പകരം വീട്ടാൻ കാത്തിരുന്നത് പതിനാറു വർഷം, ഇത് പെൺപ്രതികാരം
Mail This Article
കുഞ്ചു (കഥ)
ഒപ്പം പഠിക്കുന്ന അരുണിനെ സ്കൂളിൽ വച്ച് ഡസ്റ്റർ കൊണ്ട് എറിഞ്ഞതിനു പകരം വീട്ടാനായി അവന്റെ നരുന്ത് പോലത്തെ അനിയത്തി അഞ്ജു എന്റെ ഷർട്ടില് ഹീറോപെൻ മഷികുടഞ്ഞതു മുതൽ തുടങ്ങിയതാണ് എനിക്ക് ആ വാശി...
എനിക്ക് അത് ഒരു ക്ഷീണമായിരുന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഞാനെങ്ങനെ എൽകെജിയിൽ പഠിക്കുന്ന ആ കുരിപ്പിനോട് പകരം വീട്ടും... അത് നാണക്കേട് അല്ലേ... പകരത്തിന് പകരം തന്നെ വേണം.. അതിന് എനിക്ക് ഒരു കുരിപ്പിനെ വേണം.
അതിന്റെ പേരിൽ അമ്മയോട് മിണ്ടാതെ ഞാനൊരുപാട് തവണ ഉറങ്ങാതിരുന്നിട്ടുണ്ട്.
"ഉണ്ണീ... അതൊക്കെ ദൈവം തരുന്നതാ... ഭാഗ്യമുണ്ടേൽ ഉണ്ണിക്കും കിട്ടും ഒരു കുഞ്ഞനുജത്തിയെ.." അമ്മൂമ്മ എന്നെ ആശ്വസിപ്പിക്കാനായാണ് അത് പറഞ്ഞതെങ്കിലും എനിക്ക് അത് തൃപ്തിയായിരുന്നില്ല...
എനിക്ക് അങ്ങനെ ഒരു സാധാ അനിയത്തിയെ കിട്ടിയാൽ പോരായിരുന്നു... അവന്റെ അനിയത്തി അഞ്ജുവിനേക്കാൾ ചുണകുട്ടിയായ ഒരു ചിമിട്ടിനെ തന്നെ ആയിരുന്നു എനിക്ക് ആവശ്യം.
അന്നു മുതൽ ഞാൻ ദൈവത്തോട് മനസ്സുരുകി പ്രാർഥിക്കാൻ തുടങ്ങി. സൽസ്വഭാവിയും സർവ്വോപരി നിഷ്കളങ്കനുമായ എന്റെ പ്രാർഥനയിൽ മയങ്ങിപ്പോയ ദൈവം എന്റെ ആഗ്രഹത്തിന് പച്ചക്കൊടി കാട്ടി...
എന്റെ അമ്മ ഗർഭിണിയാണെന്ന് ഞാനമ്മൂമ്മയിൽ നിന്ന് അറിഞ്ഞു.
അമ്മയുടെ വയർ വീർത്ത് വീർത്ത് വരുന്നത് ഓരോ ദിവസവും ഞാൻ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.
"എന്താ അമ്മേ വാവ പുറത്ത് വരാത്തത്?" അക്ഷമനായി ഞാൻ അമ്മയോട് ചോദിച്ചു..
"കുറച്ച് ദിവസം കൂടെ ഉള്ളൂട്ടോ ഉണ്ണീ വാവ വരാൻ.. " അമ്മ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
ഇടയ്ക്കിടക്ക് അമ്മയുടെ വയറിൽ ചെവി വച്ച് അവളെന്തെങ്കിലും മിണ്ടുന്നുണ്ടോ എന്ന് ഞാൻ നോക്കുമായിരുന്നു.. അവളോട് ഞാനെന്റെ പ്രതികാര കഥ ദിവസവും പറഞ്ഞു കൊണ്ടിരുന്നു... അതു കേട്ട് അവൾ വയറ്റിൽ കാലിട്ടിളക്കുന്നുണ്ട് എന്ന് അമ്മ പറഞ്ഞപ്പോ എനിക്ക് സന്തോഷമായി... അവൾ ഇപ്പോഴേ കരാട്ടെ പഠിക്കുകയാകും എന്ന് ഞാൻ ചിന്തിച്ചു.
അരുണിനേയും പെങ്ങളേയും കാണുമ്പോഴൊക്കെ എന്റെ പക കൂടി കൂടി വന്നു.. കേവലം ഒരു നരുന്ത് പെൺകുട്ടിയുടെ മുന്നിൽ തോറ്റ എന്നെ എല്ലാവരും പണ്ടേ കളിയാക്കാൻ തുടങ്ങിയിരുന്നു...
ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. എന്റെ ക്ഷമയും നശിച്ചു കൊണ്ടിരുന്നു.
അങ്ങനെ ആ ദിവസം വന്നു. അന്നായിരുന്നു വീട്ടുകാർ അമ്മയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ കൊണ്ടു പോകാനൊരുങ്ങിയത്...
അമ്മയെ അത്ര വിഷമത്തോടെ അന്നാണ് ഞാനാദ്യമായാണ് കണ്ടത്. അമ്മ വേദനിച്ച് അലറികരയുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ഞാൻ കാരണമല്ലേ അമ്മക്കീ ഗതി വന്നത് എന്നോർത്ത് ഞാനും ഒരുപാട് നേരം കരഞ്ഞു..
ലേബർ റൂമിലേക്ക് അമ്മയെ കൊണ്ടു പോകുമ്പോൾ അമ്മ അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ച് അലറി കരയുന്നത് കണ്ടപ്പോൾ എനിക്ക് പെങ്ങളെ വേണ്ട അമ്മയെ മതി എന്നു വരെ ഞാൻ അച്ഛനോട് പറഞ്ഞു...
കരഞ്ഞു തളർന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു... പെട്ടെന്നാണ് അച്ഛൻ എന്നെ കുലുക്കി വിളിച്ചത്.
"ഉണ്ണീ എണീക്ക്... നീയൊന്ന് നോക്കിയേ ഇങ്ങോട്ട്.."
അച്ഛന്റെ സ്വരം കേട്ട് ഉറക്കച്ചടവിൽ നിന്ന് കണ്ണ് തിരുമ്മി ഞാൻ ബെഡ്ഡിലേക്ക് നോക്കി..
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്നെ നോക്കിക്കൊണ്ട് കുസൃതിയോടെ കുഞ്ഞു കൈകളും കാലുകളുമിട്ടടിക്കുന്ന രണ്ട് കുഞ്ഞു വാവകൾ... ഞാനതിശയത്തോടെ അമ്മയെ നോക്കി...
"ഇങ്ങോട്ട് വാ ഉണ്ണീ... എന്റെ മോൻ ഒന്നല്ലേ ആഗ്രഹിച്ചുള്ളൂ മോന് രണ്ട് തന്നിട്ടുണ്ട് ദൈവം... സന്തോഷായില്ലേ ഉണ്ണീ?"
പിന്നല്ല... സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി.
അന്നു മുതൽ ആഘോഷമായിരുന്നു എനിക്ക്. സ്കൂൾ വിട്ട് വന്നാലുടനെ ഞാനോടി അമ്മയുടെ അരികിലെത്തും. പിന്നെ എന്റെ ലോകം അവരായിരുന്നു..
സ്കൂളിൽ വച്ച് അരുണിന്റെ പെങ്ങളെ കാണുമ്പോഴൊക്കെ ഞാനവളുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തി..
"വരുന്നുണ്ടെടീ നിന്നോട് പകരം വീട്ടാൻ രണ്ട് കുഞ്ഞികുരുപ്പുകള്... നീ കരുതി ഇരുന്നോ" ഞാനവളെ വെല്ലുവിളിച്ചു. അവൾ അതിനെ പുച്ഛിച്ചു തള്ളി...
എന്റെ ചങ്കുകളുടെ കൈവളരുന്നോ കാൽ വളരുന്നോ എന്നു നോക്കി ഞാൻ ദിവസങ്ങൾ തള്ളി നീക്കിക്കൊണ്ടിരുന്നു...
വർഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു...
ഇതിനിടയിൽ എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ പെങ്ങന്മാരെ മേയ്ക്കാനെളുപ്പമല്ലാ എന്ന്... എന്റെ എല്ലാ കളികോപ്പുകളും ലവള്മാര് നശിപ്പിച്ച് കയ്യിൽ തന്നിരുന്നു... അവരുടെ പ്ലെയ്റ്റിലുള്ളത് തിന്നാതെ എന്റെ പ്ലെയ്റ്റിലുള്ളത് തട്ടികളയാനായിരുന്നു അവർക്ക് താൽപ്പര്യം.. സത്യം പറയാലോ ഇടക്കിടെ നല്ല പൊളപ്പൻ ഇടിയും കിട്ടി.
പക്ഷേ ഞാനതൊക്കെ സഹിച്ചത് ഒരാൾക്കു വേണ്ടിയാണ്. അഞ്ജു... അവളോട് എനിക്ക് പകരം വീട്ടണം. അതിന് ഇവരെ സഹിച്ചേ പറ്റൂ...
അങ്ങനെ വീണ്ടും വർഷങ്ങൾ കടന്നു പോയി... ഞാൻ അഞ്ചാം ക്ലാസ്സിലേക്ക് കാലെടുത്ത് വയ്ക്കുന്ന ദിവസം ആയിരുന്നു അത്..
രണ്ട് ദിവസമായി ഞാനുറങ്ങിയിട്ട്. എനിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും കഴിഞ്ഞ നാല് വർഷത്തോളമായില്ലേ ഞാനീ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു...
അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി യൂണിഫോം ഇട്ടിരിക്കുന്ന എന്നെ നോക്കി അച്ഛൻ ചിരിച്ചു.
"എന്തിനാ ഉണ്ണ്യേ ഇത്ര നേരത്തേ ഒരുങ്ങിയിരിക്കുന്നത്?"
"ഇന്നല്ലേ അച്ഛാ ചിഞ്ചൂനേം മഞ്ജൂനേം എന്റെ സ്കൂളിൽ ചേർത്തുന്നത്.. അതാ.."
അച്ഛൻ അത് കേട്ട് ഒന്നൂടെ ചിരിച്ചു.
സമയമായതും അമ്മ അവരെ രണ്ടു പേരേയും അണിയിച്ചൊരുക്കി പൂമുഖത്തേക്ക് കൊണ്ടു വന്നു. അതു കണ്ട് എന്റെ ശരീരം ആകാശത്തേക്ക് ഉയരുന്നതു പോലെ എനിക്ക് തോന്നി...
കുഞ്ഞി പാവേടേം ജാക്കറ്റുമിട്ട് മുടി പിന്നി കെട്ടി വാലിട്ട് കണ്ണെഴുതി രണ്ട് മേട്ടകുട്ടികൾ... എന്റെ സുന്ദരിവാവകൾ...
"പോം ചേറ്റാ.. " അവർ എന്റെ മുഖത്തു നോക്കി നുണക്കുഴി കാട്ടി കൊഞ്ചി കൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം... "ഹോ.."
അരുണിന്റെയും അഞ്ജുവിന്റെയും മുന്നിലൂടെ ഞാൻ നെഞ്ചും വിരിച്ച് നടന്നു. എന്റെ ഇടത്തും വലത്തും ഉള്ള രണ്ട് മാലാഖമാരെ കണ്ട് അവർ മാത്രമല്ല പെങ്ങന്മാരില്ലാത്ത പലരും എന്നെ അസൂയയോടെ നോക്കി...
"ഇന്നേക്ക് നാലാം നാൾ ഞാൻ പകരം വീട്ടിയിരിക്കും... അരുണിന്റെയും അഞ്ജുവിന്റെയും മുഖത്ത് നോക്കി ഞാൻ വെല്ലുവിളിച്ചു.."
അതു കേട്ട് അവനൊന്ന് വിറച്ച് കാണണം... അല്ല എങ്ങനെ വിറയ്ക്കാതിരിക്കും അമ്മാതിരി രണ്ട് ടീംസല്ലേ എന്റെ ഇടത്തും വലത്തും..
എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം തോന്നിയ ദിവസം വേറെ ഇല്ല...
പറഞ്ഞ നാലാം നാൾ തന്നെ ഞാൻ പകരം വീട്ടി..
എന്റെ പുതിയ ഹീറോ പെൻ കൊണ്ട് ചിഞ്ചു മോളും മഞ്ജുമോളും വീശിയ വീശിന് അവന്റെ മാത്രമല്ല അവന്റെ പെങ്ങൾ അഞ്ജുവിന്റേയും യൂണിഫോം മുഴുവൻ നീലമഷി പുരണ്ടു..
ശുണ്ഠികയറി അന്തം വിട്ട് നിന്ന അവരെനോക്കി അട്ടഹസിച്ചുകൊണ്ട് ഞാൻ രണ്ടുപേരുടേയും കൂടെ നെഞ്ച് വിരിച്ച് സ്ലോമോഷനിൽ നടന്നു...
നാലു വർഷം നീണ്ട എന്റെ പ്രതികാരദാഹം അതോടെ ഞാൻ തീർത്തു... അതിനു ശേഷം ഞങ്ങൾ കുറച്ച് കാലം മിണ്ടിയില്ലെങ്കിലും പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി...
പക്ഷേ അന്ന് ഞാനറിഞ്ഞിരുന്നില്ല നീണ്ട പതിനാറ് വർഷത്തോളം അവളാ പ്രതികാരം മനസ്സിലിട്ട് നടക്കുമെന്ന്...
ചിഞ്ചുവിനേയും മഞ്ജുവിനേയും കൈപിടിച്ച് ഇറക്കിവിട്ടതോടെയാണ് ഞാൻ ശരിക്കും ഒറ്റപ്പെട്ടത്...
ചിഞ്ചുവും പോയി മഞ്ജുവും പോയി.. പിന്നെ ഞാനൊന്നും നോക്കിയില്ല ആ സങ്കടത്തിൽ ഞാനവളെയങ്ങട് കൂടെ കൂട്ടി.. അഞ്ജുവിനെ...
അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത് പെങ്ങന്മാരേയും ഭാര്യയേയും ഒന്നിച്ച് കൊണ്ട് പോകാൻ ഇത്തിരി പാടാണ് എന്ന്...
ഇപ്പോൾ ചിഞ്ചുവിന്റെയും മഞ്ജുവിന്റെയും അഞ്ജുവിന്റെയും നാത്തൂൻ പോരിന് നടുവിൽ പഞ്ചാര കുഞ്ചുവായി അഡ്ജസ്റ്റ് ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ് ഈ പ്യാവം ഞാൻ.. എനിക്കങ്ങനെ തന്നെ വേണം..