ADVERTISEMENT

അവസാന കുളി (കഥ)

 

വലിയ ഗ്ലാസ് ജനാലകളെ മറച്ച്‌ താഴെ മുട്ടിക്കിടക്കുന്ന കർട്ടൻ തുണിശീലുകൾക്കിടയിലൂടെ പ്രഭാത സൂര്യന്റെ നേർത്ത കിരണങ്ങൾ  അകത്തേക്കടിച്ചു തുടങ്ങി. ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് റാണി ചാടി എഴുന്നേറ്റു, ഞാനും അവിടേക്ക് നോക്കി. റാണി കതകു തുറന്നപ്പോൾ ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് വന്ന അതേ നേഴ്സ് അകത്തേക്ക് തലനീട്ടി എന്നെ നോക്കി ചിരിച്ചു, ‘‘എങ്ങനൊണ്ട് അച്ചായാ’’ എന്റെ മറുപടിക്കായി റാണിയും  തിരിഞ്ഞു നോക്കി. ഞാൻ ചിരിച്ചു കുഴപ്പമില്ലെന്ന് മെല്ലെ തലയാട്ടി.

 

പിന്നാലെ അടുത്ത ചോദ്യം ഉതിർന്നു, ‘‘ഉറങ്ങിയോ?’’ അതിനും മറുപടി പറഞ്ഞില്ല. അവളൊട്ട് പ്രതീക്ഷിച്ചി ട്ടും ഉണ്ടാവില്ല, അല്ലങ്കിൽ തന്നെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഒരു ശസ്ത്രക്രിയക്ക് മുൻപ് ഒരു രോഗിയും സ്വസ്ഥമായി ഉറങ്ങില്ലെന്നു വർഷങ്ങളായി ജോലിചെയ്യുന്ന അവൾക്ക് അറിയാത്തതല്ലല്ലോ.

വന്നവരെല്ലാം പോയിക്കഴിഞ്ഞ് രാത്രി ഏറെ പറഞ്ഞും കരഞ്ഞും ഇരുന്നതിനു ശേഷം എന്തിനാ പേടിക്കുന്നതെന്നു ചോദിച്ച് അൽപമെങ്കിലും ഉറങ്ങണമെന്നു ഉപദേശിച്ച്‌ റാണി, ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകൾക്ക് ഇളക്കം തട്ടാതെ പുതപ്പെടുത്ത് ദേഹത്ത് വിരിച്ചിട്ടിട്ടാണ് അടുത്തുള്ള ബെഡിലേക്ക് മാറിയിരുന്നത്. 

 

വെറുതെ കണ്ണടച്ചു കിടന്നതല്ലാതെ ഒരു മിനിറ്റുപോലും ഉറങ്ങാൻ കഴിഞ്ഞില്ല. അവളും ഉറങ്ങിയിട്ടുണ്ടാവില്ല.  അടുത്തുള്ള ബെഡിൽ തിരിഞ്ഞും മറിഞ്ഞും റാണി കിടക്കുന്നതും, ഇടക്കിടെ ചാടി എഴുന്നേറ്റു മോണിറ്ററിലേക്കു നോക്കുന്നതും, ഒന്നുരണ്ടു തവണ കാൽക്കൽ ഇരുന്നു തടവിയതും അറിഞ്ഞില്ലെന്നു നടിച്ച് വെളുക്കുവോളം വെറുതെ കിടന്നു. 

nurse-55-gif

 

ഇസിജിയിൽ വ്യത്യാസം ഉണ്ടെന്നു ഡോക്ടർ പറഞ്ഞപ്പോൾ, ഒരു ബ്ലോക്ക് ഒക്കെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇതിപ്പോൾ ഏഴെണ്ണം. എങ്ങനെ ഉറങ്ങാൻ കഴിയും. അത് തിരിച്ചറിഞ്ഞിട്ടാവാം മറുപടിക്കായി കാത്തുനിൽക്കാതെ നഴ്സ് അകത്തേക്ക് കയറി ട്യൂബുകൾ ചിലതു അഴിച്ചുവെച്ചിട്ടു റാണിയോട് പറഞ്ഞു, ‘‘ഡോകടർ എത്തിയിട്ടുണ്ട്, ഒരു മണിക്കൂറിനുള്ളിൽ പ്രൊസീജിയർ തുടങ്ങും. അച്ചായനെ ഒന്നു കുളിപ്പിച്ചോ, ഞാൻ പോയിട്ട് വരാം.’’

 

ഞങ്ങളെ വീണ്ടും തനിച്ചാക്കിയിട്ട് അവൾ കതകു പിന്നിൽ അടച്ചു പുറത്തേക്കു പോയി. റാണി അരികിലെത്തി, നഴ്സ് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ടാവില്ല എന്ന ഭാവത്തിൽ പറഞ്ഞു,  ‘‘എന്നാൽ നമുക്കൊന്ന് കുളിച്ചാലോ, തല കഴുകണ്ട’’

shower-bath-88-gif

 

ചോരയിൽ കുതിർന്ന  കുഞ്ഞ് ശരീരം കഴുകി തുടങ്ങുന്ന ആദ്യത്തെ കുളിയിൽ നിന്ന് അവസാനത്തെ കുളി കഴിഞ്ഞു കോടിയുടുത്ത് ശവപ്പറമ്പിലേക്കെടുക്കും വരെ മനുഷ്യൻ എത്രവട്ടം കുളി എന്ന പ്രക്രിയലൂടെ കടന്നു പോകുന്നുവെന്ന് വെറുതെ അയാൾ ഓർത്തു. എന്നിട്ടും മനുഷ്യനിലെ അഴുക്കുകൾ പിന്നെയും ബാക്കി  നിൽക്കുന്നതുപോലെ തോന്നിച്ചു.

 

old-man-5558-gif

കുളിമുറിയിലേക്ക് കടക്കുമ്പോൾ മനസ്സിൽ എല്ലാവരും നിത്യവും ചെയ്യുന്നതും, അത്ര പ്രധാനമെന്ന് തോന്നിക്കാത്തതും, എന്നാൽ തനിക്കു പ്രിയപ്പെട്ടതുമായ ചില കുളികൾ മനസ്സിലേക്ക് താൻ പോലും അറിയാതെ ഓടിയെത്തി. 

  

ആദ്യത്തെ തുള്ളി വെള്ളം ദേഹത്ത് വീണപ്പോൾ മനസ്സിൽ പാപ്പിയമ്മയാണ്  ഓടിയെത്തിയത്. തന്നെ മാത്രമല്ല അനുജന്മാരേയും ചെറുപ്പത്തിൽ കുളിപ്പിച്ചിരുന്നത് പാപ്പിയമ്മ ആയിരുന്നു. ആദ്യ പ്രസവം കഴിഞ്ഞപാടെ അമ്മ മഞ്ഞപ്പിത്തം പിടിച്ച് മാസങ്ങളോളം കിടന്നു. അങ്ങനെ അമ്മാച്ചനാണ് തന്റെ വീടിന്റെ അടുത്തുള്ള പാപ്പിയമ്മയെ വീട്ടിലേക്കു കൊണ്ടുവന്നത്. അമ്മയുടെ അസുഖം മാറിയിട്ടും, അടുപ്പിച്ചുള്ള പ്രസവങ്ങളുടെ പേരിൽ പാപ്പിയമ്മ വീട്ടിലെ അന്തേവാസിയായി മാറി. മരിക്കും വരെ വാർദ്ധക്യത്തിന്റെ വയ്യായ്മകൾ മറന്ന് എന്നും സഹായത്തിനു വീട്ടിൽ പാപ്പിയമ്മ ഉണ്ടായിരുന്നു.

 

ചുറ്റുപാടും ഉള്ള കുട്ടികളുടെ കുളിസങ്കേതമായിരുന്നു ആറാം വാർഡിലെ ഇടവഴിക്കു മുമ്പുള്ള മുനിസിപ്പാലിറ്റിയുടെ വക പൈപ്പിൻ ചുവട്. മണിക്കൂറുകളോളം നീണ്ടുനിന്നിരുന്ന ആ കുളിക്കു പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേക സുഖം  തോന്നിയിരുന്നു.  വൈകിട്ട് അഞ്ചു മണിയാവാൻ കാത്തുനിൽക്കും, നിറം മങ്ങിയ ഈരേഴൻ തോർത്തുമുണ്ടും ഉടുത്ത്, ഒരുകൈയിൽ ചളുങ്ങിയ അലുമിനിയം ബക്കറ്റും മറ്റേകൈയിൽ പകുതി മുറിച്ച ലൈഫെബോയ് സോപ്പുമായി വീട്ടിൽ നിന്നും ചാടാൻ. അതായിരുന്നു പതിവ്.

 

നീന്തൽ വശമില്ലാത്തതിനാൽ വേനൽക്കാലത്തെ അച്ഛൻകോവിലാറിലെ കുളി തനിക്കു ആദ്യം അന്യമായിരുന്നു, ഒരിക്കൽ കുട്ടായി മണൽത്തിട്ടയിൽ നിന്നും തള്ളിയിടുന്നതുവരെ. കുട്ടായിയും, സക്കറിയയും മറ്റും തിമിർത്തു മറിഞ്ഞു മുങ്ങാംകുഴിയിടുമ്പോൾ കരക്കിരുന്നു ഒരുപാട് വിമ്മിഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടായി തള്ളിയിട്ട് ശ്വാസം കിട്ടാതെ പിടയുമ്പോൾ അത്  വരാനുള്ള വർഷക്കാലങ്ങളിൽ  അച്ചൻകോവിലാറിന്റെ മാറിൽ തിമിർക്കാനുള്ള കരുത്തിനു മുന്നോടിയാവുമെന്നു കരുതിയിരുന്നില്ല. കാലം പിന്നയും കുറെ മുന്നോട്ടോടി.

 

അമ്മ പള്ളിയിൽ പോയെന്നു കരുതി, കല്യാണം കഴിഞ്ഞ പിറ്റേന്ന് കുളിച്ചുകൊണ്ടിരുന്ന റാണിയോടോന്നിച്ചു ഷവറിൽ ചാടിക്കയറിയതും, അവൾ വിളിച്ചുകൂവി അമ്മ ഓടിവന്നതും ഓർത്തു അറിയാതെ ചിരിവന്നപ്പോഴേക്കും റാണി ശരീരം തുടച്ച്‌ പിടിച്ച് എഴുന്നേൽപ്പിച്ച് ഓർമ്മകൾക്ക് കടിഞ്ഞാണിട്ടു.

കുളികഴിഞ്ഞു തിരികെ നടക്കുമ്പോൾ അവളുടെ മുഖത്തേക്കു നോക്കി, എന്തോ പറയാൻ തുടങ്ങിയിട്ട് അയാൾ നിർത്തി. റാണിക്ക് അത് മനസ്സിലായി, ‘എന്താ അച്ചായാ?’, ‘‘ഏയ്, ഒന്നൂല്ല, ചുമ്മാതെ ഓരോന്ന് ഓർത്തുപോയി’’. കട്ടിലിൽ ഇരിക്കുമ്പോൾ തല തുടയ്ക്കുന്നതിനിടയിൽ അയാളുടെ മുഖം ഉയർത്തിക്കൊണ്ടു റാണി വീണ്ടും ചോദിച്ചു, ‘‘എന്താ ഓർത്തത്, എന്തായാലും പറ, എന്നോടല്ലേ’’. അതുതന്നെയായിരുന്നു അയാളുടെയും വിഷമവും.  

 

ഒടുവിൽ അയാൾ വിക്കി പറഞ്ഞു,, ‘‘ഇനി ഒരു കുളി ഉണ്ടാവുമോ?’’ അയാൾ പറഞ്ഞതിന്റെ അർത്ഥവും വ്യാപ്തിയും അവൾ ശരിക്കും തിരിച്ചറിഞ്ഞു.  ഒന്നും പറയാനാവാതെ അയാളുടെ തല അവൾ തന്റെ മാറിലേക്ക് അടുപ്പിച്ചു. വാക്കുകൾ അവളുടെ തൊണ്ടയിൽ കുരുങ്ങി, കണ്ണിലൂടെ ഇരുചാലുകളായി കഷണ്ടി കയറിത്തുടങ്ങിയ  അയാളുടെ തലയിലേക്ക് ഇറ്റിറ്റുവീണു.  

 

English Summary : Avasana Kuli, Story By Reji Kottayadiyil           

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com