ADVERTISEMENT

ദത്ത് (കഥ)

ആശുപത്രിയിൽ നിന്ന് യാത്ര തുടങ്ങിയിട്ട് അര മണിക്കൂറിൽ കൂടുതലായെങ്കിലും അശ്വതി വളരെ നിശബ്ദയായിരുന്നു. ഒരിക്കൽ നക്ഷത്രങ്ങൾ പോലെ തിളങ്ങിയിരുന്ന അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. കവളിലൂടെ ഒലിച്ചിറങ്ങിയിരുന്ന കണ്ണുനീർ തുടയ്ക്കണമെന്ന് പ്രണവിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അങ്ങനെ ചെയ്താൽ ഒരു പക്ഷേ അവൾ വാവിട്ട് കരഞ്ഞാലോയെന്ന് അവൻ ശരിക്കും ഭയപ്പെട്ടു. 

അതുകൊണ്ടു തന്നെ സ്വന്തം ചിന്തകളിൽ സ്വയം നിശബ്ദനായി ഇരുന്ന് അവനും കാറോടിച്ചു. നാലു വർഷത്തെ പ്രണയത്തിനു ശേഷം, വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ എട്ട്  വർഷത്തോളമായി. ഇതു വരെ കുട്ടികളായിട്ടില്ല.

അഞ്ചു വർഷമായിട്ട് വളരെ പ്രശസ്തനായ ഒരു ഡോക്ടറുടെ കീഴിൽ ചികിത്സയിലാണ്. പക്ഷേ ഡോക്ടറിനും പ്രതീക്ഷ ഇല്ലാതായിരിക്കുന്നു. കുറേ നാളായി ഡോക്ടർ ഒരു കുഞ്ഞിനെ ദത്ത് എടുക്കുന്നതിനെപറ്റി പറഞ്ഞ് അവരെ പ്രോൽസാഹിപ്പിക്കുന്നു.

കുറേ ആലോചനകൾക്കു ശേഷം ഒരു കുഞ്ഞിനെ ദത്ത് എടുക്കാൻ അവർ തീരുമാനിച്ചെങ്കിലും, കുടുംബത്തിൽ എല്ലാവർക്കും അതിനോട് യോജിക്കാനായില്ല. 

കല്ല്യാണ സമയത്ത് ജാതകം നോക്കിയപ്പോൾ തന്നെ പണിക്കർ പറഞ്ഞതാണ് സന്താനഭാഗ്യം ഉണ്ടാകില്ലായെന്ന്.

അതുകൊണ്ടു തന്നെ കടുത്ത എതിർപ്പിനെ അവഗണിച്ചും, നേരിട്ടുമാണ് കല്യാണം നടന്നത്. പണിക്കർ പറഞ്ഞത് അച്ചട്ടായി.

അങ്ങനത്തെ ഒരു അവസ്ഥയിൽ ഒരു കുഞ്ഞിനെ ദത്ത് എടുക്കുന്ന കാര്യം കുടുംബത്തിൽ അവതരിപ്പിക്കാൻ തന്നെ നല്ല പാടുപെട്ടു.

എല്ലാവരും എതിർത്തു. കുഞ്ഞിനെ ദത്ത് എടുക്കുന്നതിനെക്കാൾ നല്ലത് വിവാഹമോചനം നടത്തി, വേറെ കെട്ടുന്നതാണെന്ന് അശ്വതി കേൾക്കേ തന്നെ അച്ഛൻ പറഞ്ഞു.

അന്നു മുതൽ കുഞ്ഞിനെ ദത്ത് എടുക്കണമെന്ന് അവൾ ഒരേ പിടിവാശിയിലാണ്. കുടുംബക്കാർ എല്ലാം ഒരു വശത്തും, അശ്വതി മറുവശത്തുമായി ഇപ്പോൾ ഒരു ശീതയുദ്ധത്തിലാണെന്ന് പറയാം. നടുവിൽ നിസ്സഹായാവസ്ഥയിൽ പ്രണവും.

കുറേ നേരെത്തെ നിശബ്ദതയ്ക്കു ശേഷം, കണ്ണ് തുടച്ചു കൊണ്ട്, അശ്വതി പ്രണവിന്റെ നേരെ തിരിഞ്ഞ് ചോദിച്ചു,

"എന്താണ് പ്രണവേട്ടന്റെ തീരുമാനം ?" ചോദിക്കുന്നത് എന്തിനെ പറ്റിയാണെന്ന് അവന് അറിയാമെങ്കിലും അവൻ വെറുതേ ചോദിച്ചു, 

''എന്ത് ?" ഒന്ന് കടുപ്പിച്ച് നോക്കി കൊണ്ട് അവൾ പറഞ്ഞു,

"ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുന്ന കാര്യം?".

"അശ്വതി, കുട്ടിയെ ദത്ത് എടുക്കാൻ എനിക്ക് കുഴപ്പമൊന്നുമില്ലായെന്ന് ഞാൻ നേരെത്തെ പറഞ്ഞതാണ്. പക്ഷേ, നമ്മുടെ കുട്ടിയാകുമ്പോൾ വീട്ടിലും കുടുംബത്തിലും എല്ലാവരും അതിനെ ഉൾകൊള്ളണ്ടേ. അല്ലങ്കിൽ എന്താ കാര്യം".

"നിങ്ങളുടെ കുടുംബക്കാർക്ക് ഭ്രാന്ത്രാ... " അവൾ ചീറി, " ലോകം ഇത്ര മുൻപോട്ട് പോയതൊന്നും അവർ അറിഞ്ഞിട്ടില്ല. അടുത്ത കല്ല്യാണം കഴിച്ചാൽ കുഞ്ഞ് ഉണ്ടാകുമെന്ന് എന്ത് ഉറപ്പാണ് അവർക്കുള്ളത്. നിങ്ങൾ അവർ പറയുന്നതും കേട്ടിരുന്നോ, ഇത് നമ്മളെ പിരിക്കാനുള്ള അവരുടെ ബുദ്ധിയാ "

അവൾ പറയുന്നത് മുഴുവൻ ശരിയായതു കൊണ്ട്, അവൻ മിണ്ടിയേയില്ല.

'' ഏതായാലും നീയൊന്ന് സമാധാനപ്പെട്, ഞാൻ എല്ലാവരോടും ഒന്ന് കൂടി സംസാരിക്കട്ടെ." പ്രതീക്ഷയൊന്നുമില്ലെങ്കിലും അവളെ സമാധാനിപ്പിക്കാൻ അവൻ വെറുതെ പറഞ്ഞു.

അന്ന് രാത്രി അത്താഴത്തിന് എല്ലാവരും ഇരുന്നപ്പോൾ പ്രണവ് വിഷയം എങ്ങനെ അവതരിപ്പിക്കും എന്ന ആധിയിലായിരുന്നു.

അശ്വതി വീട്ടിൽ എത്തിയപ്പോൾ തൊട്ട് മുഖം തരുന്നില്ല. എല്ലാവരുമുള്ള വീട്ടിൽ താൻ തീരെ ഒറ്റപ്പെട്ടെന്ന് അവന് തോന്നി. സംസാരം തുടങ്ങി വയ്ക്കാൻ ഒരു അവസരം കിട്ടാതെ വിഷമിച്ചിരുന്നപ്പോളാണ് അച്ഛൻ പെട്ടെന്ന് ചോദിച്ചത്,

'' ആശുപത്രിയിൽ പോയിട്ട് എന്തായി?".

"പതിവ് കാര്യങ്ങൾ തന്നെ, പുരോഗതിയൊന്നുമില്ല" അടുക്കളയിലേക്ക് എന്തോ എടുക്കാൻ പോയ അശ്വതി കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തി പ്രണവ് പറഞ്ഞു. അച്ഛനും, അമ്മയും ഒരു പോലെ അമർത്തി മൂളിയത് പ്രണവിനെ ഇത്തിരി അസ്വസ്ഥനാക്കി.

ഇത്തിരി വെള്ളം കുടിച്ചിറക്കി പ്രണവ് ഒരു സന്ദേഹത്തോടെ ആരോട് എന്നില്ലാത്തതു പോലെ പറഞ്ഞു.

"ഞങ്ങൾ ഒരു കുട്ടിയെ ദത്ത് എടുക്കുന്നതിനെ പറ്റി കാര്യമായി ആലോചിക്കുകയാണ്"

പീന്നിട് ആ മുറിയിൽ നടന്ന കാര്യങ്ങൾ പ്രണവിന് ജീവിതത്തിൽ മറക്കാൻ കഴിയാത്ത കാര്യങ്ങളാണ്.

അച്ഛനും, അമ്മയും ശക്തമായി എതിർത്തു. ദത്തിനേക്കാൾ നല്ലത് വിവാഹമോചനം തന്നെയാണ് എന്ന വ്യക്തമായ നിലപാടിലായിരുന്നു അവർ. അടുത്ത് താമസിക്കുന്ന അമ്മാവനേയും, അമ്മായിയേയും കൂടി അമ്മ ഒരു ബലത്തിന് വിളിച്ചു വരുത്തിയതോടു കൂടി കാര്യങ്ങൾ ആകെ കൈവിട്ടു പോയി.

ഒച്ചപ്പാടും ബഹളവും കാരണം അയൽക്കാർ എല്ലാം എത്തി നോക്കാൻ തുടങ്ങിയപ്പോൾ പ്രണവിന് ഈ സംസാരം എങ്ങനെയെങ്കിലും നിർത്തിയാൽ മതിയെന്നായി. പറഞ്ഞ് ജയിക്കാനാവില്ലെന്ന് മനസ്സിലായതോടെ പ്രണവ് തന്റെ മുറിയിലേക്ക് പോയി. ഈ സംസാരം മുഴുവൻ നടക്കുമ്പോൾ അശ്വതി അവിടെ ഇല്ലായിരുന്നത് പ്രണവിന് ഒരു ആശ്വാസമായി തോന്നി. അല്ലെങ്കിൽ അവളുടെ മുഖത്ത് വിരിയുന്ന നൊമ്പരം കൂടി കാണേണ്ടി വന്നേനെ.

കിടപ്പ് മുറിയിലേക്ക് പ്രണവ് ചെല്ലുമ്പോൾ, അശ്വതി എന്തൊക്കെയോ ഒരു സ്യൂട്ട് കേസിലേക്ക് വാരി ഇടുകയായിരുന്നു. പതിവിലും വിപരീതമായി അവളുടെ മുഖം വളരെ ശാന്തമായിരുന്നു.

ഒന്ന് ദീർഘശ്വാസം എടുത്തു കൊണ്ടാണ് പ്രണവ് സംസാരിച്ചത്, 

"അശ്വതി, നീ എന്തെടുക്കുകയാ?"

ഒന്ന് നോക്കിയതല്ലാതെ അവൾ മറുത്തൊന്നും പറഞ്ഞില്ല. സാധാരണ വീട്ടിലിടുന്ന വസ്ത്രങ്ങൾ മാറ്റി ഒരു യാത്രയ്ക്ക് പറ്റിയ വസ്ത്രങ്ങളായിരുന്നു അവൾ അപ്പോൾ ധരിച്ചിരുന്നത്.

''എന്തിനാ നീ പെട്ടിയടുക്കുന്നേ, എന്താ നിന്റെ ഉദ്ദേശം? " എത്ര ശ്രമിച്ചിട്ടും പ്രണവിന്റെ ശബ്ദം പതറി പോയി. 

പെട്ടി അടച്ച്, അത് കട്ടിലിൽ നിന്ന് നിലത്തേക്ക് മാറ്റി കൊണ്ട് അശ്വതി പ്രണവിന്റെ അടുത്തേക്ക് വന്നു.

നേരെ അവന്റെ മുൻപിൽ എത്തിയ അവൾ, അവന്റെ കണ്ണിലേക്ക് ആഴത്തിൽ നോക്കി, എന്നിട്ട് വളരെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു,

"പ്രണവേട്ടാ, ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്, വണ്ടിയുമായി വരാൻ അച്ഛനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് "

"എന്ത് തോന്ന്യാസമാണ് നീ പറയുന്നത്, അങ്ങനെയൊന്നും ഇവിടുന്ന് പോകാൻ പറ്റില്ല". പ്രണവിന്റെ ശബ്ദം ഉച്ചത്തിലായി.

പെട്ടെന്ന് കൈ എടുത്ത് അവനെ തടഞ്ഞ് കൊണ്ട് അശ്വതി പറഞ്ഞു, ''പറ്റും, വെറുതെ ഒച്ചയിട്ട് എല്ലാവരെയും അറിയിച്ചാൽ ഏട്ടന് തന്നെയാകും നാണക്കേട് ". അവളുടെ ശബ്ദം കൂടുതൽ ഉറച്ചതായി.

"പ്രണവേട്ടാ, രണ്ട് കോടിലധികമാണ് ഇന്ത്യാ മഹാരാജ്യത്ത് അനാഥപിള്ളേരുടെ എണ്ണം, കേരളത്തിൽ മാത്രം രണ്ട് ലക്ഷം അനാഥപിള്ളേരുണ്ടെന്നാണ് ഏകദേശ കണക്ക്, അതിൽ ഒരു കുഞ്ഞിനെ ദത്ത് എടുക്കാനാണ് എന്റെ തീരുമാനം". 

ഒന്ന് നിർത്തിയിട്ട് അവൾ തുടർന്നു

''ഇത്രയും കുട്ടികൾ മാതാപിതാക്കൻമാരെ തേടി നടക്കുമ്പോൾ, എട്ട് വർഷം ചികിത്സക്ക് വേണ്ടി കളഞ്ഞതിൽ എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നുന്നു. സ്വന്തം കുട്ടിയെ സ്നേഹിക്കാൻ പറ്റുന്നവർക്ക് അന്യന്റെ കുട്ടിയേയും സ്നേഹിക്കാൻ കഴിയണം. അല്ലാത്തവർ മനുഷ്യരല്ല".

"ഇതൊക്കെ ഈസിയായി നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ, എന്തെല്ലാം നിയമപരമായ പ്രശ്നങ്ങൾ ഇതിൽ ഉണ്ടെന്ന് നിനക്ക് അറിയാമോ". അശ്വതിയെ നിരുത്സാഹപ്പെടുത്താൻ പറഞ്ഞതാണെങ്കിൽ കൂടിയും പ്രണവിന്റെ ശബ്ദത്തിൽ തളർച്ച വ്യക്തമായിരുന്നു.

"അറിയാം ഏട്ടാ, ഇത് ഇന്ത്യയാണ്, ഇത് കേരളമാണ്, ഒരാൾ ഒരുമ്പിട്ട് ഇറങ്ങിയാൽ ഇവിടെയെന്തും നടക്കും, പ്രത്യേകിച്ച് ഒരു പെണ്ണ്. നിങ്ങളുടെ കുടുംബം ഒഴിച്ച്, കേരളം മൊത്തം എന്റെ കൂടെ നിൽക്കും. അല്ലെങ്കിൽ തന്നെ തെരുവിൽ അലഞ്ഞു നടക്കുന്ന ഒരു കുഞ്ഞിനെ എടുത്ത് കൂടെ നിർത്തി സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിക്കാൻ എനിക്ക് ആരുടേയും അനുവാദം വേണ്ടാ".

പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടപ്പോൾ പെട്ടിയും എടുത്തു കൊണ്ട് വീണ്ടും പ്രണവിന്റെ അടുത്തേക്ക് വന്ന് അശ്വതി പറഞ്ഞു, 

"ഏട്ടനെ ഉപേക്ഷിച്ച് പോകുകയാണെന്ന് കരുതരുത്, എന്റെയും, നമ്മുടെ കുഞ്ഞിന്റെയും വീടും, മനസ്സും എന്നും പ്രണവിനു വേണ്ടി തുറന്നിട്ടിരിക്കും, എന്നെങ്കിലും കുടുംബക്കാരെ പറഞ്ഞ് മനസ്സിലാക്കാൻ സാധിച്ചാൽ ഞങ്ങളുടെ അടുത്തേക്ക് വരണം.

അവന്റെ കവിളിൽ അമർത്തി ചുംബിച്ചോണ്ട് അശ്വതി പറഞ്ഞു, "ഞാൻ കാത്തിരിക്കും." അവൾ മഴവില്ല് വിരിഞ്ഞതു പോലെ ചിരിച്ചു.

ശേഷം മരവിച്ച് നിന്നു പോയ പ്രണവിനേയും അവന്റെ കുടുംബക്കാരേയും കടന്നു പെട്ടിയുമായി ഇരുട്ടിലേക്ക് അവൾ നടന്നു പോയി.

എവിടെയോ ഒരു അഴുക്ക് ചാലിൽ ഒരു കുട്ടി അമ്മയെ സ്വപ്നത്തിൽ കണ്ട് പുഞ്ചിരിക്കുയായിരുന്നു അപ്പോൾ.

സമർപ്പണം : എല്ലാ എതിർപ്പുകളെയും തരണം ചെയ്ത് കുട്ടികളെ സ്വന്തമാക്കിയ മാതാപിതാക്കൾക്ക്.