ADVERTISEMENT

ചോദ്യോത്തരങ്ങൾ (കഥ)

വെയിൽ ചുട്ടുപൊള്ളുന്നൊരു നട്ടുച്ചയ്ക്കാണ് എഴുപതുകഴിഞ്ഞ ഒരു അമ്മ അവശയായി അവളുടെ വീട്ടുപടിക്കലിരിക്കുന്നത് കണ്ടത്! എന്തുചെയ്യണമെന്നറിയാതെ ബിജിത പൂമുഖവാതിലും തുറന്നു പിടിച്ചങ്ങനെ ഇത്തിരിനേരം നിന്നു. വീട്ടിലാരുമില്ല... കാണാൻ നല്ല ഐശ്വര്യമുള്ളോരമ്മ. മുമ്പെങ്ങും കണ്ടു പരിചയവുമില്ല. ചുളിവുകൾ വീണ വെളുത്ത മുഖത്തു കണ്ണീരുണങ്ങിയ നേർത്ത പാടുകൾ. 

സ്നേഹാന്വേഷണങ്ങൾക്കൊടുവിൽ ആയമ്മയ്ക്ക് കരുത്തരായ മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളുമുണ്ടെന്ന് മനസ്സിലായി. വിവാഹമൊക്കെ കഴിഞ്ഞു എല്ലാവരും സ്വസ്ഥമായി ജീവിക്കുന്നു. ഇളയ മകനൊപ്പമാണ് ആയമ്മ താമസം. ചിക്കിചികഞ്ഞു ചോദിച്ചിട്ടും അവരൊന്നും വിട്ടു പറയുന്നുമില്ല... അവളാകെ വിഷമിച്ചു. കണ്ണീരുണങ്ങിയ മുഖം നേര്യതിന്റെ തുമ്പെടുത്തു തുടച്ചിട്ട് കയ്യിലെ തുണിഭാണ്ഡവും നെഞ്ചിലടക്കി പിടിച്ചുകൊണ്ടവർ ദൂരേക്ക് നോക്കിയിരുന്നു... 

അവരങ്ങനെ പൂമുഖത്തു സങ്കടപ്പെട്ടിരിക്കുമ്പോൾ വാതിലടച്ച് അകത്തേക്ക് പോകാനുമൊരു മടി. എന്തൊക്കെയോ അശുഭചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. എന്തും വരട്ടെയെന്നു വിചാരിച്ചു വാതിൽ പാതി ചാരി, പെട്ടെന്ന് മധുരം കുറച്ചൊരു ചായയുമിട്ടു രണ്ടു ദോശയും ചട്ട്ണിയുമായി വേഗം അവർക്കരികിലെത്തി. അവരപ്പോഴും അതെ ഇരുപ്പുതന്നെ. ഒരിറക്ക് ചായപോലും കുടിക്കാനവർ തയാറായില്ല. അവൾക്കേറെ വിഷമം തോന്നി. 

“അകത്ത് കയറിയിരിക്കമ്മേ..” 

ബിജിത ക്ഷണിച്ചു. നിഷേധാർഥത്തിൽ അവര് തലയാട്ടി. ഇനിയെന്തു ചെയ്യും? അവർക്കരികിൽ കസേരയിൽ  ചിന്തകളോടെ അവളുമിരുന്നു. പെട്ടന്നാണ്, അവൾക്കുനേരെ അവരൊരു ചോദ്യമെറിഞ്ഞത്.

“മോൾക്കെത്ര മക്കളാ..? ”

“രണ്ടു മക്കൾ.” അത് കേട്ടതും ആയമ്മയുടെ മുഖത്തൊരു വാടിയ പുഞ്ചിരി പ്രത്യക്ഷമായി. 

“രണ്ടും ആൺമക്കളാണോ ..?"

“അല്ലമ്മേ... രണ്ടും പെൺകുട്ടികളാ..." പെട്ടെന്നാണവരുടെ മുഖഭാവം മാറിയത്. കേൾക്കാനിഷ്ടപ്പെടാത്തതെന്തോ കേട്ടപോലെ...

“ആൺകുട്ടി വേണ്ടേ..?”

“വേണ്ടമ്മേ... പെൺകുട്ടികൾക്കെന്താണൊരു കുഴപ്പം?”

അതിനുശേഷം അവരൊരക്ഷരം അവളോട് മിണ്ടിയില്ല. തുണിക്കെട്ടും മാറോടടക്കി പിടിച്ചു ഭിത്തിയിലേക്ക് ചാരി കൂനിക്കൂടിയിരുന്നു. അമർഷത്തോടെ... ആഹാരവുമെടുത്തു വാതിലടച്ചു ബിജിത അകത്തേക്ക് കയറിപ്പോന്നു... 

ഏറെ താമസിക്കാതെ, പുറത്തൊരു ബഹളം കേട്ടുകൊണ്ടാണ് ടിവി ഓഫാക്കി അവളെണീറ്റത്. വാതിൽ തുറന്നു നോക്കുമ്പോൾ ആ അമ്മയെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന ഇളയ മകൻ..! ആ ദീനരോദനം കേൾക്കാനാവാതെ ചെവി പൊത്തിക്കൊണ്ടവൾ അകത്തേക്ക് വലിഞ്ഞു...

അതുകണ്ട് തീപാറുന്ന നോട്ടവുമായി സൂര്യനപ്പോഴും തലയ്ക്കു മുകളിൽ ജ്വലിച്ചു നിന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com