ADVERTISEMENT

സദാചാരക്കണ്ണുകൾ (കഥ)

സമയം വൈകുന്നേരം 3.30 കഴിഞ്ഞിരുന്നു. അവസാനത്തെ പിരീഡിന്റെ ജനഗണമനയ്ക്കു വേണ്ടിയുള്ള അക്ഷമയെന്ന പൊതുവികാരത്തിൽ കുട്ടികൾ മനസ്സുകൊണ്ട് വീടെത്തി കഴിഞ്ഞിരുന്നു. പ്രദീപൻ എന്നിട്ടും അവരുടെ മുന്നറിവുകൾ, നേടിയ അറിവുകളോട് പല ചോദ്യങ്ങളിലൂടെ ചേർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. നോട്ടുബുക്കുകൾ ഇനിയും പൂർത്തിയാക്കാത്തവരെ ശകാരിച്ചുകൊണ്ട് അയാൾ അകത്തിയിടീപ്പിച്ച ബഞ്ചുകൾക്കിടയിലൂടെ നടന്നു. ധന്യ അപ്പോഴും ഡെസ്ക്കിൽ തലവച്ചു കിടക്കുന്നതു കണ്ട്, അയാൾ അവളെ വിളിക്കാൻ ശ്രമിച്ചു. 

"ധന്യാ... എന്തു പറ്റി മോളേ...?"

ക്ലാസിലെ ഏറ്റവും മിടുക്കിയായ കുട്ടിയാണ് ധന്യ. അടുത്തിരുന്ന കുട്ടികൾ കൈമലർത്തി കാണിച്ചതും ബെല്ലടിച്ചു. സ്കൂൾ അറ്റൻഷൻ ... ജനഗണമന .... കഴിഞ്ഞതും ഒറ്റനിമിഷം കൊണ്ട് ക്ലാസ് ശൂന്യമായി. വിളിച്ചിട്ടും കേൾക്കാത്തതുപോലെ എല്ലാവരും പായുകയാണ്.

    

പ്രദീപൻ ഒരു നിമിഷം ശങ്കിച്ചു. ഗ്രൗണ്ടിന്റെ ഇങ്ങേയറ്റത്തു നിന്ന് സ്റ്റാഫ് റൂമെത്തുമ്പോഴേയ്ക്കും ടീച്ചർമാരെല്ലാരും വീടെത്തിയിട്ടുണ്ടാവും. ക്ലാസ് ടീച്ചറായ വരദയെ വിളിക്കാന്നു വച്ചാൽ ഫോണുമില്ല. ക്ലാസുപൂട്ടാൻ ദിവാകരേട്ടൻ എത്തുമ്പോഴേക്കും മണി 4.50 ആവും. ഭാര്യയെയും മോളെയും കൂട്ടി കൃത്യസമയത്തെത്തിയില്ലെങ്കിൽ നാട്ടിലേയ്ക്കുള്ള ജനശതാബ്ദി മിസ്സാവും. നാളെ അച്‌ഛന്റെ ശ്രാദ്ധമാണ്... പ്രദീപൻ അങ്കലാപ്പോടെ വരാന്തയിലേയ്ക്കിറങ്ങി നോക്കി. ആരുമില്ല. ഗ്രൗണ്ടിന്റെ അങ്ങേയറ്റത്തു കൂട്ടം കൂടി കമന്റടിയ്ക്കുന്ന മുതിർന്ന രണ്ട് ആൺകുട്ടികളെ അയാൾ ആംഗ്യം കാണിച്ച് വിളിക്കാൻ ശ്രമിച്ചു. ഒറ്റയെണ്ണം ശ്രദ്ധിക്കുന്നില്ല. 

''ധന്യേ.... മോളേ.... "

അനക്കമില്ല. പ്രദീപൻ അവളെ തൊട്ടു കൊണ്ട് ഒന്നു കുലുക്കി വിളിച്ചു. കരഞ്ഞു വീർത്ത കണ്ണുകളോടെ ആടിയാടിയെണീറ്റതും, പ്രദീപനു പിടുത്തം കിട്ടും മുൻപേ അവൾ ബോധരഹിതയായി നിലം പതിച്ചു. അവളുടെ കാലുകളിലൂടെ രക്തം കട്ടകളായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. വെള്ള യൂണിഫോമിന്റെ പിൻഭാഗം നിറയെ പടർന്ന ചോര നോക്കി, അയാളൊന്നു കിതച്ചു. വയറിന്റെ

അടിഭാഗത്തു നിന്ന് ഒരു വേദന ഉദ്വേഗമായി അയാൾക്കുരുണ്ടു വന്നു.

മുഖമടച്ചൊരടി കിട്ടിയതും ഒരു വശം കോടി പ്രദീപൻ ചെരിഞ്ഞു വീണതും പെട്ടെന്നായിരുന്നു... ഓട്ടകളുള്ള ക്ലാസ്ചുമരിലൂടെ  വീക്ഷിക്കുന്ന പല കണ്ണുകൾ അപ്പോൾ മാത്രമാണ് അയാൾ കണ്ടത്...

"അമ്മയില്ലാത്ത കൊച്ചാണ്ടാ ... നായിന്റെ മോനേ ..."

''എനിക്കറിയാം ... അവളുടെ അമ്മയുടെ ആണ്ടും എന്റെ അച്ഛന്റെ ആണ്ടും അടുത്തു തന്നെ. എന്തിനാ എന്നെ തല്ലുന്നേ... നിർത്ത്..." വാക്കുകളൊന്നും ഒന്നു പുറത്തു വന്നില്ല. തല്ലുന്നതു മുഴുവൻ പാൻപരാഗ് വിതരണം തടഞ്ഞതിന്റെ ദേഷ്യം തീർക്കുന്ന പെട്ടിക്കടക്കാരൻ ഷൺമുഖനാണ്. കൂടെ സ്ഥലം പോക്കിരികളും സ്കൂൾ റൗഡികളും... അയാളറിയുന്നു. പക്ഷേ വെറും തല്ലിന്റെയും തെറിവിളികളുടെയും ശബ്ദം മാത്രം. എല്ലാം നിന്നത്...

''ഒന്നു നിർത്ത്, സാറെന്നെ ഒന്നും ചെയ്തില്ല... എനിയ്ക്ക്... ഞാൻ ആയതാണ്... ആദ്യായിട്ടാണ്... മനസ്സിലായില്ല എനിയ്ക്ക്..."

"മോളിങ്ങു വാ... ചേച്ചി വീട്ടിൽ കൊണ്ടുവിടാം... പോയിനെടാ എല്ലാരും... കാര്യമറിയാണ്ട് തല്ലാനോടി വന്നേക്കാണ് .... 

നാണമില്ലാത്തോൻമാരേ... സാറിനെ എന്നാത്തിനാഡാ തല്ലിയേ?" ശബ്ദം കേട്ടോടി വന്ന, തൊട്ടടുത്തു താമസിക്കുന്ന ഉച്ചക്കഞ്ഞി വയ്ക്കുന്ന ചേച്ചിയാണ് ....

അവിടെ കിടന്നു കൊണ്ട് ഇന്നലെയും ഭാര്യ പറഞ്ഞത് അയാളോർത്തു... 'മോളെങ്ങാൻ സ്കൂളിൽ വച്ച് ആദ്യായിട്ട് പിരീഡ്​സ് ആയാ... എന്താകും... വലുതായി വരാണ്... അധ്യാപകർ ശ്രദ്ധിയ്ക്കുമോ എന്തോ ...!'

മുന്നറിവുകൾ ചേർത്തു വയ്ക്കുന്നതിലൻപേ പരാജയപ്പെട്ടെങ്കിലും  ജീവിതത്തിലെ ഏറ്റവും പ്രത്യാശാഭരിതമായ ദിനങ്ങളിലൊന്നിൽ അയാൾ വായിൽ നിന്ന് രക്തമൊലിപ്പിച്ച് ചുരുണ്ടുകൂടിയനങ്ങാതെ കിടന്നു. പരാതികൾ അയാൾക്കെന്നേ നഷ്ട്ടപ്പെട്ടിരുന്നു.