ADVERTISEMENT

കുഴിയാന ( കഥ)

 

അതൊരു പഴയ വീടായിരുന്നു.. ആ വീടിന്റെ ഉമ്മറത്തിണ്ണയ്ക്കു താഴെ മണ്ണിൽ നിറയെ കുഴിയാനകൾ ഉണ്ടായിരുന്നു. ഉണ്ണി അദ്ഭുതത്തോടെ കുഴിയാനകൾ കുഴി കുത്തി മണ്ണിലേക്ക് പോകുന്നത് നോക്കിയിരിക്കും. പിന്നെ കൈ കൊണ്ട് തോണ്ടിയെടുത്തു അതിനെ പുറത്തിടും. കുഴിയാന വീണ്ടും കുഴി കുത്തി മണ്ണിലേക്ക് മടങ്ങും. ഭംഗിയുള്ള നിര നിരയായുള്ള കുഴികൾ.. അമ്മ ഒരു കിണ്ണത്തിൽ കാച്ചിയ നെയ്യൊഴിച്ചു  ഉണ്ണിക്കു ചോറ് ഉരുട്ടി കൊടുത്തു കൊണ്ടിരുന്നു..അവൻ കാണിക്കുന്ന കുസൃതി കണ്ടു അമ്മ വഴക്ക് പറഞ്ഞു. ‘‘പാവം.. അതിനെ ദ്രോഹിക്കണ്ട ഉണ്ണി..’’

 

മുന്നിലെ പല്ല് പോയ വിടവ് കാട്ടി ഉണ്ണി കുസൃതിയോടെ ചിരിച്ചു. 

 

കിണ്ണത്തിൽ നിന്നും ചോറ് എടുത്തു കുറച്ചു കുറച്ചായി ഓരോ കുഴിയിലിട്ടു. ‘‘അമ്മേ നമ്മളും കുഴി കുത്തി മണ്ണിനടിയിൽ പോയ പിന്നെ തിരിച്ചു വരാൻ പറ്റോ’’? 

 

ഉണ്ണി ചോദിച്ചു. 

 

അമ്മ ഒരു നിമിഷം കിണ്ണത്തിൽ കൈ വച്ചു അങ്ങനെ നിശ്ചലമായി നിന്നു. ഉണ്ണി അമ്മയുടെ സാരി പിടിച്ചു വലിച്ചു..‘‘പറ അമ്മേ.’’

 

എന്തോ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.. ചുണ്ടുകൾ വിറച്ചു.. ‘‘മണ്ണിനടിയിൽ പോയ ആരും... പിന്നെ തിരിച്ചു വരില്ല ഉണ്ണ്യേ..’’

 

ഉണ്ണി പിന്നെയും ചിരിച്ചു.. 

 

‘‘ഞാൻ തിരിച്ചു വരും.. അമ്മ നോക്കിക്കോ.. ഞാൻ കുഴിയാനയായിട്ട്.. തിരിച്ചു വരും..’’

 

അമ്മയുടെ കൈയിൽ നിന്നും കിണ്ണം താഴെ വീണു.. നെയ്യുരുളയിൽ മണ്ണ് പുരണ്ടു.. അമ്മയുടെ കണ്ണു നീരും. അമ്മ അവനെ കെട്ടി പിടിച്ചു ഉമ്മ വച്ചു. 

 

നാളുകൾക്കപ്പുറം... 

 

ആ അമ്മ  ഉമ്മറതിണ്ണക്കു താഴെ മണ്ണിൽ കുഴിയാനയെ തിരഞ്ഞു.. പാറിപ്പറന്ന മുടിയും അഴിഞ്ഞുലഞ്ഞ വേഷവും..കണ്ണുകൾ ആർത്തിയോടെ മണ്ണിലെ കുഴിയിൽ ഉണ്ണിയെ തേടി.  കിണ്ണത്തിലെ നെയ്യുരുളകൾ കുഴിയിലേക്കിട്ടു..

 

 ‘‘ഉണ്ണി പറഞ്ഞിരുന്നല്ലോ  കുഴിയാനയായി വരുമെന്ന്’’

 

കൈവെള്ളയിൽ പിടിച്ചിട്ട കുഴിയാനകളിൽ അമ്മ ഉണ്ണിയുടെ മുഖം തിരഞ്ഞു. 

 

ഉണ്ണ്യേ...അമ്മ  ഉറക്കെ വിളിച്ചു.. കരഞ്ഞു.. ചിരിച്ചു.. 

 

ഉണ്ണി അപ്പോഴും തെക്കേ തൊടിയിൽ മണ്ണിനടിയിൽ കുഴിയാനയാവാൻ മോഹിച്ചു ഉറങ്ങുകയാണ്..

 

English Summary: Kuzhiyana, Short story By Preetha Sudhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com