ADVERTISEMENT

ശിശിരം (കഥ)

വൈകുന്നേരം 5മണി മുതലാണ് സന്ദർശക സമയം. ആ സമയത്തു തന്നെ പോകണം. ക്രൈസ്റ്റ് നഗർ റോഡിലാണ് ഹോസ്പിറ്റൽ. രണ്ടു ദിവസം മുൻപ് ഗംഗ ടീച്ചർ ഫോണിൽ  പറഞ്ഞതോർത്തു. ഒരിക്കലും കാണരുതെന്നാഗ്രഹിച്ചിരുന്നതാണ്. എങ്കിലും പറഞ്ഞു കേട്ടപ്പോൾ അറിയാതെ ഒരു മോഹം... 

  

ഒരു തവണ... ഒരു തവണ കൂടി മാത്രം... ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ... 

 

ഇനിയൊരിക്കലും ഒരു കാഴ്ച ഉണ്ടാകില്ല എന്ന് തീരുമാനിച്ചുറച്ചിരുന്നതാണ്. എന്നിട്ടുമെന്തേ ഇപ്പൊ... 

 

അല്ലെങ്കിലും ഈയിടെയായി പലപ്പോഴും ആ ഓർമ്മകൾ... തന്റെ സ്വപ്നങ്ങളിലെ.. ചിന്തകളിലെ... നിത്യ സന്ദർശകരാണല്ലോ. ഇത് ഒരു നിമിത്തമാവാം.. 

  

നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾ... 

 

അതിനു ശേഷം ഒരു കണ്ടുമുട്ടൽ.... അതേ.. അല്ലെങ്കിൽ ഗംഗ ടീച്ചറെ ഈശ്വരൻ തന്റെ മുന്നിലെത്തിക്കുമായിരുന്നില്ലല്ലോ.. വളരെ യാദൃശ്ചികമായല്ലേടീച്ചർ ഒരു ദിവസം ഫോണിൽ വിളിച്ചത്. ഒരുപാട്  ബുദ്ധിമുട്ടിയിട്ടുണ്ടാകും നമ്പർ കണ്ടെത്താനായി... 

 

ദേവി..... ഓർക്കുന്നുണ്ടാകുമോ അവൾ തന്നെ.. അറിയില്ല... 

 

തേടിയിരുന്നു താൻ... ആ മുഖം.. ഒരുപാട്... യാത്രകളിൽ... ആൾക്കൂട്ടങ്ങളിൽ...  ഒരിക്കലും അതുണ്ടായില്ല. ഇപ്പോൾ ഇതാ തൊട്ടരികിൽ... എറിയാൽ ഒരു രണ്ടു കിലോമീറ്റർ ദൂരത്തിൽ.... പക്ഷേ ആശുപത്രിയിലാണെന്ന് മാത്രം. സാരമില്ല, അസുഖം കുറവുണ്ട്. ഉടൻ തന്നെ ഡിസ്ചാർജ് വാങ്ങി ബംഗളൂരുവിലേക്ക് മടങ്ങുകയാണ് എന്ന് കൂടി കേട്ടപ്പോൾ..... ഒന്ന് പോകണം... പക്ഷേ താൻ പഴയ ഹരിയാവരുത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് 

  

പാതി വഴിയിൽ ഒറ്റയ്ക്കായി എന്ന് ചിന്തിച്ചിരുന്ന ഹരി..... 

  

അങ്ങനെ തോന്നുകയായിരുന്നില്ലേ... വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും അങ്ങനെയൊന്നും പറഞ്ഞിരുന്നില്ലല്ലോ അവൾ. 

  

അതെ.. ഒരു ദിവാസ്വപ്നം.... 

 

ആ പഴയ ഹരിയല്ല താനിന്ന്... ഒപ്പം കൂട്ടിന് സ്നേഹമയിയായ ഭാര്യയും ഓമന മകളും... 

  

എങ്കിലും ആരോരുമറിയാതെ തന്റെയുള്ളിലെപ്പോഴോക്കെയോ അവൾ... 

 

ആ ഓർമ്മകൾ തനിക്കു സ്വന്തം... തനിക്ക് മാത്രം.... 

  

ആരും അവകാശികളില്ലാതെ.... ആരും... 

 

എല്ലാം മറക്കാൻ ശ്രമിക്കുകയാണ്... 

 

അന്ന്‌ മുതൽ ഇന്ന് വരെ... എന്നിട്ടും... 

 

വിജയിക്കാനാവാത്തഏക പരീക്ഷയായി അവൾ.... 

  

crying-man-452-gif

ആ ഓർമ്മകൾ.. അതെന്നും എന്നെ പരാജയപ്പെടുത്തുകയായിരുന്നു... മനസ്സിൽ നിന്ന് മായാൻ കൂട്ടാക്കാതെ..... 

 

In my dream you are mine 

But in my life you are a dream 

  

 

Beep ശബ്ദത്തിനൊപ്പം വന്ന good morning മെസ്സേജ് ന്റെ പ്രൊഫൈൽ ഫോട്ടോ ഹരി ഒന്ന് കൂടി നോക്കി. ഒരു സഹപ്രവർത്തകനാണ്. കോളേജിൽ ഒപ്പം ജോലി ചെയ്യുന്നു. തന്നെപോലെ ഒരാൾ കൂടിയോ? ഹരി ആ വാചകം മനസ്സിൽ ആവർത്തിച്ചു. 

 

 

In my dream you are mine 

But in my life you are a dream 

  

സത്യം തന്നെയല്ലേയിത്. 

  

എന്താ മാഷേ രാവിലെ ഫോണും കയ്യിൽ  പിടിച്ചൊരാലോചന. മീരയുടെ ശബ്ദം ഹരിയുടെ ചിന്തകളെ അധികം കാടു കയറാൻ അനുവദിച്ചില്ല. രാവിലെ പതിവുള്ള കട്ടൻചായയുമായെത്തിയതാണവൾ.  നിങ്ങൾക്കൊക്കെ ആവോളം സ്വപ്നം കാണാലോ? ഞാനിനി എന്തൊക്കെ ചെയ്താലാ ഈ വീട്ടിൽ നിന്നൊന്നിറങ്ങാൻപറ്റുക? കുറച്ചു കുട്ട്യോൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കണംന്നേ ഉണ്ടായിരുന്നുള്ളൂ എന്നിട്ട് എന്റെ തലയിൽ വരച്ചത് ഇതാണല്ലോ ഈശ്വരാ.... 

 

 

അവളുടെ സ്ഥിരം പരിവേദനങ്ങൾ. അധ്യാപിക ആകാനുള്ള യോഗ്യത പരീക്ഷകളെല്ലാം ഒന്നാം ക്ലാസ്സിൽ പാസ്സായിട്ടും തീരെ ഇഷ്ടമില്ലാത്ത ജോലിചെയ്യേണ്ടിവരുന്നതിന്റെ ആകുലതകൾ. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തൊട്ടടുത്ത സ്കൂളിൽ ജോലിക്ക് കയറാൻ തയാറെടുക്കുമ്പോൾ കിട്ടിയ നാഷണലൈസിഡ് ബാങ്കിലെ ക്ലറിക്കൽ പോസ്റ്റിൽ താനുൾപ്പെടെയുള്ളവർ.... എന്ന് പറയാനാകില്ല. താൻ മാത്രം... അവളുടെ സൗകര്യങ്ങളെ ബോധപൂർവം മറക്കുകയായിരുന്നില്ലേ. 

 

ഏക മകളുടെ ആഗ്രഹത്തിനായി എന്ത് ചെയ്യാനും ഒരുക്കമായിരുന്നില്ലേഅവളുടെ വീട്ടുകാർ. അതിന്റെ ഒരുദാഹരണം തന്നെയല്ലേ താനും.തന്റെ ആത്മാഭിമാനം... സ്കൂളിലെ ജോലി സ്വീകരിക്കാൻ അവളെ അനുവദിച്ചില്ല. അതിന്റെ വിദ്വേഷം മരിക്കും വരെ അമ്മാവന് മാറിയിട്ടും ഉണ്ടായിരുന്നില്ല. അമ്മയോട് പലപ്പോഴും തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേൾക്കുകയും ചെയ്തിരുന്നു. അന്ന് അത് വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ ഇടയ്ക്കിടെ തോന്നാറുണ്ട്. മകൾ കൂടി വന്നപ്പോൾ മീര ഒരുപാട് ബുദ്ധിമുട്ടി. ഇപ്പോഴും... അങ്ങനെ ആവാതെ തരമില്ലല്ലോ. ഒരു പത്താം ക്ലാസുകാരിയുടെ അമ്മയല്ലേ അവൾ.. 

  

അടുക്കളയിലെ തട്ടലും മുട്ടലും ഇനിയും അവസാനിച്ചിട്ടില്ല. മീര പോകാൻ തയാറാകുകയാണ്. 

  

ട്രെയിനിന്റെ സമയം ആകാറായി. ഇനിയെങ്കിലും ഒന്നെഴുന്നേറ്റേ ഹരിയേട്ടാ... മെറൂണിൽ പച്ച നിറമുള്ള ബോർഡറോട് കൂടിയ ആ കാഞ്ചീപുരം സാരിയിൽ അവൾ പതിവിലുമധികം സുന്ദരിയായിരിക്കുന്നുവെന്ന് തോന്നി. ഒപ്പം ഒരു പൂമ്പാറ്റയെ പോലെ ലച്ചുമോളും. സ്കൂളിൽ ഇന്നേതോ സ്പെഷ്യൽ ക്ലാസ്സുണ്ടത്രേ. പണ്ടത്തെ കാലമൊന്നുമല്ലല്ലോയിപ്പോൾ. റിസൾട്ട്‌ കൂട്ടുവാൻ എന്ത് ത്യാഗം സഹിക്കാനും താനുൾപ്പടെയുള്ളവർ തയാറാണല്ലോ. ഹരി വേഗം ചെന്ന് കാറെടുത്തു. 

  

റെയിൽവേ സ്റ്റേഷനിൽ നിന്നും തിരികെ സ്കൂളിലേക്ക് പോരുമ്പോഴും ലച്ചു കലപിലാ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു സ്കൂളിനെപ്പറ്റി, കൂട്ടുകാരെപ്പറ്റി, പുതുതായി വന്ന ഇംഗ്ലീഷ് ടീച്ചറെപ്പറ്റി... ഗംഗ ടീച്ചറിനെക്കുറിച്ചാണ്. ഈയിടെ വന്നതല്ലേ അവർ. തന്റെ  പരിചയം മോൾക്കറിയില്ലല്ലോ. അല്ലെങ്കിൽ അവൾ അതു പറഞ്ഞാവും സ്കൂളിൽ ഷൈൻ ചെയ്യുക. എന്നാൽ ഹരി അതൊന്നും പറയാനോ ശ്രദ്ധിക്കാനോ ഉള്ള മൂഡിലായിരുന്നില്ല. അവന്റ മനസ് ഒരപ്പൂപ്പൻ താടി പോലെ പറക്കുകയായിരുന്നു. വാകമരങ്ങൾ പൂത്തുലഞ്ഞു നിന്നിരുന്ന ആ പഴയ ഓർമകളുടെ 

  

താഴ്‌വാരത്തിലൂടെ... 

 

ഏതോ ഒരു വാഹനം സഡൻ ബ്രേക്ക് ചെയ്യുന്ന ശബ്ദം അവനെ ചിന്തകളിൽ നിന്നുണർത്തി. റോഡിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ. താൻ സിഗ്നൽ തെറ്റിച്ചതിന്റെ ഫലം... എന്താ അച്ഛാ... എന്താ എന്റച്ഛന് പറ്റിയെ... ലച്ചുമോളുടെ പരിഭ്രമം  നിറഞ്ഞ ശബ്ദം. അവൾ വല്ലാതെ ഭയന്നിരിക്കുന്നു. അല്ലെങ്കിലും വേഗം സ്വൽപം കൂടിയാൽ അവൾക്ക് പേടിയാണ്. ഈശ്വരാ.. എന്റെ കുഞ്ഞ്... എന്നിട്ടാണോ താനിത്രയും ശ്രദ്ധയില്ലാതെ ഡ്രൈവ് ചെയ്തത്. ഒന്നൂല്ല മോളൂ.പേടിക്കേണ്ടാട്ടോ... . അച്ഛനൊന്നൂല്ലെടാ... നമ്മളിപ്പോ സ്കൂളെത്തും. ഹരി ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ഇറങ്ങുമ്പോഴും അവളുടെ പേടി മാറിയിരുന്നില്ല. സൂക്ഷിക്കണേ അച്ഛാ... ഇതൊരു നൂറാവർത്തി പറഞ്ഞിട്ടുണ്ടാകും. അമ്മയുടെയല്ലേ മോൾ.അങ്ങനെയാവാതെ വഴിയില്ലല്ലോ.. 

  

മോളെ സ്കൂളിന് മുന്നിലാക്കി തിരിയുമ്പോൾ അതാ ഗംഗ ടീച്ചർ.. എന്തോ ഒരു വിഷമം ടീച്ചറിന്റെ മുഖത്ത്.ഹോസ്പിറ്റലിൽ നിന്നുള്ള വരവാണെന്ന് തോന്നുന്നു. ഉറക്കമിളച്ചതിന്റെയാവും. എങ്ങനെയുണ്ടാകും ദേവിയ്ക്ക്.. അന്വേഷിക്കാൻ മനസ്സനുവദിച്ചില്ല. ഭേദമുണ്ടെന്നല്ലേപറഞ്ഞത്. അതേ ഭേദമാകട്ടെ എത്രയും വേഗം.. എന്നിട്ട് ഒരിക്കൽ കൂടി ഒന്ന് കാണണം.. അകലെ നിന്നായാലും... അത്ര മാത്രം. 

  

ഹരി പിന്നീടൽപം തിരക്കിലായിരുന്നു. ഏറെയൊന്നും ആലോചിക്കാൻ സമയം കിട്ടിയില്ല എന്നതാണ് സത്യം. കുറച്ചു വീട്ടുകാര്യങ്ങൾ, പിന്നെ ചില സുഹൃത്തുക്കൾ, അതിനിടയിൽ ചില അത്യാവശ്യ ഫോൺകോളുകൾ... 

past-love-01

 

 

ഇതൊക്കെ കഴിഞ്ഞ് ഉച്ചഭക്ഷണശേഷം അവധി ദിവസങ്ങളിലെ പതിവ് മയക്കത്തിനായൊരുങ്ങുമ്പോൾ അറിയാതെ ക്ലോക്കിലേക്ക് നോക്കി. 3 മണി.. ഇതിനെയാണല്ലോ മീര നാഴികയ്ക്ക് നാൽപതു വട്ടം സുഖം എന്ന് പറയുന്നത്. ഹരി ഓർത്തു. 

  

 

പക്ഷേ... ഇന്നെന്തോ പതിവില്ലാതെ... ഉറക്കം തന്നിൽ നിന്നൊഴിഞ്ഞു നിൽക്കും പോലെ... 

 

ദേവി... ആ മുഖം മറക്കാനാവാത്ത പോലെ... 

 

ഒന്ന് കണ്ടാലോ... ഇന്ന് തന്നെ.. 

 

ഇനി ഡിസ്ചാർജ് ആയിട്ടുണ്ടാവുമോ? 

  

 

ഏയ്.. എങ്കിൽ ടീച്ചർ പറയുമായിരുന്നില്ലേ.. ഇന്നാകുമ്പോൾ അവരും ഒപ്പമുണ്ടാകും. ചോദ്യോത്തരങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാം. മനസാകുന്ന തിരശീലയ്ക്കിരുപുറവുമെന്നോണം ഒരു കാഴ്ച.. അത്ര മാത്രം.. അത് തന്നെയാകും നല്ലത് 

 

 ലച്ചുമോളുടെ ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു. ടീച്ചർ എന്തോ ആവശ്യത്തിനായി നേരത്തെ പോയത്രേ. സ്കൂളിൽ നിന്ന് ലച്ചുവിനെ കൂട്ടി വന്ന ശേഷം ഹോസ്പിറ്റലിൽ പോകാൻ റെഡി ആയെങ്കിലും മനസ്സിൽ ഒരു പെരുമ്പറ  മുഴങ്ങുന്നുണ്ടായിരുന്നു. ദേവിയെപ്പറ്റി ഏറെയൊന്നുമറിയില്ല. കോളേജ് വിട്ട് അച്ഛനൊപ്പം ബാംഗ്ലൂർക്ക് പോയതൊഴികെ. താൻ ചെന്നാൽ.. അവൾക്കതിഷ്ടമാവാതിരിക്കുമോ? 

couple-beach-66-gif

  

 

ഭർത്താവ്, വീട്ടുകാർ.. ആർക്കെങ്കിലും എന്തെങ്കിലും സംശയം. ഒന്നുമുണ്ടാകില്ലഎന്ന് ടീച്ചർ പറഞ്ഞിരുന്നു. അതേ.. ഒന്നുമുണ്ടാകില്ല... അതിനവൾ പോലും തന്നെ അറിഞ്ഞിരുന്നില്ലല്ലോ. ഒരധ്യാപകൻ എന്നതിലുപരിയായി.... ഒരിക്കലും.. 

 

 മീരയ്ക്കറിയാം ദേവിയെ. എന്നെക്കാളേറെ. അവരൊരുമിച്ചായിരുന്നല്ലോ എന്നും. ഒരേ ക്ലാസ്സിൽ.. ഒരേ ഹോസ്റ്റൽ റൂമിൽ... എന്തിനും ഏതിനും അന്ന് മീരയുണ്ടായിരുന്നു ദേവിയ്‌ക്കൊപ്പം. ആ ഊമക്കുയിലിനു നാവായ്.. 

  

 

മീര തന്റെ ബന്ധുവാണെന്നറിയാവുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു അവൾ. അല്ലെങ്കിലും പുതുതായി വന്ന ഗസ്റ്റ്‌ അധ്യാപകനെ ആരറിയാൻ. പിന്നെന്താ അവർക്കിടയിൽ സംഭവിച്ചത്.. ഇന്നും തനിയ്ക്കറിയാത്ത രഹസ്യം. ഒരിയ്ക്കൽ മീരയോട് അതേപ്പറ്റി അന്വേഷിച്ചെങ്കിലും ആ മറുപടി അത്ര തൃപ്തികരമായി തോന്നിയില്ല. എന്നെങ്കിലും ദേവിയെ കണ്ടുമുട്ടിയാൽ ആദ്യം ചോദിക്കാനായി കരുതി വച്ച ചോദ്യം... മീരയ്ക്ക് വേണ്ടിയാണോ അന്ന് തന്നെ ഒഴിവാക്കിയതെന്ന്.. അതിന്റെ ഉത്തരത്തിന് പ്രസക്തിയില്ല  എന്നാലും.... 

  

 

പക്ഷേ ഇനി ആ ചോദ്യം മറക്കുകയാണ്.. മനഃപൂർവം... 

 

 

എവിടെയായാലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകുമവൾ. അതായിരുന്നു തന്റെ വിശ്വാസം.. ഇഷ്ടം.. അതൊരാൾക്ക് മാത്രം തോന്നാനുള്ളതല്ല.. ആ ഇഷ്ടം.. അത് തന്റേത് മാത്രമായിരുന്നു. ദേവി ഒരിക്കലും അതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അധ്യാപകർ ദൈവത്തിന് തുല്യരാണ് എന്നതായിരുന്നില്ലേ അവളുടെ നിലപാട്...  ആ മുഖം.. അത് തനിയ്ക്ക് മറക്കാൻ കഴിയുമായിരുന്നില്ലല്ലോ അന്ന്‌. ഇഷ്ടങ്ങൾചിലപ്പോൾ  നഷ്ടങ്ങളായേക്കാം എന്ന്  വിശ്വസിക്കാൻ പ്രയാസമുണ്ടായിരുന്ന കാലം. മോഹിച്ചതെന്തും കൈപ്പിടിയിലൊതുക്കണമെന്നാശിച്ച യുവത്വം. ഇഷ്ടങ്ങളെ ഇപ്പോൾ ഭയമാണെനിക്ക്.  ഇഷ്ടങ്ങളൊക്കെ തനിക്കെന്നും നഷ്ടങ്ങളായിരുന്നു. അതിലൊന്നായിരുന്നു അവളും. എന്നത്തേയും തീരാനഷ്ടം എന്ന് തോന്നിയിരുന്നു. 

  

 

ഒരു പക്ഷേ അവളോടുള്ള സഹതാപമായി കരുതിയിട്ടുണ്ടാവാം. തന്റെ അമ്മ പോലും അങ്ങനെയല്ലേ ചിന്തിച്ചത്. ആ തോന്നലിന്റെ ബാക്കി പത്രമല്ലേ തനിക്കൊപ്പം മീര.അവൾ അറിഞ്ഞിട്ടുണ്ടാവില്ലദേവിയുടെ വിശേഷങ്ങൾ.. പറയണം. തിരികെ വന്നിട്ടാവാം.. 

 

ഇനി ദേവി തന്നെ തിരിച്ചറിയുമോ? ഇരുപത്തഞ്ചു വർഷങ്ങൾ... എത്ര ആവർത്തിച്ചാലും തന്നിൽ ഏറെ മാറ്റങ്ങളൊന്നുമില്ലെന്നറിയാം. പക്ഷേ ദേവിയോ? എങ്ങനെയാകുമവൾ... കാണാനേറെ ആഗ്രഹിച്ചിരുന്നു.എന്നാലിപ്പോൾ.. .ഏതോ ഒരു പിൻവിളി. അമ്മയാകുമോ.. ആവും. പക്ഷേ സുഖമില്ലാതിരിക്കുകയല്ലേയവൾ. ഒന്ന് കണ്ടു പോരാം. മനസ്സിൽ ഉറപ്പിച്ചു. 

 

ഗംഗ ടീച്ചറെ പല തവണ വിളിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല. എന്നാൽ തീരുമാനം മാറ്റാനും തോന്നിയില്ല. കൃത്യം 5മണിക്ക് തന്നെ ഹോസ്പിറ്റലിൽ എത്തി. അറിഞ്ഞിരുന്നെങ്കിൽ മീര കൂടി ഉണ്ടായേനെ ഇപ്പോൾ തനിക്കൊപ്പം. ടീച്ചറിനെ വീണ്ടും വിളിച്ചു ശല്യപ്പെടുത്തേണ്ട. ആരോടെങ്കിലും അന്വേഷിക്കാം. ഹരി പതിയെ മുന്നോട്ടു നടന്നു. മെഡിക്കൽ ഐസിയുവിന് മുന്നിൽ കുറച്ചധികം ആൾക്കാർ കൂടി നിൽക്കുന്നുണ്ട്. അതിൽ പരിചയക്കാരും ഉണ്ടാകാം അതൊന്നും ശ്രദ്ധിക്കാനേ പോയില്ല. റൂം നമ്പർ 309 എന്നല്ലേ പറഞ്ഞിരുന്നത്. പെട്ടെന്നതാ ഒരു പരിചിത മുഖം തൊട്ടുമുന്നിൽ. അത് തന്റെ ടീച്ചറല്ലേ.. ദേവിയുടെ അമ്മ.. അതേ.. ആർക്കോ ഒപ്പം.. തിരികെ വീട്ടിലേക്കാണെന്നു തോന്നുന്നു. പ്രായാധിക്യത്തെക്കാളേറെ എന്തൊക്കയോ വിഷമതകൾ.. ആ കണ്ണുകളിലത് നിഴലിക്കുന്നില്ലേ.. തോന്നിയതാവാം. എല്ലാം തോന്നലുകൾ മാത്രമായിരുന്നല്ലോ പലപ്പോഴും. അങ്ങോട്ട്‌ പരിചയം പുതുക്കേണ്ട. മുൻപ് തന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്നയാളാണ്. പക്ഷേ വേണ്ട.. അവർക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞു നിന്നു. 

  

ഏറെ പിന്നിലല്ലാതെ ആരോടോ സംസാരിച്ചു കൊണ്ട് ഗംഗ ടീച്ചർ. കൂടെ ഭർത്താവാണെന്നു തോന്നി. എന്നെ കണ്ടിട്ടാകണം ഒരു പരിചയഭാവം. ആ മുഖച്ഛായ... അതേ ദേവിയുടെ അനുജത്തി.. ടീച്ചർക്കൊപ്പം പലപ്പോഴും സ്കൂളിലും പിന്നെ  ദേവിയ്‌ക്കൊപ്പം കോളേജിലും ഒരു പാട് തവണ കണ്ടിരുന്നു. ഫോണിൽ സംസാരിച്ചപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല 

  

 

അവൾ ഓടിയടുത്തെത്തി. സർ, അത്യാവശ്യമായി ഒരു ഇൻഹേലർ വേണം. അതെടുക്കാനായി വീട്ടിൽ പോകുകയാണ്. ഇവിടെ കിട്ടുന്നില്ല. ഞാനിപ്പോ എത്താം കേട്ടോ. കുറച്ചു നടന്ന ഗംഗ എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടന്ന് തിരികെ വന്നു. ബാഗ് തുറന്ന് ഒരു കവർ എടുത്ത് തനിക്കു നേരെ നീട്ടി. എപ്പോഴെങ്കിലും സാറിനെ കണ്ടാൽ തരാനായി ചേച്ചി ഏൽപിച്ചിരുന്നതാണ്. ഇത് വരെ അതിനവസരം കിട്ടിയിരുന്നില്ല. ഇത് തരുന്ന ദിവസം സൗകര്യമായി പരിചയപ്പെടുത്താം എന്നും കരുതിയിരുന്നു. സർ അല്പം കൂടി വെയിറ്റ് ചെയ്യണേ, ചേച്ചിയെ കണ്ടിട്ടേ പോകാവൂ.. മിക്കപ്പോഴും അന്വേഷിക്കാറുണ്ടായിരുന്നു. ഇനിയൊരു കാഴ്ചയ്ക്കു  സാധ്യതയില്ലെന്ന്ഇന്ന് കൂടി പറഞ്ഞിരുന്നു. ശ്വാസതടസ്സം തോന്നിയപ്പോ അല്പം മുൻപ് ഐസിയുവിലേക്ക് മാറ്റിയതേയുള്ളൂ. സാറിനെ കണ്ടാൽ ചേച്ചിക്ക് ഒരുപാട് സന്തോഷമാകും തീർച്ച. ഗംഗ ഇത്രയും പറഞ്ഞു ധൃതിയിൽ നടന്നകന്നു. 

  

ഏതോ എമർജൻസി ഉള്ളത് കൊണ്ടാണത്രേ ഇന്നിതുവരെ വൈകുന്നേരത്തെ സന്ദർശകരെ അനുവദിച്ചിട്ടുണ്ടായിരുന്നില്ല. ഗംഗ തന്നതെന്തെന്നറിയാനുള്ള ആകാംക്ഷയിൽ ഹരി അടുത്ത് കണ്ട കസേരയിലേയ്ക്കിരുന്നു. ഒന്നോ രണ്ടോ കവറുകൾക്കുള്ളിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ഒരു ഡയറിയല്ലേയിത്. എന്തായിരിക്കും. വായിക്കണം. ഒരു പക്ഷേ താൻ അറിയാനാഗ്രഹിച്ചതെല്ലാം ഇതിലുണ്ടാകും. എന്നാലിവിടെ... ഹരി പരിസരമാകെ ഒന്ന് കണ്ണോടിച്ചു.പിന്നീടാവാം. അവൻ മെല്ലെ കണ്ണുകൾ പൂട്ടി. 

  

ചുറ്റുപാടും നിന്നെന്തൊക്കെയോശബ്ദങ്ങൾ.... അത് ഹരിയെ ചിന്തയിൽ നിന്നുണർത്തി. അപ്പോൾ ഐസിയുവിന്റെ വാതിൽ തുറന്നിട്ടുണ്ടായിരുന്നു. ഗംഗയുടെ കൂടെയുണ്ടായിരുന്നയാൾഅവിടേക്കു തിടുക്കത്തിൽ നടന്നടുക്കുന്നത്കണ്ടു. കൂടെ കയറാൻ വയ്യ. കുറച്ചു കഴിഞ്ഞോട്ടെ.. 

 

പക്ഷേ പിന്നീടാവാതിലിനുമുന്നിൽ കണ്ട കാഴ്ച... അതവന് വിശ്വസിക്കാനാവുന്നതിനുമപ്പുറമായിരുന്നു.. ഒരിയ്ക്കൽ കണ്ട ദുസ്വപ്നം... അത് തനിയ്ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നോ? ഒപ്പമെന്നുമുണ്ടാകണമെന്ന്  ഒരുകാലത്ത്‌ താനൊരുപാടാശിച്ചിരുന്നവൾ... തന്റെ മക്കളുടെ അമ്മയായി താൻ സ്വപ്നം കണ്ടിരുന്നവൾ.. ഇപ്പോഴിതാ ഒരു വെള്ളത്തുണിയിൽ മുഖം മറച്ച് തനിക്ക്‌ മുന്നിൽ... കൈയെത്തും ദൂരത്ത്...നിശ്ശബ്ദയായ്... അല്ലെങ്കിലും അവളെന്നും അങ്ങനെ തന്നെയായിരുന്നല്ലോ. ഒരു ജനൽത്തിരശ്ശീലയ്ക്കപ്പുറ മെന്നപോലെ...അവൾ ഉറങ്ങുകയാണ്. സ്വച്ഛമായ്‌... 

  

ഹരിയുടെ കാഴ്ച അവ്യക്തമാകുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം ദേവിയെ ഒരു നോക്ക് കാണാനെത്തിയ ഹരി...ഇന്നവനാഗ്രഹിച്ചപോലെ വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ പോലും ബുദ്ധിമുട്ടിക്കാതെ ദേവി.. അവളിതാ ആരോടും പരിഭവങ്ങളില്ലാതെതിരികെ മടങ്ങുകയാണ്. ഹരി മെല്ലെ ഭിത്തിയിലേക്ക് ചാരി. 

 

ഹോസ്പിറ്റലിൽ നിന്ന് ഇന്നാണ് ഡിസ്ചാർജായത്. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം. തിരികെ പോരും വഴി മീരയുടെ നിർബന്ധത്താലൊരുവീട് വരെ കയറേണ്ടി വന്നു. അടുത്തിടെ മരണം നടന്ന ലക്ഷണങ്ങൾ. എന്തോ ചടങ്ങുകൾ നടക്കുന്നുണ്ടായിരുന്നു.ഒന്നും മനസ്സിലായിരുന്നില്ല. പക്ഷേ ആ ഉമ്മറത്തു കണ്ട മാല ചാർത്തിയ ചിത്രം.... ദേവി... താൻ താലി ചാർത്തി സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നവൾ.. ഇപ്പോൾ തനിക്ക് മുന്നിൽ മാല ചാർത്തി...ആ കാഴ്ച കാണാനെന്തോ... അവിടെ താൻ  അശക്തനാകുകയായിരുന്നു.  ടീച്ചർ.. ദേവിയുടെ അമ്മ.. ആ കണ്ണീരിനിടയിലും  പുഞ്ചിരിച്ചപ്പോൾ... ഉള്ളിലുള്ള അപകർഷത അലിഞ്ഞലിഞ്ഞില്ലാതാവു കയായിരുന്നു. ദേവി.... അവളുടെ ഓർമ്മകൾ.... എല്ലാം ഒരുപിടി ചാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. തന്റെ കണ്ണുകളിലൂടൂർന്നിറങ്ങിയ കണ്ണുനീർ ഒരുപക്ഷേ മീര കാണുന്നുണ്ടായിരുന്നിരിക്കാം. യാത്ര പറഞ്ഞിറങ്ങുമ്പോൾ ടീച്ചർക്കും ഗംഗയ്ക്കുമൊപ്പം മീരയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. 

 

തിരികെ കാറിലെത്തിയപ്പോൾ അപ്രതീക്ഷിതമായാണ് മീര ബാഗ് തുറന്നാ കവർ തനിക്കു നേരെ നീട്ടിയത്.

 

 'പ്രിയപ്പെട്ട ഹരിസാറിന് ' എന്നെഴുതിയ നീല നിറത്തിലുള്ള കവറിൽ പൊതിഞ്ഞ ആ ഡയറി. ദേവിയുണ്ടാക്കിയ പുറം ചട്ടയ്ക്കുള്ളിൽ അതിപ്പോഴും ഭദ്രമായിരുന്നു. ഹരി പതിയെ തല തിരിച്ചു മീരയെ നോക്കി. പ്രത്യേകിച്ച് ഒരു ഭാവമാറ്റവും അവളിലുണ്ടായിരുന്നില്ലെന്നു തോന്നി.ഹരി ആ കവർ അവൾക്ക് നേരെ നീട്ടി. ഇനി താനത് വായിക്കുന്നതിൽ അർഥമില്ലെന്ന മട്ടിൽ. അവളുടെ പ്രിയ കൂട്ടുകാരിയുടെ ഡയറികുറിപ്പുകൾ... അവളുടെ മനസ്... എന്നാൽ മീരയത് സ്നേഹപൂർവ്വം നിരസിച്ചു. പകരം പതിയെ നനുത്ത ആ കൈകൾ ചേർത്ത് പിടിച്ചു. പിന്നെയാ തോളിലേക്ക് ചാഞ്ഞു. 

 

തിരികെ പോരുമ്പോൾ ശംഖുമുഖം വഴി പോകണമെന്ന് ഹരി ആവശ്യപ്പെട്ടിരുന്നതിനാലാവാം ഡ്രൈവർ ആ വഴിയാണ് കാറോടിച്ചത്. അൽപനേരം അവിടെയിരിക്കണമെന്ന് വാശി പിടിച്ചപ്പോൾ മനസില്ലാമനസോടെ മീര അതിനു സമ്മതിച്ചു. പക്ഷേ അവിടെ മീരയുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ഹരി തിരയിലേക്കിറങ്ങി. കൂടെ  അവളും. സന്തോഷത്തിൽ മാത്രമല്ല സന്താപത്തിലും ഒപ്പമുണ്ടാകുമെന്നോർമ്മിപ്പിക്കും പോലെ. അവൻ അവളെ ചേർത്ത് പിടിച്ചു. പിന്നെ കയ്യിലുണ്ടായിരുന്ന കവർ ആ തിരയിലേക്കൊഴുക്കി. ആ ഓർമ്മകൾ ഇനിയൊരിക്കലും തന്നിലവശേഷിക്കില്ലെന്ന ദൃഡനിശ്ചയം പോലെ... മറക്കാനും മറയ്ക്കാനും നമുക്കൊപ്പം എന്നുമുണ്ടാകുക മറ്റൊന്നുമല്ല. സ്വന്തം മനസ്സ്. കാലത്തിന്റെ തേരിലേറി ഋതുചക്രം തിരിയും പോലെ മനസും. അതേ.. അതൊരു പ്രപഞ്ച സത്യം. കാലം മായ്ക്കാത്ത മുറിവുകളുണ്ടാകില്ല..... ഒപ്പം ഓർമകളും...  

  

 

ഇപ്പൊ ഹരിയുടെ മനസ് ശാന്തമായിരുന്നു. തിരയടങ്ങിയ കടൽ പോലെ. അവിടെ അവനൊപ്പം പ്രിയപ്പെട്ട ഭാര്യയും മകളും ഉണ്ടായിരുന്നു. അവർ മാത്രം. അതേസമയം അവിടെ ഒരു ബലിതർപ്പണം കൂടി നടക്കുകയായിരുന്നു. 

 

English Summary : Shishiram, Story By B Deepa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com