പ്രണയം കൊണ്ടു പൂത്ത മുരിക്ക് മരവും മറിയച്ചേടത്തിയുടെ കോഴിക്കൂടും
Mail This Article
മറിയച്ചേടത്തിയുടെ കോഴിക്കൂട് (കഥ)
കുന്നിന്റെ പടിഞ്ഞാറേ ചരുവിലാണ് മറിയച്ചേടത്തിയുടെ വീട്. അരയേക്കർ പറമ്പിൽ ചേടത്തിയുടെ വീടും ഒരു കോഴിക്കോടും മാത്രം. വീട്ടിൽ ചേടത്തിയും കോഴിക്കൂട്ടിൽ ചെറുതും വലുതും പൂവനും പിടയുമായി അമ്പതു കോഴികളും.
കോഴിക്കൂടിനു ചുറ്റും കുറെ സ്ഥലം മുഴുവൻ വേലികെട്ടി വലയിട്ട് കോഴികളെ പുറത്തേക്കു വിടാതെ, ചിക്കിചികയാനുള്ള ചപ്പും ചവറും എല്ലാം അതിനുള്ളിൽ തന്നെ തയാറാക്കി വച്ചിട്ടുണ്ട്.
പകൽ മുഴുവൻ മറിയചേടത്തി അതിനുള്ളിൽ തന്നെ ആയിരിക്കും. അവറ്റക്ക് തീറ്റി കൊടുക്കലും കേടു നോക്കലും മരുന്ന് കൊടുക്കലും... പിടിപ്പതു പണിയുണ്ടവിടെ. ചിലപ്പോൾ കോഴിക്കുഞ്ഞുങ്ങളെ വിളിച്ചു തള്ളക്കോഴിയെപ്പോലെ മണ്ണുചികഞ്ഞ് പ്രാണിയെയും പുഴുവിനെയും ഇട്ടു കൊടുക്കും.
അരികിലുള്ള മുരിക്കുമരത്തിലെ ചൊകചൊകന്ന പൂക്കൾ എടുത്തു മണപ്പിച്ചു നോക്കും, അതിന്റെ ഭംഗി ആസ്വദിച്ചു എത്രയിരുന്നാലും മതിവരില്ല.
ആളുകളെല്ലാം വട്ടാണ്, ചിന്നൻ ഇളകിയതാണ് എന്നുപറഞ്ഞു കളിയാക്കും. പക്ഷേ അതൊന്നും മറിയച്ചേടത്തി ശ്രദ്ധിക്കാറില്ല. അവിടെ ആ കോഴികളുടെ കൂടെ, കോഴിക്കാട്ടത്തിന്റെ മണവും അവയുടെ പരിചരണവും ആണ് മറിയച്ചേട്ടത്തിയുടെ ജീവവായു.
പതിനെട്ടു തികഞ്ഞപ്പോൾ ആ വീട്ടിലെ പത്തു മക്കളിൽ ഇളയപുത്രനായ കൊച്ചുവറീത് കെട്ടികൊണ്ടുവന്നതാണ് മറിയച്ചേടത്തിയെ. കുട്ടിക്കളി മാറിയിട്ടില്ലാത്ത ഒരു നാണക്കാരി ആയിരുന്നു അന്ന് മറിയ. കൊച്ചുവറീത് അധ്വാനി ആയ ഒരു കൃഷിക്കാരൻ.
പത്തുപേരിൽ നാലെണ്ണം ചെറുതിലെ ദീനം വന്നു മരിച്ചുപോയതിനാൽ ബാക്കിയുള്ള ആറുപേർ, കെട്ടിച്ചയച്ച പെണ്ണുങ്ങൾ പോലും, തറവാട്ടിൽ തന്നെ താമസിക്കണമെന്ന് അപ്പനും അമ്മയും ശാഠ്യം പിടിച്ചു. പതിമൂന്നേക്കർ പറമ്പിൽ മക്കളും മരുമക്കളും ചെറുമക്കളും ഒന്നിച്ചധ്വാനിച്ചു ജീവിച്ചു. അതൊരു ഉത്സവകാലമായിരുന്നു എന്ന് മറിയച്ചേടത്തി ഇപ്പോഴും ഓർക്കും.
കല്യാണത്തിന്റെ വിരുന്നും മറ്റും കഴിഞ്ഞു. ഒരു ദിവസം അടുക്കളയിൽ നിന്ന മറിയയെ രണ്ടാമത്തെ ചേടത്തി വിളിച്ചു. ഒരു ചരുവം നിറയെ തെളിഞ്ഞ കഞ്ഞിവെള്ളം കൊടുത്തിട്ടു പറഞ്ഞു.
"മറിയെ, ഈ കഞ്ഞിവെള്ളം കൊച്ചു വറീതിനു കൊണ്ട് കൊടുക്ക്. പടിഞ്ഞാറേ പറമ്പിലെ വാഴത്തോട്ടത്തിൽ ഉണ്ട്."
കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയായി എന്നു പറഞ്ഞിട്ട് കാര്യമില്ല, ഇതുവരെ സൗകര്യമായിട്ടൊന്നു സംസാരിച്ചിട്ട് പോലുമില്ല. പകലാണെങ്കിൽ വീടുമുഴുവൻ ആളും ബഹളവും തിക്കും തിരക്കും. പള്ളിയിൽ പോയപ്പോഴും അയൽവീടുകളിൽ വിരുന്നു പോയപ്പോഴും ഒക്കെ ചേട്ടന്മാരുടെയും പെങ്ങന്മാരുടെയും മക്കൾ കൂടെ ഉണ്ടായിരുന്നു.
കിടക്കാൻ വരുമ്പോൾ പാതിരയാകും. ഒന്നു രണ്ടു ദിവസം രാത്രിയിൽ ഇളയ പെങ്ങളുടെ വാശിക്കാരൻ ചെറുക്കൻ ഉറങ്ങിയത് പോലും രണ്ടാളുടെയും ഇടയിലാണ്. ഇനി എന്നാണാവോ... അവൾ ഒന്നു നെടുവീർപ്പിട്ടു. പിന്നെ മുണ്ടു നേരെയാക്കി, തോളിലെ തോർത്തുമുണ്ട് ഒന്നു കൂടി വലിച്ചിട്ടു, പതുക്കെ നടന്നു... പടിഞ്ഞാറേ പറമ്പിലേക്ക്.
ദൂരെ നിന്നേ കണ്ടു, വാഴയ്ക്കു തടമെടുത്തുകൊണ്ട് നിൽക്കുന്ന കൊച്ചുവറീതിനെ. വെയിലിൽ തിളങ്ങുന്നു, ഇരുനിറത്തിൽ എണ്ണമിനുപ്പുള്ള ശരീരം. ഉരുണ്ട മസിലുകൾ. അവിടെയെങ്ങും ആരുമില്ല. ചേട്ടന്മാരും അപ്പനും അമ്മയും ഒക്കെ പറമ്പിന്റെ മറ്റു ഭാഗത്താണെന്നു തോന്നുന്നു.
ഒരു മരച്ചുവട്ടിൽ മറിയ നിന്നു, അവിടെ നിന്നു കൊണ്ട് അവൾ തന്റെ ഭർത്താവിനെ നോക്കിക്കണ്ടു. നാണവും അഭിമാനവും കലർന്ന ഒരു പുഞ്ചിരി അവളിൽ തത്തിക്കളിച്ചു. വെള്ളം കൊടുക്കാൻ വിളിക്കണമെന്നുണ്ട്, പക്ഷേ എന്താണ് വിളിക്കുക? അവൾ ആലോചിച്ചു.
"ദാഹിച്ചിട്ട് വയ്യ, വെള്ളം കൊണ്ടുവരാൻ ചെക്കനെ പറഞ്ഞയച്ചിട്ടു കാണാനുമില്ല, അവനിതെവിടെ പോയി കിടക്കാ"
ഉറക്കെ പിറുപിറുത്തു കൊണ്ട് തൂമ്പ താഴത്തു വച്ച് അരയിൽ കെട്ടിയ തോർത്തഴിച്ചു മുഖത്തെ വിയർപ്പു തുടച്ചു നോക്കിയത് മറിയയുടെ മുഖത്താണ്.
വാഴത്തോട്ടത്തിന്റെ അതിരിലെന്നോണം നിൽക്കുന്ന മുരുക്കിന്റെ ചോട്ടിൽ, കൈയിൽ സ്റ്റീൽ ചരുവവുമായി, വെയിലേറ്റു ചുവന്നു തുടുത്തു നിൽക്കുന്നു മറിയ. മരത്തിലും താഴെയുമായി കിടക്കുന്ന ചുവന്ന മുരുക്കിൻ പൂക്കളേക്കാൾ ചോപ്പുണ്ടായിരുന്നു അവളുടെ കവിളുകൾ, ഉരുണ്ട മൂക്കിൻ തുമ്പിലെ വിയർപ്പു തുള്ളിക്കും ചോപ്പുനിറം.
വടിവൊത്ത അവളുടെ മേനിയഴക് കണ്ടാസ്വദിച്ചു കൊച്ചുവറീത്. പകൽ വെളിച്ചത്തിൽ അവളെ ഇങ്ങനെ നോക്കാൻ പറ്റിയിട്ടില്ല. ചുറ്റിനും ആളുകളായിരുന്നു. മെല്ലെ നടന്ന് അവളുടെ അടുത്തെത്തി. അതിനു മുൻപ് പലപ്രാവശ്യം ദേഹത്തെ വിയർപ്പു ഒപ്പി, ദേഹം വെടിപ്പാക്കിക്കൊണ്ടിരുന്നു. താഴെ കിടന്ന ഒരു പൂവെടുത്ത് അവളുടെ മുടിയിൽ തിരുകി, മറുകൈ കൊണ്ട് മൂക്കിന് തുമ്പിലെ വിയർപ്പു തുള്ളി തൊട്ടെടുത്തു. മറിയ നാണം കൊണ്ട് പൂത്തുലഞ്ഞു. അവളുടെ ചുണ്ടുകൾ വിറച്ചു. കണ്ണിണകൾ വെട്ടി. മാറിടം തുടിച്ചു.
അവനവളോട് ഒന്നുകൂടി ചേർന്നു നിന്ന്, അവളുടെ മണം ആസ്വദിച്ചു. അവന്റെ ശരീരത്തിലെ ചൂടും വിയർപ്പിന്റെ മണവും അവളെ മത്തു പിടിപ്പിച്ചു.
"മറിയെ......"
"ന്തോ...."
"വാ ഇവിടിരിക്ക്"
ആ മരച്ചുവട്ടിൽ രണ്ടാളും മെയ്ചേർന്നിരുന്നു. മറിയ നീട്ടിയ കഞ്ഞിവെള്ളപ്പാത്രം അവളുടെ കൈ ചേർത്ത് പിടിച്ചു അയാൾ കുടിച്ചു. ദാഹം ഒട്ടൊന്നു മാറിയപ്പോൾ അയാളുടെ ചുണ്ടുകൾ അവളുടെ പുറംകഴുത്തിൽ അമർന്നു. പിന്നെ കാതിൽ, കവിളിൽ, നെറ്റിയിൽ, കണ്ണിൽ, മൂക്കിൻതുമ്പിൽ, പിന്നെ ചുണ്ടിൽ, അവളാകെ കോരിത്തരിച്ചിരിക്കുകയാണ്. കൊച്ചുവറീതിന്റെ വിയർത്ത ദേഹത്തോടൊട്ടി ഇരിക്കുകയാണ് മറിയ.
പെട്ടെന്ന് ദൂരെനിന്നും പിള്ളേരുടെ കലപില ശബ്ദം കേട്ട് രണ്ടാളും വേർപിരിഞ്ഞു. വല്ലാത്ത കിതപ്പോടെ, നെഞ്ചിൽ അണയാത്ത വികാരങ്ങളോടെ മറിയ പിടഞ്ഞെണീറ്റു. ഇടയ്ക്കു മുറിഞ്ഞ സുഖത്തിന്റെ ആലസ്യത്തോടെ തിരിച്ചുപോകാനൊരുങ്ങി. അപ്പോൾ കൊച്ചുവറീത്, മറിയയെ വിളിച്ചു.
"മറിയേ"
"ഉംംം"
"കുറച്ചു കഴിഞ്ഞു വരുമോ?"
" ഉം കുടിക്കാൻ എന്താ കൊണ്ടുവരേണ്ട?"
"മോരും വെള്ളം കൊണ്ട് വന്നാൽ മതി, പിന്നെ കടിക്കാൻ ....."
“കടിക്കാൻ ...?"
മറിയ കണ്ണുകളുയർത്തി പാരവശ്യത്തോടെ നോക്കി. അയാൾ ചുണ്ടു കടിച്ചു കാണിച്ചു. മറിയ നാണിച്ചു ചുകന്ന മുഖത്തോടെ ഓടിപ്പോയി.
പിന്നീടങ്ങോട്ട്, കൊച്ചുവറീത് വാഴകൃഷിയിൽ ബിരുദം എടുത്തതു പോലെ പടിഞ്ഞാറേ പറമ്പിൽ തന്നെ എപ്പോഴും ചുറ്റിപറ്റി നിന്നു, കൂടെ മറിയയും. വാഴത്തോട്ടവും മുരുക്കിൻമരവും അവരുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചു. അവരുടെ പ്രണയം കണ്ടു പൂത്തുലഞ്ഞ വാഴകൾ തഴച്ചു വളർന്ന്, തുടമുള്ള കുലകൾ സമ്മാനിച്ചു.
രണ്ടു തവണ മറിയയുടെ ഗർഭം അലസിയപ്പോഴും, മൂന്നു തവണ ചാപിള്ള പെറ്റപ്പോഴും അവളുടെ കണ്ണീരും ആ മുരുക്കിൻമരം ഏറ്റുവാങ്ങി.
അപ്പന്റെയും അമ്മയുടെയും കാലശേഷം പറമ്പു വെട്ടിമുറിച്ചപ്പോൾ കൊച്ചുവറീതിനു പടിഞ്ഞാറേ പറമ്പ് കിട്ടിയതും അവിടെ മുരുക്കിനു ചാരെ ഒരു കൊച്ചു വീട് കെട്ടിയതും, വീടിനു തൊട്ടടുത്ത് ഒരു വലിയ കോഴിക്കോട് വച്ചതും നിറയെ കോഴികളെ വാങ്ങി കൂട് നിറച്ചതും എല്ലാമെല്ലാം...
"ഇതെല്ലാം നമ്മുടെ മക്കളാടീ മറിയെ" എന്നും പറഞ്ഞു കോഴികളെ കൊണ്ടുവന്നതും, അവയെ പരിപാലിച്ചതും, അവറ്റക്ക് തീറ്റി കൊടുത്തുകൊണ്ട് മറിയയെ പ്രണയിച്ചതും, ഒക്കെ മറിയ ഓർത്തുകൊണ്ടിരിക്കും. അല്ലെങ്കി തന്നെ ഓർക്കുന്നതെന്തിന് മറന്നിട്ടു വേണ്ടേ....
ഓരോന്ന് ചെയ്യുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും കൊച്ചുവറീത് കിന്നാരം പറയുന്നതും തൊടുന്നതും ഉമ്മ വയ്ക്കുന്നതും ഒക്കെ അനുഭവിക്കാൻ പറ്റും.
കോഴിക്കാട്ടത്തിന്റെ ബലത്തിൽ മുരിക്കുമരം തഴച്ചു വളർന്ന്, നിറയെ പൂവിടുമ്പോൾ അതിൽ ചൊറിയൻ പുഴു അരിച്ചുനീങ്ങുമ്പോൾ, നൂലിലൂടെ താഴോട്ടിറങ്ങുമ്പോൾ മറിയചേടത്തിക്കു സന്തോഷമാണ്. പ്രണയം പൂത്തിറങ്ങുന്ന നിർവൃതി.