ADVERTISEMENT

നിറയെ പൂക്കുന്ന മരങ്ങളാണ് ചിലതൊക്കെ... (കഥ)

മനോഹരൻ സാറിന്റെ ഹിസ്റ്ററി ക്ലാസ്സിലെ ഉറക്കം തൂങ്ങാത്ത ഏതോ വേളയിലാണ് പ്ലാശിപ്പൂക്കളെപ്പറ്റി ആദ്യമായി കേട്ടത്…

ഹൂഗ്ലീ നദീ തീരത്ത് പട൪ന്നു പന്തലിച്ചു കിടന്ന മരങ്ങളില്‍ പൂത്തുനിന്ന പൂക്കൾക്ക് രക്ത വ൪ണ്ണമായിരുന്നോ... അതോ അഗ്നി വ൪ണ്ണമോ….

ചില ഓർമകൾ വെറുതെ വന്നു പോവും നമ്മളാഗ്രഹിച്ചിട്ടോ, അല്ലാതെയോ… വല്ലാത്ത തെളിമയോടെ…

അന്ന് ആത്മാർഥമായി പ്രഫസ്സർ ഒരു ചതിയുടെ കഥയായിരുന്നു, അഥവാ ഒരു യുദ്ധത്തിന്റെ ചരിത്രമായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്….

അപ്പോഴാണോ അവളെന്നെ പതുക്കെ നുളളിയതും കൈകള്‍ മുറുക്കിപ്പിടിച്ച് നിറയെ പൂത്തു നിന്ന ആ മരച്ചോട്ടിലെ സിമന്റ് ബെഞ്ചിലിരിക്കാൻ നടന്നത്? 

ആ പൂക്കള്‍ക്ക് ചുവന്ന നിറമായിരുന്നു. അന്നാണ് ആ മരത്തിനെന്ത് പേരായിരിക്കുമെന്ന് കൗതുകത്തോടെയോ൪ത്തത്… യുദ്ധത്തെക്കുറിച്ചും ഓ൪ത്തു.

ശരിക്കും യുദ്ധം എന്തിനാണ്? നിലനിൽപ്പിന് വേണ്ടിയോ…? അധീശത്വത്തിന് വേണ്ടിയോ…?

“ഇന്നു ഞാൻ ഇളയമ്മയെ പറ്റിച്ചു… ഇളയമ്മ എടുത്തു വച്ച കോഴിമുട്ടകള്‍ മൊത്തം ബുള്‍സ്ഐ ഉണ്ടാക്കി”

അവളുടെ പൊട്ടിച്ചിരിക്കിടയിലെ 'പാവം' എന്ന ആത്മഗതം എന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ടായിരുന്നു. അവളെന്താണിങ്ങനെ എന്ന് പലപ്പോഴും  ചിന്തിച്ചു… അതിനുള്ള ഉത്തരം പലപ്പോഴും അവൾ തന്നെ പറഞ്ഞിട്ടുണ്ട് "എന്റെ അമ്മയല്ല അവർ അതുതന്നെ!"

"നോക്ക് സ്കൂളിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ അവരെ കൊണ്ടു വന്നത്. ഒരു ദിവസം ഞാൻ എന്റെ സൈക്കിൾ അവരുടെ മേലേക്ക് ഇടിച്ചു കയറ്റിയിട്ടുണ്ട്… എന്നിട്ടും അവരെന്നെയായിരുന്നു ശ്രദ്ധിച്ചത്… എനിക്ക് പരിക്ക് പറ്റിയിട്ടുണ്ടോ എന്നായിരുന്നു നോക്കിയത്... പാവം..."

അവൾക്കു പക വിധിയോടായിരുന്നു... യുദ്ധം അവരോടും….

അന്ന് ആ സിമന്റു ബെഞ്ചിൽ പിരിച്ചെഴുതിയ ഒരുപാട് പേരുകളിൽ കൂട്ടി എഴുതപ്പെട്ടവ ഏതൊക്കെയായിരിക്കും? നിറയെ പൂത്ത മരങ്ങളെ പോലെ...

ഇന്ന് ആകസ്മികമായാണ് അവളെ കണ്ടത് കൊളസ്ട്രോളിനോടും ഷുഗറിനോടും യുദ്ധം പ്രഖ്യാപിച്ചു കൈ വീശി നടത്തം ആരംഭിച്ചു അരമണിക്കൂർ പിന്നിട്ടപ്പോഴാണ് ഒരു പത്തടിയോളം അകലത്തിൽ വെച്ച് അവളെ കാണുന്നത്… ഒരു വേളപോലും ഞാൻ സംശയിച്ചില്ല അവളെ തിരിച്ചറിയാൻ...

അടുത്തെത്തിയപ്പോഴാണ് കാലത്തിന്റെ മാറ്റങ്ങൾ എവിടെയൊക്കെയോ വരച്ചു വെച്ചെന്നു തോന്നിയത്… രണ്ടുപേരുടെയും കൈകൾ വായുവിൽ ഉയർന്നു താഴ്ന്നെങ്കിലും ഞാൻ  പ്രതീക്ഷിച്ചപോലെ അവളെന്റെ കയ്യിൽ മുറുക്കെ പിടിച്ചു പൊട്ടിചിരിച്ചില്ല… പകരം പക്വമായി എന്നെ പുണർന്നു… 

പിന്നെ പുഞ്ചിരിച്ചെന്റെ വലതു കരം രണ്ടു കൈകൊണ്ടും കവർന്നു പതിയെ അമർത്തികൊണ്ടിരുന്നു… 

“നീ തടിച്ചിരിക്കുന്നു…”

“നീ ഇപ്പോഴും അങ്ങനെ തന്നെയുണ്ട് “

പത്തു നാൽപതു കിലോമീറ്റർ അകലെ ഒരു ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയാണവളെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി… 

“ഞാൻ കരുതി നീ വല്ല ജേർണലിസ്റ്റോ ടീച്ചറോ ഒക്കെയായി എവിടെയോ വിലസുന്നുണ്ടാവും ന്ന്”

അവളങ്ങനെ പറഞ്ഞപ്പോൾ മുഖത്ത് ചിരി വരുത്തിയെങ്കിലും എന്നിലെ  വിളറിയ ഒരു ഭാവം എനിക്ക് നിരൂപിച്ചെടുക്കാൻ പറ്റിയിരുന്നു!

ആ റോഡിന്റെ വലതുവശത്ത് ഡോക്ടേഴ്സ് മാത്രം താമസിക്കുന്ന ഹൗസിങ് കോളനിയായിരുന്നു. അവിടെ സൈക്കാട്രിസ്റ്റായ തന്റെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാണെന്നായിരുന്നു അവള് പറഞ്ഞത്.

“ഹൈപ്പ൪ ടെൻഷൻ… വല്ലാത്ത പ്രോബ്ലം തന്നെയാണത്. ഒരുപാട് പ്രോബ്ലങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കല്ലേ ജീവിതം… ഒന്നും പറയണ്ട!”

വീട്ടിലെ വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ ഇളയമ്മയെപ്പറ്റി ചോദിച്ചു. അവളുടെ കണ്ണുകൾ പെട്ടെന്ന് താഴ്ന്നു. വണ്ടി ഒരരികിലേക്ക് ഒതുക്കിയിട്ട് കൂടെ നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു. 

“പാവം… മരിച്ചു… രണ്ടു വർഷമായി... വല്ലാത്തൊരു ശൂന്യതയായിരുന്നു പോയപ്പോ… അവരെന്റെ അമ്മ തന്നെയായിരുന്നു…”

പകയും സ്നേഹവും തമ്മിലുളള ശീതയുദ്ധത്തിൽ സ്നേഹം ജയിച്ചിരിക്കണം..!

“നമുക്ക് തണുത്ത വല്ലതും കഴിക്കാം. ഓ൪മയുണ്ടോ ദാസേട്ടന്റെ കടയിലെ സിപ്പ്അപ്പും, കോയക്കാന്റെ കടയിലെ മിൽക്കവിലും…..”

അവള് പൊട്ടിച്ചിരിച്ചു...

നിറയെ മരങ്ങളുളള ആ ക്യാംപസ് വല്ലാത്ത തണുപ്പായി മനസിൽ നിറയാൻ തുടങ്ങുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു…

റോഡിന്റെ മറുവശം അരമതിൽകെട്ടിനപ്പുറം കടലിരമ്പുന്ന ശബ്ദം…

‘ബാംബൂഹട്ട്' എന്ന മുളകളാൽ മേഞ്ഞ കൂൾബാറിലേക്കു കയറി ചെല്ലുമ്പോൾ ഞാനും അവളും പഴയ ഞങ്ങളായിക്കഴിഞ്ഞിരുന്നു… 

അവളോർഡർ ചെയ്ത മിൽക്കവിൽ കൊണ്ടുവന്ന പയ്യനെ നോക്കി ചിരിച്ചു കൊണ്ടവൾ ചോദിച്ചു–  

“ഇത് കണ്ടുപിടിച്ച ആളെ അറിയോ"

"ഏത്..? അവിൽമിൽക്കോ..?.. അറിയില്ല മേഡം"

അവൻ ഉപചാര പൂർവം തലതിരിച്ചു ചിരിച്ചു നടന്നുപോയി .

ഞങ്ങൾക്കിടയിൽ ഒരുപാട് കഥകൾ വന്നും പോയുമിരുന്നു… എന്തു കൊണ്ടോ ഇരുവരും 'ഇന്നിന്റെ' കഥകൾ പറയാൻ താൽപര്യം കാട്ടിയില്ല….

കണ്ണുകൊണ്ട് കഥ പറഞ്ഞ ഒരു നിശബ്ദ പ്രണയ കഥ കടൽകാറ്റിന്റെ സുഖമായി എന്നെ തഴുകിക്കൊണ്ടിരുന്നു...

സായാഹ്നം ചുവക്കാൻ തുടങ്ങിയിരുന്നു… പതഞ്ഞു പൊന്തുന്ന തിരമാലകൾ ഒരു ദൂരക്കാഴ്ചയായി ബാംബൂ ഹട്ടിന്റെ ചില്ലു ജാലകത്തിലൂടെ ദൃശ്യമായിരുന്നു…

അവിടെ നിന്നും ഇറങ്ങുമ്പോൾ വീട്ടിലേക്കുള്ള ക്ഷണം നിരസിച്ച്, പിന്നീടൊരു ദിവസം തനിക്കു വേണ്ടി വിഭവങ്ങൾ ഉണ്ടാക്കി വെക്കാൻ ഫോൺ വിളിച്ചു പറയാം എന്നു പറഞ്ഞ് പൊട്ടിചിരിച്ചു കൊണ്ടവൾ വിട പറഞ്ഞു പോയി…

ചുവന്നു തുടുത്ത താഴികക്കുടം കടലിൽ മുങ്ങിക്കൊണ്ടിരുന്നു. സുഖമുള്ള ആ കാഴ്ച കണ്ട ഒരു പെൺകുട്ടിയുടെ പ്രസരിപ്പോടെ കൈ വീശി നടക്കുമ്പോൾ വെറുതെ ഓർത്തു,  

പ്ലാശ്ശിപൂക്കൾക്ക് എന്ത് നിറമായിരിക്കും? 

എന്നെ കടന്നുപോയ കാറ്റപ്പോൾ ആ നടപ്പാതക്കരികിൽ നിറയെ പൂത്തു നിന്ന ഗുൽമോഹർ പൂക്കളെ തലോടുന്നത് വല്ലാത്തൊരു സുഖത്തോടെ… പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com