ADVERTISEMENT

പ്രണയശേഷം ഒരു പേര് (കഥ)

നിശബ്ദത... അത് നമുക്കിടയിൽ പുതുമയല്ല. ഈ നിമിഷത്തിലും ഞാൻ തോറ്റു തരുമെന്ന് നീ വെറുതെ പ്രതീക്ഷിച്ചിരിക്കണം. പക്ഷേ അതുണ്ടാവില്ലെന്നു മറ്റാരെക്കാളും നിനക്ക് നന്നായി അറിയാം. എല്ലായിപ്പോഴും എന്ന പോലെ, ഇപ്പോഴും നീ തന്നെ നിശബ്ദത ഭേദിച്ചു.

"നിനക്ക് സുഖമാണോ?". പതിഞ്ഞ ശബ്ദത്തിൽ, മനോഹരമായ ശബ്ദത്തിൽ നീ ചോദിച്ചപ്പോൾ, എന്തോ ...

"എനിക്ക് സുഖമാണ് " എന്നു പറയാനേ തോന്നിയുള്ളൂ.

"നമ്മൾ കണ്ടിട്ട് എത്ര നാളായി എന്ന് നിനക്കറിയുമോ? "

"ഓർക്കുന്നില്ലാ ദേവാ"

"ഭാഗ്യം നീ എന്റെ പേര് മറന്നില്ലല്ലോ"

"അതെനിക്കെങ്ങനെ കഴിയും... ഈ പേരല്ലേ എത്രയോ നാളുകളിൽ എന്റെ രാവും പകലും നിറച്ചിരുന്നത്"

"നീ അതൊന്നും മറന്നില്ലേ".....

"ഇല്ല "

"ഞാൻ നിന്നെ ഇടയ്ക്കെപ്പോഴൊക്കെയോ ഓർത്തു, പ്രത്യേകിച്ചും അവൾ അടുത്തില്ലാത്ത സമയങ്ങളിൽ... നിന്നെ ഒരുപാട് വിളിക്കാൻ ശ്രമിച്ചു. പക്ഷേ നമ്പർ നഷ്ടമായിരുന്നു"

"ഹേയ്, ഞാൻ താങ്കളെ ഒരിക്കൽ പോലും ഓർക്കാൻ ശ്രമിച്ചില്ല... പിന്നെ എപ്പോഴോ പഴയ ബുക്കുകൾ എടുക്കുന്ന സമയം ഒന്നുരണ്ട് ബുക്കുകൾ നിറച്ചും ദേവ ദേവ എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അപ്പോഴാണ്‌ ഞാൻ ഓർത്തത്‌... പിന്നെ ഇപ്പോൾ ഈ പടി കയറി വന്ന സമയം. ആദ്യം മനസിലായില്ല... പിന്നെ ആ കണ്ണുകൾ കണ്ടപ്പോൾ, പണ്ടെങ്ങോ ഞാൻ ഇഷ്ടപ്പെട്ടിരുന്ന കണ്ണുകൾ ആണ് അവ എന്ന് തിരിച്ചറിഞ്ഞപ്പോൾ, അത് ദേവനാകുമെന്നു ഉറപ്പിച്ചു"

"പിന്നെ, നീ ഇവിടെ ഈ സമയം ഉണ്ടാകുമെന്ന് ആരോ പറഞ്ഞു"

"ആരോ പറഞ്ഞതല്ല, വിനായക് ആവും പറഞ്ഞത്"

"അതെ... അവൻ തന്നെ... ജോലി എങ്ങനെയുണ്ട്?"

"കുഴപ്പമില്ല ദേവ്... അവിടെയോ? "

"എനിക്കും കുഴപ്പമില്ല. അവൾ ഇപ്പോൾ ഇവിടെയാണ്‌... രണ്ടു കുട്ടികൾ... നീ വന്നു എന്നറിഞ്ഞു. ഒന്നു കാണണമെന്ന് തോന്നി. വന്നു "

"ഏട്ടൻ ഇരിക്ക്, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം... ഇവിടെ അതിനൊന്നും ആരുമില്ലാ"

"ഞാൻ എല്ലാം അറിഞ്ഞു. ഒന്നും വേണമെന്നില്ല. വല്ലപ്പോഴും അങ്ങോട്ട്‌ വരാം... ആരും അന്യരല്ലല്ലോ" വെറുതെ ഒരു ചിരി.

"എങ്കിൽ ഞാൻ ഇറങ്ങുന്നു"

"ഉം. ശരി ഏട്ടാ, വർഷങ്ങൾക്കിപ്പുറവും എന്നെ ഓർത്തല്ലോ, സന്തോഷം"

പതിയെ പടിക്കെട്ടുകൾ ഇറങ്ങിയപ്പോൾ പുറത്തു നിന്നും ആരോ വരുന്നത് കണ്ടു ദേവൻ ഒന്നു നിന്നു. വന്ന ആൾ ചിരിച്ചു. ദേവൻ തിരിച്ചും.

"മോൻ ഏതാ?"

"ഞാൻ ഇവിടുത്തെയാ"

"എന്ത് ചെയ്യുന്നു"

"ഇപ്പോൾ എംബിഎ കഴിഞ്ഞു... ജോലിക്ക് നോക്കുന്നു"

"മോന്റെ പേരെന്താ"

"ദേവദത്ത്"

"ആരാ ഈ പേരിട്ടത് "

"എന്റെ അച്ഛൻ"

"അതെയോ... ഈ പേരിടാൻ എന്തെങ്കിലും കാരണം"

"അറിയില്ല. പക്ഷേ അച്ഛൻ ഏറ്റവും കൂടുതൽ പറയുന്നതും എഴുതുന്നതും ഈ ഒരു പേര് മാത്രമാണ്. അച്ഛന് അത്രക്കിഷ്ടമാണെന്നു തോന്നുന്നു"

ദേവൻ പതിയെ തിരിഞ്ഞു നോക്കി. ഉമ്മറത്ത്‌ അപ്പോഴും അയാളെ നോക്കി ആ കണ്ണുകൾ ഉണ്ടായിരുന്നു...

"കുഞ്ഞേ, ഞാൻ ഇറങ്ങുവാ"

"അല്ല, എനിക്ക് മനസ്സിലായില്ല, പേരെങ്ങനെയാ?"

"ഞാനോ, ഞാൻ... ദേവദത്തൻ" അതും പറഞ്ഞു ദേവൻ നടന്നു നീങ്ങി... ദേവദത്തൻ ഒന്നും മനസിലാവാതെ അവിടെ നിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com