ജീവിച്ചു കൊതിതീരും മുൻപ് മരണം വന്നു വിളിക്കുമ്പോൾ...
Mail This Article
പൂക്കാരിവളവിലെ മരണഗാലറി (കഥ)
പൂക്കാരിവളവ്. എന്നും സഞ്ചരിക്കുന്ന വഴിയാണെങ്കിലും ഇന്നു കാറോടിക്കുന്നത് സുദേവനാണെന്ന വ്യത്യാസമുണ്ട്. ശനിയാഴ്ചകളിൽ പതിവു ക്ലബ്ബ് സന്ദർശനവും ചുരുക്കം ചില കൂട്ടുകാരുമൊത്തൊരു കൂടലും കഴിഞ്ഞുള്ള രാത്രിഡ്രൈവിംഗ്. അഞ്ജലി അനുവദിച്ചു നൽകാത്തതിനാൽ രാവിലെ മുതൽ സുദേവന്റെ അതിസൂഷ്മവും വേഗം കുറഞ്ഞതുമായ ഡ്രൈവിംഗിനു വിധേയനായി പിൻസീറ്റിൽ ഇരിക്കേണ്ടിവരാറുണ്ട്. വിരസമായ ചിന്തകളിലൂടെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങുമ്പോഴേക്കും ഇടയ്ക്കൊരു ട്രാൻസ്പോർട്ട് ബസ്, അല്ലെങ്കിൽ വൃദ്ധരോ സ്ത്രീകളോ ഓടിക്കുന്ന കാറുകൾ മുന്നിൽ നിരങ്ങാൻ തുടങ്ങും. അപ്പോഴൊക്കെ ആക്സിലറേറ്ററിനു മുകളിലാണെന്ന ഓർമയിൽ വലതുകാൽ അറിയാതെ അമർത്തിപ്പോകാറുമുണ്ട്. എന്നാൽ സുദേവൻ എത്ര ക്ഷമയോടെയാണ് –ഒരു ഹോൺ പോലും മുഴക്കാതെ- ആ വാഹനങ്ങളെ പിൻതുടരാറുള്ളത്. അവന്റെ പ്രായത്തിലുള്ള ചെറുപ്പക്കാരിൽ സാധാരണ കണ്ടുവരാത്ത ആ ക്ഷമാശീലമാണ് ശനിയാഴ്ചകളിൽ എന്റെ ഡ്രൈവിംഗ് സീറ്റിൽ അവനെ പ്രതിഷ്ഠിക്കാൻ അഞ്ജലിയെ പ്രേരിപ്പിച്ചത്. എന്നിട്ടും! -ഈ വളവിൽ- പൊടുന്നനെ പ്രത്യക്ഷപ്പെട്ടൊരു ടിപ്പർ ലോറി നൊടിയിടകൊണ്ടു വളർന്നുപെരുകി മുന്നിൽ നിറഞ്ഞതും ഭയാനകമായൊരു ശബ്ദവും അതിന്റെ പ്രതിധ്വനികളും മുഖരിതമാക്കിയ അന്തരീക്ഷത്തിൽ ആരോ കറക്കിയെറിഞ്ഞ പകിടകൾ പോലെ ഞാനും സുദേവനും ഒരേ ദിശയിൽ ഒരുമിച്ചു കറങ്ങുന്നതും ആദ്യമായാണ് അനുഭവിക്കുന്നത്. കാറിൽ നിന്നും എന്തൊക്കെയോ അടർന്നുയർന്ന് വായുവിൽ വട്ടം കറങ്ങുന്നതു കണ്ടതും കറുത്തുകൊഴുത്തൊരു ദ്രാവകം പോലെ ഇരുട്ട് കണ്ണുകളിൽ വീണുപരന്നു. ഭാരിച്ചൊരു ഞരക്കത്തോടെ കാർ എവിടെയോ തട്ടിച്ചതഞ്ഞ് നിശ്ചലവും നിശബ്ദവുമായി.
തലയ്ക്കു മുകളിൽ, പൊട്ടിയടർന്ന വിൻഡോ ഗ്ലാസിലൂടെ ഒരുപാടു മുഖങ്ങൾ തിക്കിത്തിരക്കുന്നുണ്ട്. മുഖങ്ങൾക്കു മുന്നിൽ വിലങ്ങനെ പിടിച്ച മൊബൈൽ ക്യാമറകൾ. ചിലത് ചിമ്മുന്നു; ചിലത് ചിലയ്ക്കുന്നു. ഉള്ളിലേക്കു നീണ്ടുവരുന്ന ഒരു കൈ പ്രതീക്ഷിച്ച് പിന്നെയും കുറേനേരം ചളുങ്ങിച്ചുരുങ്ങിയ ലതർ സീറ്റുകൾക്കിടയിൽ ഒടിഞ്ഞുമടങ്ങിക്കിടന്നു. മുൻസീറ്റിൽ വെളുത്ത പുകപടലം പോലെ പടർന്നുനിറഞ്ഞ എയർബാഗിനിടയിൽ നിന്നും ആരോ പുറത്തേക്ക് ഊർത്തിയെടുക്കുന്ന സുദേവന്റെ കാലുകൾ കണ്ടു. ബ്രേക്കിനു മുകളിൽ സംഭ്രമത്തോടെ വിടർന്ന വിരലുകൾ ഇനിയും അയഞ്ഞിട്ടില്ല. പാവം സുദേവൻ. ഔദ്യോഗികമായ അന്തരങ്ങൾ അണുവിട തെറ്റാതെ ആചരിക്കുന്ന എനിക്ക് ഇതുവരെ അവനെ നോക്കി ആത്മാർഥമായൊന്നു പുഞ്ചിരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. അക്കാര്യത്തിൽ അഞ്ജലിക്ക് നല്ല പരിഭവവുമുണ്ട്.
പെട്ടെന്ന് മുകളിലെ വിന്റോയുടെ ചതുരവട്ടത്തിൽ, മൊബൈൽ ക്യാമറകളുടെ തുറിച്ചുനോട്ടങ്ങൾ ഇളകുന്നതു കണ്ടു. മുൻനിരയിലേക്ക് സുദേവന്റെ മുഖം തിരുകിക്കയറിവന്നു. അവന്റെ പരിഭ്രമിച്ച മുഖത്തുനിന്നും ചിരപരിചിതമായ ഒരു വിളി തൊണ്ടയുടെ ഞരക്കവും കടന്ന് പുറത്തുവന്നു:
‘‘എന്റെ സാറേ...’’
അഞ്ചാറുവർഷം മുമ്പൊരു പുലർച്ചയ്ക്ക്, തലയിലൊരു കുട്ടനിറയെ ജമന്തിപ്പൂക്കളുമായി മാരിയമ്മൻ കോവിലിലേക്കു നടന്നു പോയൊരു തമിഴത്തിപ്പെണ്ണിനെ വളവു വീശിയെടുത്തുവന്ന ഒരു ടിപ്പർലോറി പഴന്തുണിക്കെട്ടുപോലെ ഇടിച്ചു തെറിപ്പിച്ചുവെന്നും ഒന്നരയാൾപ്പൊക്കത്തിൽ ഉയർന്നുപൊങ്ങി ആശ്രയമറ്റ് ടാർ റോഡിലേക്ക് അലച്ചുവീണ അവളെ പകതീരാത്ത ടിപ്പർലോറി ചവിട്ടിമെതിച്ചു കടന്നുപോയെന്നും ഒരിക്കൽ അഞ്ജലി പറഞ്ഞതോർത്തു. അതും സുദേവന്റെ കഥയാണ്. സുദേവൻ പറഞ്ഞ് ഒരുപാടു കഥകൾ അഞ്ജലിക്കറിയാം. കഥകൾ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് അയാൾ വായ തുറക്കുന്നതെന്നാണ് അഞ്ജലിയുടെ പക്ഷം. അഞ്ചുവർഷം കൊണ്ട് പൂക്കാരിവളവെന്നു പേരുനേടിയ ഈ വളവിൽ ഇതു രണ്ടാം തവണയാണ് ഒരു ടിപ്പർലോറി വിരണ്ട് അക്രമാസക്തനാകുന്നത്.
ആരൊക്കെയോ ചേർന്ന് ഡോർ വലിച്ചു തുറന്നതും സുദേവന്റെ വിരലുകൾ നീണ്ടുവന്ന് മൂക്കിനുതാഴെ ശ്വാസം പരതി. അവിശ്വനീയതയോടെ സുദേവൻ എന്റെ ചുമലിൽ പിടിക്കുന്നു. ശ്രമപ്പെട്ടു പുറത്തുകടക്കുമ്പോൾ ഒരാളെ ആൾക്കൂട്ടം ഓടിച്ചിട്ടു തല്ലുന്നതും ചവിട്ടി വീഴ്ത്തുന്നതും കണ്ടു. ഉരുണ്ടുപിരണ്ടെഴുന്നേറ്റ് ഓടാൻ ശ്രമിക്കുന്ന അയാൾക്കുമേൽ പ്രഹരങ്ങൾ ഈച്ചയെപ്പോലെ പൊതിയുന്നു. ഇടിച്ച ടിപ്പർലോറിയുടെ ഡ്രൈവറോ കിളിയോ ആവും. മറ്റയാൾ ഓടിരക്ഷപെട്ടുകാണണം.
സുദേവൻ ആരോടൊക്കെയോ സംസാരിക്കുന്നു. തൊണ്ട വല്ലാതെ വരളുന്നതായി തോന്നിയപ്പോൾ റോഡിനെതിർവശത്തേക്കു നോക്കി. എടുപ്പുകൾ മങ്ങിയ പഴയൊരു ഹോട്ടലിന്റെ ബോർഡു കണ്ടു. അക്ഷരങ്ങൾ പൊളിഞ്ഞടർന്നു തുടങ്ങിയ ബോർഡിനു താഴെ നിരനിരയായി തൂങ്ങുന്ന ജമന്തിമാലകൾ അതൊരു വെജിറ്റേറിയൻ ഹോട്ടലാണെന്ന് തോന്നിപ്പിക്കുന്നുണ്ട്.
ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞ് മെല്ലെ റോഡ് മുറിച്ചുകടന്നു. തിരിഞ്ഞുനോക്കുമ്പോൾ ആരുടേയും ശ്രദ്ധ എന്നിൽ പതിഞ്ഞിട്ടില്ലെന്നു മനസ്സിലായി. അപകടത്തിന്റെ അതിമനോഹര ദൃശ്യങ്ങൾക്കായി മൊബൈൽ ക്യാമറകൾ മത്സരബുദ്ധിയോടെ അരിച്ചുപെറുക്കുന്നു. സുദേവൻ ഒരു ചെറിയ ആൾക്കൂട്ടത്തോട് അപകടം വന്നവഴി വിശദീകരിക്കുന്നു.
സംഭവസ്ഥലം കാണാവുന്ന വിധത്തിൽ, ഹോട്ടലിനുള്ളിൽ സ്വസ്ഥമായ ഒരിടം കണ്ടെത്തി ഞാൻ ഇരുന്നു. ആദ്യം കണ്ണുടക്കിയത് ഭിത്തികളിൽ നിരനിരയായി ഉറപ്പിച്ചിരിക്കുന്ന ചില്ലിട്ട ഛായാചിത്രങ്ങളിലാണ്. എല്ലാ ചിത്രങ്ങളിലും ജമന്തിമാലകൾ ചാർത്തിയിട്ടുണ്ട്. കറുപ്പും വെളുപ്പും ഇടകലർന്ന ചിത്രങ്ങളിൽ എല്ലാം പുഞ്ചിരിക്കുന്ന മുഖങ്ങൾ. താഴെ ഘടിപ്പിച്ചിട്ടുള്ള ചെറിയ തട്ടുകളിലിരുന്നു പുകയൂതിവിടുന്ന ചന്ദനത്തിരികൾ അവരെ ശ്വാസം മുട്ടിക്കുന്നതായി തോന്നിയില്ല. മരണം നടന്നൊരു വീട്ടിൽ സഞ്ചയനത്തിനോ പതിനാറടിയന്തിരത്തിനോ പങ്കെടുക്കുന്ന പ്രതീതിയായിരുന്നു ആ ഹോട്ടലിനുള്ളിൽ അനുഭവപ്പെട്ടത്.
മിതഭാഷിയാണെങ്കിലും സുദേവന് നല്ല കാര്യഗൗരവമുണ്ടെന്നും ഏതുകാര്യവും കൃത്യമായി വിശകലനം ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനും സ്വതസിദ്ധമായ ശൈലിയും കഴിവുമുണ്ടെന്നും അഞ്ജലിയുടെ വാക്കുകളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ലെന്നു മനസ്സു പറഞ്ഞു. എല്ലാം അവൻ കൈകാര്യം ചെയ്തോളും. പൊലീസ് കേസും ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങളുമോർത്ത് തലപുകയ്ക്കേണ്ടതില്ലെന്നോർത്തപ്പോൾ വല്ലാത്ത മനസ്സമാധാനം തോന്നി. ഇങ്ങനെയൊരു ശനിയാഴ്ചയ്ക്കു പകരം സുദേവൻ കൂടെയില്ലാത്ത മറ്റേതെങ്കിലും ദിവസമായിരുന്നു ഈ അപകടമെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നോർത്തപ്പോൾ മനസ്സമാധാനം ഇരട്ടിച്ചു.
സുദേവനേയും കൂടെ നിന്നവരേയും കാഴ്ചയിൽ നിന്നും മറച്ചുകൊണ്ട് റോഡിനപ്പുറം അപകടസ്ഥലത്ത് ഒരു ആംബുലൻസ് ഒച്ചയുണ്ടാക്കി വന്നുനിൽക്കുകയും നിമിഷങ്ങൾക്കകം പിന്നോട്ടെടുത്ത് വളച്ച് വന്നവഴിയേ പാഞ്ഞുപോകുകയും ചെയ്തു. ആംബുലൻസ് അവശേഷിപ്പിച്ച പുകപടലങ്ങൾ അടങ്ങിയപ്പോൾ സുദേവനും കൂട്ടരും നിന്നയിടം ശൂന്യമാണെന്നുകണ്ടു. എങ്ങോട്ടാണെങ്കിലും അവൻ പോയിട്ടുവരട്ടെ. അതുവരെ ഇവിടെയിരിക്കാം. അഞ്ജലിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞില്ലല്ലോയെന്നോർത്തപ്പോൾ ഫോൺ നഷ്ടപ്പെട്ടുവെന്ന കാര്യം മനസ്സിലായി. അല്ലെങ്കിലും അഞ്ജലിയെ ഇപ്പോൾ വിളിക്കാതിരിക്കുന്നതാണു ബുദ്ധി. അവൾ ഭയപ്പെടും.
‘‘എന്തുവേണം സാർ’’
കറുത്തുമെലിഞ്ഞ് നെറ്റിനിറയെ ചന്ദനം പൂശിയ ഒരാൾ ക്യാഷ് കൗണ്ടറിനു പിന്നിലെ ഇരിപ്പിടത്തിൽ നിന്നും ഞെരുങ്ങിയിറങ്ങിവന്ന് ഭവ്യതയോടെ ചോദിച്ചു. വെളുത്ത ഷർട്ടും മുണ്ടും ധരിച്ചിരുന്ന അയാൾക്ക് ഭിത്തിയിൽ വച്ചിട്ടുള്ള ചിത്രങ്ങളിലെ ആരുടെയൊക്കെയോ മുഖഛായ തോന്നി.
‘‘കുറച്ചു വെള്ളം തരൂ.’’
അയാൾ വെള്ളമെടുക്കാനായി നീങ്ങിയപ്പോൾ ഒരുവട്ടം കൂടി ഭിത്തിയിലെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു.
‘‘എല്ലാവരും എന്റെ സ്വന്തക്കാരാണ് സാർ’’
അകത്തെവിടെയോ നിന്ന് അയാളുടെ അഭിമാനം പുരണ്ട ശബ്ദം കേട്ടു.
‘‘എല്ലാവരും?’’ ഞാൻ ചോദിച്ചു.
‘‘അതെ സാർ, അച്ഛൻ, വല്ല്യച്ഛൻ, അപ്പൂപ്പൻ, മുത്തപ്പൂപ്പൻ, മാമൻമാർ, മാമിമാർ....എല്ലാവരും.’’
അയാൾ മേശപ്പുറത്ത് ഒരു സ്റ്റീൽഗ്ലാസ് നിറയെ വെള്ളം കൊണ്ടുവന്നുവച്ചിട്ട് ഇഡ്ഢലിമാവുപോലെ വെളുത്തൊരു ചിരിചിരിച്ചു.
എത്ര വിചിത്രമാണിവിടം എന്നാലോചിക്കുകയായിരുന്നു ഞാൻ. ജീവൻ നിലനിർത്താൻ വേണ്ടി മനുഷ്യർ കയറുന്ന ഭക്ഷണശാലയിൽ മരണത്തെ പ്രദർശനത്തിനു വയ്ക്കുക എന്ന വൈരുദ്ധ്യം നിറഞ്ഞ ശ്രമത്തിലൂടെ ഇയാൾ പൂക്കാരിവളവിലെ ഈ പഴഞ്ചൻ ഹോട്ടലിനെ ഒരു ഗാലറിയാക്കി മാറ്റിയിരിക്കുന്നു- മരണത്തിന്റെ ഗാലറി. പുതിയതും പഴയതുമായ എത്രയെത്ര മരണങ്ങൾ!. ആണിന്റേയും പെണ്ണിന്റേയും രൂപത്തിൽ ഒരേ മരണം. പുകഞ്ഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരികളുടെ ഗന്ധം ഭക്ഷണത്തിന്റെ ക്ഷണികതയെക്കുറിച്ചുള്ള അനാവശ്യമായ ഓർമപ്പെടുത്തലുകൾ അവിടമാകെ പരത്തുന്നതു കൊണ്ടാകാം ഈ ഹോട്ടലിലേക്ക് ആരും വന്നുകാണാത്തത്.
‘‘ ഇതെന്റെ അച്ഛനാണ് സർ. ’’
അയാൾ കൈചൂണ്ടിയിടത്തെ ഭിത്തിയിൽ മറ്റൊരു ഇഡ്ഢലിമാവുചിരി കൂടി കണ്ടു. താടിരോമങ്ങൾ വടിച്ച മുഖത്ത് അവശേഷിച്ച കട്ടിപ്പുരികത്തിനു താഴെ ഒരു നനവ് അയാളുടെ അച്ഛന്റെ കണ്ണുകളിൽ വീണു പടർന്നുകിടക്കുന്നുണ്ട്.
‘‘പന്ത്രണ്ട് വർഷമായി സർ അച്ഛൻ പോയിട്ട്. ’’
‘‘ഓഹ്.. എങ്ങനെയാ മരിച്ചത്? അസുഖം വല്ലതും...’’
‘‘ഹേയ്, പോത്തിൻകുട്ടി പോലെ ഓടിനടന്നയാള്. ആക്സിഡന്റായിരുന്നു സർ.’’
ഓർമകളിലൂടെ സഞ്ചരിക്കുന്നതു പോലെ അയാൾ കുറച്ചുനേരം നിശബ്ദനും ധ്യാനനിരതനുമായി. പിന്നെ വീണ്ടും പഴയ ചുറുചുറുക്കോടെ അടുത്ത ചിത്രത്തിലേക്കു മിഴിയുയർത്തി.
‘‘സർ, ഇതു വല്ല്യച്ഛൻ.’’
അയാളുടെ നീട്ടിപ്പിടിച്ച ചൂണ്ടുവിരലിനു നേരെയുള്ള ചിത്രത്തിൽ ഘനഗാംഭീര്യമുള്ള ഒരു മധ്യവയസ്കന്റെ കനത്ത മീശയുടെ തുമ്പ് ചെറുതായി വിറച്ചു.
‘‘പൊലീസുകാരനായിരുന്നു സർ. വല്ല്യച്ഛൻ കനപ്പിച്ചൊന്നു നോക്കിയാ ആൾക്കാർ നിന്നനിൽപ്പില് മുള്ളും. ഭയങ്കര കില്ലാടി. ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ കൈചൂണ്ടാൻ എനിക്കു പറ്റുമോ? കൊച്ചുന്നാളില് ഞാനും മുള്ളീട്ടൊണ്ട് സർ.’’ അയാൾ ഇരു കൈകളും അറിയാതെ കാലിടുക്കിലേക്കു ചേർത്തുവച്ചു ചിരിച്ചു.
‘‘അടുത്തൂൺ പറ്റിയതിന്റെ പിറ്റേന്നാണ് സർ വല്ല്യച്ഛൻ പോയത്. ‘‘
‘‘അതു കഷ്ടമായി.’’
‘‘വലിയ കഷ്ടം തന്നെയാണ് സർ, പത്തുമുപ്പത്തഞ്ചുകൊല്ലം സ്റ്റേറ്റ് പൊലീസിനു വേണ്ടി മാത്രം ജീവിച്ച വല്ല്യച്ഛൻ, മരിക്കുന്നതിന്റെ തലേ രാത്രി മാത്രമാണ് കുടുംബത്തിനു വേണ്ടി ജീവിച്ചത്. കയ്യിലൊരു പൂച്ചെണ്ടുമായി ഒന്നുരണ്ടു കൂട്ടുകാർക്കൊപ്പം ഉമ്മറത്തേക്കു കയറിവന്ന വല്ല്യച്ഛനെ ദാ ഇന്നലത്തെപ്പോലെ ഓർക്കുന്നു സർ. രാത്രി വൈകുവോളം അവർ മദ്യപിച്ചു. അച്ഛനെ വിളിച്ചെങ്കിലും കൂടിയില്ല. അച്ഛനും വല്ല്യച്ഛനെ പേടിയായിരുന്നല്ലോ. കൂട്ടുകാരെല്ലാം പോയതിനു ശേഷം വല്ല്യച്ഛൻ അച്ഛനെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. വല്ല്യച്ഛൻ കരയുന്നത് ഒരു അത്ഭുതക്കാഴ്ചയായിരുന്നു എനിക്കും അച്ഛനും. ഭക്ഷണം കഴിച്ച് കിടന്നെങ്കിലും വല്ല്യച്ഛൻ ഉറങ്ങിയില്ല. കല്ല്യാണം കഴിഞ്ഞ് മൂന്നാം വർഷം മച്ചിയാണെന്ന കാരണം പറഞ്ഞ് ചവിട്ടിയോടിച്ച വല്ല്യമ്മയുടെ പേര് ഇടക്കിടെ വിളിച്ച് കരഞ്ഞുകൊണ്ടേയിരുന്നു. പുലർച്ചയ്ക്ക് അച്ഛനെ വിളിച്ചെഴുന്നേൽപ്പിച്ച് വല്ല്യമ്മയെക്കാണാൻ പോകുകയാണെന്നും പറഞ്ഞ് ഒറ്റപ്പോക്കു പോയി.’’
അയാൾ അതിദീർഘമായൊന്നു നിശ്വസിച്ചതിനു ശേഷം തുടർന്നു:
‘‘പിന്നെ വല്ല്യച്ഛൻ മരിച്ചാണ് മടങ്ങിവന്നത് സർ.’’
‘‘എന്താണ് സംഭവിച്ചത്? ’’
തികച്ചും സാധാരണമായ ഒരു ആകാംഷയിൽ ഞാൻ ചോദിച്ചു.
‘‘പത്തിരുപതു വർഷമായി വല്ല്യമ്മയുടെ ആങ്ങളമാർ കാത്തിരിക്കുകയായിരുന്നല്ലോ വല്ല്യച്ഛൻ യൂണീഫോറമൊന്ന് അഴിച്ചു വയ്ക്കാൻ. വല്ല്യമ്മയുടെ വീടിനു തൊട്ടുമുന്നിലെ തെരുവിൽ വച്ച് അവർ വല്ല്യച്ഛനെ വെട്ടിവീഴ്ത്തി. ആ തെരുവിൽ വച്ചുതന്നെയാണ് മുമ്പ് വല്ല്യച്ഛൻ അവരുമായി തല്ലുണ്ടാക്കിയിരുന്നത്. അന്ന് കാക്കിക്കു മുന്നിൽ അവർ നിസ്സഹായരായി നിന്ന് തല്ലുകൊണ്ടു. പക്ഷേ കാക്കിയൂരിയ ദിവസം വല്ല്യച്ഛനും അവരും പച്ചമനുഷ്യരായി. അങ്ങനെ മുപ്പത്തഞ്ചു കൊല്ലം ഭാരമുള്ള പൊലീസ് ജീവിതം വല്ല്യച്ഛൻ മരണത്തിലേക്കിറക്കി വച്ചു സർ.’’
‘‘ആ ഫോട്ടോ ആരുടേതാ? ’’
വല്ല്യച്ഛന്റെ തൊട്ടടുത്തുള്ള, വിടർന്നതും വിഷാദം നിറഞ്ഞതുമായ കണ്ണുകളുള്ള ഒരു സ്ത്രീയുടെ ചിത്രത്തിലാക്കാണ് ഞാൻ മുഖമുയർത്തിയത്.
‘‘ഏത് ആ ചെറുപ്പക്കാരിയോ സർ? അതാണ് വല്ല്യമ്മ. വല്ല്യമ്മ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയിട്ടുള്ളൂ. വയസ്സായിത്തന്നെയാ മരിച്ചത്. പുതിയ ഫോട്ടോ കിട്ടാഞ്ഞതുകൊണ്ട് വല്ല്യച്ഛന്റെ പെട്ടിയിൽ നിന്നു കിട്ടിയ ഈ പഴയ ഫോട്ടോയെടുത്തു ചില്ലിട്ടു.’’
അതെങ്ങനെ ശരിയാകുമെന്നോർത്തു. ആ സ്ത്രീയുടെ മരണം അവശേഷിപ്പിച്ചുപോയ ശരീരമല്ലല്ലോ ഇത്. ഈ മുഖം പിന്നെയും എത്രയോ വർഷങ്ങൾ ജീവിതത്തെ സഹിച്ചതിനു ശേഷമാണ് മരിച്ചിട്ടുണ്ടാവുക. മരണത്തെക്കുറിച്ച് ഗാഢമായി ആലോചിച്ചിട്ടുപോലുമില്ലാത്ത പ്രായത്തിലുള്ള ചിത്രം മരണാനന്തരം പ്രദർശിപ്പിക്കുന്നത് അനീതി തന്നെ. ഒരാൾ മരിക്കുന്നതിന് ഏറ്റവും അടുത്ത നാളുകളിലെ ചിത്രം വയ്ക്കുന്നതല്ലേ മരണത്തോട് ചെയ്യാവുന്ന നീതിപൂർവ്വമായ കാര്യം?
‘‘സർ എന്താണ് ആലോചിക്കുന്നത്?’’ അയാൾ എന്റെ മനസ്സു വായിച്ച പോലെ പറഞ്ഞു:
‘‘ഈ പ്രായത്തിനു ശേഷം ഞാൻ വല്ല്യമ്മയെ കണ്ടിട്ടില്ലല്ലോ സർ. അപ്പോൾ കുറഞ്ഞപക്ഷം എനിക്കെങ്കിലും വല്ല്യമ്മ ഈ പ്രായത്തിൽ മരിച്ചുപോയൊരു സ്ത്രീയാണ്. ’’ മരണം ഓരോരുത്തരിലും ഓരോ നിർവചനങ്ങൾ സൃഷ്ടിക്കുന്നതിൽ ഞാൻ അത്ഭുതം കൊണ്ടു.
‘‘എന്റെ വല്ല്യമ്മാവനെ നോക്കൂ സർ.’’ അയാൾ നെറ്റിയിൽ ഭസ്മം പൂശിയ, തുറന്ന വായിൽ ചിരിക്കുന്ന ഒരു വയസ്സനെ ചൂണ്ടി :
‘‘ഏറ്റവും രസകരമായ മരണമായിരുന്നു വല്ല്യമ്മാവന്റേത്. ’’
‘‘രസകരമായ മരണമോ?’’
‘‘അതെ സർ. വല്ല്യമ്മാവൻ തമിഴ്നാട്ടിലായിരുന്നല്ലോ താമസം. മദിരാശിയിലെത്തുന്ന മലയാളം പടങ്ങൾ വിടാതെ കാണുമായിരുന്നു വല്ല്യമ്മാവൻ.’’ ഓർമകളിലേക്കു പടരുന്നൊരു ചിരി അയാളുടെ മുഖത്ത് അറിയാതെ വിടർന്നു.
‘‘അങ്ങനെയൊരിക്കൽ ഒരു സെക്കന്റ് ഷോയ്ക്ക് ടാക്കീസിലെ മരക്കസേരയിലിരുന്ന് അടൂർ ഭാസിയുടെ നല്ല തമാശകളുള്ള ഒരു സിനിമ കണ്ടുകൊണ്ടിരുന്ന വല്ല്യമ്മാവൻ വലിയ വായിൽ ചിരിച്ച് ചിരിച്ച് മരിച്ചു പോയി. ചിരിച്ചു ചിരിച്ചു ചത്തു എന്ന് നമ്മൾ പറയാറില്ലേ സർ? ശരിക്കും അങ്ങനെ തന്നെ.!’’
മരണം രസകരമാകുന്ന രീതികളെക്കുറിച്ച് ആദ്യമായി ചിന്തിക്കുകയായിരുന്നു ഞാൻ.
‘‘പക്ഷേ സർ, അതിലും രസമായിരുന്നു പിന്നീടുണ്ടായ കാര്യങ്ങൾ. വല്ല്യമ്മാവൻ മരിച്ചിരിക്കുന്നത് ആരുമറിഞ്ഞില്ല. ടാക്കീസു പൂട്ടി പണിക്കാർ വീട്ടിൽ പോയി. പിറ്റേന്നു രാവിലെ വല്ല്യമ്മായി അയൽക്കാരെയും കൂട്ടി എത്തിയപ്പോഴല്ലേ രസം..’’
‘‘എന്താ സംഭവിച്ചത്? ’’
‘‘എന്റെ സാറെ, തമിഴ്നാടല്ലേ? നമ്മുടെ നാട്ടുനടപ്പനുസരിച്ച് സംസ്കരിക്കാനൊക്കെ നോക്കി. ഇരുന്ന ഇരുപ്പിൽ നിന്ന് വല്ല്യമ്മാവനൊന്ന് നിവർന്നു തരണ്ടേ? ഒടുക്കം അവിടുത്തെപ്പോലെ ഇരുത്തിയങ്ങ് സംസ്കരിച്ചു.’’
ഒരിക്കൽക്കൂടി അയാളുടെ വല്ല്യമ്മാവന്റെ ചിത്രത്തിലേക്കു നോക്കി. അടൂർ ഭാസിയുടെ തമാശകൾ വിടർത്തിവിട്ട വലിയ വായ് ഇനിയും അടയ്ക്കാതെ വല്ല്യമ്മാവൻ. ജീവിതത്തേക്കാൾ മരണത്തിന് വൈവിധ്യങ്ങളാകാമെന്നത് ഒരു പുതിയ അറിവായിരുന്നു. മരണത്തെ അതിമനോഹരമായി പ്രദർശിപ്പിച്ചിട്ടുള്ള ഒരു ഗാലറിയിലാണ് ഇരിക്കുന്നതെന്ന ചിന്ത, മുമ്പൊരിക്കൽ ഒരു യാത്രക്കിടയിൽ വായിക്കേണ്ടിവന്ന ‘‘പെഡ്രോ പരാമോ’’ എന്നോ മറ്റോ പേരുള്ളൊരു പുസ്തകത്തിലെ മരണവും ജീവിതവും അസാമാന്യമായ വിധം സമരസപ്പെട്ടിരിക്കുന്ന, മരിച്ചവരേയും ജീവിക്കുന്നവരേയും വേർതിരിച്ചെടുക്കാൻ സാധിക്കാത്ത, വിഭ്രമകരമായ അന്തരീക്ഷം ചൂഴ്ന്നുനിൽക്കുന്ന കോമാല എന്ന ഗ്രാമത്തെ ഓർമിപ്പിച്ചപ്പോൾ, ഈ ചായക്കടക്കാരന് അയാളുടെ വെളുത്ത വസ്ത്രങ്ങൾക്കുള്ളിൽ മരണത്തിന്റെ കരിപിടിച്ച ഉടുപ്പു പോലെ ഒരു ശരീരം കൂടിയുണ്ടെന്നു തോന്നി.
‘‘വല്ല്യമ്മാവന്റെ വലതു വശത്ത് കണ്ടോ സർ, അപ്പൂപ്പൻ. അതും ഒരു കണക്കിനു തമാശ തന്നെ.’’
‘‘തമാശയോ മരണത്തിലും തമാശയുണ്ടോ? ’’
‘‘പിന്നില്ലാതെ? അടൂർ ഭാസിയുടെ തമാശ കേട്ട് ചിരിച്ചു മരിച്ച വല്ല്യമ്മാവന്റെ മരണം ഒരു തമാശയല്ലേ?’’
‘‘അങ്ങനെ വേണമെങ്കിൽ പറയാം.’’
‘‘അപ്പൂപ്പൻ പക്ഷേ അങ്ങനെയല്ല. ജീവിക്കാൻ വേണ്ടി മരിച്ചയാളാണ്. അതാണ് തമാശ.’’
‘‘ജീവിക്കാൻ വേണ്ടി മരിക്കുകയോ?’’
‘‘അന്നത്തെക്കാലമല്ലേ സർ? ഒരു വെള്ളപ്പൊക്കക്കാലത്ത്, ഒരു മണി അരിയ്ക്കുവേണ്ടി ആൾക്കാര് നെട്ടോട്ടമോടുന്ന കാലത്ത്, അപ്പൂപ്പന് ഒരു പറ നെല്ല് കളഞ്ഞു കിട്ടി.’’
‘‘നെല്ലോ?’’
‘‘ഏതോ നാട്ടുപ്രമാണിയുടെ കളത്തീന്ന് ഒഴുകിവന്നതാ. ചാക്കിൽ അത്രയേ ഉണ്ടായിരുന്നുള്ളൂ. അപ്പൂപ്പൻ അതെടുത്ത് വീട്ടിൽ കൊണ്ടുവന്ന് തട്ടിൻമുകളിൽ ഒരു ചെമ്പുകലത്തിൽ ഒളിപ്പിച്ചുവച്ചു. വയറ് കത്തണ വിശപ്പല്ലേ. പാതിരാത്രി എല്ലാരും ഉറങ്ങിയെന്നുറപ്പായപ്പോൾ അപ്പൂപ്പൻ തട്ടിൻപുറത്തുകയറി ഒരു പിടി നെല്ലു വാരിത്തിന്നു. പിറ്റേന്നുമുതൽ പാതിരാവാകാൻ അപ്പൂപ്പൻ കാത്തുകാത്തിരുന്നു. അമ്മൂമ്മയും കുട്ടികളുമൊക്കെ വല്ല തവിടോ തേങ്ങയോ തിന്ന് വിശപ്പടങ്ങാതെ തളർന്നുറങ്ങുമ്പോൾ അപ്പൂപ്പൻ ആരുമറിയാതെ തട്ടിൻപുറത്തു കയറി ചെമ്പുകലത്തിൽ കയ്യിട്ടു. ചെളിവെള്ളത്തിൽ നനഞ്ഞ നെല്ല് പൂത്തുതുടങ്ങിയിരുന്നു. പക്ഷേ ജീവിക്കാനുള്ള അത്യാർത്തിയിൽ അപ്പൂപ്പൻ നെല്ലിന്റെ ചൂരോ ചൊരുക്കോ ശ്രദ്ധിച്ചതേയില്ല. അങ്ങനെ തട്ടിൻപുറത്തു കയറിത്തുടങ്ങിയതിന്റെ കൃത്യം പതിനാറാം ദിവസം അപ്പൂപ്പൻ മരിച്ചു. നനഞ്ഞ കയറ്റുകട്ടിലിൽ, തട്ടിൻപുറത്തേക്കുറപ്പിച്ച ആർത്തിനോട്ടവുമായി അപ്പൂപ്പൻ മഞ്ഞച്ചു കിടന്നു. മഞ്ഞനിറമുള്ള മരണം.!’’
‘‘മരണത്തിനു നിറവും ?’’
‘‘അങ്ങനേയുമില്ലേ സർ? മഞ്ഞപ്പിത്തം പിടിച്ചുള്ള മരണം മഞ്ഞനിറമാണെങ്കിൽ വിഷം തീണ്ടിയുള്ള മരണം നീലനിറമല്ലേ? മുങ്ങിമരിച്ചാൽ വെളുപ്പുനിറത്തിലാവും മരണം ശരീരത്തിൽ വെളിപ്പെടുക. ഉദാഹരണങ്ങളുണ്ട് സർ ഇവിടെ.’’
അയാൾ ഏതൊക്കെയോ ഫോട്ടോകളിലേക്കു വിരൽ ചൂണ്ടി. മരണത്തിന് നിറങ്ങളിലൂടെയും വ്യത്യസ്തമാകാൻ കഴിയുമെന്നോർത്തപ്പോൾ ഇതുവരെ അറിഞ്ഞതിനേക്കാൾ വലിയ മാനങ്ങൾ വെറും സാധാരണമെന്നു കരുതിപ്പോന്ന മരണത്തിനുണ്ടെന്നു തോന്നാൻ തുടങ്ങി. വർണ്ണങ്ങൾ കൂടി സാധ്യമായതോടെ ഇവിടം ശരിക്കുമൊരു ഗാലറിയായി രൂപാന്തരപ്പെട്ടിരിക്കുന്നതായി ബോധ്യപ്പെട്ടു. മരണത്തിന്റെ ഗാലറി.!
‘‘നിങ്ങളുടെ അമ്മ...?’’ കുറേനേരമായി ചോദിക്കാനാഞ്ഞ ചോദ്യം ഞാൻ സംശയത്തോടെ ചോദിച്ചു.
‘‘സമയമായിട്ടില്ല സർ.’’ അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു:
‘‘ദാ അവിടെ...’’
അച്ഛന്റെ ഫോട്ടോയ്ക്ക് തൊട്ടടുത്ത് ഒഴിച്ചിട്ടിരിക്കുന്ന ചതുരാകൃതിയുള്ള ഇടം അയാൾ കാണിച്ചു തന്നു.
‘‘അമ്മയ്ക്കുള്ള സ്ഥലം ഞാൻ കണ്ടുവച്ചിട്ടുണ്ട് സർ. മരണത്തിനു വേണ്ടി മാത്രം നമ്മൾ പിടിച്ചു വയ്ക്കുന്ന സ്ഥലം ഉപകാരപ്പെടാതെ പോകാറില്ലല്ലോ.’’
സമീപഭാവിയിൽ മരണം പൂത്തു വിടരാതിരിക്കാൻ ഒരു സാധ്യതയുമില്ലാത്ത ആ ഇത്തിരിയിടത്തേക്ക് നോക്കാതെയിരിക്കാൻ എനിക്കു കഴിഞ്ഞില്ല. എത്ര ഭാവനാസമ്പന്നരാണ് മനുഷ്യർ. മരണത്തിനു വേണ്ടി ഇടങ്ങൾ പിടിച്ചു വയ്ക്കുമ്പോഴും ജീവിതത്തെക്കുറിച്ചുള്ള മനോഹരസ്വപ്നങ്ങൾ കാണാൻ മാത്രം ഭാവനാസമ്പന്നർ.
‘‘അച്ഛൻ മരിച്ചത് ഒരു ആക്സിഡന്റിലാണെന്നല്ലേ പറഞ്ഞത്?’’ അയാളുടെ അച്ഛന്റെ ചിത്രം ഇടയ്ക്ക് കണ്ണിൽ തടഞ്ഞപ്പോൾ ഞാൻ ചോദിച്ചു.
‘‘അതേ സർ. പത്തുപന്ത്രണ്ടു കൊല്ലം മുമ്പ് ഈ പൂക്കാരിവളവിൽ വച്ച്.’’
‘‘ഈ വളവിൽ വച്ചോ?’’
‘‘അതേ സർ. ഈ വളവിൽ വച്ചു തന്നെ. അച്ഛനായിരുന്നല്ലോ അന്നു ഹോട്ടൽ നടത്തിയിരുന്നത്. തൈര് വാങ്ങാനായി തൊട്ടപ്പുറത്തെ ചന്തമുക്കിലേക്കു നടന്നു പോയതാണ്. വളവ് വീശിയെടുത്തു വന്ന ഒരു തമിഴ് ലോറി അച്ഛനെ ഇടിച്ചു തെറിപ്പിച്ചു.’’
‘‘എന്തായിരുന്നു അച്ഛന്റെ പേര്?’’
‘‘കരുണൻ.’’ അയാൾ അച്ഛന്റെ ചിത്രത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസമുതിർത്തിട്ടു പറഞ്ഞു:
‘‘കേട്ടോ സർ, തെറിച്ചു റോഡിൽ വീണ അച്ഛൻ ഈ ഹോട്ടലിലേക്കു നോക്കിത്തന്നെ കിടന്നാണ് മരിച്ചത്. ഹൊ.. അതുകൊണ്ട് ഒരു കാര്യം എനിക്കുറപ്പാണ് സർ. അച്ഛന്റെ ഒരു കണ്ണ് എന്നും ഈ കടയിലുണ്ട്. ‘’
ഫോട്ടോയിൽ, അയാളുടെ അച്ഛന്റെ കണ്ണുകളിൽ ജീവന്റെ ഒരു നനവ് ആദ്യമേ ശ്രദ്ധിച്ചതോർത്തു. ആ കണ്ണുകളിലേക്ക് ഊറിക്കൂടിയ പ്രാണന്റെ അവസാന തുള്ളിയിൽ ഈ ഹോട്ടൽ പ്രതിഫലിച്ചിട്ടുണ്ടാവണം.
‘‘പക്ഷേ ഈ വളവിൽ...’’ പെട്ടെന്ന് പൂക്കാരിവളവ് ഉള്ളിൽ തെളിഞ്ഞപ്പോൾ ഞാൻ അയാളോട് ചോദിച്ചു:
‘‘പന്ത്രണ്ടു കൊല്ലം മുമ്പ് ഈ വളവിൽ വണ്ടിയിടിച്ചു മരിച്ച നിങ്ങളുടെ അച്ഛന്റെ പേരല്ലേ ഈ വളവിനു വരേണ്ടിയിരുന്നത്? ഇതെങ്ങനെ പൂക്കാരിവളവായി?’’
‘‘ശരിയാണ് സർ. അച്ഛൻ മരിച്ച് നാലഞ്ചു കൊല്ലം പിന്നെയും കഴിഞ്ഞാണ് ആ പൂക്കാരി ഇവിടെ മരണപ്പെടുന്നത്. അവളുടെ മരണം മുമ്പേ കടന്നുപോയ അച്ഛന്റെ മരണത്തെ പേരു കൊണ്ട് തോൽപ്പിച്ചില്ലായിരുന്നുവെങ്കിൽ ഈ വളവ് എന്റെ അച്ഛന്റെ പേരിൽ ചരിത്രത്തിൽ രേഖപ്പെടുമായിരുന്നു. അല്ലെങ്കിലും ചരിത്രം മരണം പോലെ തന്നെയല്ലേ സർ? എല്ലായ്പ്പോഴും അതിന്റെ കണ്ണുകൾ എല്ലാവരിലും പതിഞ്ഞെന്നു വരില്ല, പക്ഷേ ഒരിക്കലെങ്കിലും പതിയുകയും ചെയ്യും.’’
ചരിത്രത്തെ മരണവുമായി കൂട്ടിക്കെട്ടുന്നതിലെ അയാളുടെ യുക്തി ശരിയാണെന്നു തോന്നി. ‘മരിച്ചു കഴിഞ്ഞു’ എന്നതു പോലെ ‘സംഭവിച്ചു കഴിഞ്ഞു’ എന്നതും ചരിത്രം തന്നെ.
ഹോട്ടലിനു പുറത്ത് അപകടസ്ഥലത്തു നിന്ന് ആളുകൾ ഒഴിഞ്ഞുപോയിരുന്നു. ആരോ ചുരുട്ടിക്കൂട്ടിയെറിഞ്ഞ മുഷിഞ്ഞ കടലാസു പോലെ കാർ വഴിയോരത്തുതന്നെയുണ്ട്. ഇരയുടെ ദൈന്യം നിറഞ്ഞ കിടപ്പുകണ്ട് അഹങ്കാരിയായൊരു മദയാനയെപ്പോലെ ടിപ്പർ ലോറി മസ്തകമുയർത്തിപ്പിടിച്ച് അടുത്തുതന്നെ നിൽക്കുന്നതും കണ്ടു.
പുറത്തേക്കിറങ്ങുമ്പോൾ ഹോട്ടലുകാരൻ എന്തൊക്കെയോ ചോദിച്ചത് ശ്രദ്ധിച്ചതേയില്ല. റോഡിലേക്കിറങ്ങി ഓരം ചേർന്നു നടന്നു. അഞ്ജലി പരിഭ്രമിച്ചിരിക്കുകയായിരിക്കും. എങ്കിലും വീട്ടിലേക്കു പോകുന്നതിനു പകരം നഗരത്തിലൂടെ വെറുതെ നടക്കാനാണ് തോന്നിയത്. കാറിനുള്ളിലെ തണുപ്പിലിരുന്ന് പുറത്തെ വെയിൽ കാണാറുള്ളപ്പോൾ എന്തു തെളിച്ചവും ഭംഗിയുമായിരുന്നു. അന്നൊന്നും വെയിലിനെ അനുഭവിച്ചിട്ടില്ല. കണ്ടിട്ടേയുള്ളു. എന്നാൽ ഇപ്പോൾ വെയിലിനെ ശരിക്കും അറിയുന്നു. പക്ഷേ, വെയിൽ പൊള്ളിക്കുന്നില്ല. ഒരു ഇളംകാറ്റു പോലെ തലോടുന്നുണ്ട് താനും. പോകണമെന്ന് തോന്നിയിടത്തേക്കെല്ലാം പോയി. പബ്ലിക് ലൈബ്രറിയുടെ പുസ്തകമണമുള്ള നീളൻ വരാന്തയിലൂടെ, ലേഡീസ് കോളേജിനു മുന്നിലെ തേനീച്ചകൾ പറക്കുന്ന ഫുട്പാത്തിലൂടെ, ആരവങ്ങളും വിലപേശലുകളും നിറഞ്ഞ നേപ്പാളിത്തെരുവിലൂടെ, ദ്രവിച്ച കളിയുപകരണങ്ങൾ തുരുമ്പു മണം പൊഴിക്കുന്ന ചിൽഡ്രൻസ് പാർക്കിലൂടെ. ഒരുപാടു കാലം വെറും കാഴ്ചകളായി മാത്രം കണ്ടുകൊണ്ടിരുന്ന എല്ലായിടങ്ങളും ഞാൻ അനുഭവിച്ചു. വല്ലാത്തൊരു ശാന്തത തോന്നിയപ്പോൾ വീട് ലക്ഷ്യം വച്ചു നടന്നു.
ഏഴാം നിലയിൽ ലിഫ്റ്റിറങ്ങിയപ്പോൾ ചന്ദനത്തിരിയുടെ ചെകിടിപ്പിക്കുന്ന ഗന്ധം മൂക്കിലടിച്ചു. ഹോട്ടലിൽ നിന്നും വലിച്ചെടുത്ത ശ്വാസം ഇനിയും നിശ്വസിച്ചു തീർന്നുകാണില്ല. അഞ്ജലിയോട് ഇന്നത്തെ സംഭവങ്ങൾ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് ആലോചിച്ചുകൊണ്ട് എഴുന്നൂറ്റി രണ്ടാം നമ്പർ ഫ്ളാറ്റിനു മുന്നിലെത്തി നിന്നു. എന്നത്തേയും പോലെ കോളിംഗ് ബെല്ലിൽ വിരലമർത്താനൊരുങ്ങുമ്പോൾ, മലർക്കെ തുറന്നുകിടക്കുന്ന വാതിൽ കണ്ടു. മെല്ലെ അകത്തു കയറുമ്പോൾ ഒരു നീളൻ പെട്ടി കണ്ണിൽപ്പെട്ടു. മുരണ്ടുകൊണ്ടിരുന്ന പെട്ടിയുടെ ചില്ലുപാളികളിൽ തണുപ്പിന്റെ ഗ്രീഷ്മബിന്ദുക്കൾ. അഞ്ജലിയെക്കൂടാതെ ഒന്നുരണ്ടു സ്ത്രീകളും പെട്ടിയോട് തൊട്ടിരിക്കുന്നുണ്ട്. പെട്ടിക്കു മുന്നിൽ വച്ചിരിക്കുന്ന പൂമാലയിട്ട ചിത്രം എന്റേതു തന്നെ!.
‘‘നോക്കൂ അഞ്ജലീ, ആ സ്ഥലം കൊള്ളാം.’’ ഞാൻ കിടപ്പുമുറിയിലേക്കുള്ള വാതിലിനു മുകളിലെ സമചതുരഭിത്തിയിലേക്ക് വിരൽ ചൂണ്ടി.
അഞ്ജലിക്ക് അഭിമുഖമായി തുറന്നിട്ട ജനാലയിൽ ചാരിനിൽക്കുന്നത് സുദേവനാണ്. ഇരുവരുടേയും വിങ്ങിവീർത്ത മുഖത്ത് ഒരേപോലെ ഒളിഞ്ഞുകിടക്കുന്ന അതിഗൂഢമായൊരു ചിരിയിൽ അതിശയകരമായ സാമ്യം തോന്നിയപ്പോൾ അവളോട് ഇതുകൂടി പറയണമെന്നു തോന്നി.
‘‘ഏന്റെ ഫോട്ടോ അവിടെ വച്ചാൽ മതി. അവിടാകുമ്പോൾ നിനക്കും സുദേവനും കിടപ്പുമുറിയ്ക്കു പുറത്ത് ഒരു കാവലുണ്ടാകുമല്ലോ.’’
അഞ്ജലി അതൊന്നും കേൾക്കുന്നില്ലെന്നു തോന്നി. ചില്ലുപെട്ടിക്കു മുകളിൽ ഇടയ്ക്കിടെ പറന്നുവന്നിരിക്കുന്ന ഈച്ചയെ കൈവീശിയോടിക്കുന്നു എന്ന ഭാവേന അവൾ സുദേവനെ പാളിനോക്കിക്കൊണ്ടിരുന്നു. ഞാൻ ശ്രദ്ധിച്ചു. ചെവിയിൽ മൂളുന്നത് ഈച്ചയല്ല, അയാളാണ്- ആ ഹോട്ടലുകാരൻ. അയാൾ പറയുന്നു :
‘‘ചരിത്രത്തിന്റെ കണ്ണുകൾ എല്ലായ്പ്പോഴും എല്ലാവരിലും പതിഞ്ഞെന്നു വരില്ലല്ലോ സർ...’’
‘‘എവിടെവച്ചാ സംഭവം?’’ ആരോ പതിഞ്ഞ ശബ്ദത്തിൽ ചോദിക്കുന്നു.
‘‘മ്മടെ പൂക്കാരിവളവിൽ വച്ച്.’’ അതേ ശബ്ദത്തിൽ ആരോ മറുപടിയും പറയുന്നു.
പൂക്കാരിവളവിന്റെ പേര് എന്റെ മരണാനന്തരവും തിരുത്തപ്പെടാതെ തുടരുമെന്നോർത്തപ്പോൾ ചിലരിൽ മാത്രം അപൂർവമായി പതിയുന്ന കണ്ണുകളുള്ള ചരിത്രത്തോട്- എന്റെ മേൽ കണ്ണുകൾ പതിപ്പിച്ചു കഴിഞ്ഞ മരണത്തോടു പോലും- തോന്നിയ നീരസത്തോടെ എഴുന്നൂറ്റി രണ്ടാം നമ്പർ ഫ്ലാറ്റിലെ പുതിയ മരണഗാലറിയിലെ കാഴ്ചകളിലേക്ക് ഞാൻ തിരിഞ്ഞു.