ADVERTISEMENT

അമേരിക്കകാരന്‍ (കഥ)

"എന്തോരം ചാമ്പക്കേം ലൂപിക്കയുമാ ചീഞ്ഞുപോണേ ല്ലേ..." ഇലകളെ പോലും മറച്ചുകൊണ്ട് ചുവന്നുതടിച്ച ചാമ്പമരത്തില്‍ നോക്കി എല്ലാകൊല്ലോം ഞങ്ങളു പിള്ളേരു പറയാറുണ്ട്.

മാങ്ങ, ചക്ക, അമ്പഴങ്ങ, ചാമ്പക്ക എന്നുവേണ്ട പിള്ളേരെകൊതിപ്പിക്കുന്ന എല്ലാമുണ്ട് ആ പറമ്പില്... അമേരിക്കകാരന്റെ പറമ്പില്.... പക്ഷേ ഇതൊന്നും തിന്നാന്‍ മാത്രം അവിടെ ആരേം കാണാറില്ല. ചേച്ചിമാരുടെ കയ്യില്‍തൂങ്ങി സ്കൂളില്‍ പോവുമ്പോഴും പിന്നെ കൂട്ടുകാരൊത്ത് സൈക്കിളും പറപ്പിച്ച് വേദപാഠത്തിനു പോവുമ്പോഴുമെല്ലാം ഒരത്ഭുതത്തോടെ നോക്കാറുണ്ട് ഞാന്‍, ഓടുമേഞ്ഞ ആ വലിയ രണ്ടുനില വീടും പറമ്പും.

കൊല്ലത്തില്‍ ഒരുമാസം... അമേരിക്കക്കാര്‍ അവധിക്കു വരുന്ന ആ ഒരു മാസം അതവിടെ ഒരുത്സവം തന്നെയാണെന്നു തോന്നുന്നു. "നല്ല പൊരിച്ച കോഴീന്റെ മണോം" പിന്നെ കാര്യസ്ഥക്കാരന്‍ ലോനപ്പേട്ടന്റെ വേഷോം കാണുമ്പോള്‍ അറിയാം അവരെത്തീട്ടുണ്ടെന്ന്. ആ അത്ഭുതമനുഷ്യരെ കാണാന്‍ ഞങ്ങള്‍ ആവുന്നവട്ടം നോക്കിയിട്ടും നടന്നിട്ടില്ല, അതിന് ആ പറമ്പിന്റെ ഏഴയൽപക്കത്തേക്കു ഞങ്ങളെ അടുപ്പിക്കില്ല നമ്മുടെ ലോനപ്പേട്ടന്‍. മാവില്‍ കല്ലെറിഞ്ഞതിന് എത്രപ്രാവശ്യം പുള്ളിക്കാരന്‍ ഞങ്ങളെ ഓടിച്ചേക്കണ്...

കൊരട്ടിമുത്തീടെ പെരുന്നാളിന് രണ്ടാഴ്ച മുമ്പ് ഒരു ഞായറാഴ്ച, ഞാന്‍ പള്ളീന്ന് വീട്ടിലെത്തിയപ്പോ ലോനപ്പേട്ടന്‍ എന്റെ വീടിന്റെ ഉമ്മറത്ത് നിക്കുന്നു. "എന്റെ മുത്തീ... പണി പാളിയോ"  മാങ്ങ വീക്കിയ കാര്യം പറയാന്‍ വന്നതായിരിക്കും... സൈക്കിള്‍ സ്റ്റാന്റിൽ വച്ചില്ല, മതിലില്‍ ചാരിവച്ചേയുള്ളൂ... ചിലപ്പോള്‍ ആവശ്യം വന്നേക്കാം. പതുക്കെ ഉമ്മറത്തേക്കു ചെന്നു, പുള്ളിക്കാരന്‍ അപ്പച്ചനുമായി സംസാരിച്ചുകൊണ്ടിരിക്കാ.

"അതുശരി, നീ കൊച്ചാക്കൂന്റെ ചെര്‍ക്കനാ.. പറയണ്ടെടാ മോനെ" പുള്ളി ഒന്നു ചിരിച്ചു. ഭാഗ്യം, മുത്തി കാത്തു. കാര്യമതല്ല, ഞാന്‍ ഒന്നു ചിരിച്ചുകാണിച്ച് അകത്തേക്കോടി. 

"അമേരിക്കകാരുടെ വീട്ടില്‍ ആട്ടിന്‍ബ്രാത്ത് ഉണ്ടാക്കാന്‍ ചെല്ലോന്ന് ചോദിക്കാന്‍ വന്നതാ". അമ്മച്ചി അതുപറഞ്ഞപ്പോഴാ ശ്വാസം മുഴുവനും വീണത്.

ഞാനും പോയി അപ്പച്ചന്റെ കൂടെ ആട്ടിന്‍ബ്രാത്ത് ഉണ്ടാക്കാന്‍. ആദ്യമായാണ് ആ പറമ്പില്‍ ഇത്ര ധൈര്യമായി കയറുന്നത്. ദേ നിക്കണൂ നമ്മുടെ നായകന്‍... കൂടെ ഭാര്യയും ഇളയ ചെര്‍ക്കനും. ഒരു അമ്പത്തഞ്ചു വയസ്സു വരും അമേരിക്കകാരന്. നല്ല കശുമാങ്ങാചാമ്പക്ക പഴുത്തുതുടുത്തതു പോലത്തെ മുഖം... ഒറ്റ മുടി പോലും നരച്ചിട്ടില്ല. ഏതോ അത്ഭുതജീവികളെ കാണുന്ന പോലെ അന്തം വിട്ട് നോക്കിനിന്ന എനിക്കു നേരെ പളുങ്ക് കടലാസില്‍ പൊതിഞ്ഞ രണ്ട് മിഠായി നീട്ടി ആ ആന്റി. സമ്മതത്തിനായി അപ്പച്ചന്റെ നേരെ മുഖം തിരിച്ചു. ബ്രാത്തുണ്ടാക്കിക്കഴിഞ്ഞ് അപ്പച്ചന്റെ കൂടെ സൈക്കിളിന്റെ പിന്നിലിരുന്ന് വീട്ടിലേക്കു തിരിച്ചു  വരുമ്പോള്‍ അലിഞ്ഞു തുടങ്ങിയ ആ രണ്ടു മിഠായി, ചേച്ചിമാരടക്കം ഞങ്ങള്‍ അഞ്ചു പേര്‍ക്കായി എങ്ങനെ വീതിക്കാം എന്ന കടുത്ത ചിന്തയില്‍ ആയിരുന്നു ഞാന്‍ ...

പുഞ്ചകൊയ്ത്ത് കഴിഞ്ഞ പാടത്തെ പടുമുള പോലെ, പാതിവഴിയേ നിന്നുപോയ ഒരുപാട് സ്വപ്നങ്ങളില്‍ ഏത് ചികഞ്ഞു നോക്കിയാലും കാണാം, ഏതേലും ഒരു കോണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അമേരിക്കകാരന്റെ വീടും ആ ചാമ്പക്കാമുഖവും. അലമാരയുടെ കണ്ണാടിയില്‍ നോക്കി പൊടിമീശയുടെ എണ്ണം പിടിക്കുന്നതിനിടയില്‍ അമ്മച്ചിയോട് പറഞ്ഞു. "അമ്മേ എനിക്കും പോണം അമേരിക്കയില്‍...’’ നീ ആദ്യം ആ പ്രീഡിഗ്രി എഴുതിയെടുക്ക്, എന്നിട്ട് എവിടെ വേണേലും പൊയ്ക്കോ "ശ്ശെ.. വേണ്ടായിരുന്നു, വെറുതെ ചോദിച്ചു വാങ്ങി.

പണ്ട് പാണാട്ടികുളത്തില്‍ കൂട്ടുകാരുമൊത്ത് ചൂണ്ടയിടാന്‍ പോവും... ആരുടെയെങ്കിലും ചൂണ്ടയില്‍ മീന്‍ കൊത്തിയാല്‍ എല്ലാവരും അവിടെ കൊണ്ട് ചൂണ്ടയിടും അപ്പോള്‍ അവിടുത്തെ മീന്‍ പേടിച്ച് വേറെ വഴിക്കോടും. അങ്ങനെ മാറിമാറി ചൂണ്ടയെറിഞ്ഞ് ഒരു പൊടിമീന്‍ പോലും കിട്ടാതെ ചൂണ്ടക്കോലെടുത്ത് കക്ഷത്തില്‍ വച്ച് തിരിച്ചുപോരും. അതുപോലെ വിദേശത്ത് പോവാനായി ഒരുപാട് കോഴ്സ്കള്‍ക്ക് മാറി മാറി പോയി. പഠനം കഴിയുമ്പോഴേക്കും അതിന്റെ ചാന്‍സ് തീരും, അവസാനം നഴ്സിങ്ങ് പഠിച്ച് പണി പതിനെട്ടും പയറ്റി ഞാനും എത്തി ഈ കാനഡയില്‍.

ഒന്ന് നാട്ടില്‍ പോയിവരാന്‍ എന്താ ചിലവ് അല്ലേ... പറയുമ്പോള്‍ നൂറു നാവാ നാടിനെ കുറിച്ച് പക്ഷേ അവിടേക്ക് ഒരു തിരിച്ചു പോക്കിനെ കുറിച്ച് ആലോചിക്കാറില്ല... അതിനൊക്കെ എവിടെയാ സമയം, ആ സമയം കൂടി വിറ്റ് കാശാക്കണം. എന്നാലും വന്ന് രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ നാട്ടില്‍ ഒന്നു പോയിവരാനൊരാശ, പോയേക്കാം. പൊട്ടട്ടെ കുറെ ഡോളര്‍... പുല്ല്.

പൊട്ടി... പടപടാന്ന് പൊട്ടി... ഇട്ട ട്രൗസറിന്റെ വള്ളിവരെ പൊട്ടി. ആദ്യത്തെ രണ്ടാഴ്ച, റെന്റിനെടുത്ത കാറിന്റെ ഡിക്കി നിറയെ സമ്മാന പൊതികളുടെ മേളം, വിരുന്ന് പോകുന്നിടത്തെല്ലാം വാരികോരി കൊടുത്തു. ഇപ്പോള്‍ ഡിക്കിയില്‍ ഒരൊഴിഞ്ഞ കോള കുപ്പിയില്‍ ഒന്നര ലിറ്റര്‍ പെട്രോള്‍ മാത്രം. അങ്ങനെ കറക്കം കുറഞ്ഞ് ശനി, ഞായര്‍ പള്ളി വരെ മാത്രം ആയി ചുരുങ്ങി.

ഒരു ദിവസം രാവിലെ പഴയ ഓർമകളെ പൊടിതട്ടിയെടുത്തപ്പോള്‍ വീണ്ടും അതേ മൂലയില്‍ ആ പഴയ രണ്ടുനില വീട്... അമേരിക്കകാരന്റെ വീട്. വൈകുന്നേരം ചുമ്മാ ബൈക്കും എടുത്ത് ആ വഴിക്ക് ഒന്നു കറങ്ങി. ലോനപ്പേട്ടന്‍ അരങ്ങൊഴിഞ്ഞു, പകരം മകന്‍ ഡേവീസ് കാര്യസ്ഥം ഏറ്റെടുത്തിരിക്കുന്നു. ചുമ്മാ കുശലം പറഞ്ഞു.

അവരു വരാറുണ്ടോ ഡേവീസേ ഇപ്പോ?

കാലിലിരുന്ന കൊതുകിനെ കൊന്ന് കൊലവിളിച്ച് ഡേവീസ് പറഞ്ഞു. "ഈ ജാതിക്കായ ചീഞ്ഞ് കിടക്കണ കാരണം ഇവിടെ ഭയങ്കര കൊതുകാ... പിന്നെ അവരു രണ്ടു പേരും ഇവിടെണ്ട്"

എന്നിട്ട് ഒരു അനക്കമൊന്നുമില്ലല്ലോ. എന്തൂട്ട് അനങ്ങാനാ ആ തള്ള കിടപ്പിലാ പിന്നെ മൂപ്പിലാണെങ്കില്‍ ഇത്തിരി ഓർമ കുറവും. മക്കള്‍ വരാറില്ലേ...?

"... മക്കള്, കൊല്ലം രണ്ടാവാറായി ഇവിടെ കൊണ്ട് ആക്കീട്ട്, അതീപിന്നെ രണ്ട് പ്രാവശ്യം എങ്ങാണ്ട് വിളിച്ചട്ട്ണ്ട്. അത്ര തന്നെ, എന്തായാലും എന്റെ പെണ്ണുംപിള്ളക്ക് ഒരു പണിയായി, അവളള്‍ക്ക് വീട്ടുപണീം എനിക്ക് പൊറം പണീം."

"ഞാന്‍ ഒന്ന് കണ്ടോട്ടെ അവരെ."

"അതിനെന്താ, സാറ് പോയി കണ്ടോ ഞാനും വരാം..." 

"സാറ്" കേള്‍ക്കാന്‍ ഒരു സുഖം.

ജനാലയില്‍ കൂടി ഒന്ന് നോക്കിയേ ഉള്ളൂ... കട്ടിലിന്റെ ഒരറ്റത്ത് ഒരു എല്ലിന്‍കൂട്, അടുത്തൊരു കസേരയില്‍ ഒരു ഇംഗ്ലിഷ് പുസ്തകത്തിൽ ലയിച്ച് ആ പഴയ കശുമാങ്ങ മുഖക്കാരന്‍. തടിച്ചുകൊഴുത്ത ആ പുസ്തകത്തിന്റെ പേര് ഞാന്‍ ഒന്നു നോക്കി. ‘ an american'. ജനാലക്കരികിലെ കാലനക്കം കേട്ട് പുള്ളിക്കാരന്‍ ഞങ്ങളുടെ നേര്‍ക്ക് ഒന്നു തിരിഞ്ഞു. പഴുത്ത് തുടുത്തിരുന്ന ആ ചാമ്പക്ക  ഇന്ന് വെയിലു കൊണ്ട് വാടി കൊഴിഞ്ഞ് വീണിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ മുഖത്തെ ഭാവം തന്റെ മക്കള്‍ക്കു വേണ്ടിയുള്ള തിരച്ചിലിന്റെയും കാത്തിരിപ്പിന്റേതും ആണെന്ന് ആരെപ്പോലെയും എനിക്കും മനസ്സിലായി. എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു... പക്ഷേ, ഒന്നും മിണ്ടാതെ തിരിച്ചു നടക്കുമ്പോള്‍ മനസ്സ് എന്തൊക്കെയോ പരതി നടക്കുന്നതുപോലെ തോന്നി.

... എന്തേ? ഡേവിസ് ചോദിച്ചു.

... ഒന്നൂല്ല്യ, ലോനപ്പേട്ടന് എങ്ങനെണ്ട് ?

... ഓ, അങ്ങനന്നെ കിടപ്പാ.. അതോണ്ട് ഞാനും അകലെ എങ്ങും പണിക്കു പോക്ക് ഇല്ല, ഇവിടെ ആവുമ്പോള്‍ ഇടക്ക് അപ്പനെ ഒന്നു പോയി നോക്കാലോ, പാവം നല്ലപ്രായത്തില്‍ എന്തോരം കഷ്ടപ്പെട്ടതാ ....

"ഞാന്‍ പോട്ടെ ഡേവിസെ, സമയം കൊറെയായി."

വീട്ടില്‍ ചെന്ന് ആ പഴയ കണ്ണാടിയില്‍ കുറെ നേരം നോക്കി നിന്നു, സത്യം പറഞ്ഞാല്‍ സ്വന്തം മുഖം ഇങ്ങനെ ഒന്ന് ആസ്വദിച്ചിട്ട് കാലം കുറെയായി. "അങ്ങ് കാനഡയില്‍" മക്കളുടെ മുഖം ഒന്നു നോക്കാന്‍ പോലും സമയമില്ല പിന്നല്ലേ കണ്ണാടി...

...എന്തേ ഒരു കണ്ണാടി നോട്ടം? പഴയ കൂട്ടുകാരികളെ എങ്ങാനും കണ്ടോ ഇന്ന്? പ്രിയപത്നിയുടെ അര്‍ത്ഥം വച്ചുള്ള ചോദ്യം കേട്ടപ്പോഴാ വെളിവ് വീണത്.

...എടീ, എന്റെ മുഖം കാണാന്‍ ഇപ്പോ നല്ല പഴുത്തു തുടുത്ത കശുമാങ്ങാചാമ്പക്ക പോലുണ്ടോ?

അമ്മേ ദേ ചേട്ടന്‍ ചോദിക്കണ്, ചേട്ടന്ടെ മുഖം .....,

അടുക്കളയില്‍നിന്ന് ഉയര്‍ന്ന കൂട്ടച്ചിരി കേട്ടില്ലെന്ന് നടിച്ച് വീണ്ടും കണ്ണാടിയിലേക്ക് നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇനി എല്ലാ വര്‍ഷവും നാട്ടില്‍ വരണം, കണ്ണാടിയില്‍ ഇങ്ങനെ നോക്കിനിക്കണം, ഞെട്ട് അടര്‍ന്ന് വീഴും മുമ്പ്... മണ്ണില്‍ വീണ് വാടിയുണങ്ങും മുമ്പ്... തിരികെ വരണം, എനിക്ക് എന്റെ സ്വന്തം മണ്ണിലേക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com