ADVERTISEMENT

ഒരു പുട്ടു കഥ

ഞാൻ ഒറ്റമകൾ ആയതിനാലും ഭർത്താവിന് അല്പം ദൂരെ ജോലിയായതിനാലും സ്വന്തം വീട്ടിൽ നിന്നാണ് ജോലിക്ക് പോവുന്നത്. അച്ഛനെയും അമ്മയെയും കൂടാതെ മുത്തച്ഛനും മുത്തശ്ശിയും വീട്ടിലു‌ണ്ട്. ആകെ മൊത്തത്തിൽ ജീവിതം ജോർ....

രാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്ന യുദ്ധത്തിൽ എന്റെ അച്ഛനും അമ്മയും പോരാത്തതിന് മുത്തച്ഛനും മുത്തശ്ശിയും പങ്കാളികളാവും. എന്നും മനോഹരമായി പര്യവസാനിക്കുന്ന ആ യുദ്ധത്തിൽ ഒരുദിവസം വില്ലനായി ഗ്യാസു കുറ്റി എത്തി. ഉച്ചഭക്ഷണം ഭംഗിയായി തയാറാക്കിയെങ്കിലും പ്രഭാതഭക്ഷണം (പുട്ട്) പൂർത്തിയാകും മുന്‍പ് കുറ്റി കാലി. ജന്മസിദ്ധമായിത്തന്നെ തള്ളാൻ നല്ല കഴിവുള്ള എന്റെ ഇഷ്ട വിഭവവും പുട്ട് തന്നെ (അല്ലാണ്ട് ഉണ്ടാക്കാൻ എളുപ്പമുള്ളതു കൊണ്ടല്ലാട്ടോ).

രാവിലെ കുട്ടികളെ ഒരുക്കി സ്കൂളില്‍ വിട്ട്, ഓഫിസിലേക്ക് ഇറങ്ങുന്നതു വരെയുള്ള സമയമാണ് എല്ലാ ജോലിക്കാരായ അമ്മമാരുടെയും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം. ഒരു നിമിഷം പോലും നിൽക്കാൻ തയാറല്ലാതെ ഓടുന്ന രാവിലത്തെ സമയസൂചിയെ തോൽപിച്ച് മോളെ വാനിൽ കയറ്റിവിടാൻ ഞാനും ധൃതി പിടിച്ച് ഓടി...  

തിരിച്ചു വന്ന് ബാഗ്‌ എടുത്ത് ഓഫിസിലേക്ക് ഓടാൻ തുടങ്ങുമ്പോൾ, സ്നേഹനിധിയും ലാളിക്കാൻ അങ്ങേയറ്റം മിടുക്കിയുമായ എന്റെ അമ്മ "മോളെ ഒരു 5 മിനിറ്റ് " പുട്ട് ഇപ്പോൾ റെഡിയാവും എന്ന് അരുളി... 

ഇതു കേട്ട അമ്മയുടെ അച്ഛൻ "അല്ലേലും എന്റെ ലതമോൾക്ക് എല്ലാം ചെയ്യാൻ മിനുറ്റുകൾ മതി, അവളുടെ എന്തേലും ഗുണങ്ങൾ നിനക്ക് കിട്ടിയിട്ടുണ്ടോ?" (ഭാവം– പുച്ഛം)

ഒറ്റ മകൾ ഒന്നും കഴിക്കാതെ പോയി എന്ന വിഷമം അമ്മയ്ക്ക് വേണ്ടല്ലോ എന്നു കരുതി ഓഫിസിൽ എത്താൻ വൈകിയാലും വേണ്ടില്ല എന്നു വിചാരിച്ചു നിന്ന എനിക്ക് (അല്ലാതെ വിശന്നിട്ടല്ല) ഇതുതന്നെ വരണം. ഹും!.

അപമാനിതയായാലും വേണ്ടില്ല, പുട്ട് കഴിച്ചേക്കാം എന്നു കരുതി അടുക്കളയിലേക്ക് നടന്നു. 

അമ്മ "അഞ്ചു മിനിറ്റ് ആയില്ലേലും നന്നായി ആവി വരുന്നുണ്ട്, പുട്ട് എടുക്കാം അല്ലെ? " 

ഞാൻ സന്തോഷത്തോടെ പപ്പടവും പഴവും പ്ലേറ്റുമായി ചെന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പുട്ടുകുറ്റി തുറന്നപ്പോൾ ആകെ ആവി മാത്രം. എന്തിത് വായു കൊണ്ടുണ്ടാക്കിയ പുട്ടോ...! അമ്മ പൊടി നിറയ്ക്കാന്‍ മറന്നതിലാൽ കോലു കൊണ്ട് തള്ളി ഇടേണ്ടി വന്നില്ല. അതിനു മുന്നേ എന്റെ തള്ളു മുത്തച്ഛനോട് റ്റാറ്റാ പറഞ്ഞു ഞാൻ ഇറങ്ങി ഓടി... പുട്ടു കുറ്റിപോലെ ശൂന്യമായ വയറുമായി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com