ADVERTISEMENT

മോമുവും  മനുവും  പിന്നെ  പേടകവും (കഥ)

ഈ കഥ നടക്കുന്നത് അങ്ങ് ചന്ദ്രനിൽ ആണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികൾ അധിവസിക്കുന്ന തമ എന്ന ഗർത്തം. പൊടികാറ്റുകൊണ്ടും ലവണ സമൃദ്ധികൊണ്ടും സമ്പുഷ്ടമായ ഗർത്തം. അതിൽ താമസിക്കുന്ന മോമുവിന്റെ കുടുംബത്തിന്റെ പേരാണ് ഗർത്തത്തിനും, കാരണം അവരായിരുന്നു വളരെ പ്രബലമായ കുടുംബം. മോമുവിന്റെ മുത്തച്ഛൻ അറിയപ്പെടുന്ന കച്ചവടക്കാരൻ ആയിരുന്നു. കൂടാതെ ഒരുപാടു അത്ഭുത സിദ്ധികൾ  ഉള്ള വ്യക്തിയായിരുന്നു. ഭൂമിയിലൊക്കെ പോയിട്ടുണ്ടത്രേ. അങ്ങനെ ഭൂമിയിൽ വന്നു കഴിച്ച ഇഷ്ടപ്പെട്ട പലഹാരത്തിന്റെ പേരാണ് കൊച്ചുമകന് ഇട്ടത്.

മോമുവിന്റെ അച്ഛന്റെ പേര് ആണ് "പ്യൂപ്പ". അമ്മ "പ്യൂമ". പ്യൂപ്പ സ്വന്തമായി ട്രാവൽ ഏജൻസി നടത്തുന്നു. ഭൂമിയിലേക്ക്‌ ഒഴികെ മറ്റെല്ലാ ഗ്രഹത്തിലേക്കും നക്ഷത്രങ്ങളിലേക്ക് ഉൾപ്പെടെ സർവീസ് നടത്തുന്ന പ്രശസ്തമായ ഏജൻസി. പ്യൂമ കുടുംബ ബിസിനസ്സ് ആയ ധാതുക്കൾ കേറ്റി അയക്കുന്ന കച്ചവടം നടത്തുന്നു.

പ്യൂമക്കും പ്യൂപ്പക്കും ഏറെ കാലങ്ങൾ ആയി മക്കൾ ഇല്ലാരുന്നു. അങ്ങനെ മുത്തച്ഛൻ ഭൂമിയിൽ തന്റെ കഴിവും പണവും ഉപയോഗിച്ചു വന്നു പ്രാർഥിച്ച് ഉണ്ടായ മകനാണ് മോമു. നല്ല ജീവിതം നയിക്കുന്ന ആൾക്കാരെ മരണ ശേഷം ഭൂമിയിൽ അയക്കും എന്നാണ് ഗർത്തത്തിൽ ഉള്ളവരുടെ വിശ്വാസം. അവരുടെ പ്രമാണ ഗ്രന്ഥത്തിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ ആണ്. മോമുവിന്റെ വീട്ടിലും ഉണ്ട് അങ്ങനെ ഒരു പ്രമാണ പാറ. മോമുവിന്റെ മുത്തച്ഛൻ മരണ ശേഷം ഭൂമിയിൽ എത്തി എന്നാണ് മോമുവിന്റെ വിശ്വാസം. മുത്തച്ഛനെ ഒരുപാടു മിസ് ചെയ്യുമ്പോൾ മോമു കുറച്ചു സമയം ഭൂമിയെ നോക്കി നിൽക്കും. അപ്പോൾ മുത്തച്ഛൻ മോമുവിനോട് സംസാരിക്കുന്ന പോലെ തോന്നും. ഭൂമിയെ പറ്റി ഒരുപാട് പാട്ടുകൾ ഗർത്തത്തിൽ പ്രചാരത്തിൽ ഉണ്ട്. നീല ഭൂമി എന്നും കവികളുടെ ഇഷ്ട വിഷയമാണ്. മോമുവും ഒരുപാട്ട് പഠിച്ചത് പാടി.

അങ്ങനെ ഇരിക്കെ ഒരു ദിവസം....

പ്യൂമ: "മോമു ഉൽക്ക മഴയിൽ കളിക്കാതെ വീട്ടിൽ കേറി പോകു "

മോമു: "നല്ല പൊടികാറ്റുണ്ട് ഞാൻ കുറച്ചുകൂടി കളിക്കട്ടെ, നല്ല രസം... പൊടിക്കാറ്റ് ഉൽക്കമഴ മുത്തച്ഛന്റെ പാട്ട്, ഓ അന്തസ്..."

പ്യൂമ: "നിന്‍റെ അന്തസ്... അച്ഛൻ പ്ലൂട്ടോയിൽ പോയതുകൊണ്ട് മുതലാക്കുകയാണല്ലേ, കേറിപ്പോടാ അകത്ത്..."

നല്ല വഴക്കു കേട്ട മോമു അകെ വിഷമത്തിലായി. പണ്ട് മുത്തച്ഛന്റെ കൂടെ പൊടിക്കാറ്റ് നുകർന്ന് നടന്നത് ഓർമയിൽ വന്നു. വെറുതെ ഭൂമിയിലേക്ക്‌ നോക്കി മുത്തച്ഛനെ ഓർത്തു നിന്നു.

അപ്പോഴാണ് അത് സംഭവിച്ചത് പേടകം പോലെ എന്തോ ഒരു വസ്തു വീട്ടു മുറ്റത്തു വീണു. ശബ്‌ദം കേട്ട് അപ്പുറത്തുള്ള ഗർത്തത്തിൽ ഉള്ളവരും എത്തി. ഭൂമിയിൽ നിന്നുള്ള വസ്തു ആണെന്ന് ചിലർ പറഞ്ഞു. പ്യൂമ കൂടുതൽ പരീക്ഷണങ്ങൾ നടത്തി ചന്ദ്രനിൽ ഉള്ള ധാതുക്കൾ അല്ല എന്ന് തിട്ടപ്പെടുത്തി.

ചന്ദ്രനെ കുറിച്ച് പഠിക്കാൻ ഭൂമിയിൽ നിന്നും അയച്ച പേടകം ചെന്നു വീണത് മോമുവിന്റെ വീടിന്റെ മുൻപിലാരുന്നു. ഗർത്തവാസികൾ  ഓടിക്കൂടി. ഭൂമിയിൽ നിന്നും അയച്ച  അന്യഗ്രഹ പേടകമാണെന്നു പരക്കെ സംസാരമായി. തന്റെ വിഷമം കണ്ടിട്ട് മുത്തച്ഛൻ ഭൂമിയിൽ നിന്നും പറഞ്ഞ് അയച്ച പേടകമെന്ന് മോമുവും കരുതി.

എന്തൊക്കെയായാലും മോമുവിന്റെ കുടുംബത്തിൽ സംഭവങ്ങളുടെ ഘോഷയാത്ര തന്നെ ആയിരുന്നു. കുടുംബ കച്ചവടം കൂടുതൽ അഭിവൃദ്ധി പ്രാപിച്ചു. സംഭവം നടക്കുമ്പോൾ പ്യൂപ്പ അങ്ങ് പ്ലൂട്ടോയിൽ പോയിരിക്കുവായിരുന്നല്ലോ... വർഷങ്ങളായി തടസ്സപ്പെട്ട് കിടന്നിരുന്ന കച്ചവടം പ്ലൂട്ടോയിൽ തുടങ്ങാൻ സാധിച്ചു. വേഗം പേടകം കാണുവാൻ പ്യൂപ്പ ചന്ദ്രനിലേക്ക് പുറപ്പെട്ടു.

കാര്യങ്ങൾ ഗർത്തത്തിൽ മുഴുവൻ പാട്ടായി. മോമുവിന്റെ വീട് ഒരു പ്രാർത്ഥനാലയം ആയി. ഭൂമിയെ ഓർത്തു പ്രാർത്ഥിക്കുവാനും പേടകം തൊട്ടു വണങ്ങാനും ഗർത്ത വാസികൾ തിരക്കു കൂട്ടി. ഭാഗ്യം മുഴുവൻ മോമുവിന്റെ കുടുംബം കൊണ്ടുപോയാലോ എന്ന് പലരും ശങ്കിച്ചു. പുതിയ പേടകം അവരുടെ വീട്ടു മുറ്റത്തു വീഴുവാൻ ഭൂമിയോടു പ്രാർത്ഥിച്ച് പലരും പിരിഞ്ഞു. മറ്റുചിലർ മുത്തച്ഛന് മോമുവിനോടുള്ള സ്നേഹത്തെ ഓർത്തു.

പ്ലൂട്ടോയിൽ നിന്നും വന്ന പ്യൂപ്പ പേടകം കുടുംബത്തിൽ ദർശനത്തിനു വച്ചു. പേടകം വന്നു വീണ സ്ഥലവും ദിവസവും ഭൂമിയുടെ അനുഗ്രഹം ഉള്ളതായി കരുതി പോന്നു. പ്രത്യേക ആഘോഷങ്ങളും അനുഷ്‌ടാനങ്ങളും അതിനോട് ചേർന്ന് ഗർത്തവാസികൾ തുടങ്ങി. മോമുവിന്റെ കുടുബത്തിനു ലഭിച്ച അനുഗ്രഹം തങ്ങൾക്കും കിട്ടാൻ എല്ലാരും ആത്മാർത്ഥമായി ആഗ്രഹിച്ചു.

വീഴ്ചയിലെ പിഴവുമൂലം പേടകത്തിന് ഭൂമിയുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടതും ശാസ്ത്രജ്ഞർ നിരാശയിൽ വീണു. ചന്ദ്രനിൽ വീണ പേടകത്തിൽ മുഴുവൻ പൊടിപടലങ്ങൾ അടിഞ്ഞു ചേർന്നിരുന്നു. ആയതിനാൽ പൂർണമായി വ്യക്തമായിരുന്നില്ല.

ഭൂമിയിൽ നിന്നും മുത്തച്ഛൻ അയച്ച പേടകം പൂർണമായി തുടച്ചു വൃത്തിയാക്കാൻ മോമു ആഗ്രഹിച്ചു. ഗർത്തവാസികൾ അത് വിലക്കി. ഭൂമിയിൽ നിന്നും പൊടിപുരട്ടി അയച്ചതാണെന്നും അത് വൃത്തിയാക്കിയാൽ ഭൂമി കോപം ഉണ്ടാവുകയും മരണ ശേഷം ഭൂമിയിൽ എത്താതിരിക്കുകയും ചെയ്യുമെന്നും പറഞ്ഞു പിന്മാറ്റി. വൃത്തിയാക്കാൻ മോഹം മോമുവിന്റെ മനസ്സിൽ ഇരട്ടിച്ചു, മോമു ഭൂമിയെ നോക്കി എന്നാലും എന്റെ ഭൂമിയെ ഇതൊന്നു വൃത്തിയാക്കാൻ സമ്മതിക്കണേ....

അതേ സമയം ഭൂമിയിൽ മനു എന്ന നാലാം ക്ലാസുകാരന്റെ വീട്ടിൽ.

മനുവിന്റെ അമ്മ "ഡാ മനു  ഹോം വർക്ക് ചെയ്യാൻ  പറഞ്ഞിട്ട്  നീ വെറുതെ ആകാശം നോക്കി ഇരിക്കുവാണോ."

മനു "അമ്മെ നമ്മൾ അമ്പളിയമ്മാവന്റെ അടുത്ത് എങ്ങനെയാ പോവുന്നത്. നമ്മൾ അയച്ച പേടകത്തിന് എന്തു പറ്റി അമ്മേ?"

അമ്മ "ഇരുന്നു പഠിക്കെടാ അതൊക്കെ നോക്കേണ്ടവർ നോക്കിക്കൊള്ളും..."

മനു "എന്റെ അമ്പളി അമ്മാവാ... പേടകത്തിന് എന്തു പറ്റി..."

മനുവിന്റെയും മോമുവിന്റെയും പ്രാർത്ഥന കേട്ട ഭൂമി ചന്ദ്രനെ നോക്കി. ചന്ദ്രൻ തിരിച്ചു നിസ്സഹായതയിൽ ചിരിച്ചു.

അപ്പോൾ മോമുവിന്റെ  മനസ്സിൽ സൂത്ര പണി ഉദിച്ചു. പേടകത്തിൽ അടിഞ്ഞ പൊടിപടലം കുറച്ചെടുത്തു വീട്ടിൽ വെച്ചാൽ സമൃദ്ധി ഉണ്ടാവും എന്ന് മുത്തച്ഛൻ സ്വപനത്തിൽ ഭൂമിയിൽ നിന്നും വന്നു പറഞ്ഞു എന്ന് ഒരു പ്രസ്താവന ഇറക്കി ഗർത്തത്തിൽ. ഇത് ഗർത്തവാസികളുടെ ഇടയിൽ പ്രചാരം നേടി. നിമിഷനേരം കൊണ്ട് പേടകം പൂർണമായി വൃത്തിയായി. സന്തോഷം കൊണ്ട് മോമു തുള്ളിച്ചാടി ഭൂമിയുടെ അനുഗ്രഹത്തിന് നന്ദി പറഞ്ഞു...

അപ്പോഴേക്ക് ഹോം വർക്ക് എഴുതി തീർത്ത മനു ടിവിയിലെ വാർത്ത കേട്ടു, പേടകത്തിൽ നിന്നും ആദ്യ സിഗ്നൽ ശാസ്ത്ര ലോകത്തിനു ലഭിച്ചു എന്നത്. മനു അമ്പിളി അമ്മാവന്റെ അനുഗ്രഹത്തിന് നന്ദി പറഞ്ഞു.

ഭൂമിയും ചന്ദ്രനും പരസ്പരം ചിരിച്ചു.