ADVERTISEMENT

ചുവന്ന മൂക്കുത്തികളുടെ കഥ  (കഥ)

വലിയ കണ്ണാടിയുടെ മുൻപിലിരുന്ന് കൽപന തനിക്കുകിട്ടിയ പുതിയ ചുവന്ന മൂക്കുത്തി മൂക്കിനോട് ചേർത്തുവച്ച് ഭംഗി നോക്കി .നന്ദേട്ടൻ വാങ്ങിത്തരുന്ന നാൽപത്തിയേഴാമത്തെ മൂക്കുത്തിയാണിത് . പ്രകാശമേറ്റപ്പോൾ അതിലെ വലിയ ചുവന്ന കല്ല് ജ്വലിച്ചു. എവിടെ പോയാലും അവിടെ നിന്നെല്ലാം നന്ദേട്ടൻ മൂക്കുത്തി കൊണ്ടുവരും, ചുവന്ന മുക്കുത്തികൾ. 

 

ചുവന്ന മുക്കുത്തികളോടാണ് തനിക്കു പ്രിയം, അത് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണല്ലോ വാങ്ങിയ നാൽപത്തിയേഴും ചുവപ്പായത്. അടുത്തമാസം രാജസ്ഥാനിൽ പോകുന്നുണ്ട്. അവിടെ നിന്നും കൊണ്ടുവരും ഒരു ചുവന്ന മൂക്കുത്തി. അവൾ മുക്കുത്തികൾ മാത്രം സൂക്ഷിച്ചുവയ്ക്കുന്ന ആഭരണപ്പെട്ടിയെടുത്ത് തുറന്നു . അതിനുള്ളിലിരുന്ന് ചുവന്ന മുക്കുത്തികൾ പുഞ്ചിരി തൂകി. വളരെ സന്തോഷത്തോടെ അവൾ പുതിയ മൂക്കുത്തിയും പെട്ടിയിലേക്ക് നിക്ഷേപിച്ചു. അനന്തരം തുളയില്ലാത്ത തന്റെ നാസികയെ ഒന്നുതലോടി, ഒരു ചെറുപുഞ്ചിരിയോടെ അവളെഴുന്നേറ്റു.

red-nose-studs-002-gif

 

മരുന്നുകടയിൽ ബില്ലിലെ കാശെണ്ണിക്കൊടുക്കുമ്പോൾ സുശീലയുടെ ഹൃദയം നൊന്തു. ശംഭുവേട്ടൻ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന പൈസ ലോണടയ്ക്കാൻ പോലും തികയുന്നില്ല. താൻ ഒരു തുണിക്കടയിൽ ജോലിയ്ക്ക് പോകുന്നതുകൊണ്ടാണ് ജീവിതച്ചിലവുകൾ കഴിഞ്ഞുപോകുന്നത്. അല്ലലുകൾക്കിടയിലും വലിയൊരു ആഗ്രഹമായിരുന്നു  ഒരു ചുവന്ന മൂക്കുത്തി. അഞ്ചും പത്തുമായി എത്ര മാസങ്ങൾ കൊണ്ട് കൂട്ടിവച്ചതാണ്. അവസാനം മൂക്കുത്തി വാങ്ങാനുള്ള തുക ആയപ്പോൾ തുള്ളിച്ചാടാൻ തോന്നി. 

 

ശംഭുവേട്ടനെയും കൂട്ടി ഇന്ന് പോകാനിരുന്നതാണ്. എന്നാൽ മോഹങ്ങൾ തകർത്തുകൊണ്ട് ഒരു അപകടം. ശംഭുവേട്ടന്റെ ആശുപത്രിച്ചിലവിനായി ഈ  തുകയല്ലാതെ മറ്റൊന്നും ഇല്ല. ഭർത്താവ് ആശുപത്രിക്കിടക്കയി ലായിരിക്കുമ്പോഴാണോ മൂക്കുത്തി മോഹം. അവൾ മരുന്നുകളെല്ലാമുണ്ടെന്നുറപ്പുവരുത്തി ആശുപത്രിയിലേക്ക് നടന്നു.

 

ഫൂ .... സ്വയംപ്രഭ അടുപ്പിലേക്ക് ആഞ്ഞൂതി. വിറകില്ലാതെ അടുപ്പ് കത്തുമോ ? ഇന്നലെ അവിടുന്നും ഇവിടുന്നും പെറുക്കിക്കൊണ്ടുവന്ന നനഞ്ഞ ചുള്ളിക്കമ്പുകളും പച്ചമടലും അവൾക്കു നേരെ മുഖം തിരിച്ചു. നിവൃത്തിയില്ലാതെ അവൾ മണ്ണെണ്ണക്കുപ്പിയിൽ നിന്നൽപം അടുപ്പിലേക്ക് ഒഴിച്ചു. പെട്ടെന്ന് തീയാളിക്കത്തിയപ്പോൾ അവൾ ഞെട്ടി പിന്നോട്ടുമാറി. സമയമെന്തായിക്കാണും? എട്ടുമണിയ്ക്ക് മുൻപ് ഡോക്ടറമ്മയുടെ വീട്ടിലെത്തണം. അവർക്ക് ജോലിക്കുപോകേണ്ടതാണ്. താൻ ചെന്നാലേ ഡോക്ടറമ്മയ്ക്ക് പോകാൻ പറ്റൂ. താമസിച്ചാൽ ഇന്നും വഴക്ക് കേൾക്കേണ്ടിവരും. അവൾ വെപ്രാളപ്പെട്ടു. 

 

കത്താൻ വിസമ്മതിച്ച്‌ വിറകുകൊള്ളികൾ വീണ്ടും പിണങ്ങി നിൽക്കുന്നു. സ്വയംപ്രഭ കുനിഞ്ഞ് ശക്തിയിലൂതി. തീയുടെ ചൂടേറ്റപ്പോൾ മൂക്ക് നീറി. അവൾ  മൂക്കിൽ തൊട്ടു, ചോര കിനിയുന്നുണ്ട്. അശോകേട്ടന്റെ സമ്മാനം! ഇന്നലെ രാത്രി കള്ളുകുടിച്ചുവന്ന് എന്തായിരുന്നു  ബഹളം! ഇന്നലെയെന്നല്ല എന്നും അങ്ങനെ തന്നെ. കൈയും കാലും കൊണ്ടുള്ള പ്രയോഗം കഴിഞ്ഞപ്പോഴാണ് ആയുധങ്ങളിലേക്ക് തിരിഞ്ഞത്. സ്വഭാവം അറിയാവുന്നതുകൊണ്ട് പിച്ചാത്തി, വെട്ടുകത്തി, ചിരവ, എല്ലാം ഒളിപ്പിച്ചുവച്ചിരിക്കു കയാണ്. എന്നാൽ പപ്പടക്കമ്പിയെ സംശയിച്ചില്ല. ചൂടിൽ പഴുപ്പിച്ച പപ്പടക്കമ്പി കണ്ണിനുനേർക്ക് വന്നപ്പോൾ തട്ടിയതാണ് , കൃത്യം മൂക്കിൽ ! മുക്കുത്തിയ്ക്ക് തുളച്ചതുപോലെ. 

 

സ്വയംപ്രഭ സാരിത്തുമ്പാൽ മൂക്കിലെ ചോര തുടച്ചു. മൂക്കു പഴുക്കുമോ എന്തോ ! എന്തെങ്കിലും ആവട്ടെ, അതൊന്നും നോക്കാൻ സമയമില്ല. എട്ടുമണിയ്ക്ക് മുൻപ് ഡോക്ടറമ്മയുടെ വീട്ടിലെത്തണം. കുനിഞ്ഞ് പരമാവധി ശക്തിയെടുത്ത് അവൾ അടുപ്പിലേക്കൂതി. ഫൂ ... മൂക്കിലൊരുതുള്ളി രക്തം മൂക്കുത്തി പോലെ തിളങ്ങി.

 

English Summary : Chuvanna Mookuthikalude katha Story By ushas lakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com