിൽ നോക്കി ഇരുന്നു. 

"ആ കടയിലെ ഷവർമ രുചികരമാണ് അല്ലെ, എത്രയോ ആളുകളാണ് അത് കഴിക്കാൻ ദിവസവും എത്തിച്ചേരുന്നത് "

വൃദ്ധന്റെ ചിന്തകളെ വ്യതിചലിപ്പിക്കുവാനും, തന്റെ മനസ്സിനെ ശാന്തമാക്കുവാനും അയാൾ വിഷയം മറ്റൊരു ദിശയിലേക്കു ഗതിമാറ്റിവിടുവാൻ ശ്രമിച്ചു. 

വിദൂരതയിൽ നോക്കി ഇരുന്ന വൃദ്ധന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞ പുഞ്ചിരി നിറഞ്ഞു. 

"ജീവിതത്തിൽ കഴിച്ചിട്ടില്ലാത്ത ഷവർമയുടെ രുചി ഞാൻ എങ്ങനെ അറിയും സാർ? അതിനു ചിലവാക്കുന്ന അഞ്ചു രൂപ മതി സാർ എനിക്ക് ഒരു ദിവസത്തെ ചെലവ് കഴിയാൻ " അയാൾ നിർവികാരതയോടെ പറഞ്ഞു നിറുത്തി. തന്റെ ഉന്തുവണ്ടിയുമായി മുന്നോട്ടു നീങ്ങിയ അയാൾ അപ്പോളും ചുമയ്ക്കുന്നുണ്ടായിരുന്നു. 

തോമസിന് തലച്ചോറിൽ ചിതൽ അരിക്കുന്നതായി തോന്നി, മൂന്നു പതിറ്റാണ്ടുകൾ ഈ നഗരത്തിൽ കഴിഞ്ഞ ആ വൃദ്ധനു  ഷവർമയുടെ രുചി അറിയില്ല എന്നത് അയാൾക്ക് അവിശ്വനീയമായി തോന്നി.

എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന അനേകായിരം ശുചീകരണ തൊഴിലാളികളുടെയും, കടകളിലെ ജോലിക്കാരുടെയും മുഖങ്ങൾ അയാളിൽ മിന്നി മറഞ്ഞു. അവർക്ക് എല്ലാവർക്കും അപ്പോൾ ആ വൃദ്ധന്റെ മുഖമായി തോന്നി. അയാളുടെ കണ്ണുകളിലെ ദയനീയത തോമസിന്റെ മനസ്സിനെ കൊത്തിപ്പറിച്ചു. 

വിറയ്ക്കുന്ന കൈകളോടെ സിഗരറ്റു കത്തിച്ച അയാൾ പുക ആഞ്ഞാഞ്ഞു വലിച്ചു, ആ പുകച്ചുരുളുകൾക്കു പൊള്ളുന്ന ചൂടുള്ളതായി അയാൾക്ക്‌ തോന്നിത്തുടങ്ങി. ആ തണുപ്പിലും അയാളുടെ ചെന്നിയിലൂടെ വിയർപ്പു ചാലുകൾ ഒഴുകുന്നുണ്ടായിരുന്നു.

അരിശത്തോടെ അയാൾ വലിച്ചു തീരാത്ത സിഗരറ്റ് നിലത്തിട്ടു ചവിട്ടികെടുത്തി ഷവർമക്കടയിലേക്കു നടന്നു. 

പഴ്സിൽ അവശേഷിച്ച അഞ്ഞൂറ് ദർഹംസിന്റെ കറൻസി നോട്ടുമായി വൃദ്ധനെ തിരഞ്ഞു നീങ്ങിയ തോമസിന്റെ കയ്യിലപ്പോൾ ഷവർമയുടെ രണ്ടു പൊതിക്കെട്ടുകളുണ്ടായിരുന്നു. അപ്പോൾ ആ നഗരത്തിലെ ഏറ്റവും വിലയേറിയ ഭക്ഷണം ആ ഷവർമ്മയാണെന്നയാൾക്കു തോന്നി.