ADVERTISEMENT

റാണിയും രാജയും (കഥ)

പഞ്ചനോഗ്രാം ബസ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ ദൂരമേയുള്ളു. റാണി ഢാമ്പയിലേക്ക്. സ്ഥിരം വൈകിട്ട് മൂന്നു മുതൽ രാത്രി പന്ത്രണ്ട് വരെ നീളുന്ന ഷിഫ്റ്റ് കഴിഞ്ഞു വരുമ്പോൾ റൊട്ടിയും ചനാ മസാലയും വെച്ചൂട്ടി തരുന്ന ദേബപർണ ദീദിയുടെ റാണി ഢാബ.

ദീദിയും മക്കളും ചേർന്നാണ് ഢാബ നടത്തിപ്പോന്നത്. പതിനാല് വയസ്സുള്ള രാജനും പന്ത്രണ്ട് വയസ്സുള്ള റാണിയും. 

പട്ടിണിയുടെ നിഴലിൽ വിദ്യാഭ്യാസം പകച്ചു നിന്നപ്പോൾ രാജനും റാണിയും സ്കൂളിൽ പോക്ക് നിറുത്തി. പണ്ടാരോ കണ്ടു പിടിച്ചതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്ന നമ്മാളാണോ പഠിപ്പുള്ളവർ? വിദ്യാസമ്പന്നർ?

ജീവിത തീരുമാനങ്ങളെ ചോദ്യം ചെയ്തങ്ങനെ നിന്നപ്പോളാണ് രാജന്റെ ചോദ്യം എന്നെ യാഥാർഥ്യത്തിലേക്ക് വലിച്ചിട്ടത്, "അരേ ഭയ്യാ, ചാർ റൊട്ടി ഓർ ചന്നാ മസാല ഹേനാ?" തലയാട്ടി സമ്മതിച്ചു.

രാജൻ റൊട്ടി പരത്തുമ്പോൾ റാണി കാഷ്യറാകും, കൽക്കത്തയിലെ ഈർപ്പമൊന്നും അവനൊരു വിഷയമായി തോന്നിയിട്ടില്ല.

ചിരിച്ച മുഖമേ റാണിക്ക് ഉണ്ടായിരുന്നുള്ളു, ചുവന്ന സ്വീക്കൻസ് വെച്ച ടോപ്പും നീല ദുപ്പട്ടയും മറ്റൊരു സമ്പാദ്യം.

ഞാനെപ്പോഴും ചിന്തിക്കും മക്കളെ വളർത്തുന്നെെങ്കിൽ ദേബപർണ ദീദിയേ പോലെ...

അഭിസാരികകളാണ് പ്രധാന കസ്റ്റമേഴ്സ്. രാത്രി രണ്ടു മണി വരെയുള്ള കടയിലേക്ക് പന്ത്രണ്ടര ആകുമ്പോഴേക്കും ഒരു ഒമ്നി വാനിൽ ഒരാൾ നാലഞ്ചു പേരുമായി വന്ന് അവർക്കുള്ള ഭക്ഷണം വാങ്ങും. 

ഈ ഒമ്നി വാൻ വരുന്നതു കണ്ട് ഒരിക്കലും ദേബപർണ, റാണിയോട് പറഞ്ഞില്ല അവരോട് സംസാരിക്കരുതെന്ന്.

സ്റ്റീരിയോ ടൈപ്പുകളിൽ വിശ്വാസമില്ലാത്ത ഇന്ത്യക്കാരോ?

റാണി അവരുടെ വരവും കാത്തിരുന്നു, അവരുടെ വളകൾ കാണാൻ, ഐലൈനർ എവിടെ നിന്നാണ് വാങ്ങിയതെന്നറിയാൻ, കമ്മൽ മുക്കാണോ സ്വർണ്ണമാണോന്നറിയാൻ. ദേബപർണ ഇതൊന്നും തടഞ്ഞില്ല.

കൽക്കത്തയിലെ അവസാന രാത്രി. നാളെ ഉച്ചയ്ക്കാണ് നാട്ടിലേക്കുള്ള ട്രെയിൻ. ഒരു മാസം കഴിഞ്ഞാൽ പിന്നെ മുംബൈ നഗരവും അവിടുത്തെ മഴയും.

ഷിഫ്റ്റ് കഴിഞ്ഞ് വരുന്ന വഴി ഞാൻ റാണി ഢാബയുടെ മുന്നിൽ നിന്നു.

കയ്യിലൊരു പാക്കറ്റുമായി ഓടി വരുന്ന വഴി എന്നെക്കണ്ട് റാണിയൊന്ന് ചിരിച്ചിട്ട് അകത്തേക്ക് വിളിച്ചു പറഞ്ഞു, "ഭയ്യാ കൊ ചാർ റൊട്ടി ഓർ ചന്നാ മസാല ദേദോ."

ആ പാക്കറ്റുമായി അവൾ നേരെ ഓടിക്കയറിയത് അവൾക്കു വേണ്ടി കാത്തു നിന്ന ആ ചുവന്ന ഒമ്നിയിലേക്കാണ്.

"ഏക്സോദസ്", റൊട്ടിക്കും ചനാമസാലക്കും നൂറ്റിപ്പത്ത് രൂപയായെന്നു പറഞ്ഞ് എന്റെ നേരെ ദേബപർണ ഒരു പാക്കറ്റ് നീട്ടി.

തടയുന്നിലേ ദേബപർണേ?

മകൾ ഒരു ചുവന്ന ഒമ്നി വാനിൽക്കയറി വഴിപിഴച്ച് പോകുന്നത് നീ കാണാഞ്ഞിട്ടോ? അതോ ദാരിദ്ര്യം നിന്റെ കണ്ണ് പൊത്തിയോ?